ഒഞ്ചിയത്ത് ആര്‍എംപിഐ പ്രവര്‍ത്തകര്‍ക്ക് നേരെ വീണ്ടും സിപിഐഎം ആക്രമണം

ഒഞ്ചിയത്ത് വീണ്ടും സിപിഐഎം അക്രമം.ഇന്നലെ രാത്രി 8 മണിക്ക് ഒഞ്ചിയം കുന്നുമ്മല്‍ക്കരയിലാണ് സംഭവം. ഏഴോളം വരുന്ന സിപിഐഎം പ്രവര്‍ത്തകരാണ് ആര്‍എംപിഐ പ്രവര്‍ത്തകരായ രജീഷ്, സിജേഷ് എന്നിവരെ ഇരുമ്പുപൈപ്പും വടിയുമായി ആക്രമിച്ചത്.ചിട്ടിയുമായി ബന്ധപ്പെട്ട് ഒഞ്ചിയം ബാങ്കിനുസമീപം പോയി തിരിച്ചുവരുകയായിരുന്നു രജീഷും സിജേഷും.

ഇരുമ്പുപൈപ്പും മറ്റു മാരകായുധങ്ങളുമായി സിപിഐഎം പ്രവര്‍ത്തകര്‍ തങ്ങളെ കാത്തിരിക്കുകയായിരുന്നെന്നും ഒരു പ്രകോപനവും ഇല്ലാതെയാണ് ആക്രമണം നടത്തിയതെന്നും രജീഷ് പറഞ്ഞു. കാലിനും കൈക്കും തലക്കും പരിക്കേറ്റ രജീഷിനെ വടകര ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്വരൂപ് മോഹന്‍, അശ്വിന്‍, വിഷ്ണു, ഷെബിന്‍ തുടങ്ങി കണ്ടാലറിയാവുന്ന ഏഴു സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ രജീഷ് പോലീസിന് മൊഴി കൊടുത്തിട്ടുണ്ട്. 12 വര്‍ഷമായി ഗള്‍ഫിലായിരുന്ന രജീഷ് അടുത്താണ് നാട്ടില്‍ കണ്‍സ്ട്രക്ഷന്‍ ജോലി ആരംഭിച്ചത്.

ഒഞ്ചിയത്ത് നേരത്തെയും ആര്‍എംപിഐ പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഐഎം അക്രമങ്ങളുണ്ടായിരുന്നു. ഏപ്രിലില്‍ ടി പി ചന്ദ്രശേഖരന്‍ രക്തസാക്ഷി ദിനാചരണത്തിന്റെ പോസ്റ്റര്‍ ഒട്ടിച്ചു മടങ്ങവെ രണ്ട് ആര്‍എംപിഐ പ്രവര്‍ത്തരെ സിപിഐഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചിരുന്നു. ആര്‍എംപിഐ പ്രവര്‍ത്തകരായ കുന്നുമ്മക്കര പാലയാട്ടുകുനി വിഷ്ണുവും സുഹൃത്ത് ഗണേശനുമാണ് ആക്രമണത്തിന് ഇരയായത്.

 

ടി പി ചന്ദ്രശേഖരന്‍ വധക്കേസ് സാക്ഷിയടക്കം മൂന്ന് ആര്‍എംപിഐ പ്രവര്‍ത്തകര്‍ക്ക് നേരെ കഴിഞ്ഞവര്‍ഷം സിപിഐഎം ആക്രമണം നടന്നിരുന്നു. ടി പി വധക്കേസ് ഗൂഡാലോചനാ കേസില്‍ സാക്ഷി പറഞ്ഞ കുന്നുമ്മക്കര പുതിയോട്ടില്‍ മീത്തല്‍ പ്രമോദ്, ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന സുജിത്ത്, ഹരിദാസ് എന്നിവര്‍ക്കാണ് അന്ന് പരിക്കേറ്റത്.

No Comments

Be the first to start a conversation

%d bloggers like this: