ഓഖി ചുഴലിക്കാറ്റ്: മരണ സംഖ്യ 19 കവിഞ്ഞു; 69 പേരെ രക്ഷപ്പെടുത്തി

കൊച്ചി: ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി. തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളില്‍ നിന്ന് നാലു മൃതദേഹങ്ങള്‍കൂടി ഇന്ന് കണ്ടെത്തി. നാലു പേരെയും തിരിച്ചറിഞ്ഞിട്ടില്ല. രണ്ട് മൃതദേഹങ്ങള്‍ പൂന്തുറയിലും കൊല്ലത്തുമായി എത്തിച്ചു. കൊല്ലത്ത് എത്തിച്ച മൃതദേഹം തിരിച്ചറിയാന്‍ കഴിയാത്ത വിധം അഴുകിയ നിലയിലാണ്. കഴിഞ്ഞ ദിവസം 14പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. 100 ലേറെപ്പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് കരുതുന്നത്. ഇന്ന് 69പേരെ രക്ഷപ്പെടുത്തി. 16 പേരെക്കൂടി കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

രക്ഷപ്പെടുത്തിയവരില്‍ മൂന്നു പേരെ കോസ്റ്റ് ഗാര്‍ഡിന്‍റെ കപ്പലില്‍ ചെല്ലാനം ഹാര്‍ബറില്‍ എത്തിച്ചു. തൂത്തുക്കുടിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ 11 തമിഴ് തൊഴിലാളികളെ മുനമ്പത്തെത്തിച്ചിട്ടുണ്ട്. ഇവരെ പ്രാഥമിക ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നേരത്തെ നാവിക സേനയുടെ കപ്പല്‍ രക്ഷിച്ച 13പേരെയും തീരത്തെത്തിച്ചു. ഇതില്‍ രണ്ടുപേര്‍ ബംഗാളികളും ബാക്കി തമിഴരുമാണ്.

കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തിയ 27 മത്സ്യത്തൊഴിലാളികളെ കപ്പലില്‍ ബേപ്പൂരിലെത്തിച്ചിട്ടുണ്ട്. ആലപ്പുഴയില്‍ നിന്ന് കാണാതായ അഞ്ചുപേരും ബേപ്പൂരില്‍ നിന്നു പോയ 22പേരും അടങ്ങുന്ന സംഘമാണിതെന്നാണ് വിവരം. രാവിലെ, മത്‌സ്യത്തൊഴിലാളികളും നാവികസേനയും നടത്തതിയ തെരച്ചിലില്‍ അഞ്ചു പേരെയും ലക്ഷദ്വീപില്‍ അടിഞ്ഞ ബോട്ടില്‍ നിന്ന് എട്ടു പേരെയും രക്ഷിച്ചിരുന്നു.

No Comments

Be the first to start a conversation

%d bloggers like this: