ആൺശലഭങ്ങൾ : സൂര്യഗായത്രി

 

“ഈ നാലുചുവരുകൾക്കപ്പുറം നമുക്കൊന്നുചേർന്നിരിക്കുവാനോ…ഒന്നാർത്തു ചിരിക്കുവാനോ കഴിയില്ലല്ലോ എൻറെ വിനയാ ”

-ആൽബിയുടെ ചോദ്യം കേട്ട് ഒന്നു ചിരിച്ചുകൊണ്ട് അവൻ അടുത്തിരുന്ന ചൈനീസ് കോപ്പയിലേക്ക് ചൂടാറാത്ത ചായ പകർന്നു.

സിഗററ്റ് പുകച്ചുരുളുകളെ കൈകൊണ്ട് വീശി മാറ്റി അവൻ ചായ ചുണ്ടോടു ചേർത്തു.

“ഞാൻ നാട്ടിലേക്ക് പോവാണ് വിനയാ….”

“പോയിട്ട് എന്നാണ് വരുക?”

“അധികനാളു പിടിക്കില്ല. നിനക്കറിയാലോ..കാണാതിരിക്കാനാവില്ലന്നു…”

-അതുകേട്ടതും വിനയൻ അവനെ നെഞ്ചോടുചേർത്തു.ശ്മശാനത്തോളം മൂകമായ സന്ദർഭമായിരുന്നുവെന്ന് അവനു തോന്നി.അവർ അത്രമേൽ തീവ്രതയോടെ ചുംബിച്ചു.

“നിൻറ ചായയ്ക്ക് മധുരം കുറവായിരുന്നു. വിനയാ.. പക്ഷേ ചുംബനത്തിന് ഇരട്ടിമധുരവും”

അതുകേട്ടതും ഒന്നു കൂടെ വാരിപുണരണമെന്ന് വിനയനു തോന്നി. വൈകുന്നേരത്തെ ട്രെയിനിൻറ നേരവും തിരക്കും ഓർത്തുകൊണ്ടവൻ പറഞ്ഞു.

“മ്അം..വൈകണ്ട..ചെല്ലാൻ നോക്ക് ”

ഇരുവരും ഒരുമിച്ചില്ലാത്ത ദിനങ്ങൾ വിനയനെ ആകെ അസ്വസ്ഥനാക്കി.
സ്വവർഗാനുരാഗത്തെ ‘രതിയിൽ’മാത്രം ഒതുക്കിനിറുത്തുന്ന ജീർണിച്ച വ്യവസ്ഥയ്ക്കെതിരെയുള്ള കലാപങ്ങളായി അവൻറെ ചുവർചിത്രങ്ങൾ മാറി.

മാസം ഒന്നായിട്ടും ആൽബിയുടെ വിവരമില്ലാതായപ്പോൾ അവൻറെ നാട്ടിലേക്കു പോകാമെന്നു വിനയനു കരുതി…

ഉച്ചവെയിലിൻറെ ചൂടുകുറഞ്ഞപ്പോഴാണ് വിനയൻ നഗരങ്ങൾ താണ്ടി മറ്റൊരു നാട്ടിലേക്കെത്തിയത്. നാട് എന്നു വിശേഷിപ്പിക്കാൻ മാത്രമുള്ള സൗന്ദര്യമൊന്നും താൻ കാണുന്നിടത്തിനില്ലയെന്നു അവനു തോന്നി.

പാവാടയിട്ട മെലിഞ്ഞ പെൺകുട്ടിയുടെ നീളൻ തലമുടി ചീകി വകഞ്ഞുകൊണ്ടിരിക്കുമ്പോഴായിരുന്നു ആരോ കൽപടവുകൾ കയറുന്ന ശബ്ദം ആൽബിയുടെ മമ്മ ശ്രദ്ധിച്ചത്. ആരോ വരുന്നുണ്ടെന്ന് മനസിലായതും അവൻറെ അനിയത്തിയാവണം അവൾ അകത്തേക്കോടി.

“ആരാ…”?
-അവർ ചീർപ്പ് തൻറെ തലമുടിക്കുള്ളിൽ തിരുകിവയ്ക്കുന്നതിനിടെ ചോദിച്ചു.

“ഞാൻ ആൽബിയുടെ ഒരു സുഹൃത്താണ്.”

“എന്താ പേര്?”
“എവിടുന്നാ?”

മറുപടികൊടുക്കുന്നതിനിടയിലാണ് അവർക്കു പുറകിൽ നിന്നും ‘ അത് പറയരുത് ‘ എന്നാഗ്യം കാണിക്കുന്ന പെൺകുട്ടിയെ ശ്രദ്ധിച്ചത്.

ഉത്തരം കിട്ടാതായപ്പോൾ അവർ വീണ്ടും ചോദിച്ചു.

“എന്തേ?”

“ഇത് ..ആൽബിച്ചായൻറെ ഫ്രണ്ടാണുമമ്മേ..കോളേജിൽ ഒരുമിച്ചു പഠിച്ചിരുന്ന..എനിക്കറിയാം..നിവിനെന്നോ എന്തോ അല്ലായിരുന്നോ പേര് ?”

-പെൺകുട്ടി ഇടയിൽ കയറി പറഞ്ഞു.

അവർ അവൻറെ മുഖത്തേക്കു നോക്കി.

“അതെ..നിവിൻ”

-പെൺകുട്ടിയുടെ ‘അതെ’ എന്നു പറയെന്നുള്ള ആംഗ്യം കണ്ടു അവൻ മറുപടി പറഞ്ഞു.

“അവനിവിടില്ല..അവൻറെ പപ്പേടേ ഒരു ബന്ധുവീട്ടിലാ..”

അതും പറഞ്ഞവർ അകത്തേക്കു കയറി

“എന്തൊരു സ്ത്രീയാണവർ…ഒന്നകത്തു കയറിയിരിക്കാൻ പോലും പറയാതെ ”
-അവൻ അതും മന്ത്രിച്ചുകൊണ്ടു പെൺകുട്ടിയുടെ മുഖത്തേക്കു നോക്കി.

“ആൽബിച്ചായൻ..ഭ്രാന്താശുപത്രീലാ..”

“ഭ്രാന്താശുപത്രീലോ?”

“അതെ..ബന്ധത്തിലൊരു ചേച്ചിയെ വിവാഹം കഴിക്കണോന്ന് പപ്പ പറഞ്ഞപ്പോ ആൽബിച്ചായൻ നിങ്ങളുടെ കാര്യം പറഞ്ഞു.
പപ്പ ഒരുപാട് തല്ലീ..ഉപദ്രവിച്ചു…പൂട്ടിയിട്ടു…പാപമാണെന്നും പോയി ചത്തോയെന്ന് പറഞ്ഞപ്പോഴും സഹിച്ചിട്ടുണ്ടാവില്ല..അവസാനം ആത്മഹത്യക്കുവരെ അവൻ ശ്രമിച്ചു”
-അതും പറഞ്ഞവൾ കണ്ണു തുടച്ചു.

“ഞാൻ..ഞാൻ..ആരെന്നു മനസിലായോ.. ”

“മ്അം..എനിക്കറിയാം…”

അവൻ കൂടുതലൊന്നും അതിനെകുറിച്ച് മിണ്ടാതെ അവളോട് ചോദിച്ചു.

“എവ്ടാ..അവൻ? ”

“ഒരു കടലാസ് തരൂ..ഞാൻ അഡ്രസ് എഴുതി തരാം ..പപ്പയുടെ ആശുപത്രിയിൽ തന്നെയാണ് ”

“മ്അം’

അഡ്രസു വാങ്ങി തിരിഞ്ഞുനടക്കുന്നതിനിടെ അവൾ വിളിച്ചു പറഞ്ഞു.

“ആൽബിച്ചായൻ മരിക്കാതിരിക്കണമെങ്കിൽ നിങ്ങൾ കൂടെ ഉണ്ടാവണം.
മരുന്നൊക്കെ കുത്തിക്കേറ്റി പപ്പ ചിലപ്പോ കൊല്ലും.രക്ഷിക്കണം ”

പതിനൊന്നാം ക്ലാസുകാരിയുടെ ചിന്തകൾ സ്നേഹമായി ഒഴുകുകയാണെന്ന് അവനു തോന്നി.പടിയിറങ്ങുമ്പോഴാണ് ഒരാൾ പടികയറി വരുന്നതു അവൻ ശ്രദ്ധിച്ചത്. അത് അവൻറെ പപ്പയായിരിക്കും .
അടുത്തെത്തിയപ്പോഴേക്കും അയാൾ ചിരിച്ചുകൊണ്ട് ചോദിച്ചു.

“ആരാ”?

“ഞാൻ ആൽബിയുടെ സുഹൃത്താണ്.”

“ആൽബി..”
-അയാൾ പതുങ്ങിയ സ്വരത്തിൽ പറഞ്ഞു.

“ആഹ്..അറിഞ്ഞു… കുറച്ച് തിരക്കുണ്ട് പിന്നീടൊരീസം വരാട്ടോ ”
-അവൻ അതും പറഞ്ഞു പടിയിറങ്ങി.

അയാൾ അവൻറെ ധൃതി കണ്ട് ഒന്നും മനസിലാവാതെ കൽപടവുകൾ കയറി.

“ആഹ്..പിന്നെ…”

അവൻറെ വിളികേട്ട് അയാൾ തിരിഞ്ഞുനോക്കി.എന്നിട്ടു ചോദിച്ചു.

“എന്തേ..?”

“ഞാൻ ഒരു കാര്യമെടുക്കാൻ മറന്നു.”

“എന്താ?”

“ഒരു ഉത്തരമാ..”
-അവൻറെ മറുപടികേട്ടയാൾ അമ്പരന്നു.

“ഉത്തരമോ?”

“അതെ…ഒരു ചോദ്യത്തിനുള്ള ഉത്തരം…”

“മനസിലായില്ല..”
-അയാൾ ഒന്നു രണ്ടു പടിയിറങ്ങി പറഞ്ഞു.

“അല്ല ഡോക്ടർ….
സോദോം ദൈവം നശിപ്പിച്ചപ്പോൾ ലോത്തും രണ്ടുപെൺമക്കളും രക്ഷപ്പെടുകയും പരമ്പര നഷ്ടപ്പെടുമെന്ന് കരുതി ആ പെൺമക്കൾ സ്വന്തം പിതാവിനു മദ്യം നൽകി ലൈംഗികവേഴ്ചനടത്തുകയും ചെയ്തുവെന്ന് വായിച്ചിട്ടുണ്ട്.
അപ്പോ സ്വവർഗാനുരാഗമാണോ തെറ്റ് ? അതോ സ്വന്തം പിതാവിനാൽ ഗർഭം ധരിക്കുന്നതോ?

അവൻ അതും ചോദിച്ച് നൂറ്റാണ്ടുകളുടെ പഴക്കം ബാധിച്ച ഉത്തരങ്ങൾ വകഞ്ഞുമാറ്റി നടന്നു.

ആശുപത്രിയിലെ ദുർഗന്ധത്തിൽ നിന്നും പ്രണയത്തിൻറ ഗന്ധത്തിലേക്കും കഥകളുടെ ആഴങ്ങളിലേക്കും ആൽബിക്കൊപ്പം പറന്നുയരാൻ

 

One Response to “ആൺശലഭങ്ങൾ : സൂര്യഗായത്രി”

%d bloggers like this: