ദുബായ്: രാജ്യത്തെ ഓരോരുത്തര്‍ക്കും എം.എം.ആര്‍. കുത്തിവെപ്പ് നിര്‍ബന്ധമാക്കി ആരോഗ്യമന്ത്രാലയം ദേശീയതലത്തില്‍ ചിക്കന്‍പോക്‌സ് (അഞ്ചാംപനി) പ്രതിരോധ പ്രചാരണം ആരംഭിക്കുന്നു. ഒരു വയസ്സുമുതല്‍ 18 വയസ്സുവരെയുള്ളവര്‍ക്കുള്ള ആദ്യഘട്ടം നവംബര്‍ ഒന്നുമുതല്‍ 26 വരെ നടക്കും. അഞ്ചാംപനി, മുണ്ടിനീര് എന്നിവയ്‌ക്കെതിരെയുള്ള കുത്തിവെപ്പാണ് എം.എം.ആര്‍.(മീസില്‍സ്, മംസ്, റുബെല്ല). രാജ്യത്തെ എല്ലാ സര്‍ക്കാര്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ക്ലിനിക്കുകളിലും സൗജന്യമായി പ്രതിരോധ കുത്തിവെപ്പ് നല്‍കും. ആദ്യഘട്ടമെന്നനിലയ്ക്ക് നവംബര്‍ 26 വരെയുള്ള ദിവസങ്ങളില്‍ കുട്ടികള്‍ക്കായിരിക്കും കുത്തിവെപ്പ് നല്‍കുക. തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ മുതിര്‍ന്നവര്‍ക്കും സൗജന്യ കുത്തിവെപ്പ് സ്വീകരിക്കാവുന്നതാണ്. ഇതുസംബന്ധിച്ച് ദുബായിലെ സ്‌കൂളുകള്‍ക്ക് ഹെല്‍ത്ത് അതോറിറ്റിയുടെ അറിയിപ്പ് ലഭിച്ചിട്ടുണ്ട്. 18 വയസ്സുവരെയുള്ള വിദ്യാര്‍ഥികള്‍ക്ക് അതാത് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കുത്തിവെപ്പ് നല്‍കും. നേരത്തെ എം.എം.ആര്‍. കുത്തിവച്ചവരടക്കമുള്ള വിദ്യാര്‍ഥികളും പ്രചാരണത്തിന്റെ ഭാഗമായി വീണ്ടും കുത്തിവെപ്പ് എടുക്കേണ്ടതുണ്ടെന്ന് ആരോഗ്യമന്ത്രാലയം ഇറക്കിയ ലഘുലേഖ വ്യക്തമാക്കുന്നു. ഇതേത്തുടര്‍ന്ന് സ്‌കൂളുകള്‍ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളില്‍നിന്ന് സമ്മതപത്രം ആവശ്യപ്പെട്ടിട്ടുണ്ട്. ചിക്കന്‍പോക്‌സിനെ പൂര്‍ണമായും തുടച്ചുനീക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രതിരോധപ്രചാരണം സംഘടിപ്പിക്കുന്നത്.