‘അച്ഛന്റെ ബിസിനസ്സ് തകരുമ്പോൾ, എല്ലാം തിരിച്ചു പിടിക്കുന്ന മകൻ’ എന്ന ഇന്ത്യൻ സിനിമയിലെ ക്ലീഷേ സംഭവം ഉണ്ടെങ്കിലും, ജേക്കബിന്റെ സ്വർഗ്ഗരാജ്യം മികച്ച ഒരു ചിത്രമാണ്. ആസ്വാദനം ‘ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യം ‘ : അയ്യപ്പന്‍ ആചാര്യ

എവിടൊക്കെയോ എന്റെ തന്നെ കഥയായിരുന്നോ വിനീത് പറയാൻ ശ്രമിച്ചതെന്ന് തോന്നിപ്പോയി. ചിത്രത്തിലെ കുടുംബത്തിന്റെ ഘടന, എന്റെതിൽ നിന്ന് തീർത്തും വിഭിന്നമാണെങ്കിലും ആഗോള സാമ്പത്ത്യമാന്ദ്യം ഒരു കുടുംബത്തെ എങ്ങനെ തകർത്തെറിയാൻ ശ്രമിക്കുന്നുവെന്നും, അതിൽ നിന്നും പ്രയത്നവും, പരസ്പര സ്നേഹവും, ദൈവ വിശ്വാസവും കൊണ്ട് കുടുംബമെന്ന സ്വർഗ്ഗം എങ്ങനെ പുനർനിർമ്മിക്കപ്പെടുന്നുവെന്നും ലാളിത്യത്തോടേയും, ഏറ്റവും വിശ്വസനീയമായ രീതിയിലും വിനീതിന്റെ ഈ നാലാം ചിത്രം കാണിച്ചു തരുന്നു. “BASED ON A TRUE EVENT” എന്ന വാക്യത്തോടെ തുടങ്ങുന്ന ചിത്രം, കുറഞ്ഞപക്ഷം എന്റെ ആസ്വാദനത്തിൽ അവസാനിച്ചത്‌ “BASED ON MY LIFE” എന്ന ഓർമ്മപ്പെടുത്തലോടെയാണ്. അതിന് മേമ്പൊടിയെന്നോണം സുഖകരമാണ് ഉണ്ണി മേനോനും സിതാരയും ചേർന്ന് പാടിയ “തിരുവാതിര രാവ്” എന്ന പാട്ട്- ഇത് എമ്പതുകളിലെ തരംഗിണിയുടെ ഓണപ്പാട്ടുകൾ പോലെ മധുരമായിരുന്നു.

ദുബായുടെ സൌന്ദര്യത്തെ ഇത്രയും പൂർണ്ണതയോടെ പകർത്തിയ മറ്റൊരു മലയാളചിത്രം ഉണ്ടാവില്ല. കഴിഞ്ഞവർഷം നമ്മൾ കണ്ട മോഹൻലാൽ ചിത്രം കനൽ (DIR: എം. പദ്മകുമാർ/ /2015) പറയാൻ ഉദേശിച്ചതും ആഗോളസാമ്പത്യമാന്ദ്യത്തിൽ തകർത്തെറിയപ്പെടുന്ന ഒരുകൂട്ടം ആൾക്കാരുടെ കഥയായിരുന്നു, വിനീത് പറയുന്ന കഥ കുടുംബമെന്ന അച്ചുതണ്ടിനെ ചുറ്റിയാകുന്നതുകൊണ്ട് ഈ ചിത്രം ഹൃദയത്തോട് കൂടുതൽ അടുത്തു നില്ക്കും. അച്ഛനും മകനും തമ്മിലുള്ള, അമ്മയും മകനും തമ്മിലുള്ള, ചേട്ടനും അനിയന്മാരും തമ്മിലുള്ള സ്നേഹവും, വാത്സല്യവും, പരസ്പരമുള്ള മനസ്സിലാക്കലും, പ്രതിസന്ധിയെ ഒരുമിച്ച് നേരിട്ട് വിജയിക്കുന്നതുമൊക്കെ ഈ ചിത്രത്തെ ഒരു FEEL-GOOD MOVIE ഗണത്തിൽ പെടുത്തും. മലയാളത്തിൽ ഒരുപാട് മികച്ച കുടുംബചിത്രങ്ങൾ ഉണ്ടെങ്കിലും, പലതും ഈ വിഭാഗത്തിൽ പെടുന്നില്ല.

നിവിൻ പോളിയും (ജെറി) രഞ്ജി പണിക്കരും (ജേക്കബ്‌) ചേർന്നുള്ള രംഗങ്ങളിൽ മികച്ച അഭിനയ മുഹൂർത്തങ്ങളാണ് രേഖപ്പെട്ടത്‌. ചിലപ്പോഴെങ്കിലും എനിക്ക് തോന്നാറുണ്ട്, തിരക്കഥാകൃത്തിനേക്കാൾ രഞ്ജിപണിക്കരിലെ അഭിനേതാവിനെയാണ് ഞാൻ ഇഷ്ടപ്പെടുന്നത്. സിനിമയുടെ കുറച്ചധികം നേരം അദ്ദേഹത്തെ കാണുന്നില്ലെങ്കിലും, ഇത് ജേക്കബിന്റെ ചിത്രം തന്നെയാണ്. നിവിൻ പൊളിയുടെ ശരീര ഭാഷ ആ കഥാപാത്രത്തിനോട് പൂർണ്ണമായും നീതിപുലർത്തി. നിവിന്റെ ലാളിത്യവും, ഏച്ചുകെട്ടലുകളും ഇല്ലാത്ത അഭിനയം ഈ ചിത്രത്തിന്റെ ഹൈലൈറ്റ് ആണ്. ഓരോ ചിത്രം കഴിയുമ്പോഴും, അഭിനയത്തിന്റെ കാര്യത്തിൽ നിവിൻ ഓരോപടി ഉയരുന്നുണ്ട്. കഥാ സന്ദർഭവുമായി ബന്ധമില്ലെങ്കിലും, ഇതിലെ അച്ഛനും-മകനും തമ്മിലുള്ള ബന്ധം വിൽ സ്മിത്തും മകനും തകർത്തഭിനയിച്ച ‘ദി പർസ്യൂട്ട് ഓഫ് ഹാപ്പിനെസ്സ്’ (DIR: ഗെബ്രിയേൽ മക്കിനൊ/ 2006) എന്ന ചിത്രത്തെ മനസ്സിൽ കൊണ്ടുവന്നു- ഒരുപക്ഷെ അച്ഛനും മകനും തമ്മിലുള്ള ബന്ധം ഇതിനുമുൻപ് ഇത്ര ഹൃദയസ്പർശിയായി തോന്നിയത് ആ സിനിമയിലാണ്. ശ്രീനാഥ് ഭാസി, TG രവി, നിവിന്റെ കുഞ്ഞനുജനായി അഭിനയിച്ച കുട്ടി ഒക്കെ മികച്ചു നിന്നു. പ്രത്യേകം പറയേണ്ടത് നിവിന്റെ അമ്മയായി ഷേർളി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ലക്ഷ്മി രാമകൃഷ്ണൻ എന്ന നടിയാണ്. ഇതിന് മുൻപ് ചേരൻ അഭിനയിച്ച തമിഴ് ക്രൈം ത്രില്ലറായ “യുദ്ധം സെയ്” (DIR: മിഷ്കിൻ/ 2011) കണ്ടിട്ടുള്ളവർക്കറിയാം ഈ നടിയുടെ ഒരു അഭിനയത്തികവ്. ആ ചിത്രത്തിനുവേണ്ടി അവർ തല പൂർണ്ണമായും മൊട്ടയടിച്ച്, അന്നപൂർണ്ണിയെ പ്രേക്ഷകർക്ക് ഒരു അനുഭവമാക്കി. ജേക്കബിലെ ലക്ഷ്മി രാമകൃഷ്ണന്റെ സ്വാഭാവിക അഭിനയം എനിക്കൊരു പുത്തൻ അനുഭവമായിരുന്നു. കവയിത്രി ജിലുജോസഫ് അജുവിന്റെ ജോഡിയായി വന്ന്, വിടർന്ന കണ്ണുകൾ ചലിപ്പിച്ച് അത്ഭുതപ്പെടുത്തി. കവയിത്രിക്ക് അഭിനയത്തിലും ഭാവിയുണ്ട്.

ആഗോള സാമ്പത്ത്യമാന്ദ്യം എന്ന വിഷയത്തെ ഈ ചിത്രം എത്ര ആഴത്തിൽ പരിശോധിച്ചിട്ടുണ്ട് എന്നൊരു ചോദ്യം അവശേഷിക്കുന്നു. ഒരു കുടുംബത്തിന്റെ കഥയാണെങ്കിലും, ആ ഒരു ട്രാജഡിയിലൂടെ കടന്നുപോയ എല്ലാ പ്രവാസികളുടേയും കഥകൂടിയാണ്‌. സാമ്പത്തിക മാന്ദ്യത്തിന്റെ ബാക്ക്ഡ്രോപ്പിൽ കഥപറഞ്ഞ ഒരു ഹിന്ദി ആക്ഷേപഹാസ്യ ചിത്രമുണ്ട്- “ഫസ് ഗയെ രെ ഒബാമ” (DIR: സുഭാഷ്‌ കപൂർ/ 2010). കണ്ടുനോക്കൂ, രസകരമാണ് ആ ചിത്രം. ചെറിയ കടങ്ങൾ ഒരാളെ എവിടംവരെ കൊണ്ടെത്തിക്കും എന്നറിയണോ? “ഫാർഗോ” എന്ന അമേരിക്കൻ ബ്ലാക്ക് കോമഡി ചിത്രം കണ്ടാൽ മതി (DIR: ജോയൽ സീൻ/ 1996). കടക്കെണിയിൽ അകപ്പെട്ടുപോകുന്നവരുടെ കഥ പറഞ്ഞ ചിത്രത്തിൽ ഏറ്റവും ഒടുക്കത്തെയാണ് ജേക്കബിന്റെ സ്വർഗ്ഗരാജ്യം. ഇതേ സന്ദർഭത്തിൽ ഓർമ്മവരുന്ന ഒരു ആസ്ട്രേലിയൻ ചിത്രമുണ്ട്- “ത്രീ ഡോളർസ്” (DIR: റോബർട്ട് കൊണോളി/ 2005)- പെട്ടെന്നൊരു ദിവസം മൂന്ന് ഡോളർ മാത്രം ബാങ്ക് ബാലൻസ് ഉള്ളൂ എന്ന് മനസ്സിലാക്കുന്ന, ജോലി നഷ്ടപ്പെട്ട എഡ്ഡിയുടെ കഥ പറഞ്ഞ ചിത്രം. ‘അച്ഛന്റെ ബിസിനസ്സ് തകരുമ്പോൾ, എല്ലാം തിരിച്ചു പിടിക്കുന്ന മകൻ’ എന്ന ഇന്ത്യൻ സിനിമയിലെ ക്ലീഷേ സംഭവം ഉണ്ടെങ്കിലും, ജേക്കബിന്റെ സ്വർഗ്ഗരാജ്യം മികച്ച ഒരു ചിത്രമാണ്. വൺസ് യു വാച്ച്, യു ഫീൽ ഗുഡ്. അതുറപ്പാണ്. പ്രത്യേകിച്ച് ഇത് നടന്ന ഒരു സംഭവമാണെന്ന് അറിയുമ്പോൾ…. വിനീത് ശ്രീനിവാസന് അഭിമാനിക്കാം.

കുടുംബത്തെ സ്നേഹിക്കുന്നവർ തീർച്ചയായും കാണണം ഈ ചിത്രം. കുടുംബം സ്വർഗ്ഗമാണ്

——————————————————————————————————–

11209637_1590603564521358_1859071800153046315_n

അയ്യപ്പന്‍ ആചാര്യ  

No Comments

Be the first to start a conversation

%d bloggers like this: