ഇന്ദുലേഖ ഉപയോഗിച്ചാലും ഇല്ലെങ്കിലും മമ്മൂട്ടിയെത്തേടിവന്നത് വക്കീല്‍നോട്ടീസ്

ഇന്ദുലേഖ ഉപയോഗിക്കൂ സൗന്ദര്യം തേടിവരും എന്നുപറഞ്ഞ മമ്മൂട്ടിയെ തേടി വന്നത് സൗന്ദര്യത്തിനു പകരം ഉപഭോക്തൃകോടതിയുടെ നോട്ടീസ്. സൗന്ദര്യം മമ്മൂട്ടിക്ക് ഇന്ദുലേഖ കൊടുത്തതാണോ എന്ന് ചിന്തിക്കാന്‍ ശേഷിയില്ലാത്തവര്‍ ഇപ്പോഴും കേരളത്തിലുണ്ടോ എന്ന് ചോദിക്കാന്‍ വരട്ടെ. സൌന്ദര്യം കിട്ടുമെന്ന് പറഞ്ഞാല്‍ കുതിരച്ചാണകം പോലും കഴിക്കാന്‍ തയാറാകുന്ന ഒരു സമൂഹത്തില്‍ തന്നെയാണ് നമ്മളിപ്പോഴും. അതുകൊണ്ടുതന്നെയാണ് സിനിമാനടിമാരുടെയും നടന്മാരുടെയും ഭംഗിയുള്ള മുഖം കാട്ടി ബഹുരാഷ്ട്രക്കമ്പനികള്‍ നമ്മളെ പറ്റിക്കുന്നതും. വെളുക്കാനും തുടുക്കാനും മുടി വളരാനും എന്നുവേണ്ടാ കുടുംബം വെളുപ്പിക്കുന്ന സകല ഉല്‍പ്പന്നങ്ങളും ഇറങ്ങുന്നുണ്ട് വിപണിയില്‍. അത് ഉപഭോക്താകളിലെത്തിക്കാന്‍ ജന്മംകൊണ്ട് വെളുത്തുതുടുത്തിരിക്കുന്ന നടീനടന്മാരെ പരസ്യക്കാര്‍ തെരഞ്ഞെടുക്കുന്നത് നമ്മിലെ സൗന്ദര്യമോഹികളെ വിലയ്ക്കെടുക്കാന്‍ വേണ്ടിത്തന്നെയാണ് .

വര്‍ഷങ്ങളായി നമ്മള്‍ കാണുന്നുണ്ട് മമ്മൂട്ടിയെ. ചിട്ടയായ ജീവിതംകൊണ്ട് സൗന്ദര്യം കാത്തുസൂക്ഷിക്കുന്ന അപൂര്‍വ്വം ചിലരില്‍ ഒരാള്‍. അതൊരു സോപ്പ് കൊടുത്തതാണ് എന്ന് ചിന്തിക്കുന്നതിലും വലിയ മണ്ടത്തരം ഭൂമിയില്‍ വേറെയില്ല.  ഇന്ദുലേഖ ഉപയോഗിച്ചിട്ടും  സൗന്ദര്യം തേടിവന്നില്ല എന്നുകാണിച്ചു  മംമൂട്ടിയ്ക്കെതിരെ പരാതി കൊടുത്തിരിക്കുന്നത് വയനാട് സ്വദേശി ചാത്തുവാണ്. ഇന്ദുലേഖ ഇറങ്ങും മുന്പും മമ്മൂട്ടി വെളുത്തുതുടുത്തുതന്നെയാണ് ഇരുന്നത് എന്ന കാര്യം ഈ ഉപഭോക്താവ് മറന്നുപോയോ എന്തോ. പരസ്യങ്ങളാല്‍ പറ്റിക്കപ്പെടുന്നവരാണ് നമ്മള്‍. ചന്തം  കൂട്ടാനുള്ള സോപ്പ് മാത്രമല്ല, ചന്തമുള്ള മുഖം കാട്ടി ഇഷ്ടികപ്പൊടി പോലും തീറ്റിക്കുന്നുണ്ട് നമ്മളെ കമ്പനിക്കാര്‍. അവര്‍ നമ്മുടെ കുഞ്ഞുങ്ങളുടെ വയറില്‍ മാരകമായ രാസവസ്തുക്കളും  ലോഹങ്ങളും പ്ലാസ്റിക്കും നിറച്ചുവച്ചു.  അപ്പോഴും നമ്മള്‍ പരസ്യങ്ങളില്‍ കാണുന്ന ബ്രാന്‍ഡുകള്‍ മാത്രം ചോദിച്ചു വാങ്ങി ഉപയോഗിച്ചു. മായങ്ങള്‍ കണ്ടുപിടിക്കുമ്പോള്‍ ഇരപിടിക്കാന്‍ പുലിയൊതുങ്ങുംപോലെ ഒന്ന് പതുങ്ങി പുതിയ പേരില്‍ പഴയ സാധനങ്ങള്‍ മടങ്ങിവരും. പിന്നെയും നമ്മള്‍ അവയെല്ലാം വാങ്ങി ഉപയോഗിക്കാന്‍ തുടങ്ങും.

പറ്റിക്കപ്പെട്ടു എന്ന് പരക്കം പായുമ്പോള്‍ ഒരുകാര്യം നമ്മള്‍ ഒരിക്കലും മറക്കാന്‍ പാടില്ല. പരസ്യങ്ങളില്‍കൂടി ഉല്‍പ്പന്നങ്ങള്‍ പരിചയപ്പെടുത്തുന്നു എന്നല്ലാതെ അവ വാങ്ങി ഉപയോഗിക്കാന്‍ ഒരു കമ്പനിക്കാരും നമ്മളെ നിര്‍ബന്ധിക്കുകയോ വാങ്ങാത്തവരുടെ പേരില്‍ കേസെടുക്കുകയോ ചെയ്യുന്നില്ല. സുന്ദരമായ മുഖങ്ങളിലും മധുരവചനങ്ങളിലും ആകൃഷ്ടരായി നമ്മള്‍, അവര്‍ വിരിച്ചുവച്ച വലയില്‍ പ്രാണികളെപ്പോലെ ചെന്ന് വീഴുന്നതുകൊണ്ടാണ് വല മുറുക്കി അവര്‍ നമ്മെ അപകടത്തിലാക്കുന്നത് എന്നര്‍ത്ഥം പ്രതികരിക്കരുത് എന്നല്ല, അത് അര്‍ത്ഥമില്ലാത്ത പബ്ലിസിറ്റിക്കുവേണ്ടി ആകരുത് എന്നുമാത്രം.

 

No Comments

Be the first to start a conversation

%d bloggers like this: