ആണ്‍കുട്ടികള്‍ക്കും പറഞ്ഞ് കൊടുക്കേണ്ട ചില കാര്യങ്ങളുണ്ട്

നമ്മുടെ മക്കള്‍ നമ്മുടെതല്ലെന്ന് ഒരിക്കല്‍ ഖലീല്‍ ജിബ്രാന്‍ എഴുതിയിട്ടുണ്ട്. എന്നാല്‍ ഇത് നമ്മുടെ മാതാപിതാക്കള്‍ അംഗീകരിക്കണം എന്നില്ല. കുഞ്ഞുങ്ങളെ വളര്‍ത്തി വലുതാക്കി തങ്ങളുടെ ആഗ്രഹങ്ങള്‍ സാധിച്ച്ചെടുക്കേണ്ട യന്ത്രങ്ങളാണ് മക്കളെന്നു അവര്‍ കരുതി പോരുന്നു.

കുഞ്ഞുങ്ങളെ വളര്‍ത്തുകയെന്നത് ചെറിയൊരു കാര്യമല്ല. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളേയും ഒരുപോലെ സംരക്ഷിക്കുമെങ്കിലും പലപ്പോഴും നാം പെണ്‍കുട്ടികളെയും ആണ്‍കുട്ടികളേയും രണ്ട് തട്ടിലാണ് നോക്കിക്കാണുന്നത്. പെണ്‍കുഞ്ഞുങ്ങള്‍ക്ക് സുരക്ഷിതത്വവും സംരക്ഷണവും ആവോളം നല്‍കുമ്ബോഴും നമ്മുടെ ആണ്‍കുട്ടികള്‍ക്ക് സ്വയം സംരക്ഷിക്കാനുള്ള കരുത്തുണ്ടെന്നാണ് പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്നത്.
എന്നാല്‍പെണ്‍കുഞ്ഞുങ്ങള്‍ക്ക് പറഞ്ഞുകൊടുക്കുന്നതു പോലെ ആണ്‍കുട്ടികളോടും പറയേണ്ട ചില കാര്യങ്ങളുണ്ട്.

ആണ്‍കുട്ടികളും ലെെംഗിക അതിക്രമങ്ങള്‍ക്ക് വിധേയരായേക്കാം

പെണ്‍കുട്ടികളുള്ള മാതാപിതാക്കളെ ഭയപ്പെടുത്തുന്ന വസ്തുതയാണ് കുഞ്ഞുങ്ങള്‍ക്ക് നേരെ നടക്കുന്ന ലെെംഗിക അതിക്രമങ്ങള്‍. എന്നാല്‍ ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ ആണ്‍കുട്ടികള്‍ക്കും ഉണ്ടാകാം എന്ന് മാതാപിതാക്കള്‍ മനസിലാക്കണം. ഒപ്പം നല്ലതും ചീത്തയുമായ സ്പര്‍ശനത്തെ കുറിച്ചും കുഞ്ഞുങ്ങളെ ബോധവാന്മാരാക്കണം. മോശമെന്ന് തോന്നുന്ന എന്ത് കാര്യങ്ങള്‍ സംഭവിച്ചാലും മാതാപിതാക്കളെ അറിയിക്കണമെന്നും കുഞ്ഞുങ്ങളെ പറഞ്ഞ് മനസിലാക്കുക.

ആണ്‍കുട്ടികള്‍ക്കും പെരുമാറ്റ മര്യാദകള്‍ ഉണ്ടാവണം

ഒരു പെണ്‍കുട്ടി വളര്‍ന്ന് വരുമ്ബോള്‍ കേള്‍ക്കുന്ന കാര്യങ്ങളാണ് എങ്ങനെ ഇരിക്കണം നടക്കണം സംസാരിക്കണം എന്നിങ്ങനെ പലതരം നിര്‍ദ്ദേശങ്ങള്‍. നീ പെണ്‍കുട്ടിയാണ് അതിനാല്‍ നീ തനിച്ച്‌ പുറത്ത് പോകരുത്, പെണ്‍കുട്ടികള്‍ ഇങ്ങനെ മാത്രമേ ഇരിക്കാന്‍ പാടുള്ളു, പെണ്‍കുട്ടികള്‍ ശബ്ദം ഉയര്‍ത്തരുത്, പെണ്‍കുട്ടികള്‍ വീട്ടുജോലികള്‍ ചെയ്ത് ശീലിക്കണം എന്നിങ്ങനെ പോകുന്നു മര്യാദ പഠിപ്പിക്കലുകള്‍. എന്നാല്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമല്ല ആണ്‍കുട്ടികള്‍ക്കും ഇത്തരത്തിലുള്ള പെരുമാറ്റ ചട്ടങ്ങള്‍ ബാധകമാണ്. എല്ലാത്തരത്തിലുമുള്ള ജോലി ചെയ്യാന്‍ ആണ്‍കുട്ടികളെ പരിശീലിപ്പിക്കുക. ഒപ്പം പെണ്‍കുട്ടികളെ ബഹുമാനിക്കണമെന്നും ആണ്‍കുട്ടികള്‍ക്ക് പറഞ്ഞ് കൊടുക്കുക.

ആണ്‍കുട്ടികള്‍ക്കും കരയാം

ആണ്‍കുട്ടികള്‍ കരയാന്‍ പാടില്ല എന്ന് ഒരിക്കലും അവരെ പറഞ്ഞ് പഠിപ്പിക്കരുത്. അവരുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ അവരെ ശീലിപ്പിക്കുക.

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലം വൃത്തിയായി സൂക്ഷിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്വമാണ്

സാധാരണ വീട് വൃത്തിയാക്കുക, വസ്ത്രം കഴുകുക എന്നിങ്ങനെയുള്ള ജോലികള്‍ പെണ്‍കുട്ടികളാണ് ചെയ്യേണ്ടതെന്ന ധാരണ ചെറുപ്പത്തിലേ തിരുത്തുക. നമ്മള്‍ ആയിരിക്കുന്ന സ്ഥലം വൃത്തിയായി സൂക്ഷിക്കേണ്ടത് ഒരോരുത്തരുടെയും ഉത്തരവാദിത്വമാണെന്നുള്ള ധാരണ വളര്‍ത്തുക. അതിന് ആണ്‍- പെണ്‍ വ്യത്യാസത്തിന്‍്റെ ആവശ്യമില്ല. ചൂലെടുക്കുന്നതിലോ വസ്ത്രം കഴുകുന്നതിലോ യാതൊരു തരത്തിലുമുള്ള നാണക്കേട് വിചാരിക്കേണ്ട ആവശ്യമില്ലെന്ന് ആണ്‍കുട്ടികളെ ബോധ്യപ്പെടുത്തുക.

ഭക്ഷണം പാകംചെയ്യുന്നതില്‍ ആണ്‍ – പെണ്‍ വ്യത്യാസം വേണ്ട

അടുക്കള പണികള്‍ പെണ്‍കുട്ടികളുടെ ജോലിയാണെന്ന ചിന്ത ആണ്‍കുട്ടികളില്‍ ഉണ്ടാക്കരുത്. വിശപ്പ് എല്ലാവര്‍ക്കും തോന്നുന്ന വികാരമാണ്. അതിനാല്‍ ഭക്ഷണം ഉണ്ടാക്കുന്നതും ആര്‍ക്കു വേണമെങ്കിലും ആവാം. വിശക്കുമ്ബോള്‍ സ്വയം ഭക്ഷണം പാകം ചെയ്ത് ശീലിക്കാന്‍ ആണ്‍കുട്ടികളെ പഠിപ്പിക്കാം.

സൗന്ദര്യ സംരക്ഷണം ആണ്‍കുട്ടികള്‍ക്കും ആവാം

മുഖ സൗന്ദര്യം ശ്രദ്ധിക്കുക, മുടിക്ക് കൃത്യമായ സംരക്ഷണം നല്‍കുക. സൗന്ദര്യ വര്‍ദ്ധനക്കായി സമയം മാറ്റിവെക്കുക എന്നതൊക്കെ പെണ്‍കുട്ടികളുടെ ശീലങ്ങളായാണ് പലരും പറയാറുള്ളത്. എന്നാല്‍ തങ്ങളുടെ രൂപത്തെ കുറിച്ചും സൗന്ദര്യത്തെ കുറിച്ചും ആണ്‍കുട്ടികള്‍ക്ക് കൃത്യമായ ധാരണ നല്‍കുക. സ്വന്തം സൗന്ദര്യം സംരക്ഷിക്കണമെന്നും, വ്യത്തിയായി വസ്ത്രം ധരിക്കണമെന്നും ആണ്‍കുട്ടികളെയും പറഞ്ഞ് പഠിപ്പിക്കുക.

No Comments

Be the first to start a conversation

%d bloggers like this: