ഇൻത….. അറഫ്നീ……!!!!!!!( ഓർക്കുന്നോ എന്നെ …….)” ശരീഫ് താമരശ്ശേരി

അറഫ്നീ…………..?

ഇൻത….. അറഫ്നീ……!!!!!!!
( ഓർക്കുന്നോ എന്നെ …….)

എന്ന് ഒരു പ്രത്യേക ഈണത്തിൽ, ഒരറേബ്യൻ താളത്തിൽ ഉച്ചരിച്ച്‌ പുഞ്ചിരിച്ചുകൊണ്ടാണ്‌ അയാൾ കടയിലേക്ക്‌ വന്നത്‌. തലയിൽ ധരിച്ച കത്തറ ഇടക്കിടക്ക്‌ നേരെയാക്കാൻ ശ്രമിക്കുന്നുണ്ട്‌. മുഖത്ത്‌ കൃത്രിമമായി സ്ഥാപിച്ച പുഞ്ചിരിയുടെ ജാള്യം മറയ്ക്കാനുള്ള വൃഥാശ്രമമാണ് അപ്പോൾ നടത്തുന്നതെന്ന് അയാളുടെ അസ്വാഭാവികമായ മാനറിസത്തിൽ നിന്ന് വ്യക്തമാണ്‌. സ്പോൺസറുടെ ഏതെങ്കിലും അടുത്ത ബന്ധുക്കളോ, സുഹൃത്തുക്കളോ ആയേക്കുമെന്ന് കരുതി ഉപചാര വാക്കുകൾ ഉച്ചരിച്ച്‌ കൈ കൊടുത്ത്‌ കസേര നീക്കി കൊടുത്ത്‌ ഇരിക്കാൻ പറഞ്ഞു.

“ഒരുപക്ഷേ നീ മറന്നതായിരിക്കും”.

അയാൾ കണ്ണുകൾ വികസിപ്പിച്ചു്, കത്തറ ഒരിക്കൽകൂടി ശരിപ്പെടുത്തി പറഞ്ഞു. മെലിഞ്ഞ ശരീര പ്രകൃതി, എന്നാൽ ഉറച്ച ശരീര ഘടന, സാമാന്യത്തിലധികം ഉയരം, പേടിപ്പിക്കുന്ന ശരീര ഭാഷ, ഒന്ന് രണ്ട്‌ സാധനങ്ങൾക്ക്‌ വില ചോദിച്ച്‌ അയാൾ ഇറങ്ങിപ്പോയി. പിന്നീട്‌ എവിടെയെല്ലാമാണ്‌ അയാളെ കണ്ടു മുട്ടിയതെന്നറിയില്ല. വഴിയിൽ, കാർ പാർക്കിങ്ങിൽ, നിത്യേനയെന്നോണം, എപ്പോഴും ഒരാചാരം പോലെ പരിചയം പുതുക്കി.

ഒരു രാത്രി ഷോപ്പിൽ സമയം വൈകി ഇരിക്കുമ്പോൾ പുഞ്ചിരിയോടെ അയാൾ കയറിവന്നു. ഉപചാര വാക്കുകൾ ഒഴുക്കോടെ പറഞ്ഞ്‌ ദിഷ്‌ദാശയിൽ നിന്ന് വലിയൊരു തുകയെടുത്ത്‌ മേശപ്പുറത്ത്‌ വെച്ചു. കുറച്ചായിരുന്നില്ല. വലിയ തുക തന്നെയായിരുന്നു.

ആശ്ചര്യം വിട്ട്‌ മാറാതെ നോട്ട് കെട്ടിലേക്ക് നോക്കിയിരിക്കുമ്പോൾ അയാൾ കുറച്ചകലം പുറകോട്ട്‌ പോയി.

തല താഴ്ത്തി കുറച്ച്‌ പതുക്കെ എന്നാൽ വിനയത്തോടെ മൊഴിഞ്ഞു.

‘അത്‌ നിങ്ങളുടേതാണ്‌..’

എന്തിനുള്ള ക്യാഷാണ് ഇയാൾ തരുന്നതെന്ന് ആശ്ചര്യത്തിൽ നിൽക്കുംമ്പോൾ അയാൾ പതിഞ്ഞ ശബ്ദത്തിൽ മൊഴിഞ്ഞ് തുടങ്ങി. വിനയം ആ ശരീര ഘടനക്ക്‌ ചേരാത്ത പോലെ .

“എനിക്ക് സാധനങ്ങൾ ഒന്നും വേണ്ട ”

ഈ പണം എടുക്കൂ എന്റെ ഹൃദയമേ …

“ദൈവത്തെ ഓർത്ത് ക്ഷമിച്ചെന്ന് പറയൂ ”

ഞാൻ ഗൗരവത്തിലാണെന്ന് മനസ്സിലാക്കിയ അയാൾ അടുത്തേക്ക് വന്ന് ഒരു പഴയ വാലറ്റ്‌ മേശപ്പുറത്ത് വെച്ചു. അതിലെന്റെ ഫോട്ടോയും ബിസിനസ്സ്‌ കാർഡും മൂന്ന് ബാങ്ക് കാർഡുകളുമുണ്ടായിരുന്നു..

ഞാൻ അദ്ദേഹത്തിന്റ കണ്ണുകളിലേക്ക് സൂക്ഷിച്ച് നോക്കി. അതേ കണ്ണുകൾ. ഹിംസാത്മക മനുഷ്യരൂപത്തിൽ നിന്ന് യാചനയുടെ ശരീരഘടനയിലേക്ക്ഉള്ള പരകായ പ്രവേശം അപൂർണ്ണമായി തന്നെ നിലകൊണ്ടു. ഒരു മനുഷ്യന്റെ ജൈവ ഘടനയിൽ നിന്നും മോചനം അസാധ്യമെന്നോണം പൈശാചികമായ ചില അസ്ത്രങ്ങൾ അയാളുടെ കണ്ണുകളിൽ നിന്ന് എവിടെയോ ചെന്ന് തറക്കുംപോലെ. ജീവിതത്തിന്റെ താളബോധം മാറ്റിയ നാലഞ്ച് മണിക്കൂറുകൾ, അഞ്ചാറ് വർഷങ്ങൾക്ക് മുൻപ്.. മരുക്കാട്ടിൽ അകപ്പെട്ട് പോയ ഒരു ജീവി.. പൂർണ്ണാർത്ഥത്തിൽ മനുഷ്യൻ എന്ന് പോലും പറയാൻ കഴിയാതെ..

വൃത്തിയിൽ പരമ്പരാഗത വേഷം ധരിച്ച ഒരാളും മറ്റ് രണ്ടുപേരും കൂടി ഫ്ലാറ്റിന്റെ മുന്നിൽ നിന്ന് പിടികൂടുമ്പോൾ ആവശ്യപ്പെട്ടത് ID കാർഡ് എന്ന ബതാക്ക ആയിരുന്നു. മോഷ്ടാക്കളാകുമോ എന്ന സംശയത്തിൽ സർക്കാർ തിരിച്ചറിയൽ കാർഡ് ചോദിച്ചതിലുള്ള അമർഷം പ്രകടിപ്പിച്ച് അവർ ബലമായി വാനിനടുത്തേക്ക് പിടിച്ചുവലിച്ച് കൊണ്ട് പോയി. ബയോമെട്രിക്ക് പരിശോധന നടത്തണമെന്ന് പറഞ്ഞ് വലിയ GMC വാനിൽ കയറാൻ പറഞ്ഞു. അപൂർണ്ണമായ അറബിയിലുള്ള എന്റെ വിശദീകരണമൊന്നും ആജാനുബാഹു ആയ മനുഷ്യന്ന് ഇഷ്ടമായില്ല. കമ്പനി പ്രതിനിധികൾ ഡോക്യുമെന്റുമായി ഓഫീസിൽ എത്തിയാലേ പുറത്ത് വിടുള്ളൂ എന്ന് പറഞ്ഞ് അയാൾ ശക്തിയോടെ കാറിനുള്ളിലേക്ക് തള്ളി .

ഇടവഴികളിൽ നിന്ന് വാഹനം അതിവേഗം ഹൈവേയിലേക്ക് പ്രവേശിച്ചു. വാഹനം ദിശ മാറി സഞ്ചരിക്കാൻ തുടങ്ങിയപ്പോൾ എങ്ങോട്ടെന്ന നോട്ടത്തിന്ന് വാക്കിലായിരുന്നില്ല ഉത്തരം. ഡ്രൈവറെ കൂടാതെ വാനിനുള്ളിൽ അവർ രണ്ട് പേരുണ്ടായിരുന്നു. ഒരാൾ ശക്തിയായി എന്റെ പിരടിയിൽ പിടിച്ച് തുടകൾക്കിടയിലേക്ക് തല അമർത്തി വെച്ചു. വാഹനത്തിന്റെ അകത്തെ അരണ്ട വെളിച്ചത്തിൽ മറുഭാഗത്തിരുന്ന മനുഷ്യന്റെ കയ്യിലുള്ള നീണ്ട് വീതികുറഞ്ഞ കത്തി വെട്ടി തിളങ്ങി. അയാൾ പിരടിയിൽ നിന്ന് താഴേക്ക് കത്തിയുടെ ചൂണ്ട കൊണ്ട് ഒരു വര വരച്ചു. രണ്ട് ഭാഗത്തേക്ക് പിളർന്ന ടി – ഷർട്ടിലേക്ക് നേർത്ത ഉറവ പോലെ ഒലിച്ചിറങ്ങിയ രക്തം വെളുത്ത പാന്റിൽ രൂപവും ഭാവവും അർത്ഥവുമില്ലാത്ത ആധുനീക ചിത്രങ്ങളായി രൂപപ്പെട്ടു . എന്നാൽ അതിജീവനത്തിന്റെ സാധ്യതയിലേക്കുള്ള അന്വേഷണമായിരുന്നു അവക്കെല്ലാം ആകെകൂടി പറയാനുള്ളത്. ഒരിക്കൽകൂടി അയാൾ പുറം ഭാഗത്തെ നേർത്ത തൊലിയിൽ കത്തികൊണ്ട് കോറിയപ്പോൾ വേദനകൊണ്ട് കണ്ണിൽ നിന്നും തീപാറി. ശക്തിയോടെ കുതറി എഴുനേൽക്കാൻ ശ്രമിച്ചു, പക്‌ഷേ ടിഷർട്ട് കീറി വായിൽ കുത്തി തിരുകി കൈകൾ പിറക് വശത്തേക്ക് കൂട്ടി കെട്ടി .

പാന്റിന്റെ പിറകിലെ പോക്കറ്റിൽ നിന്നും പഴ്സ് വലിച്ചെടുത്ത് നോട്ടുകൾ ആർത്തിയോടെ പോക്കറ്റിലാക്കി . വേദനകൊണ്ട് പുളയുന്നതിനിടയിൽ വായിൽ നിന്നും തുണി കഷണം വെളിയേ വന്നു. കിതച്ച് കൊണ്ട് ബതാക്ക ബതാക്ക എന്ന് പറഞ്ഞപ്പോൾ, അയാൾ പറഞ്ഞ് കൊണ്ടിരുന്നു:

അന സീത ,ഹബീബി, അന സീത.. അന മാ യെബി ബതാക്ക.. ബസ് ഫുലൂസ്.. (ഞാൻ വളച്ചുകെട്ടിലാത്തവനാണ് സുഹൃത്തെ, എനിക്ക് നിന്റെ ബതാക്ക വേണ്ട.. എനിക്ക് പണം മാത്രം മതി..)

പഴ്സ്ൽ നിന്നും ബാങ്ക് കാർഡ് കിട്ടിയപ്പോൾ അവർ വേഗത്തിൽ എന്തോ സംസാരിച്ചു.. റോക്കറ്റു പോലെ കുതിച്ച വാഹനം നിമിഷനേരം കൊണ്ട് വശത്തിലേക്ക് ഒതുക്കി, വശത്തിലിരുന്ന മനുഷ്യൻ പുറത്തേക്ക് ചാടി ഇറങ്ങി. ബാങ്ക് കാർഡുകൾ അയാളുടെ കൈകളിലായിരുന്നു അപ്പോൾ. നിയോൺ വിളക്കുകാലുകളും കെട്ടിടങ്ങളേയും പിറകിലാക്കി വാഹനം മുന്നോട്ട് തന്നെ ചീറി പാഞ്ഞു. ആ മനുഷ്യനെ പിറകിലേക്കും.. കൂർത്ത കത്തി കഴുത്തിനോട് ചേർത്ത് വെച്ച് വാനിൽ അടുത്തിരുന്ന ആൾ മുരണ്ടു കൊണ്ടിരുന്നു.. വാഹനം പ്രധാന റോഡിൽ നിന്നും വിജനമായ മരുഭൂമിയിലേക്ക് തിരിഞ്ഞു..

പൂർണ്ണ നിലാവിന്റെ വെളിച്ചത്തിൽ കണ്ണെത്താദൂരത്തോളമുള്ള മരുഭൂമിയെ ഇത്ര സുന്ദരിയായി മുമ്പൊരിക്കലും കണ്ടിരുന്നില്ല.. നീണ്ട 15 വർഷത്തെ പ്രവാസ ജീവിതത്തിൽ അങ്ങിനെ ഒരവസരമുണ്ടായിട്ടില്ല എന്നതാണ് വാസ്തവം.
നൂറ്റാണ്ടുകളായുള്ള ജനപഥങ്ങളുടെ സഞ്ചാരത്തിനിടയിൽ ദാഹജലം ലഭിക്കാതെ മരുക്കാട്ടിൽ അലിഞ്ഞ് ചേർന്നവരുടെ ആത്മാവുകൾ നിലാവത്ത് തന്നെ തേടി വിളിക്കുന്നതായി തോന്നി. ഈ മരുഭൂമിയിൽ ഏതാനും ദിവസങ്ങൾക്കകം ഞാനും മണൽ തരികളായി രൂപാന്തരം പ്രാപിക്കാനുള്ള അവസാനയാത്രയായിരിക്കുമെന്ന് മനസ്സിൽ ഉറച്ച് വരുകയായിരുന്നു. ഹൈവേകളിലൂടെ ഇടതടവില്ലാതെ ഒഴുകുന്ന വാഹനങ്ങളുടെ ഞരക്കമോ മൂളലോ മരുഭൂ ഗർത്തത്തിലേക്ക് കേൾക്കുന്നില്ലായിരുന്നു.

മരുക്കാറ്റിൽ ത്രികോണം കണക്കെ ഉണ്ടായ മൂന്ന് വലിയ മണൽ കുന്നുകൾക്കിടയിലായിരുന്നു വാൻ നിർത്തിയത്. ഗുഹ പോലെ മൂന്ന് ഭാഗവും കുന്നുകളായ ഇടം. അവർ രണ്ട് പേരും എനിക്ക് ഇരുവശത്തുമായി നിന്ന് നടക്കാൻ പറഞ്ഞു. വധ ശിക്ഷക്ക് വിധിക്കപ്പെട്ടവനെപ്പോലെ ഞാൻ നിശബ്ദനായി നടന്നു. . മരുഭൂമിയുടെ നിശബ്ദതയിൽ പൂർണ്ണ നിലാവിന്റെ വെളിച്ചം മേഘങ്ങളാൽ ഏറിയും കുറഞ്ഞും രൗദ്ര തിരമാലകളാകുന്നത്പോലെ .പേരറിയാത്ത ഏതോ ജീവിയുടെ അലർച്ച വളരെ അപൂർവ്വമായി കേൾക്കുന്നുണ്ട്. അതും മനുഷ്യൻ തന്നെ ആകുമോ..? മറ്റേതോ ഒരിടത്ത്, എന്നെപ്പോലെ മരണത്തിന്റെ അവസാന തേട്ടമാകുമോ..? തന്റെയും അവസാന സമയം അടുക്കുകയാണ്.. ഒരിക്കൽ കൂടി ചന്ദ്രനെയും നിലാവിനെയും നോക്കി.. നിലാവത്ത് വജ്രം പോലെ തിളങ്ങുന്ന മണൽ കുന്നുകളെ നോക്കി..

മുട്ടിൽ ഇരുന്ന് ദയനീയമായി കുറച്ച് വെള്ളം ചോദിച്ചു. നീണ്ട പിടിയുള്ള കത്തിയുടെ പിടിഭാഗം കൊണ്ടുള്ള ഇടിയിൽ ചോരക്കൊപ്പം പുറത്ത് വന്നത് രണ്ട് പല്ലുകൾ ആയിരുന്നു .അയാൾ അലറിക്കൊണ്ടിരുന്നു..

” പറയൂ.. ബാങ്ക് കാർഡിന്റെ നമ്പർ പറയൂ ”

ഇടിയും തൊഴിയുമേറ്റ് ശരീരത്തിന്റെ അവസാന ശക്തിയും നഷ്ടപ്പെടുന്ന പോലെ.. പുരാതന മസ്ജിദുകൾക്ക് ചുറ്റുമുള്ള വലിയ ഈന്തപ്പനകളിൽ , കൊയ്‌തെടുക്കാത്ത കുലകളിൽ നിന്ന് , ശക്തിയേറിയ കാറ്റിൽ പൊഴിഞ്ഞ് വീഴുന്ന ഉണങ്ങി ചുളുങ്ങിയ ഈത്തപ്പഴം പോലെ ഇളം ചൂടുള്ള മണലിലേക്ക് വീണ് ഉരുണ്ടു. മുറിവുകളിൽ മണൽ തരികൾ ഉമ്മ വെച്ചു..” അരിച്ചെത്തിയ വേദന”……..ആർത്തട്ടഹസിച്ചെത്തുന്ന കർക്കിട മഴയായ് പെയ്തിറങ്ങി .
മൂന്ന് ബാങ്ക് കാർഡുകളുടെയും പാസ്സ്‌വേഡ്‌ പറഞ്ഞ് കൊടുത്തിട്ടും മുഖത്ത് നിന്ന് ബൂട്സ് എടുക്കാതെ ഞെരുക്കികൊണ്ടിരുന്നു. രക്തവും മാംസവും പല്ലിന്റെ അവശിഷ്ടങ്ങളും മണലും ചേർന്ന കുഴബ് വായിൽ നിറഞ്ഞു. അപ്രതീക്ഷിതമായിരുന്നു അയാളുടെ ഫോൺ റിംങ് ചെയ്തത്. കൂടെ അങ്ങ് അകലെ ദൈവദൂതനെ പോലെ ഏതോ വാഹനത്തിന്റെ രണ്ട് ഹെഡ് ലൈറ്റുകൾ മിന്നാമിനുങ്ങിനെ പോലെ അടുത്തേക്ക് വരുന്നു . ക്ഷണ നേരം അവർ രണ്ടുപേരും എന്നെ ഒറ്റയ്ക്കാക്കി വാനിൽ അപ്രത്യക്ഷരായി..

ഓർമ്മകളിൽ നിന്ന് ഇറങ്ങിയപ്പോഴും അയാൾ പ്രതിമ പോലെ മുന്നിലിരിക്കുകയായിരുന്നു. ഒന്നും പറയാതെ തല താഴ്ത്തി പരവശനായി നടന്നകന്നു. അപ്പോൾ അവിടെ മണലിന്റെയും , ചോരയുടെയും, ഉമിനീരിന്റെയും കൂടിക്കലർന്ന വാട ആയിരുന്നില്ല. ദയയുടെയും കാരുണ്യത്തിന്റെയും സുഗന്ധമായിരുന്നു..

Picture courtesy- Fatha Thayyil

 

No Comments

Be the first to start a conversation

%d bloggers like this: