ഈജിപ്തിലെ മുസ് ലിം പള്ളി‍‍യില്‍ സ്ഫോടനവും വെടിവെപ്പും; 184 മരണം

സിനായ്: ഈജിപ്തിലെ മുസ് ലിം പള്ളിയിലുണ്ടായ ബോംബ് സ്ഫോടനത്തിലും വെടിവെപ്പിലും 184 പേര്‍ കൊല്ലപ്പെട്ടു. 120 പേര്‍ പരിക്കേറ്റു. ഈജിപ്തിലെ വടക്കന്‍ സിനായിയിലെ ബിര്‍ അല്‍ അബദ് ഗ്രാമത്തിലാണ് സ്ഫോടനം നടന്നത്. അല്‍ റൗദ മുസ് ലിം പള്ളിയില്‍ വെള്ളിയാഴ്ച പ്രാര്‍ഥനക്കിടെയാണ് ദാരുണ സംഭവം നടന്നതെന്ന് ഈജിപ്ത് സ്റ്റേറ്റ് മീഡി‍യ മിന റിപ്പോര്‍ട്ട് ചെയ്തു.

അല്‍ അരിഷിന്‍റെ പ്രാദേശിക തലസ്ഥാനമായ വടക്കന്‍ സിനായിയില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയാണ് സംഭവം. നാലു വാഹനങ്ങളിലെത്തിയ തീവ്രവാദികള്‍ ബോംബ് സ്ഫോടനം നടത്തിയ ശേഷം പള്ളിയില്‍ പ്രാര്‍ഥന നടത്തിയവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പരിക്കേറ്റവരെ പ്രദേശത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ പലരുടെയും നിലഗുരുതരമാണ്.

തീവ്രവാദി ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ഈജിപ്ത് പ്രസിഡന്‍റ് അബ്ദുല്‍ ഫത്തഹ് അല്‍സീസി അടിയന്തര സുരക്ഷാ യോഗം ചേര്‍ന്നു. കൂടാതെ അരിഷ്^റഫ റോഡിലൂടെയുള്ള യാത്രക്ക് അധികൃതര്‍ വിലക്ക് ഏര്‍പ്പെടുത്തി.

ഈജിപ്ത് സുരക്ഷാ സേനയും ഐ.എസ് തീവ്രവാദികളും തമ്മില്‍ യുദ്ധം നടക്കുന്ന മേഖലയാണ് വടക്കന്‍ സിനായ്. 2014ല്‍ നടന്ന ചാവേറാക്രമണത്തില്‍ 31 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ സൈനികരും പൊലീസുകാരും ഉള്‍പ്പെടെ നൂറോളം പേരെ തീവ്രവാദികള്‍ കൊലപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് പലസ്തീന്‍ പൗരന്മാരുടെ സഞ്ചാരത്തിനായി മൂന്നു ദിവസത്തേക്ക് റഫ അതിര്‍ത്തി ഈജിപ്ത് താല്‍കാലികമായി തുറന്നു കൊടുത്തത്. ഗസ നിവാസികള്‍ക്ക് പുറംലോകത്തേക്ക് എത്താനുള്ള ഏക മാര്‍ഗമാണിത്.

No Comments

Be the first to start a conversation

%d bloggers like this: