ആമാടപ്പെട്ടിയില്‍ നിറയുന്നു, വെള്ളിവെളിച്ചം! സുന്ദരികള്‍ക്കിപ്പോള്‍ പ്രിയം ജര്‍മന്‍ സില്‍വറും ബ്ലാക്ക് മെറ്റലും

       ഇത്തവണ ഓണവും കേരളപ്പിറവിയുമെല്ലാം കേരള സാരിയില്‍ തിളങ്ങിയ സുന്ദരികളെ ശ്രദ്ധിച്ചോ? എന്തൊരു ചോദ്യമല്ലേ.. അവരുടെ ആഭരണങ്ങളെയോ? കേരളത്തിന്റെ സ്വന്തം ലക്ഷ്മി മാലയും കാശ് മാലയും  ജിമുക്കികളും എല്ലാറ്റിലും ഒരു  വെള്ളിമയം.. അതേ ഇത്തവണ കേരള സാരിയില്‍ പോലും പെണ്ണഴകിനെ  ജ്വലിപ്പിച്ചത് പൊന്നഴകായിരുന്നില്ല,  സില്‍വറിന്റെയും ജര്‍മന്‍ സില്‍വറിന്റെയും  കോപ്പര്‍ നിക്കല്‍ തുടങ്ങിയ ലോഹ സങ്കരങ്ങളുടെയും ബ്ലാക്ക് മെറ്റലിന്റെയും  കമനീയതയായിരുന്നു.

പറയുമ്പോള്‍ വെള്ളി ആഭരണങ്ങള്‍ എന്നൊക്കെ പറയുമെങ്കിലും കൌതുകമെന്തെന്നു വെച്ചാല്‍ ഈ യഥാര്‍ത്ഥ വെള്ളി ആഭരണത്തോട് നമ്മുടെ പെണ്‍കൊടിമാര്‍ക്ക് അത്ര പ്രിയമോന്നുമില്ല കേട്ടോ.. അതിന്റെ പ്രധാന കാരണമാവട്ടെ വെളുപ്പ്‌ കലര്‍ന്ന വെള്ളി നിറം! ആകെ ആശയക്കുഴപ്പമയോ? ഉത്തരം ലളിതമാണ്. യഥാര്‍ത്ഥ വെള്ളി ഉറപ്പു കുറഞ്ഞ ഒരു ലോഹമാണ്. തിളങ്ങുന്ന വെളുപ്പ്‌ നിറം.  മാത്രമല്ല അന്തരീക്ഷവുമായി നിരന്തരം സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ ചെറിയ നിറവ്യത്യസവും സ്വഭാവ വ്യത്യാസവും കാണിക്കുകയും ചെയ്യും. ഇരുമ്പ് തുരുമ്പ് പിടിക്കുന്നതിന്റെ ചെറിയൊരു വകഭേദം.  ആഭരണ നിര്‍മ്മാണത്തിനും മറ്റും അതിനാല്‍ വെള്ളി ഉപയോഗിക്കുന്നത് കോപ്പര്‍ പോലുള്ള ലോഹങ്ങള്‍ കൂട്ടിച്ചേര്‍ത്താണ്.ഓക്സിഡേയ്സ്ഡായ സില്‍വറും നിലവിലുണ്ട്. വില അല്പം കൂടുമെങ്കിലും ഇത് കാലാവസ്ഥയിലും തുറന്നു വെക്കാം, വലിയ പരിചരണങ്ങളും വേണ്ട.   ഇത് വെള്ളിയുടെ കഥ. ഇനി ജര്‍മന്‍ വെള്ളിയെ പരിചയപ്പെടാം. കക്ഷിക്ക് വെള്ളിയുടെ നിറമുണ്ട് എന്നതൊഴിച്ചാല്‍ വെള്ളി എന്ന ലോഹവുമായി മറ്റു ബന്ധങ്ങള്‍ ഒന്നുമില്ല. കോപ്പര്‍, സിങ്ക്, നിക്കല്‍ എന്നിവയുടെ സങ്കരമാണ് ജര്‍മന്‍ സില്‍വര്‍. താരതമ്യേന വിലയില്‍ കുറവുള്ള ജര്‍മന്‍ സില്‍വറിനാണ് ഇപ്പോള്‍ ആഭരണ നിര്‍മ്മാണത്തില്‍ വലിയ ഡിമാന്‍ഡ്. ഇതില്‍ തന്നെ ഓക്സിഡേയ്സ്ഡായ സില്‍വറും കിട്ടും. ഓണ്‍ലൈന്‍ ആഭരണ വിപണിയില്‍ ഇപ്പോള്‍ ഇത്തരം ബ്ലാക്ക് മെറ്റല്‍, ജര്‍മന്‍ സില്‍വര്‍ ആഭരണങ്ങളാണ് താരം. നെക്ലെസുകള്‍, വള, കമ്മല്‍, ചോക്കര്‍ തുടങ്ങി ആരെയും വശത്താക്കുന്ന ട്രഡിഷണല്‍, ക്ലാസിക്, യുണീക്ക് ഡിസൈനുകളാണ് കൂടുതല്‍ പേരും അന്വേഷിച്ചിറങ്ങുന്നത്. images-22

ഏകദേശം മുന്നൂറു രൂപ മുതല്‍ തുടങ്ങുന്നു ഇത്തരം ആഭരണങ്ങളുടെ വില.  പോക്കറ്റു മണി  അധികം ഊറ്റാത്ത, എന്നാല്‍ പരമാവധി ട്രെന്‍ഡി ആന്‍ഡ്‌ ഫാഷണബിള്‍  ലുക്ക് തന്ന ഇത്തരം വെള്ളിക്കിലുക്കങ്ങളെ പെണ്‍കുട്ടികള്‍ ഇഷ്ടപ്പെട്ടതില്‍ തെറ്റുണ്ടോ… പറയൂ…

No Comments

Be the first to start a conversation