ഓര്‍മ്മകളില്‍ കുളിരുള്ള നാളുകള്‍ . : അബ്ദുൽ ഫത്താഹ് തയ്യിൽ

 

ഏപ്രില്‍ മേയ് മാസങ്ങളില്‍ നാട്ടില്‍ ചൂടായിരിക്കുമെങ്കിലും ഓര്‍മ്മകളില്‍ അതൊരു കുളിരുള്ള നാളുകള്‍ ആയിരിക്കും. കാലങ്ങള്‍ക്ക് ശേഷമാണ് മാമ്പഴക്കാലം കൂടിയായ മേയ് മാസത്തില്‍ നാട്ടില്‍ എത്തുന്നത്. കൃത്യമായി പറഞ്ഞാല്‍ നീണ്ട 23 വര്ഷമായി വീട്ടുവളപ്പിലെ മാമ്പഴം കഴിച്ചിട്ട്. ചെന്നതിന്റെ രണ്ടാം ദിവസം വലിയൊരു തളികയില്‍ ഉമ്മ മുറിച്ചിട്ട മാമ്പഴങ്ങള്‍ മുഴുവന്‍ തിന്നുമ്പോള്‍ ഓര്‍മ്മകള്‍ വര്‍ഷങ്ങള്‍ പിന്നോക്കം പാഞ്ഞുകയറിയത് പല പല മാവിന്‍ തൈകളിലാണ്. പാറിപ്പറന്ന മുടികളും, മുണ്ടും ബനിയനും ധരിച്ച് തെക്കുവടക്ക് ഓടിക്കളിച്ച കാലം. മാമ്പഴമെറിഞ്ഞും, പച്ചമാങ്ങ ഉപ്പുകൂട്ടി തിന്നും, നടന്നകാലത്തിന്‍റെ ഓര്‍മ്മകളിലേക്കാണ്.
ഉപ്പയുടെ തറവാട്ട് പറമ്പ് വലിയ വിശാലമായ സ്ഥലമാണ്‌. അവിടെ വിവിധങ്ങളായ മാവുകള്‍ ഉണ്ട്. ചക്കര മാങ്ങ (കപ്പക്കായ് മാങ്ങ എന്നും പറയും), കോമാങ്ങ, നിറയെ നാരുകള്‍ ഉള്ള ചികരിമാങ്ങ, തുടങ്ങി പല വിധ മാങ്ങകള്‍ ഉള്ള, നിറയെ കശുമാങ്ങകള്‍ ഉള്ള സ്ഥലം. സ്കൂള്‍ പൂട്ടിയ ഏപ്രില്‍ മേയ് മാസങ്ങളില്‍ ഞങ്ങള്‍ ജ്യെഷ്ടാനുജ മക്കള്‍ക്ക് തൊഴില്‍ മിക്കവാറും ഈ മാവുകളിലെ മാങ്ങ എറിഞ്ഞിടുകയോ,.കയറാവുന്ന എല്ലാ മാവിന്‍ തൈകളിലും കയറുകയോ എന്നതാണ്. മാങ്ങക്ക് എറിയുന്ന ശബ്ദം കേട്ട് പ്രായം ചെന്ന എന്നാല്‍ യുവത്വത്തിന്‍റെ ഉച്ഛത്തില്‍ കാതില്‍ നിറയെ അലിക്കത്ത് തൂക്കിയ ഉപ്പയുടെ ഉമ്മ വെള്ളക്കാച്ചിയുടെ തുണിയും കുപ്പായവുമിട്ട്, മുറുക്കിച്ചുവപ്പിച്ച ചുണ്ടുമായി വന്ന് ശകാരിക്കുമെങ്കിലും, വീണ്ടും ഞങ്ങള്‍ മാവുകളില്‍ കയറും. ചിലപ്പോള്‍ മാവില്‍ തന്നെ ശബ്ദമുണ്ടാക്കാതെ ഇരിക്കും. ഉപ്പൂമ്മ പോയിക്കഴിഞ്ഞാല്‍ മരത്തില്‍ നിന്നും പതിയെ ഇറങ്ങി മടിയില്‍ പറിച്ചിട്ട മാങ്ങ ഞങ്ങള്‍ കൂട്ടം ചേര്‍ന്ന് തിന്നും. അതുകഴിഞ്ഞ് കശുമാവില്‍ കയറി കശുവണ്ടി മുരണ്ടിയെടുത്ത് (അറുത്തെടുത്ത്) അതുമായി കടയില്‍ പോയി എള്ളുണ്ടയും, ചക്കര മിട്ടായിയും മറ്റും വാങ്ങി കഴിക്കും. ചൂടൊന്നും ഒരു പ്രശ്നമേയല്ലായിരുന്നു അന്ന്. ഇന്ന് അങ്ങിനെ കുട്ടികള്‍ക്ക് വല്ല ശീലങ്ങളുമുണ്ടോ ആവോ? അതിന് മാവുകള്‍ വേണ്ടെ?
ചൂട് കാലമാണെങ്കിലും സ്കൂള്‍ വാര്‍ഷിക പരീക്ഷ കഴിഞ്ഞ ഒടിച്ചാടിക്കളിക്കുന്ന ഇന്നലെകളുടെ ഇടവഴിയിലൂടെ ഈ അവധിക്കാലം നടന്നു, അല്ല മരുമകന്റെ കൂടെ ബൈക്കില്‍ പോയി. എല്ലാ മരങ്ങളും, കൊയ്യ (എറിയുന്ന വടി) കൊണ്ട് മാങ്ങ എറിഞ്ഞു വീഴ്ത്തിയ മാവുകളും, തൃക്കരിപ്പൂര്‍ ആക്മിയും, ഗോള്‍ഡന്‍ സ്റ്റാര്‍ ക്ലബ്ബുകളും നടത്തിയ ഫുട്ബാള്‍ മത്സരങ്ങള്‍ക്ക് ടിക്കറ്റ് ഫീ കണ്ടെത്തിയ കശുമാവുകളും അപ്രത്യക്ഷമായിരിക്കുന്നു. അവിടെയൊക്കെ പുതിയ പുതിയ കെട്ടിടങ്ങള്‍ വന്നിരിക്കുന്നു. അപ്പൊ നാട്ടിലെ ചൂട് കൂടിയതില്‍ അത്ഭുതപ്പെടാനില്ലല്ലോ. മരങ്ങള്‍ വിട്ടൊഴിഞ്ഞ ഭൂമിയില്‍ ചൂട് അധികരിക്കുക സ്വാഭാവികം.
ഇടവഴികളിലൂടെ പോകുമ്പോള്‍ ഓര്‍ത്തത് ചെറിയ കാര്യങ്ങള്‍ക്ക് കശപിശയായി ചീത്ത വിളിക്കുന്ന ചങ്ങാതിമാരെയാണ്. അപ്പൊ ആരെങ്കിലും എതിര്‍വശത്ത്‌ നിന്നും മൂപ്പിച്ചു കൊടുത്താല്‍ വലിയ് തെറി വിളിയായി. പിന്നെ ചൊടിക്കലും, മിണ്ടാതെ നടക്കലുമാണ്. കുറച്ചു ദിവസം മാത്രം. ഒരു മിട്ടായി കൊണ്ട് തീര്‍ക്കാവുന്ന ചൊടികള്‍.
ആ കാലം ഇന്നില്ല. എല്ലാ കുട്ടികളുടെ കൈകളിലും സ്മാര്‍ട്ട് ഫോണ്‍ അല്ലെങ്കില്‍ ടാബുകള്‍. കുട്ടിയും കോളുമില്ല, തലപ്പന്ത് കളിയില്ല, ഓട്ടു കഷണം ഉയര്‍ത്തിവെച്ചു കളിക്കുന്ന കോരിക്കളികള്‍ ഇല്ല, അങ്ങിനെ എത്രയെത്ര കളികള്‍, അവയെല്ലാം യൌവനം വിട്ടൊഴിഞ്ഞു ശ്മശാനം പൂകിയിരിക്കുന്നു.
കുട്ടികള്‍ ഇന്ന് ഇരുന്ന് ടാബില്‍ കളിക്കുകയാണ്. വെളിച്ചം കൂട്ടിവെച്ച ടാബിന്റെ സ്ക്രീനില്‍ കുനിഞ്ഞിരുന്ന് നോക്കി കുട്ടികളില്‍ കൂടുതലും കാഴ്ച ശക്തി നഷ്ടപ്പെട്ടവരായി മാറി. ചില കുട്ടികള്‍ കഴുത്തിനു അസുഖങ്ങള്‍ വന്നു ചികിത്സയിലായെന്നു പറയുന്നു. കളിയുടെ അരങ്ങില്‍ മൂത്രമൊഴിക്കാതെ ഇരുന്ന കുട്ടികള്‍ക്ക് വൃക്കയില്‍ കല്ലുകള്‍ ഉണ്ടായി എന്ന് പറയുന്നു.
സൗഹൃദം വെറും സ്കൂളിന്‍റെ പഠന മുറിയില്‍ അല്ലെങ്കില്‍ വരാന്തയില്‍ മാത്രമായി ചുരുങ്ങി. ഒന്നിനെ കുറിച്ചും പ്രതികരിക്കാന്‍ കഴിയാത്ത, പ്രതികരണശേഷി ഇല്ലാത്ത ഒരു തലമുറയായി മാറുകയാണ് പുതിയ തലമുറ.
തിരിച്ചുവരാത്ത ആ കാലത്തെ ഓര്‍മ്മകള്‍ക്ക് മരണമില്ല…

No Comments

Be the first to start a conversation

%d bloggers like this: