എയര്‍പോര്‍ട്ട് മാതൃകയില്‍ എറണാകുളം ജംഗ്ഷന്‍ ഒരുങ്ങുന്നു

കൊച്ചി: 2020ഓടെ എറണാകുളം ജംഗ്ഷന്‍ അടക്കം രാജ്യത്തെ തെരഞ്ഞെടുത്ത 10 റെയില്‍വേ സ്റ്റേഷനുകള്‍ അടക്കം വിമാനത്താവളത്തിന്റെ മാതൃകയില്‍ വികസിപ്പിക്കാന്‍ തയ്യാറെടുക്കുന്നു. നഗരവികസന മന്ത്രാലയത്തിന് കീഴിലുള്ള കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനുമായി ഒപ്പിട്ട കരാറിന്റെ തുടര്‍ച്ചയായാണ് നടപടി.

ഇതിനായുള്ള പ്രാരംഭപരിപാടികള്‍ അടുത്ത മാസത്തോടയോ വരുന്ന വര്‍ഷം ആദ്യമോ തുടങ്ങും. ജംഗ്ഷന് പുറമെ രാജ്യതലസ്ഥാനത്തെ സരായ് രോഹില, ലക്നൗ, ഗോമതി നഗര്‍, കോട്ട, തിരുപ്പതി, നെല്ലൂര്‍, പുതുച്ചേരി, മഡ്ഗാവ്, താനെ എന്നിവയാണു പദ്ധതിയിലുള്ള മറ്റ് സ്റ്റേഷനുകള്‍.

ഈ പദ്ധതിയില്‍ ആദ്യം കോഴിക്കോട് സ്റ്റേഷനാണ് ഉണ്ടായിരുന്നത്. സ്വകാര്യ സംരംഭകരെ പങ്കെടുപ്പിച്ചു സ്റ്റേഷന്‍ വികസനം നടപ്പാക്കാന്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായെങ്കിലും പദ്ധതി മുന്നോട്ടു പോയിട്ടില്ല. ഇതോടെ സ്റ്റേഷന്‍ മാതൃകയാകും മറ്റിടങ്ങളിലേക്കു വ്യാപിക്കുക.

രാജ്യത്തെ 10 സ്റ്റേഷനുകളും മോഡി പിടിപ്പിക്കുന്നതിനായി 5,000 കോടി രൂപ മുതല്‍ മുടക്കാനാണ് പദ്ധതിയിടുന്നത്. ആധുനിക നിലവാരത്തിലുള്ള പ്ലാറ്റ്ഫോമുകള്‍, ലോഞ്ചുകള്‍, ടിക്കറ്റ് കൗണ്ടറുകള്‍, വിമാനത്താവളത്തിലെ പോലെ പുറത്തേക്ക് ഇറങ്ങാനും അകത്തേക്ക് കയറാനും പ്രത്യേക വഴികള്‍, മറ്റു സൗകര്യങ്ങള്‍ എന്നിവയാണ് ഒരുക്കുക.

സ്റ്റേഷന്‍ പരിസരങ്ങളില്‍ ഉപയോഗ ശൂന്യമായ സ്ഥലങ്ങള്‍ ഉപയോഗിക്കാനും അതിലൂടെ പണം കണ്ടെത്താനും സാധിക്കുക എന്നതാണ് ഉദ്ദേശം. ഇവിടങ്ങളില്‍ ഹോട്ടലുകള്‍, മള്‍ട്ടിപ്ലക്സുകള്‍, ഫ്ളാറ്റുകള്‍, മാളുകള്‍ എന്നിവയും നിര്‍മ്മിക്കാന്‍ ഉദ്ദേശമുണ്ട്.

No Comments

Be the first to start a conversation

%d bloggers like this: