കാടില്ലാതാക്കി ‘കൂടി’ല്ലാതാക്കുന്ന നമ്മളറിയാന്‍…. ഇന്ന് ലോക വനദിനമാണ്. അതെ, അങ്ങനെയൊന്നുണ്ട്.

ഇന്ന്, ലോക വനദിനം. വികസനത്തിന്‍റെ പേരുപറഞ്ഞു മുറിച്ചുമാറ്റപ്പെടുന്ന ഓരോ വൃക്ഷങ്ങളും ഓരോ അടയാളങ്ങളാണ്. മാനവ രാശിയുടെ നാശത്തിലേക്കുള്ള അടയാളങ്ങള്‍. പ്രകൃതി പ്രതികരിക്കാന്‍ തുടങ്ങിക്കഴിഞ്ഞു. ഓരോ രീതിയിലും. കഴിഞ്ഞവര്‍ഷത്തേക്കാള്‍ അഞ്ചും ആറും ഡിഗ്രി ചൂടാണ് ഈ വര്ഷം സംസ്ഥാനത്തിന്റെ എല്ലാഭാഗങ്ങളിലും രേഖപ്പെടുത്തിയിരിക്കുന്നത്. വൃക്ഷങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന  വനത്തെക്കാള്‍ കോണ്ക്രീറ്റ് തൂണുകള്‍ നിറഞ്ഞ വനത്തെ സ്നേഹിച്ചതിന് പ്രകൃതി തരുന്ന ശിക്ഷയുടെ തുടക്കം മാത്രമാണിത്. എല്ലായിടങ്ങളിലും കൃഷികള്‍ ഉണങ്ങി നശിച്ചു കഴിഞ്ഞു. കുടിക്കാന്‍പോലും ഒരിറ്റു ജലമില്ലാത്ത അവസ്ഥ. പുഴകളും തോടുകളുമെല്ലാം വറ്റിവരണ്ടു. കുളങ്ങള്‍ കളിമൈതാനങ്ങളായി മാറിക്കഴിഞ്ഞു.

തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ പോലും വനവല്‍ക്കരണം അല്ലെങ്കില്‍ പ്രകൃതിസംരക്ഷണം എന്നൊന്നില്ല. രാഷ്ട്രീയ കക്ഷികളാരും ഇപ്പോഴും ഇതിനെ ഗൌരവമായി കാണുന്നില്ലെന്ന് വേണം കരുതാന്‍. മനുഷ്യന്‍നശിപ്പിക്കുന്നത് കൂടാതെ കാട്ടുതീയിലും ഇല്ലാതാക്കപ്പെടുന്നുണ്ട് വനങ്ങള്‍. ഓരോ വര്ഷം കഴിയുംതോറും കാട്ടുതീയുടെ അളവും കൂടിക്കൊണ്ടിരിക്കുന്നു. കടുത്ത ചൂടില്‍ നാടും നഗരവും വെന്തുരുകുമ്പോഴും അലസരായി മൃദുസമീപനം നടത്തുകയാണ് ഭരണകൂടവും. വലിയൊരു ശിക്ഷ പ്രകൃതി നമുക്കായി കരുതിവച്ചിട്ടുണ്ടാകണം. അതുകൂടി അനുഭവിച്ചിട്ടു  ചിന്തിക്കാം നമുക്ക് പ്രതിവിധിയെക്കുറിച്ച്, അതിനു ശേഷവും  നമ്മള്‍ അവശേഷിക്കുകയാണെങ്കില്‍. മാനവരാശിയുടെ നാശത്തിനുമേല്‍ പതിക്കുന്ന കോടാലികളുടെ ശബ്ദത്തെക്കാള്‍ ഉച്ചത്തില്‍ പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടിയുള്ള നമ്മുടെ ശബ്ദം മുഴങ്ങിക്കേല്‍ക്കേണ്ട കാലം അതിക്രമിച്ചുകഴിഞ്ഞു. ഇനിയും താമസിച്ചിട്ടില്ല. നമുക്ക് കഴിയും ഭൂമിയെ രക്ഷിച്ചെടുക്കാന്‍. അതുവഴി നമുക്കും ജീവിക്കാന്‍. അടുത്ത തലമുറയ്ക്കായി  പച്ചപ്പുതപ്പിനുള്ളില്‍ ഭൂമിയെ പൊതിഞ്ഞുവക്കാം നമുക്ക്. അടുത്ത വര്ഷം ഇതേ ദിവസം അഭിമാനത്തോടെ ചൂണ്ടിക്കാണിക്കാന്‍ നമ്മുടെ കൈകൊണ്ടു നടാം ഒരു വൃക്ഷത്തൈ എങ്കിലും.

No Comments

Be the first to start a conversation

%d bloggers like this: