ഇടവപ്പാതിയില്‍ നിന്നും അടര്‍ത്തിയത് ( കവിതകള്‍ : മുജീബ് ശൂരനാട്    )      

1.  നമ്മളെത്തും മുന്നേ…

==================

നമ്മളെത്തും മുന്നേ

ഒരു കാറ്റു വരും…
തണലുകളെ കൊഴിച്ചിടും…
തിരികെപ്പോരാനൊരുങ്ങുമ്പോ 
ഒരു കാറ്റു വീശും…
കൂടെയൊരു കുഞ്ഞാകാശം
പറന്നു വരും…
നമ്മളതിനെ
‘കോട’യെന്നോ, മഞ്ഞെന്നോ വിളിക്കും…      
 
അപ്പോഴുണ്ട്,
ആകാശത്തിനിടയ്ക്ക് കൂടി
ഒരു കുഞ്ഞു വെട്ടം വരും…
ജീവിതമാണെന്ന്,
ഒരിക്കലേയുള്ളെന്ന്,
ഒരു ശ്വാസത്തിനപ്പുറം തീർന്നു പോവുംന്ന്
ഓർമ്മപ്പെടുത്തും…
നമ്മുടെ പിണക്കങ്ങളെ,
സങ്കടങ്ങളെ,
മിണ്ടാതിരിക്കലുകളെ,
ഒച്ച കൂടലുകളെ…
പ്രണയമെന്നു തിരുത്തും….
നോക്കി നിൽക്കെ,
ലോകം ചുരുങ്ങിച്ചുരുങ്ങി
രണ്ടു പേരിലേക്കൊതുങ്ങും…!!!
===================================================

2.  അന്ന്…

——————-

ഇതുവരെ പോയിട്ടില്ലാത്തിടത്ത്,
ദൂരെയെവിടെയോ ഒരു മൊട്ടക്കുന്നുണ്ട്.
ആരും പോകാനില്ലാതെ,
അത്രമേൽ അനാഥമായത്…
ജീവിതത്തീന്ന്
ഇറങ്ങിയോടാൻ തോന്നുമ്പോഴൊക്കെ
അവിടൊരു മഴ പെയ്യും.
വെന്ത മണ്ണിനെ നനയ്ക്കും,
പച്ചകൊണ്ട് പുതയ്ക്കും,
വെള്ളയും,
ചോപ്പും,
മഞ്ഞയും
പൂക്കൾ നിറയ്ക്കും,
ഒരു വാൻഗോഗ് പെയിന്റിംഗ് പോലെ
ആ കുന്നവിടെ എന്നെക്കാത്തു കിടക്കും…
എനിക്കൊരു ദിവസം വരും…
അന്ന്,
ഞാനെന്നെ
അവിടെക്കൊണ്ടു മറന്നു വയ്ക്കും…!!!
=============================================

3.   ഇങ്ങനെയൊക്കെയാണ്…

————————————————–

അങ്ങനെയിരിക്കെ,
അവിചാരിതമായി ഒരു വസന്തം വരും….

വഴക്കും,
നിശ്ശബ്ദതയും
പറയാതെ പടിയിറങ്ങും….

ഇലകൊഴിഞ്ഞുണങ്ങിപ്പോയ
ഒരൊറ്റമരം
നിശ്ശബ്ദമായ് പൂവിടും….

സ്നേഹത്താൽ,
സന്തോഷത്താൽ
ലോകം മുഴുവൻ ചുവന്നു തുടുക്കും…

ഞാനെന്നെ,
നിന്നെ ഉറക്കെയുറക്കെ
ചേർത്തുപിടിക്കും…..

അങ്ങനെയൊക്കെയാണ്,
വസന്തങ്ങൾ നമുക്ക് മാത്രമുള്ളതാകുന്നത്…!!!

13872722_1150834244959716_1349244386663959017_n

മുജീബ് ശൂരനാട്

No Comments

Be the first to start a conversation

%d bloggers like this: