ഒരു നിമിഷം നില്‍ക്കൂ… ശ്രദ്ധിക്കൂ……. സൗന്ദര്യം നിങ്ങളെ തേടിയെത്തും

പൊറോട്ടയെപ്പറ്റി ഒരു തമാശ പറഞ്ഞുകേട്ടിട്ടുണ്ട്. പൊറോട്ടയും കല്യാണവും ഒന്നുപോലെയാണ്, കഴിച്ചാല്‍ ദോഷമാണെന്ന് എല്ലാവര്‍ക്കും അറിയാം പക്ഷെ ആരും കഴിക്കാതിരിക്കുന്നില്ല എന്ന്.

ഈ പറഞ്ഞതുപോലെ തന്നെയാണ് നിറം വര്‍ദ്ധിപ്പിക്കാനുള്ള ക്രീമുകളുടെ കാര്യവും. സത്യമാണെങ്കിലും അല്ലെങ്കിലും, ഭ്രൂണം മൃഗക്കൊഴുപ്പ് തുടങ്ങി,  അറപ്പു  തോന്നിക്കുന്ന  സകല വസ്തുക്കളും അടങ്ങിയിട്ടുണ്ട് എന്ന് കേള്‍ക്കുന്നുവെങ്കിലും ഇതിന്‍റെ വില്‍പ്പനയും ഉപഭോഗവും ഒട്ടും കുറയുന്നില്ല, പ്രത്യേകിച്ച് കേരളത്തില്‍. സൗന്ദര്യ വര്‍ദ്ധക വസ്തുക്കളുടെ ഏറ്റവും വലിയ മാര്‍ക്കറ്റ് കേരളം തന്നെയാണെന്ന് ഉല്‍പ്പാദകര്‍ തന്നെ സമ്മതിക്കുന്നുണ്ട്. അത്രയ്ക്ക്  ‘ബ്യൂട്ടീ കോണ്‍ഷ്യസ്’ ആണ് നമ്മള്‍.  വെളുപ്പാണ് അഴകിന്‍റെ അടിസ്ഥാനം എന്ന് നമ്മള്‍  വിശ്വസിച്ചു വച്ചിരിക്കുന്നു. നിറമല്ല  ചന്തമെന്നു പുറമേയ്ക്ക് പറയുന്നവര്‍ പോലും വെളുക്കാനായി പരക്കം പായുന്ന കാഴ്ചയാണ് നാം കാണുന്നത്. നമ്മുടെയീ ദൗര്‍ബല്യം മുതലെടുക്കുന്നതോ കുത്തകകമ്പനികളും.

സൗന്ദര്യസങ്കല്‍പ്പമെന്നാല്‍ വെളുപ്പ്‌ എന്നാണ് സൗന്ദര്യം‘വില്‍ക്കുന്ന’ പരസ്യക്കമ്പനികള്‍ നമ്മളെ പറഞ്ഞു പഠിപ്പിച്ചിരിക്കുന്നത്. നിറം കൂട്ടാനുള്ള ധാരാളം ക്രീമുകള്‍ വിപണിയിലുണ്ട്. ജന്മനാ വെളുത്ത സുന്ദരികളെ പിന്നെയും വെളുപ്പിച്ചു കാണിച്ച് അവര്‍ നമ്മുടെ പോക്കറ്റിലിരിക്കുന്ന കാശ് അവരുടെ കീശയിലാക്കുന്നു.

അടങ്ങിയിരിക്കുന്ന വസ്തുക്കള്‍ എന്ത്‌ തന്നെയായാലും ഇത് നമ്മുടെ ചര്‍മ്മത്തിന്‍റെ  സ്വാഭാവികത ഇല്ലാതാക്കും എന്ന കാര്യത്തില്‍ സംശയമില്ല. ബ്ലീച്ചിംഗിനായി  പോലെ രാസവസ്തുക്കള്‍ ചര്‍മ്മത്തില്‍ പുരട്ടി ചര്‍മ്മത്തെ മൃദുവാക്കുക മൂലം അതിന്‍റെ പ്രതിരോധ ശക്തി നശിക്കുകയും ചെയ്യും.

അധികം കേടുപാടുകള്‍ കൂടാതെ ചര്‍മ്മത്തെ സംരക്ഷിച്ചുകൊണ്ടുപോകാനുള്ള ധാരാളം ഉല്‍പ്പന്നങ്ങള്‍ വിപണിയിലുണ്ട്. നമ്മുടെ നാട്ടില്‍തന്നെ ഉണ്ടാകുന്ന വസ്തുക്കളാണ് നമ്മുടെ ചര്‍മ്മത്തിന് ചേരുക. അതിനി പ്രകൃതിയില്‍ നിന്ന് ലഭിക്കുന്നതാണെങ്കിലും വിദേശങ്ങളില്‍ അവിടുത്തെ കാലാവസ്ഥയ്ക്ക് അനുസരിച്ച് നിര്‍മ്മിക്കപ്പെടുന്ന ഉല്‍പ്പന്നങ്ങള്‍ പലപ്പോഴും നമ്മില്‍ വിപരീത ഫലമേ ഉണ്ടാക്കൂ.

ചര്‍മ്മ സംരക്ഷണത്തിനായി നമുക്ക് എന്തൊക്കെ ചെയ്യാമെന്ന് നോക്കാം.

  • ശുദ്ധജലംകൊണ്ട് ദിവസം മൂന്നു പ്രാവശ്യമെങ്കിലും മുഖം വൃത്തിയായി കഴുകുക.
  • കിടക്കും മുന്‍പ് വീര്യം കുറഞ്ഞ ഏതെങ്കിലും മോയിസ്ച്ചറൈസിംഗ്ക്രീം മുഖത്തും കഴുത്തിലും തേച്ചു പിടിപ്പിക്കുക.
  • പുറത്തുപോകും മുന്പ് സണ്‍സ്ക്രീന്‍ ലോഷന്‍ പുരട്ടുക. ഇത് അള്‍ട്രാവയലറ്റ് വയലറ്റ് രശ്മികളില്‍ നിന്നും നമ്മുടെ ചര്‍മ്മത്തെ സംരക്ഷിക്കുന്നു.
  • ദിവസം കുറഞ്ഞത് എട്ടു പത്തു ഗ്ലാസ് വെള്ളം കുടിക്കുക.
  • ആന്‍റിഓക്സിഡന്റുകള്‍ അടങ്ങിയ പഴങ്ങള്‍ കഴിക്കുക.
  • വൈറ്റമിന്‍ സി അടങ്ങിയ വസ്തുക്കള്‍ ധാരാളം കഴിക്കുക.
  • കറ്റാര്‍വാഴ അടങ്ങിയ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുക. ഇത് നമ്മുടെ ചര്‍മ്മത്തിന്‍റെ സ്വാഭാവികത നിലനിര്‍ത്തും.

No Comments

Be the first to start a conversation

%d bloggers like this: