എന്തിനോ വേണ്ടി തിളയ്ക്കുന്ന ചാവേറുകൾ: നസീന മേത്തൽ

2005 മുതൽ ഇംഗ്ലണ്ടിൽ താമസിക്കുന്ന ഒരാൾ എന്ന നിലക്ക് ഇസ്ലാമിക തീവ്രവാദത്തെക്കുറിച്ചു പറയാൻ എനിക്ക് അൽപ്പം യോഗ്യതയൊക്കെയുണ്ട്.

2005 ജൂലൈ 7 നു ലണ്ടൻ അണ്ടർ ഗ്രൗണ്ടിൽ കാലത്തു 9 മണിയോടെ പലയിടത്തായി ബോംബ് പൊട്ടി 52 പേർ മരണത്തിനു കീഴടങ്ങിയ വാർത്ത എനിക്ക് വല്ലാത്ത ഒരു ഞെട്ടൽ ആയിരുന്നു. ഈ സംഭവത്തിന് തലേ ദിവസം, അതായതു, ജൂലൈ 6 നു 9 മണിക്ക് ഞാനും ലണ്ടൻ അണ്ടർ ഗ്രൗണ്ടിൽ ഒരു യാത്രക്കാരി ആയിരുന്നു. എന്റെ യാത്ര ഒരു ദിവസം മാറിപ്പോയിരുന്നു എങ്കിൽ എന്താകുമായിരുന്നു എന്റെ അവസ്ഥ എന്ന് ഞാൻ ഇടയ്ക്കിടെ ഓർക്കാറുണ്ട്.

അതുകഴിഞ്ഞു ഒരു ഇടവേളയ്ക്കു ശേഷം ഈയടുത്തായി ഇംഗ്ലണ്ടിൽ മൂന്നു തീവ്രവാദി ആക്രമണങ്ങൾ. എല്ലാം ഇസ്ലാമിന്റെ പേരിൽ !

ഇതിൽ മാഞ്ചെസ്റ്ററിൽ ഉണ്ടായ ആക്രമണത്തിൽ നിന്നും ഞാൻ തലനാരിഴക്കാണ് രക്ഷപ്പെട്ടത് എന്ന് പറയാം. ഞാൻ സ്ഥിരം യാത്ര ചെയ്യുന്ന റെയിൽവേ റൂട്ടിലുള്ള ഒരു സ്റ്റേഷന് ചേർന്നാണ് രണ്ടാഴ്ച മുമ്പ് ആക്രമണം ഉണ്ടായി കുട്ടികൾ അടക്കമുള്ളവർ മരിച്ചത്. പലപ്പോഴും യാത്രക്കിടെ ഇറങ്ങി ഷോപ്പിംഗ് ചെയ്യാറുള്ള സ്ഥലം. ആ ആക്രമണം ഉണ്ടായതിന്റെ രണ്ടു മണിക്കൂർ മുൻപ് ഞാൻ അതുവഴി യാത്ര ചെയ്തിട്ടുണ്ട്.

തീവ്രവാദികൾ തൊട്ടു പുറകെ തന്നെയുണ്ട് എന്ന ഓർമ്മിപ്പിക്കലായിരിന്നു ആ ആക്രമണം.

അത് കഴിഞ്ഞു ഇപ്പോൾ ലണ്ടനിൽ വീണ്ടും ആക്രമണം.

മരിച്ചതെല്ലാം നിരപരാധികൾ. കൊന്നത് അല്ലാഹുവിനു വേണ്ടി എന്ന് കൊന്നവർ പറയുന്നു !

തീവ്രവാദികൾ ഇത്രയൊക്കെ വെറുപ്പും വിദ്വേഷവും വമിപ്പിച്ചിട്ടും ഇവിടത്തെ ജനത വളരെയാധികം സംയമനം പാലിക്കുന്നതാണ് ഞാൻ കണ്ടിട്ടുള്ളത്. മറ്റു പല രാജ്യങ്ങളിലും ഇതൊക്കെ തന്നെ ധാരാളമാണ് ഒരു വംശീയ കലാപം പൊട്ടിപുറപ്പെടാൻ. എന്നാൽ, ഇവിടെ ആരും ആയുധമെടുത്തു തെരുവിൽ ഇറങ്ങിയില്ല. വഴിയിൽ കാണുന്ന അന്യദേശക്കാരോട് തട്ടിക്കയറിയില്ല. അവരെ ഭീഷണിപ്പെടുത്തിയില്ല.

ജനങ്ങൾ തീവ്രവാദികൾക്കെതിരെ ആയുധമെടുത്തു നിരത്തിൽ ഇറങ്ങിയാൽ അതിന്റെ അനന്തരഫലം ഭീകരമായിരിക്കുമെന്നും, നഷ്ടപ്പെടുന്നത് ഒരു ജനതയുടെ സന്തോഷവും സുരക്ഷിതത്വവും ഭാവിയും ആയിരിക്കുമെന്നും മനസ്സിലാക്കാനുള്ള വിവേകം ഇവിടത്തെ ജനങ്ങൾക്കുണ്ട്. മാത്രമല്ല, ഇവിടെയുള്ള ഭൂരിഭാഗം ജനങ്ങൾക്കും അന്ധമായ ദൈവ വിശ്വാസം ഇല്ലാത്തതിനാൽ, തുറന്ന മനസ്സോടെ ചിന്തിക്കാനും മറ്റുള്ളവരെ സ്വീകരിക്കാനും അവർക്കു സാധിക്കുന്നു എന്നും എനിക്കു തോന്നിയിട്ടുണ്ട്.

തീവ്രവാദം തുടങ്ങുന്നത് സംശയം, അന്ധമായ വിശ്വാസങ്ങൾ, അരക്ഷിതാവസ്ഥ, പരാജയ ഭീതി, അസൂയ, വെറുപ്പ് എന്നിവയെല്ലാം വിവേകമില്ലാത്ത ഒരാളിൽ സമ്മേളിക്കുമ്പോഴാണ്. എല്ലാവരും നമുക്കെതിരാണ്; മറ്റുള്ളവരെല്ലാം നമ്മളെ കൊല്ലനാണ്‌ ജീവിക്കുന്നത് എന്ന വികലമായ ഒരു തോന്നൽ ആദ്യം മനസ്സിൽ വളരുന്നു. പിന്നീടതിനെ പതിന്മടങ്ങു വർധിപ്പിച്ചു മറ്റുള്ളവരിലേക്ക് പകർത്തുന്നു. ഏതു പ്രശ്നത്തിലും നമ്മൾ ഇരകളാണ് എന്നൊരു തോന്നൽ സ്ഥായിയായി നിലനിർത്തുക എന്നതാണ് ഇവരുടെ ഉദ്ദേശം.

പേടിപ്പിച്ചു കൂടെ നിർത്തുക എന്ന ഈ അടവ് തന്നെയാണ് കേരളത്തിൽ പ്രവർത്തിക്കുന്ന തീവ്ര ആശയങ്ങളുള്ള പല മുസ്ലിം സംഘടനകളും പയറ്റുന്നത്. അക്രമവാസനയുള്ള ഇത്തരം മുസ്ലിം സംഘടനകളെ, മുഖ്യധാരയിലുള്ള മുസ്ലിം സംഘടനകൾ വേണ്ട രീതിയിൽ ശക്തമായും വ്യക്തമായും എതിർക്കുന്നുണ്ടോ എന്നത് എനിക്ക് സംശയമാണ്.

ഇത്തരം വർഗീയ സംഘടനകളെ എതിർത്ത് ഒറ്റപ്പെടുത്തിയിട്ടില്ലെങ്കിൽ അവർ വരുത്തി വെക്കുന്ന നാശനഷ്ടങ്ങൾ തലമുറകളോളം അനുഭവിക്കേണ്ടി വരും എന്നതിൽ ഒരു സംശയവും വേണ്ട.

കാര്യങ്ങൾ ഇങ്ങിനെ ഇരിക്കുമ്പോൾ പെട്ടെന്നാണ് ഖത്തറിനു എതിരെ വിലക്കും നിരോധനവും വന്നത്. സൗദിയും, യു എ ഇ യും, ബഹ്റൈനും ഈജിപ്തും അടക്കം കുറെ രാജ്യങ്ങൾ ഖത്തറുമായുള്ള എല്ലാ നായതന്ത്രബന്ധങ്ങളും ഒറ്റയടിക്കങ്ങു അവസാനിപ്പിച്ചു. അതിനവർ പറഞ്ഞ കാരണം, ഖത്തർ ഇസ്ലാമിക തീവ്രവാദത്തെ സപ്പോർട്ട് ചെയ്യുന്നു എന്നതാണ് ! അതെ ! Finally ! We must call a spade a spade !

ഇതിന്റെ ശരിയായ വിശദാംശങ്ങൾ എനിക്കറിയില്ല. മിക്കവാറും ഇതൊരു പൊളിറ്റിക്കൽ സ്റ്റണ്ട് ആയിരിക്കും. എന്നിരുന്നാലും..

ഇസ്ലാമിന്റെ പേരിൽ തീവ്രവാദം ഉണ്ടെന്നും അതിനെ ചില ഇസ്ലാമിക രാജ്യങ്ങൾ സപ്പോർട്ട് ചെയ്യുന്നുണ്ടെന്നും മറ്റു ഇസ്ലാമിക രാജ്യങ്ങൾ തന്നെ പറയുമ്പോൾ എവിടെയോ ഒരു പ്രതീക്ഷ..

ഒരു പ്രശ്നം പരിഹരിക്കണമെങ്കിൽ അങ്ങിനെയൊരു പ്രശ്നം ഉള്ളതായിട്ടു ആദ്യം എല്ലാവരും അംഗീകരിക്കണമല്ലോ. എല്ലാ പ്രശ്നങ്ങൾക്കും കാരണക്കാരായി അമേരിക്കയെയും ജൂതന്മാരെയും കുറ്റപ്പെടുത്തുന്നതിനു മുൻപ് ഒരു സ്വയം വിലയിരുത്തൽ അത്യാവശ്യമാണ്.

പല രാജ്യങ്ങളിലും പല പല വിഷയങ്ങളുടെ പേരിൽ മുസ്ലിങ്ങൾ കൊല്ലപ്പെടുന്നതിന് കാരണമെന്താണ്, അതിന് ശാശ്വതമായ ഒരു പരിഹാരം എന്താണ് എന്നത് ചിന്തിക്കേണ്ട വിഷയം തന്നെയാണ്. എന്നാൽ, ചിന്തിച്ചു പരിഹാരം കാണുന്നതിന് പകരം,
തെരുവിൽ ഇറങ്ങുന്നതും നിയമം കയ്യിലെടുക്കുന്നതും നിരപരാധികളെ കൊന്നൊടുക്കുന്നതും ഒന്നും ഏതൊരു രാജ്യത്തായാലും എന്തിന്റെ പേരിലായാലും അംഗീകരിച്ചു തരാൻ സാധ്യമല്ല.

ഇന്ത്യയിൽ, പ്രത്യേകിച്ചു കേരളത്തിൽ, ഇതൊക്ക ഓരോരുത്തരും ചിന്തിക്കേണ്ടതും വിവേക പൂർവം തീരുമാനമെടുക്കേണ്ടതും അത്യാവശ്യമായി വരുന്ന ഒരു സാഹചര്യമാണു ഇപ്പോഴുള്ളത്.

കഴിഞ്ഞ കുറെ വർഷങ്ങളായിട്ടു മുസ്‍ലിം ജനതയുടെ രക്ഷകരായി അവതരിച്ചിട്ടുള്ള തീവ്രവാദികൾ, മുസ്ലിങ്ങൾക്കും അല്ലാത്തവർക്കും എത്ര മാത്രം ദ്രോഹം ചെയ്തു എന്നുള്ളതിനുള്ള തെളിവ് നമ്മുടെ മുൻപിൽ തന്നെയുണ്ട്.

ഇതിൽ നിന്നെല്ലാം പാഠം ഉൾക്കൊണ്ടു, മുസ്ലിങ്ങളുടെ രക്ഷകരായി വിലസുന്ന ആട്ടിൻ തോലിട്ട ചെന്നായ്ക്കളെ തിരിച്ചറിഞ്ഞു നിയമത്തിനു മുന്നിൽ കൊണ്ടു വരേണ്ട കടമ നാം ഓരോരുത്തർക്കും ഉണ്ട്. ഇന്നത് ചെയ്തില്ലെങ്കിൽ നാളെ അതിന്റെ പ്രത്യാഘാതം ഊഹിക്കാവുന്നതിലും ഭയാനകമായിരിക്കും.

അവർ അങ്ങിനെ ചെയ്തില്ലേ, ഇവർ ഇങ്ങിനെ ചെയ്യുന്നില്ലേ എന്നൊക്കെ ചോദിച്ചു പകരം വീട്ടാൻ ഇറങ്ങുന്നവർ ഒന്നോർക്കണം. നിരപരാധികളുടെ നെഞ്ചത്തോട്ടല്ല നിങ്ങളുടെ വികലമായ ചിന്തകളും പ്രവർത്തികളും അഴിച്ചു വിടേണ്ടത്. ചാവേർ ആയാൽ സ്വർഗം കിട്ടുമെങ്കിൽ സ്വയം പൊട്ടിത്തെറിച്ചു ചത്തോളൂ. മറ്റുള്ളവരെ വെറുതെ വിടൂ.

മതത്തിന്റെയും സമുദായത്തിന്റെയും പേരിൽ ചാവാനും കൊല്ലാനും ഇറങ്ങുന്നവർ നടത്തുന്ന ഓരോ ആക്രമണവും മാനവരാശിക്ക് എതിരെയുള്ളതാണ്. ഓരോ ബോംബ് പൊട്ടുമ്പോഴും തോൽക്കുന്നത് നമ്മളാണ്. നമ്മളിൽ ഓരോരുത്തരും ആണ്.

നമുക്കുണ്ടായിരുന്ന സുസ്ഥിരവുമായ കുട്ടിക്കാലവും സമാധാനമുള്ള ജീവിതവും നമ്മുടെ കുട്ടികൾക്കും ഉറപ്പാക്കാൻ നമ്മൾ ഓരോരുത്തരും ബാധ്യസ്ഥരാണ്.

ഏതു നിമിഷവും ഒരു ബോംബ് പൊട്ടി ജീവിതം അവസാനിക്കാം എന്നറിഞ്ഞു കൊണ്ട് ജീവിക്കുന്നത് ഒട്ടും സുഖമുള്ള കാര്യമല്ല. മരിക്കാൻ പേടിയുണ്ടായിട്ടല്ല. പക്ഷേ മരിക്കുന്നത് വെറുപ്പിന്റെയും വിദ്വേഷത്തിന്റേയും ബോംബ് പൊട്ടി ആകരുത് എന്ന ആഗ്രഹമുള്ളത് കൊണ്ടാണ്.

 

No Comments

Be the first to start a conversation

%d bloggers like this: