ഉത്തംദാസ് സാര്‍ അതുക്കും മേലെയാണ് എബി കുട്ടിയാനം

പോലീസുകാരെ വിമര്‍ശിക്കാന്‍ കിട്ടുന്ന ഒരവസരവും നമ്മള്‍ പാഴാക്കാറില്ല. നിരപരാധികളെ പിടിച്ചിട്ട് ഡാഷ് മോനെ എന്ന് വിളിക്കുന്ന ധാരാളം കാക്കിവേഷക്കാരുള്ളത് കൊണ്ടായിരിക്കാം പോലീസ് സേനയോട് മൊത്തം നമുക്ക് ഒരു വെറുപ്പോ വിദ്വേഷമോ വന്നുപോകുന്നത്. ബഹുമാനത്തിനുമപ്പുറം പേടികൊണ്ട് മാത്രം നമ്മള്‍ അവര്‍ക്ക് റെസ്‌പെക്ട് നല്‍കുന്നു. ഏതൊരു തെറ്റ് ചൂുണ്ടിക്കാണിച്ചാലും കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തി എന്ന് പറഞ്ഞ് കേസെടുക്കാന്‍ അവര്‍ക്ക് അവസരമുണ്ടല്ലോ, അത് കൊണ്ട് ഇഷ്ടമില്ലാത്തവരെപോലെ ജനം സാര്‍ എ്ന്ന് വിളിക്കുന്നു.
പോലീസുകാര്‍ ജനങ്ങളോട് ശത്രുവിനെപോലെ പെരുമാറി ഒരു നാടിന്റെ മൊത്തം അനിഷ്ടം ഏറ്റുവാങ്ങുന്നവരായി മാറുമ്പോഴും ചില ഉദ്യോഗസ്ഥര്‍ നമ്മുടെ എല്ലാ കണക്കുകൂട്ടലും തെറ്റിച്ചുകളയും. മനസ്സിലെ നന്മയും മുഖത്തെ പുഞ്ചിരിയും മാഞ്ഞുപോകാത്ത എളിമയുടെ പ്രതീകങ്ങളാണവര്‍. അങ്ങനെയുള്ള ഒരു പോലീസ് ഉദ്യോഗസ്ഥനാണ് കണ്ണൂരില്‍ സി.ഐ ആയ ടി.ഉത്തംദാസ്. പരിയാരത്ത് എസ്.ഐ ആയിരുന്ന സമയത്ത് മൂന്ന് പേരെ ഇരുത്തി വന്ന മോട്ടോര്‍ ബൈക്ക് പിടിച്ചപ്പോള്‍ ബൈക്ക് ഓടിച്ചവനെ പിരടിക്ക് പിടിച്ച് നാല് തെറി പറയുന്നതിന് പകരം സ്റ്റേഷനിലേക്ക് കൊണ്ടുപോയി അക്ഷരമറിയാത്ത അവര്‍ക്ക് അക്ഷരം പഠിപ്പിച്ചുകൊടുത്ത് ഒടുവില്‍ അവരെ എസ്.എസ്.എല്‍.സി പാസാക്കിയെടുത്ത പോലീസ് ഉദ്യോഗസ്ഥനാണയാള്‍. ഉത്തംദാസ് അധ്യാപകനായി പോലീസ് സ്‌റ്റേഷന്‍ ക്ലാസ് മുറിയായി രമേശ്(പേര് മറന്നുപോയി രമേശ് എന്നാണ് എന്റെ ഓര്‍മ്മ) അറിവിന്റെ ലോകത്തേക്ക് എന്ന ടൈറ്റിലില്‍ അത് മലയാള പത്രങ്ങളിലെ ഒന്നാം പേജ് വാര്‍ത്തയായിരുന്നു. ഏഷ്യാനെറ്റിലെ കണ്ണാടിയിലും ഇത് വലിയ വാര്‍ത്തയായി.
ഒരു മാധ്യമ പ്രവര്‍ത്തനകെന്ന നിലയില്‍ പോലീസുദ്യോഗസ്ഥരുമായി ബന്ധം സ്ഥാപിക്കാന്‍ വലിയ അവസരങ്ങളുണ്ടാകുമ്പോഴും എന്നും അവരുമായി അകലം പാലിച്ച ഞാന്‍ ഉത്തംദാസ് സാറിന്റെ ഓരോ പ്രവര്‍ത്തനങ്ങളെയും ഏറെ ഇഷ്ടത്തോടെ അകലെ നിന്ന് നോക്കിനിന്നു. പിന്നീട് ബേക്കലില്‍ എസ്.ഐ ആയി എത്തിയപ്പോള്‍ എഴുന്നേല്‍ക്കാന്‍ പോലുമാവാതെ ഒറ്റ കിടപ്പില്‍ നരകതുല്യമായ ജീവിതം നയിക്കുകയായിരുന്ന അമ്മയെ കടല വിറ്റ് മരുന്ന് വാങ്ങി നല്‍കി പോറ്റുന്ന ഒരു കുഞ്ഞുമോന്റെ കഥ വാര്‍ത്തയായപ്പോള്‍ ആ കുട്ടിക്കും അമ്മയ്ക്കും സഹായവും സാന്ത്വനവുമായി ഓടിപോയ ഉത്തംദാസ് സാറിന്റെ മുഖം എന്റെ മനസ്സില്‍ ഇപ്പോഴുമുണ്ട്. പിന്നീടാണ് ഉത്തംദാസ് സാര്‍ കാസര്‍കോട്ട് എസ്.ഐ ആയി എത്തുന്നത്. ഒരു ചടങ്ങില്‍ ഒന്നിച്ച് പങ്കെടുത്തപ്പോഴാണ് ആദ്യമായി കാണുന്നതും സംസാരിക്കുന്നതും. പോലീസ് സേനയില്‍ അുപൂര്‍വ്വമായി മാത്രം കാണുന്ന ചിരിക്കുന്ന മുഖം എന്നെ ഉത്തംദാസ് സാറിലേക്ക് കൂടുതല്‍ അടുപ്പിച്ചു.
പിന്നീട് എന്റെ ഓരോ വാര്‍ത്ത കാണുമ്പോഴും ഓരോ എഴുത്തുകാണുമ്പോഴും സാര്‍ വാട്‌സ്ആപ്പ് വഴി അഭിനന്ദനങ്ങളയക്കും. പാവങ്ങളുടെ കണ്ണീര്‍ കഥ അറിയുമ്പോള്‍ അവിടെ ഓടി ചെല്ലാനും ആശ്വാസം പകരാനും എന്നും താല്പര്യം കാണിക്കും. അമ്മയെക്കുറിച്ച് ഞാനഴുതിയ ഫീച്ചര്‍ വായിച്ച് ഒരു കുട്ടിയെ പോലെ കണ്ണ് നിറഞ്ഞ് അഭിപ്രായം പറഞ്ഞത് ഞാനോര്‍ക്കുന്നു. കാക്കിക്കുള്ളിലെ നല്ല മനുഷ്യന്‍ മാത്രമല്ല, നല്ല മകന്‍ കൂടിയാണ് അദ്ദേഹമെന്ന് തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്. സാര്‍ അഡ്മിനായ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ആദ്യം ചേര്‍ത്തവരില്‍ ഒരാള്‍ ഞാനാണ്. സജീവമായി ഉണ്ടാകണമെന്ന് പറഞ്ഞിട്ടും പലപ്പോഴും എത്തിനോക്കാന്‍ പോലും കഴിയാറില്ല. എന്നിട്ടും പരാതിയോ പരിഭവമോ ഇല്ലാത്ത നല്ല മനുഷ്യന്‍. കഴിഞ്ഞ ദിവസം എന്റെ വീട്ടിലെത്തിയ സാര്‍ ഒരുപാട് നേരമാണ് വിട്ടില്‍ ചിവഴിച്ചത്. നന്ദി സാര്‍. ആ നല്ല മനസ്സിന്
പാവങ്ങളെ സഹായിക്കാനും അവരുടെ സങ്കടം അറിയാനും ഉത്തംദാസ് സാര്‍ കാണിക്കുന്ന താല്പര്യം നമുക്കും മാതൃകയാണ്. ഇത് പോലുള്ള നന്മ നിറഞ്ഞ പോലീസ് ഉദ്യോഗസ്ഥരുള്ളടുത്തോളം കാലം ഏതൊക്കെയോ കാക്കിവേഷക്കാര്‍ ചെയ്ത തെറ്റിന് പോലീസ് സേനയെ മൊത്തം നമുക്ക് കുറ്റപറയാനും ചെളിവാരി എറിയാനും കഴിയില്ല. ആ നല്ല മനസ്സിന് ഒരിക്കല്‍ കൂടി ഞാന്‍ ബിഗ് സല്യൂട്ട് അടിക്കുന്നു.
more read
FB A/C: Abikutiyanam Bovikanam New
FB PAGE: Abikutiyanam Bovikanam
Email: abikutiyanam@gmail.com
Blog: ezuthodezuth Blogspot.com
Youtube: Abikutiyanams Video

No Comments

Be the first to start a conversation

%d bloggers like this: