കവലകളിലും കടത്തിണ്ണകളിലും ബസ്റ്റോപ്പുകളിലും വെയ്റ്റിങ് ഷെഡുകളിലും ഇരുന്ന് ആളുകളെ ‘എന്റർടെയ്ൻ’ ചെയ്യാൻ ഭ്രാന്തന്മാരില്ലാത്ത നാടുണ്ടാവില്ല- അലീന ആകാശമിഠായി എഴുതുന്നു.

കവലകളിലും കടത്തിണ്ണകളിലും ബസ്റ്റോപ്പുകളിലും വെയ്റ്റിങ് ഷെഡുകളിലും ഇരുന്ന് ആളുകളെ ‘എന്റർടെയ്ൻ’ ചെയ്യാൻ ഭ്രാന്തന്മാരില്ലാത്ത നാടുണ്ടാവില്ല. വിഷയം തത്വചിന്തകർക്ക് വിട്ടുകൊടുത്താൽ, അത് ഭ്രാന്തല്ല, ഭ്രാന്ത് ആരോപിക്കപ്പെടുന്നവരുടെ റിയാലിറ്റി വേറെ നമ്മുടെ വേറെ എന്നു കേൾക്കാം. ബുദ്ധിജീവികളും സാഹിത്യകാരന്മാരും ഇല്ലാത്തതിനാൽ പ്രശസ്തരാവാതെപോയ ഒരുപാട് നാറാണത്തുഭ്രാന്തന്മാരുണ്ട് ഞങ്ങളുടെ ചാത്തൻതറയിലും. എന്റെ ബാല്ല്യകാല ദുസ്വപ്നമായിരുന്ന കുഞ്ഞിലോച്ചൻ, എത്ര വാശിപിടിച്ചുള്ള കരച്ചിലാണെങ്കിലും ‘കുഞ്ഞിലോച്ചൻ വന്നു പിടിക്കും’ എന്നു കേട്ടാൽ സ്വിച്ഛിട്ടപോലെ കരച്ചിലു നിർത്തി കിടന്നുറങ്ങുമായിരുന്നു ഞാൻ. അന്നത്തെ എനിക്ക് രാക്ഷസാകാരം പൂണ്ട ഭീകരനായിരുന്നു അയാൾ, അയാളുടെ കാല്പാദങ്ങൾക്ക് ഞങ്ങളുടെ വീടിനെക്കാൾ വലിപ്പമുണ്ടായിരുന്നു. പിന്നീടാണറിഞ്ഞത് ഞാൻ ജനിക്കുന്നതിന് എത്രയോ വർഷങ്ങൾക്കുമുൻപ് അയാൾ മരിച്ചു പോയെന്നും എന്നെ പേടിപ്പിക്കാൻ എന്റെയമ്മ ഒരു പരേതാത്മാവിന്റെ പേര് ദുരുപയോഗം ചെയ്യുകയായിരുന്നെന്നും. പിന്നെയുള്ള കുഞ്ഞൂട്ടിച്ചേട്ടൻ, ബീഡിയും വലിച്ച് ഒരു കൈലി മാത്രം ഉടുത്ത് മനസിലാകാത്ത ഭാഷയിൽ എന്തൊക്കെയോ പിറുപിറുത്ത് കടകൾ തോറും കയറിയിറങ്ങും എന്നല്ലാതെ അയാളെക്കുറിച്ച് ‘ഇന്ററെസ്റ്റിങ്’ ആയി വേറൊന്നുമില്ല.
ബേബിച്ചേട്ടനാണ് നമ്മൾ ഷെയ്ക്സ്പിയർ നാടകങ്ങളിലൊക്കെ കണ്ടു സുപരിചിതനായ ‘ആർക്കിടൈപ്പൽ’ ഭ്രാന്തൻ. കവലയിലെ ഗീവർഗ്ഗീസ് പുണ്യാളന്റെ രൂപം നോക്കി “താനിവിടെ പാമ്പിന്റെ വായിൽ കോലിട്ടോണ്ടിരുന്നോ, ശബരിമലേലൊരാള് കോടികൾ വാരുന്നെ”ന്ന് പറഞ്ഞ ബേബിച്ചേട്ടൻ സൂര്യനുതാഴെ കണ്ട എല്ലാത്തിനേം ആരെയും കൂസാതെ വിമർശിച്ചു. അടുത്തുപോയി നിന്നാൽ എന്തെങ്കിലുമൊക്കെ മഹത്വചനം എപ്പോഴും കേൾക്കാം. മുഷിഞ്ഞ് ചെളി പിടിച്ച ഷർട്ടും ജീൻസും ഷൂസും കൂളിംഗ് ഗ്ലാസുമാണ് വേഷം. കൂടെ അയാൾ ബിസ്ക്കറ്റും മിഠായിയുമൊക്കെ കൊടുത്തു വളർത്തുന്ന പട്ടിക്കൂട്ടങ്ങളും കാണും. ഓരോ ബസ് വരുമ്പോഴും പോകുമ്പോഴും ബേബിച്ചേട്ടന്റെ വിസിൽ കേൾക്കാം. ഒരിക്കൽ Binsu അയാളുടെ വീട് കാണിച്ചു തന്നു. കാപ്പിത്തോട്ടത്തിനുള്ളിൽ മൺകട്ടയും ടാർപൊളിനും വിരിച്ച് പഴയ സി.ഡി കാസറ്റുകൾ കൊണ്ട് അലങ്കരിച്ച ഒരു വീട്. വീടിനകത്തും ചുറ്റിനും നിറഞ്ഞ ആക്രിസാധനങ്ങൾ. ഞാൻ പത്താം ക്ലാസിലോ മറ്റോ പഠിക്കുമ്പോൾ ആണെന്നു തോന്നുന്നു ബേബിച്ചേട്ടൻ അറ്റാക്കുവന്ന് മരിക്കുന്നത്. അയാളുടെ ശ്വാനസുഹൃത്തുക്കളും കുറേനാൾ പട്ടിണിക്കോലങ്ങളായി അലഞ്ഞുനടന്ന് അവസാനം അപ്രത്യക്ഷരായി. എന്റെ അറിവിൽ ബേബിച്ചേട്ടൻ പറഞ്ഞത്രയും തത്വചിന്തയൊന്നും ഒരു സാഹിത്യകാരനും ചിന്തകനും പറഞ്ഞിട്ടില്ല. അയാൾ നോക്കുമ്പോൾ നമ്മളൊക്കെയാവും ഭ്രാന്തന്മാരും അറുബോറന്മാരും (റിയാലിറ്റിയുടെ മൾട്ടിപ്ലിസിറ്റി). ഒരുപക്ഷേ നീഷേ പറഞ്ഞതു പോലെ പാട്ടു കേൾക്കാൻ പറ്റാഞ്ഞ നമ്മൾക്ക് നൃത്തം ചെയ്യുന്നവരെ ഭ്രാന്തന്മാരായി തോന്നിയതാണെങ്കിലോ ??

No Comments

Be the first to start a conversation

%d bloggers like this: