ആർക്കുവേണ്ടിയാണ് ചിറകുകളൊതുക്കി വെക്കുന്നത് ..?: ഫാത്തിമ ബത്തൂൽ

പണ്ട് ഞാൻ രണ്ടാം ക്ലാസിൽ പഠിക്കുന്ന സമയത്ത് സ്കൂളിലെ വാർഷികാഘോഷത്തിന്റെ ഭാഗമായി നടന്ന മീറ്റിങ്ങിനിടെ ഞങ്ങളുടെ പ്രിയപ്പെട്ട അധ്യാപകൻ അന്നത്തെ പത്താം ക്ലാസുകാരായ ഇത്താത്തമാരോടും ഇക്കാക്കമാരോടും ഭാവി സ്വപ്നങ്ങളെക്കുറിച്ച് ചോദിക്കുകയുണ്ടായി ..!

ഉറച്ച ശബ്ദത്തിൽ ഓരോരുത്തരായി സ്വപ്നങ്ങളുടെ കെട്ടുകളഴിക്കാൻ തുടങ്ങി ..!

കൂട്ടത്തിൽ എറ്റവും മിടുക്കിയായിരുന്ന ഒരു ഇത്താത്ത എയറണോട്ടിക്കൽ എഞ്ചിനീയറിങ്ങിനെക്കുറിച്ചും ,ഗവേഷണത്തെക്കുറിച്ചും , പറക്കണമെന്ന സ്വപ്നത്തെ കുറിച്ചും ആത്മവിശ്വാസത്തോടെ ഉച്ചത്തിൽ പറയുന്നുണ്ടായിരുന്നു ..!

ഞാനന്ന് കൗതുകത്തോടെ ഇത്താത്തയെ എത്തിനോക്കി .
കുറെ വർഷങ്ങൾക്കാണ്ടാണ് ഇത്താത്ത അന്ന് പറഞ്ഞ സ്വപ്നമെന്തായിരുന്നെന്ന് ഞാൻ പഠിച്ചെടുത്തത് .

ഈ അടുത്തിടെ ഒരു വിവാഹ സൽക്കാരത്തിൽ വെച്ച് ഞാൻ ഇത്താത്തയെ വീണ്ടും കണ്ടുമുട്ടി .
ഓടിച്ചെന്ന് വിശേഷങ്ങളൊക്കെ ചോദിച്ചു .
ദുബായിൽ ഭർത്താവിനൊപ്പമാണ് ഇപ്പോൾ താമസം.
കൂട്ടിന് രണ്ട് കുസൃതികുടുക്കകളുമുണ്ട് .

“പഠനമൊക്കെ എന്തായി ഇത്താത്ത ..?’

അന്നത്തെ രണ്ടാം ക്ലാസുകാരിയുടെ കൗതുകം എന്നെ കൊണ്ട് ചോദിപ്പിച്ചതായിരുന്നു അത് ..!

പെട്ടെന്ന് കണ്ണുകളിലെന്തോ തിളങ്ങിയതുപോലെ തോന്നിയെനിക്ക്..!

‘പഠനം ….!

ഡിഗ്രിക്ക് ചേർന്നയുടനെയായിരുന്നു മോളെ വിവാഹം ..!
പിന്നെ ഓരോരോ …!

അല്ല മോളേ നീയിപ്പൊ എവിടെയാണ് ..?’

പുഞ്ചിരിയിൽ എന്തൊക്കെയോ ഒളിപ്പിച്ച് ഇത്താത്ത മറ്റെന്തൊക്കെയോ സംസാരിച്ചുകൊണ്ടിരുന്നു ..

“അപ്പൊ ഇത്താത്തക്ക് പറക്കണ്ടേ …..?’

രണ്ടാം ക്ലാസുകാരി ഉള്ളിലിരുന്ന് ചോദിച്ചു കൊണ്ടിരുന്നു .ആ ചോദ്യത്തെ എന്റെയുളളിലേക്ക് ആരൊക്കെയോ കുത്തിവച്ചുതന്ന പെൺബോധം തന്നെ കൊന്നൊടുക്കി .

എവിടെയാണ് ഈ നിറം നഷ്ടപ്പെട്ട സ്വപ്നങ്ങളൊക്കെ ചെന്നൊളിക്കുന്നത് ..?

എങ്ങിനെയാണിവരൊക്കെ അപ്രത്യക്ഷരാവുന്നത്..?

ആരാണീ ചിറകുകളൊക്കെ അരിഞ്ഞു വീഴ്ത്തുന്നത് ..?

ആർക്കുവേണ്ടിയാണ് നിറങ്ങളും സ്വപ്നങ്ങളും ചുമരുകൾക്കിടയിൽ തന്നെ ഭ്രൂണച്ഛിദ്രചെയ്യപ്പെടുന്നത്..?

ആർക്കുവേണ്ടിയാണ് ചിറകുകളൊതുക്കി വെക്കുന്നത് ..?

ഇങ്ങനത്തെ കാക്കതൊള്ളായിരം ചോദ്യങ്ങളിൽ തന്നെ തൂങ്ങിമരിക്കുന്ന ആർക്കുമറിയാത്ത കുറേ ഉത്തരങ്ങൾ ..!

അവളുടെ സ്വപ്നങ്ങൾക്ക് കാലാവധി നിശ്ചയിക്കാനായിരുന്നുവെങ്കിൽ എന്തിനായിരുന്നു സഞ്ചിയും തൂക്കി അവളെ സ്വപ്നങ്ങളിലേക്ക് നടത്തി വിട്ടത് ..?

No Comments

Be the first to start a conversation

%d bloggers like this: