ആള്‍ക്കൂട്ടത്തില്‍ ഒറ്റപ്പെട്ടുപോകുന്നവര്‍

കഥ : അനില്‍കുമാര്‍ 

…………………………………………..

ഔദ്യോഗിക കാര്യങ്ങൾ എന്തോ ചിന്തിച്ചു തീവണ്ടിയിൽ ഇരുന്നപ്പോഴാണ് പ്ലാറ്റഫോമിലൂടെ നടന്നു പുറത്തേക്കു പോകുന്ന അവളെ കണ്ടത്.ങേ! അത് അവളല്ലേ? തിരിച്ചറിവ് വന്നപ്പോഴേക്കും അവൾ പുറത്തേക്കുള്ള കവാടത്തിൽ എത്തിയിരുന്നു.

അധിക നേരം നിറുത്താത്ത സ്റ്റേഷനിൽ നിന്ന് വണ്ടി നീങ്ങുമ്പോൾ ചിന്തയിൽ അവൾ നിറഞ്ഞു. അവളെവിടെയായിരിക്കും താമസിക്കുന്നത്? എത്ര വർഷങ്ങളായി തമ്മിൽ കണ്ടിട്ട്… കെട്ടിയവനും കുട്ടികളും ഒക്കെയായി സുഖമായി കഴിയുകയായിരിക്കും അങ്ങനെയാവട്ടെ എന്നാണു പ്രാർത്ഥന. ഒരു ജന്മം അനുഭവിക്കാനുള്ളത് അതിനു മുന്നേ അവൾ അനുഭവിച്ചു കഴിഞ്ഞല്ലോ… ഇനിയെങ്കിലും അവൾ സുഖമായിരിക്കട്ടെ.

അഞ്ചടി നാലിഞ്ചുയർത്തിൽ കറുത്തിരുണ്ട ശരീരവും അതിലേറെ കറുത്ത നീണ്ട ചുരുണ്ട മുടിയും വെളുത്ത പല്ലുകളിൽ മാത്രമല്ല കുസൃതിയുള്ള കണ്ണുകളിലും ചിരിയുള്ള അവളെ ആദ്യമായി കണ്ടത് കലാലയ വർഷം തുടങ്ങുന്ന ദിവസമായിരുന്നല്ലോ… ജൂനിയർസിന്റെ മുന്നിൽ ആളാകാൻ നിൽക്കുന്ന സീനിയർസിൽ ഒരുവനായി അന്ന് താനും ഉണ്ടായിരുന്നു. പരിചയപ്പെട്ട അന്ന് പോലും അപരിചത്വത്തിന്റെ ഔപചാരികത കാണിക്കാതെ നല്ല സൗഹൃദം പങ്കു വച്ചവൾ. പിന്നീട് ഞങ്ങൾ സീനിയർസിന്റെ കൂടെ കൂടി എല്ലാ കുരുത്തക്കേടുകൾക്കും ഞങ്ങളോടൊപ്പം നിന്നവൾ.

എപ്പോഴും ഗൗരവത്തിൽ നടന്നിരുന്ന താനെങ്ങനെ അവൾക്കേറ്റവും പ്രിയപ്പെട്ട സുഹൃത്തായി എന്നറിയില്ല. എന്നാലും “അവളൊപ്പമുള്ളപ്പോൾ ജിത്തുവിന്റെ ഗൗരവത്തിന്റെ മുഖപടം പൊഴിഞ്ഞുവീഴുന്നതിനെ” കുറിച്ച് കൂട്ടുകാർ കളിയാക്കുന്നത് കേൾക്കുമ്പോൾ ഒരു സുഖമുണ്ടായിരുന്നു. സഹോദരങ്ങളില്ലാതെ ഒറ്റയാനായി വളർന്നവന് സഹോദരിയെ കിട്ടുമ്പോഴുള്ള സന്തോഷം എന്തെന്ന് അവർക്കറിയില്ലല്ലോ.

ആളറിയാതെ പാര പണിയാൻ, പ്രേമത്തിന് ഹംസമാവാൻ, പ്രേമിക്കാത്തവരെ പ്രേമിപ്പിക്കാൻ അങ്ങനെ എന്തെല്ലാം അവൾ ഞങ്ങൾക്ക് വേണ്ടി ചെയ്തിരിക്കുന്നു. ഇതിനിടയിൽ നിനക്കാരോടെങ്കിലും പ്രേമമുണ്ടോ എന്ന് അവളോട് ചോദിക്കാൻ മറന്നു അല്ല അവൾക്കങ്ങനെ ഉണ്ടെങ്കിൽ ഞങ്ങളോട് പറയും എന്നുത്തമ വിശ്വാസമുള്ളതുകൊണ്ടോ ഞങ്ങളിലാരും ചോദിച്ചില്ല. വീട്ടിലെ ദാരിദ്ര്യത്തിൽ പ്രേമത്തിന് സ്ഥാനമില്ലെന്ന തിരിച്ചറിവ് കൊണ്ടാവാം അവൾ ആരെയും പ്രേമിക്കാതിരുന്നത് അഥവാ ശ്യാമിനോടുള്ള ഇഷ്ടം അവൾ ഉള്ളിലൊതുക്കിയത്.

കലാലയ ജീവിതം കഴിഞ്ഞും ഫോണിലൂടെയും നേരിലും കെട്ടും കണ്ടുമിരുന്നതുകൊണ്ടു പല വഴിക്കു പിരിഞ്ഞിട്ടും എല്ലാവരുടെയും വിശേഷങ്ങൾ അറിഞ്ഞിരുന്നു. അങ്ങനെ ഒരു ദിവസം രാജുവിന്റെ ഫോൺ വന്നു “ജിത്തു നീ എവിടെയാ? അറിഞ്ഞോ? നമ്മുടെ നീനയുടെ കല്യാണമാണ്.”

“അതെയോ ഞാൻ തീർച്ചയായും എത്തും നമ്മുടെ ടീംസ് എല്ലാം എത്തില്ലേ?” ഫോൺ വച്ചപ്പോൾ മുതൽ ഉത്സാഹമായിരുന്നു. ഓഫീസിൽ അന്ന് തന്നെ ലീവ് പറഞ്ഞു. കൂട്ടുകാരെയൊക്കെ വിളിച്ചു ഒത്തുകൂടലിനെ കുറിച്ച് പ്ലാൻ ചെയ്തു. തലേ ദിവസം മുതൽ അവളുടെ വീട്ടിൽ സകല കാര്യങ്ങൾക്കും ഓടി നടന്നു. രാത്രി വൈകി വീട്ടിൽ ചെന്നപ്പോൾ എന്തിനാ ഇങ്ങോട്ടു വന്നത് അവിടെ തന്നെ കിടന്നാൽ പോരായിരുന്നോ എന്ന് തെല്ലു പരിഹാസത്തോടെയുള്ള ചോദ്യം കേട്ടില്ലെന്നു നടിച്ചു.

കല്യാണദിവസം വധുവിനെ പള്ളിയിലേക്ക് കൊണ്ടുപോകാൻ അയൽക്കാരൻറെ തുരുമ്പെടുത്തു തുടങ്ങിയ പച്ച കാറിൽ പൂക്കൾ കൊണ്ടലങ്കരിക്കാൻ നോക്കുന്നത് കണ്ടു താനാണ് അതുവേണ്ട വിനുവിന്റെ പുതിയ വെള്ള കാറിൽ വധു പോയാൽ മതിയെന്ന് പറഞ്ഞത്. എല്ലാവർക്കും സന്തോഷമായി. കല്യാണപ്പെണ്ണിനെയും വീട്ടുകാരെയും വിനു കാറിൽ കൊണ്ടുപോയപ്പോൾ മറ്റുള്ളവരോടൊപ്പം താനും പള്ളിയിലേക്ക് നടന്നാണ് പോയത്. പള്ളിയിൽ കെട്ടും കഴിഞ്ഞു വീട്ടിലെത്തി എല്ലാവർക്കും ബിരിയാണി വിളമ്പാനും കൂട്ടുകാരോടൊപ്പം ഉത്സാഹിച്ചു. എല്ലാം കഴിഞ്ഞവൾ യാത്ര പറയാൻ തന്നെ തേടി വന്നതും കരഞ്ഞതും അതിന്റെ പേരിൽ കളിയാക്കിയതും എല്ലാം ഓർക്കുന്നു പക്ഷെ അവൾ പടിയിറങ്ങുമ്പോൾ കൂട്ടുകാരുടേതു പോലെ തന്നെ തന്റെ കണ്ണുകളും നിറഞ്ഞിരുന്നു.

ഔദ്യോഗിക തിരക്കുകളിലേക്ക് മടങ്ങിയതിൽ പിന്നെ ആരുമായും ഫോണിൽ പോലും ബന്ധപ്പെട്ടിരുന്നില്ല അപ്പോഴാണ് ശിവ വിളിച്ചത്

“എടാ ജിത്തു… ഒരു വിവരമറിഞ്ഞു….”

എന്താടാ? നീ കാര്യം പറയൂ…”

“അല്ല അത്… ”

“എടാ നീ നിന്ന് ചിണുങ്ങാതെ കാര്യം പറയുന്നുണ്ടോ എനിക്കിവിടെ ഒരുപാട് ജോലിയുണ്ട്”

“അതായത്.. നമ്മുടെ നീന…”

“ങേ! നീനയ്ക്ക് എന്തുപറ്റി ?”

“അല്ല അവളുടെ ഭർത്താവ് മരിച്ചു എന്നൊരു വാർത്ത കേട്ടു… ”

“നോ… അങ്ങനെ സംഭവിക്കില്ല… എന്താടാ ഈ പറയുന്നത്? കല്യാണം കഴിഞ്ഞിട്ട് ഒന്നര മാസമല്ലേ ആയുള്ളൂ?”

“ഞാനറിഞ്ഞിട്ടു കുറച്ചു ദിവസമായി നിന്നോട് പറയാതിരുന്നതാണ്… ഒന്നുകൂടി ഉറപ്പിക്കാൻ വേണ്ടി… ഇപ്പോൾ കിട്ടിയ വാർത്തയും അത്ര ശുഭകരമല്ല”

“എന്താ എന്ത് പറ്റി?”

“ഹ്മ്മ്മ് ഒന്നുകൂടി അന്വേഷിക്കുന്നുണ്ട്. നീ ഇനി എന്നാണു വീട്ടിലെത്തുക?”

“അതിനിനിയും ഒരുമാസമെങ്കിലും പിടിക്കും”

“ങ്ഹാ! വീട്ടിലെത്തുമ്പോൾ വിളിക്കു അപ്പോഴേക്കും എന്തേലും വിവരമറിയാൻ പറ്റും നോക്കട്ടെ”

വീണ്ടും ഒന്നര മാസം കഴിഞ്ഞു നാട്ടിലെത്തിയപ്പോൾ വാർത്തകൾ കേട്ട് തളർന്നിരിക്കാനേ തനിക്കായുള്ളൂ.

“വിവാഹം കഴിഞ്ഞു രണ്ടാഴ്ച മധുവിധു ആഘോഷിച്ചു അവധി തീർന്നു പിറ്റേന്ന് ഓഫീസിൽ പോകാൻ തയ്യാറായി കിടന്നുറങ്ങിയ മനുഷ്യൻ എഴുന്നേറ്റില്ലത്രെ. കെട്ടിക്കൊണ്ടു വന്ന പെണ്ണിനായിരുന്നു കുറ്റം മുഴുവൻ. കാശും ആസ്തിയും കുറഞ്ഞ അവളെ കെട്ടുന്നതിനോട് അവൻറെ വീട്ടുകാർക്ക് താല്പര്യമില്ലായിരുന്നു. ഇതുംകൂടി ആയപ്പോൾ… ”

“മതി ദീപേ… നിറുത്ത്. ”

“എടാ ഞാൻ കേട്ടത് പറഞ്ഞു എന്നേ ഉള്ളൂ ”

“അറിയാം എടാ ശിവാ നീ എൻറെ കൂടെ ഒന്ന് വരാമോ എനിക്കവളെ കാണണം”

“അത് വേണോ?”

“വേണം”

“അല്ല അത്…”

“എന്താടാ… നിനക്ക് വരാൻ പറ്റില്ലെങ്കിൽ അത് പറഞ്ഞാൽ മതി എനിക്കവളെ കാണണം ഞാൻ പോകും”

“എടാ അതല്ല… നീ അവിടെ ചെല്ലുമ്പോൾ അവളവിടെ ഉണ്ടാകുമോ എന്നറിയില്ല.”

“അതെന്താ ദീപേ അവളിപ്പോഴും അവൻറെ വീട്ടിലാണോ അങ്ങനെയെങ്കിൽ അങ്ങോട്ട് പോകാം”

“അതല്ല… അവളെ ഭ്രാന്താശുപത്രിയിൽ കൊണ്ടുപോകാൻ പോകുന്നു എന്നൊക്കെ കേട്ടിരുന്നു… ”

“നിറുത്ത്… നിങ്ങൾ വരുന്നോ അതോ ഞാൻ ഒറ്റയ്ക്ക് പോകണോ?”

“ഞങ്ങൾ വരാം…”

അവളുടെ ചേട്ടനാണ് അന്ന് തങ്ങളെ സ്വീകരിച്ചത് മനസ്സിലെ വിഷമം ചേട്ടൻറെ മുഖത്തു പ്രതിഫലിക്കുമ്പോഴും നേരത്തെ കേട്ട വിവരങ്ങളൊക്കെ തന്നെ പറഞ്ഞു… കൂട്ടത്തിൽ ഒന്നുകൂടി അവൻ മരിച്ചിട്ടിന്നുവരെ അവൾ കരഞ്ഞിട്ടില്ല. നാട്ടുകാരുടെയും വീട്ടുകാരുടെയും ഭർത്സനങ്ങൾ കേട്ട് അവൾ കരിങ്കല്ല് പോലിരിക്കുകയായിരുന്നുവത്രെ. ഇപ്പോഴും അങ്ങനെ തന്നെ.

“എനിക്കവളെ ഒന്ന് കാണാൻ പറ്റുമോ?”

“നിർബന്ധമാണോ? എങ്കിൽ അകത്തെ മുറിയിലുണ്ട്”

അകത്തു ഇരുട്ട് നിറഞ്ഞ മുറിയിൽ ഒരു കട്ടിലിൽ അവൾ തനിച്ചിരിക്കുന്നു. നേരത്തെ പറഞ്ഞ മരവിപ്പിൽ അല്ലെങ്കിൽ തങ്ങൾ പറഞ്ഞതെല്ലാം അവൾ കേട്ടിട്ടുണ്ടാവണം. കണ്ണുകൾ ആ ഇരുട്ടിനോട് താദാത്മ്യം പ്രാപിക്കാൻ കുറച്ചു സമയം വേണ്ടിവന്നു.
മറ്റെല്ലാവരും നോക്കിനിന്നപ്പോൾ ദീപ അവളുടെ അടുത്തിരുന്നു. പക്ഷെ എന്നിട്ടും ആ നിർവികാര ഭാവം മാറിയില്ല. എന്താണ് ചോദിക്കേണ്ടത് എന്നറിയാതെ താനും അവളുടെ അടുത്തിരുന്നു ഇടതു കൈപ്പത്തി തന്റെ കൈയ്യിലെക്കെടുത്തു വയ്ക്കുമ്പോൾ അവളുടെ കണ്ണുകളിൽ നിന്നൊരു നീർത്തുള്ളി അടർന്നു വീണു പിന്നെ തന്റെ കൈകളിലെ പിടുത്തം മുറുകി വന്നു… അവൾ പൊട്ടിപ്പൊട്ടി കരഞ്ഞപ്പോൾ അവിടെയുണ്ടായിരുന്ന എല്ലാവരുടെയും കണ്ണുകൾ നിറയുകയായിരുന്നു.

തിരിച്ചിറങ്ങുമ്പോൾ വധൂവരന്മാരുടെ ചിരിക്കുന്ന മുഖങ്ങളുള്ള കല്യാണ ആൽബം ടീപ്പോയിൽ തുറന്നിരിക്കുന്നു . കൂടുതൽ ചിത്രങ്ങൾ കാണാൻ നിൽക്കാതെ അവിടുന്നിറങ്ങുമ്പോൾ വീണ്ടും അവിടേക്കു ചെല്ലാനും അവളെ കാണാനും ആഗ്രഹിച്ചിരുന്നു… പക്ഷെ വിധി തന്നെ അതിനനുവദിച്ചില്ല. ഭർതൃ വീട്ടുകാരുടെ എതിർപ്പിനെ അതിജീവിച്ചു അവൾക്കു ഭർത്താവിന്റെ ജോലി കിട്ടിയെന്നും വേറെ വിവാഹം കഴിച്ചെന്നും പിന്നീടെന്നോ കൂട്ടുകാർ പറഞ്ഞറിഞ്ഞു. പക്ഷെ പിന്നീടൊരിക്കലും അവളെ കാണാൻ സാധിച്ചിരുന്നില്ല…
——————————————————————-
തീവണ്ടിയിൽ നിന്ന് ചാടിയിറങ്ങി അവളുടെ അടുത്തേക്കോടി ചെന്നുറക്കെ വിളിച്ചു

“നീനാ….”

അവൾ തിരിഞ്ഞു നിന്നെങ്കിലും മുഖത്തെ അപരിചതത്വം

“നീനയല്ലേ?” കിതച്ചുകൊണ്ട് ചോദിച്ചപ്പോൾ

“എൻറെ പേര് ദിവ്യ എന്നാണു.. ”

“Am sorry എൻറെ ഒരു സുഹൃത്താണെന്ന് വിചാരിച്ചു വർഷങ്ങളായി കണ്ടിട്ട്… ”

Its alright

തിരിഞ്ഞു നടക്കാൻ തുടങ്ങുമ്പോൾ ചൂളം വിളിച്ചു നീങ്ങാൻ തുടങ്ങുന്ന വണ്ടി. വണ്ടിയിലേക്ക് ചാടിക്കയറിയിട്ട് തിരിഞ്ഞു നോക്കിയപ്പോൾ അവൾ നിന്നിടം ശൂന്യം

 

10929089_892534067434602_1460780117178290584_n

അനില്‍കുമാര്‍ 

 

2 Responses to “ആള്‍ക്കൂട്ടത്തില്‍ ഒറ്റപ്പെട്ടുപോകുന്നവര്‍”

%d bloggers like this: