ആര്‍ത്തവവും അമിത രക്തസ്രാവവും മെനോര്‍ഹെസിയ എന്ന അവസ്ഥയും സ്ത്രീകള്‍ നിസ്സാരമായി കണക്കാക്കാതിരിക്കുക

ആര്‍ത്തവ കാലത്തെ സ്ത്രീകളുടെ ബുദ്ധിമുട്ടുകള്‍ വിവരണാതീതമാണ്. ആധുനിക കുടുംബ സംവിധാനത്തില്‍ ഈ സമയത്ത് സ്ത്രീകള്‍ക്ക് ആവശ്യത്തിനുള്ള വിശ്രമമോ, പരിചരണമോ പോലും ലഭിക്കുന്നില്ല എന്നതാണ് വാസ്തവം. അതുകൊണ്ടുതന്നെ ആര്‍ത്തവ സമയത്ത് ഉണ്ടായേക്കാവുന്ന അസാധാരണമായ മാറ്റങ്ങള്‍ ശ്രദ്ധയില്‍ പെട്ടെന്ന് വരില്ല.

മാസത്തില്‍ സാധാരണ മെന്‍സസ് ദിനങ്ങള്‍ 4 മുതല്‍ 5 ദിവസം വരെ നീണ്ടുനില്‍ക്കുന്നതാണ്. ചെലപ്പോള്‍ 6 മുതല്‍ 7 ദിവസം വരെ നീളാനും സാധ്യതയുണ്ട്. ഈ ദിവസങ്ങളില്‍ നഷ്ടമാകുന്ന രക്തത്തിന്റെ അളവ് കുറവാണ്. എന്നാല്‍ ഈ കാലയളവ്‌ കൂടുകയും അസ്വാഭാവികമായി രക്തം പോകുന്നതിന്‍റെ അളവ് കൂടുകയും ചെയ്യുന്നു എന്ന് തോന്നുകയുമാണെങ്കില്‍ അത് ശ്രദ്ധിക്കുകകയും വിദഗ്ധ പരിശോധനയ്ക്ക് ശ്രമിക്കുകയും വേണ്ടതാണ്.

ആര്‍ത്തവകാലത്തെ ഹെവി ബ്ലീഡിംഗ് ആണ് മെനോര്‍ഹേസിയ. ശരീരത്തില്‍ നിന്ന് വളരെയധികം രക്തം മാസമുറ ദിനങ്ങളില്‍ നഷ്ടമാകുന്ന അവസ്ഥ. മെനോര്‍ഹേസിയ അഞ്ചില്‍ ഒരു സ്ത്രീയെ ബാധിക്കുമെന്നാണ് കണക്ക്. ആയതിനാല്‍ സ്ത്രീകള്‍ ഈ അവസ്ഥയെ കുറിച്ച് ജാഗരൂകരായി തന്നെ ഇരിക്കണം.

മെനോര്‍ഹേസിയ എന്ന മെഡിക്കല്‍ അവസ്ഥ തിരിച്ചറിയാന്‍ എളുപ്പമാണ്. സാധാരണയിലും അധികമായി രക്തം നഷ്ടമാവുക, വളരെ പെട്ടെന്ന് തന്നെ സാനിട്ടറി നാപ്കിന്‍ മാറ്റേണ്ടി വരിക, ഓരോ രണ്ട് മണിക്കൂറിനിടയിലും പാഡ് മാറ്റേണ്ടി വരികയാണെങ്കില്‍, നിങ്ങളുടെ പിരീഡ്‌സ് ദിനങ്ങള്‍ ഒരാഴ്ചയിലും അധികം നീണ്ടു നില്‍ക്കുകയാണെങ്കില്‍ അതാണ് ഹെവി ബ്ലീഡിംഗ് അഥവ മെനോര്‍ഹേസിയ. രാത്രിയില്‍ ഉറക്കത്തില്‍ നിന്ന് പോലും എഴുന്നേറ്റ് പാഡ് മാറ്റേണ്ട അവസ്ഥയുണ്ടാവുകയോ, വലിയ മാത്രയില്‍ ബ്ലഡ് ക്ലോട്ട് പുറത്ത് പോവുകയോ ചെയ്യുന്നുണ്ടെങ്കിലും സൂക്ഷിക്കണം

ഹെവി ബ്ലീഡിംഗ് അനീമിയക്ക് (വിളര്‍ച്ച) കാരണമാകും. ക്ഷീണവും വിളര്‍ച്ചയും മാത്രമല്ല മറ്റ് പല ശാരീരിക ബുദ്ധിമുട്ടുകളുമുണ്ടാവും.മെനോര്‍ഹേസിയയുടെ പ്രധാനകാരണം ഹോര്‍മോണ്‍ വ്യതിയാനമാണ്. ചെലപ്പോള്‍ ഈ ഹോര്‍മോണ്‍ വ്യതിയാനം അണ്ഡാശയത്തിലെ പ്രശ്‌നങ്ങള്‍ കൊണ്ടും സംഭവിക്കാം. ഗര്‍ഭാശയത്തിലെ മുഴകളും അമിത രക്തപോക്കിന് കാരണമായേക്കാം. ഇത് ഭ്രൂണം ശരീരത്തിലുള്ള ഗര്‍ഭാവസ്ഥയിലാണെങ്കില്‍ ഗുരുതരമായി മാറുകയും ചെയ്യും. ഗര്‍ഭാശയത്തിലെ മുഴകള്‍ ശസ്ത്രക്രിയയിലൂടെ നീക്കേണ്ടതായും വന്നേക്കാം.

രക്തത്തെ നേര്‍പ്പിക്കുന്ന മരുന്നുകളും ആസ്പിരിനും മറ്റും ഉപയോഗിക്കുന്നവരിലും ആര്‍ത്തവകാലത്ത് അമിത രക്തസ്രാവം ഉണ്ടാവാന്‍ സാധ്യതയുണ്ട്. വൃക്ക, തൈറോയിഡ്, കരള്‍ എന്നിവയുടെ ചില ന്യൂനതകള്‍ നിലയ്ക്കാത്ത രക്തസ്രാവത്തിനും ഇടയാക്കും. ഇത് ഉടന്‍ തന്നെ ചികല്‍സിക്കപ്പെടേണ്ടതാണ്.

ഏറ്റവും പ്രധാനമായി ഗര്‍ഭാശയം, അണ്ഡാശയം എന്നിവയിലെ ക്യാന്‍സറും അമിത രക്തസ്രാവത്തിന് കാരണമാകും. ഗര്‍ഭനിരോധന മാര്ഗമായ ഐയുഡി ഉപയോഗിക്കുന്നവരിലും മെനോര്‍ഹെസിയ സാധ്യതകള്‍ ഉണ്ടാവാറുണ്ട്. ആര്‍ത്തവകാലത്ത് കൃത്യമായ ശ്രദ്ധ വേണം. രോഗങ്ങള്‍ ഉണ്ടെങ്കില്‍ തിരിച്ചറിയാന്‍ ഇത് സഹായിക്കും.

No Comments

Be the first to start a conversation

%d bloggers like this: