കാശ്മീര്‍: നോവുന്ന നേരുകള്‍

ബശാറത്ത് പീറിന്‍റെ കര്‍ഫ്യൂഡ് നൈറ്റ് (CURFEWED NIGHT) എന്ന കൃതിയെക്കുറിച്ചുള്ള നിരൂപണം

 

90-കള്‍, എന്റെ അപ്പര്‍ പ്രൈമറി സ്‌കൂള്‍ കാലഘട്ടം, കാശ്മീരിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ പത്രങ്ങളുടെ മുന്‍പേജില്‍ ഇടം പിടിച്ച കാലമായിരുന്നു. ദൈവം സ്വയം കയ്യൊപ്പ് ചാര്‍ത്തിയ ഒരു ഭൂപ്രദേശത്ത്, 1987നു ശേഷമാണ് തീവ്രവാദം കാശ്മീര്‍ മണ്ണില്‍ വേരുറക്കുന്നതും, ഇതേ തുടര്‍ന്ന് പട്ടാളക്കാരുടെ ഭരണം അവിടെ വ്യാപകമാകുന്നതും. ഇത്തരത്തില്‍ അസ്വസ്ഥമായ ഒരിടമായി കാശ്മീര്‍ മാറിത്തുടങ്ങുമ്പോള്‍, ഇതൊരു പ്രശ്‌ന ബാധിത പ്രദേശം എന്നല്ലാതെ അതിലപ്പുറം കാശ്മീരിനെക്കുറിച്ചു ചിന്തിച്ചിരുന്നില്ല. അവിടുത്തെ തദ്ദേശീയരുടെ ജീവിതം തൊണ്ണൂറിന് മുന്‍പും പിമ്പും എങ്ങിനെയായിരുന്നുവെന്നത് എന്നെ അലട്ടുന്ന പ്രശ്‌നമേയല്ലായിരുന്നു.

ബശാറത്ത് പീറിനൊപ്പം കാശ്മീരിന്റെ ഉള്ളറകളിലേക്ക് ഇറങ്ങിത്തിരിച്ചപ്പോഴാണ്, സാധാരണ ജീവിതം കൊതിക്കുന്ന, സാധാരണക്കാരായി ജീവിക്കാന്‍ സ്വപ്നം കണ്ടു നടക്കുന്ന ഒരു പറ്റം മനുഷ്യരുടെ നോവാണ് ആ നാടിനു പറയാനുള്ളത് എന്ന് ഞാന്‍ അറിയുന്നത്. വിവേചനം ബാക്കിവച്ച വ്രണങ്ങള്‍ ശീലമായി മാറുകയോ, കരിഞ്ഞുണങ്ങിതുടങ്ങുകയോ ചെയ്തുവരുമ്പോള്‍ 1990നു ശേഷം കാശ്മീരിനുണ്ടായ പ്രകടമായ മാറ്റം അവിടത്തെ പട്ടാള സാന്നിധ്യത്തിന്റെ വര്‍ദ്ധനവും പട്ടാള ഭരണവുമാണ്. ഇത് കാശ്മീരികളുടെ സാധാരണ ജീവിതത്തെ അപ്പാടെ പിഴുതെറിഞ്ഞു. തീവ്രവാദികളെക്കുറിച്ചും പട്ടാളത്തെക്കുറിച്ചും വെടിവെപ്പിനെക്കുറിച്ചും ബോംബേറിനെക്കുറിച്ചും മരണത്തെക്കുറിച്ചും കൊല്ലുന്നതിനെക്കുറിച്ചും അതിജീവനത്തെക്കുറിച്ചും മാത്രമായി അവരുടെ ചിന്തകളും സംസാരവും. ഇതില്‍ നിന്നൊക്കെ കുതറിമാറി സാധാരണ ജീവിതത്തെക്കുറിച്ച് ചിന്തിക്കാനോ സംസാരിക്കാനോ പോലും മറന്നുപോയ ഒരുപറ്റം ഹതഭാഗ്യരെക്കുറിച്ചാണ് ബശാറത്ത് പീറിന് നമ്മോടു പറയാനുള്ളത്.

തന്റെ ഉന്നത വിദ്യാഭ്യാസാര്‍ത്ഥം കാശ്മീര്‍ വിട്ടു ദല്‍ഹിയിലെത്തിയ ബശാറത്ത് കാശ്മീരി മുഖവും മനസ്സുമായി കാശ്മീരിനു പുറത്തു ജീവിക്കുന്നതിന്റെ പ്രയാസം നമ്മെ ബോധ്യപ്പെടുത്തുന്നു; പ്രത്യേകിച്ച് പാര്‍ലമെന്റ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍. തന്റെ മാതാപിതാക്കള്‍ തീവ്രവാദി ആക്രമണത്തില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട ശേഷം കാശ്മീര്‍ തന്റെ ഉള്ളറകളിലെവിടെയോ കെടാവിളക്കായി കത്തിയെരിയുന്നു. കാശ്മീര്‍ ചരിത്രത്തിന്റെ  ഉള്ളറകളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ പാകത്തിന് രചിക്കപ്പെട്ട ഒരു പുസ്തകം പോലുമില്ലെന്ന തിരിച്ചറിവ്, ബശാറത്തിനെ അത്തരമൊരു രചന നിര്‍വ്വഹിക്കാന്‍ പ്രേരിപ്പിക്കുന്നു. ചെറുപ്പം മുതലേ പുസ്തകങ്ങളെ സ്‌നേഹിച്ചിരുന്ന, തന്നെ മഥിക്കുന്ന പ്രശ്‌നങ്ങള്‍ പുസ്തകങ്ങളിലൂടെ മറികടക്കാന്‍ വഴികണ്ടിരുന്ന ഒരു നല്ല വായനക്കാരനെ ഇങ്ങിനെ ചിന്തിപ്പിച്ചതില്‍ അത്ഭുദം ഒന്നും തന്നെയില്ല. ഇങ്ങനെ ഒരു പുസ്തകം രചിക്കാന്‍ ബശാറത്ത് പീറില്‍ കണ്ട തന്റേടത്തെയും ആര്‍ജ്ജവത്തെയും മുക്തകണ്ഠം പ്രശംസിക്കാതെ വയ്യ. ദല്‍ഹിയിലെ ജേര്‍ണലിസ്റ്റ് ജോലി ഉപേക്ഷിച്ചു ഗ്രന്ഥകാരന്‍ കാശ്മീരിലേക്ക് തിരിക്കുന്നു. പിന്നീട് ബശാറത്ത് പുസ്തകം രചിക്കനാവശ്യമായ ഡാറ്റകള്‍ ശേഖരിക്കാനുള്ള സഞ്ചാരങ്ങളിലായിരുന്നു.

ഗ്രന്ഥകാരനൊപ്പം കാശ്മീരിന്റെ ആത്മാവ് തേടിയുള്ള ഈ യാത്ര ഏറെ അവിസ്മരണീയതയോടോപ്പം അടക്കാനാവാത്ത നോവും കണ്ണീരും ആശങ്കയും അതിലുമുപരി സഹതാപവും നമ്മില്‍ നിറക്കുന്നു. പട്ടാളക്കാരാലോ തീവ്രവാദികളാലോ കാശ്മീരികള്‍ അനുഭവിക്കുന്ന യാതനകളുടെയും ത്യാഗത്തിന്റെയും വേര്‍പാടിന്റെയുമൊക്കെ കഥകള്‍ ഈ രചന വരച്ചു കാട്ടുന്നു. അനാഥ ശവശരീരങ്ങള്‍ അടക്കുന്ന ഒരു ഖബര്‍സ്ഥാനെപ്പറ്റി അദ്ദേഹം പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. അവിടെ വ്യക്തികളുടെ ഖബറുകള്‍ പേരിലല്ല, നമ്പറുകളിലാണ് അറിയപ്പെടുന്നത്. അടക്കം ചെയ്യപ്പെടുന്നവരുടെ പേരുവിവരം അറിയില്ല എന്നത് തന്നെ കാരണം. പോലീസോ പട്ടാളമോ പിടിച്ചുകൊണ്ട് പോകുന്ന നിരവധി നിരപരാധികളില്‍ പലരും പിന്നീട് സ്ഥാനം പിടിക്കുന്നത് കാണാതായവരുടെ പട്ടികയിലാണ്. കാണാതായവരില്‍ പലരും അനാഥ ശവങ്ങളായി ഈ ഖബര്‍സ്ഥാനില്‍ അടക്കപ്പെടാറുണ്ട് എന്നതാണ് സത്യം. കര്‍ഫ്യൂ രാവുകളും പരിശോധനാ പകലുകളും… പലപ്പോഴും സിനിമകളെപ്പോലും വെല്ലുന്ന ജീവിത യാഥാര്‍ത്യങ്ങള്‍ നമ്മെ സ്തബ്ധരാക്കുന്നു.

ആദ്യമായി കാശ്മീര്‍ വിട്ടു പിതാമഹനോടൊപ്പം ഡല്‍ഹിയിലേക്ക് തീവണ്ടി കയറിയ ബശാറത്ത് കാണുന്നത് വിസ്മയ കാഴ്ചകള്‍. പട്ടാളക്കാരെ കാശ്മീരികള്‍ഭീതിയോടെയും സംശയദൃഷ്ടിയാലും മാത്രം വീക്ഷിക്കുമ്പോള്‍, റിസര്‍വേഷന്‍ ഇല്ലാത്തതിനാല്‍ തങ്ങള്‍ക്ക് ഇത്തിരി ഇടം തരാന്‍ അഭ്യര്‍ഥിച്ചു വരുന്ന പട്ടാളക്കാരോട് യാതൊരു കൂസലുമില്ലാതെ പെരുമാറുന്ന, ഇടം നല്‍കില്ല എന്നു മാത്രമല്ല, കൂടുതല്‍ വൃത്തിഹീനമായ മറ്റൊരിടത്തേക്ക് മാറിയിരിക്കാന്‍ ആവശ്യപ്പെടുന്ന ഇതരദേശക്കാര്‍. സ്തബ്ദരായി ഇത്തരം രംഗങ്ങള്‍ അന്തംവിട്ടു നോക്കിനിന്ന ബശാറത്തിന്റെയും വല്യുപ്പയുടെയും ചിത്രം നമ്മെ കൊണ്ടുപോകുന്നത് പട്ടാളമെന്നാല്‍ കാശ്മീരികള്‍ക്ക് എന്താണെന്ന അറിവിലേക്കാണ്. മറ്റു സ്ഥലവാസികള്‍ക്ക് പട്ടാളത്തെ ഭയക്കെണ്ടതില്ലല്ലോ എന്നദ്ദേഹം ആത്മഗതം ചെയ്യുന്നതായി കാണാം. കാശ്മീരില്‍ കാണുന്ന പട്ടാള ഭരണമല്ല ഇന്ത്യ എന്ന് ദല്‍ഹി ബശാറത്തിനെ മനസ്സിലാക്കികൊടുക്കുന്നു. ഒരു നാടിന്റെ നിയമപാലകരും നീതി നടപ്പാക്കുന്നവരും പട്ടാളക്കാരായി മാറുമ്പോള്‍ ആ പ്രദേശത്തിന് നഷ്ടമാകുന്നത് ശാന്തി പൂര്‍ണ്ണവും സമാധാന പൂര്‍ണ്ണവുമായ ജീവിതമാണ്.

ആ കാലഘട്ടത്തില്‍ കാശ്മീരില്‍ കാണാതായവരുടെ പട്ടികകള്‍ അങ്ങിനെ അന്തമില്ലാതെ തുടരുമ്പോള്‍ വിധവകളും അനാഥകളും ആക്കപ്പെട്ടവരുടെ പട്ടിക അങ്ങ് നീണ്ടുപോയതായി കാണാം. സ്ത്രീകളെ പിച്ചിചീന്തുക എന്നുള്ളത് ചിലപ്പോഴെങ്കിലും പട്ടാളക്കാരുടെ മുഷിപ്പ് മാറ്റാനുള്ള ഹോബിയായി പരിണമിക്കുന്നു. ക്രൂരമായ തടവറയിലെ പീഡനങ്ങള്‍ മൂലം ജീവിതം ചോദ്യചിഹ്നമായ ചെറുപ്പക്കാരുടെ എണ്ണം വിരളമല്ല എന്നത് ദുഖകരംതന്നെ. മാനസികമായും ശാരീരികമായും ഏറെ പീഡനങ്ങള്‍ സഹിക്കേണ്ടി വന്ന ഈ ഹതഭാഗ്യര്‍ക്ക് പിന്നീട് ജീവിതം തിരിച്ചു പിടിക്കാനാവുന്നില്ല. പട്ടാളക്കാരുടെതായാലും തീവ്രവാദികളുടെതായാലും മരവിച്ച ഒരു ജീവിതമാണ് അവര്‍ നയിക്കുന്നത് എന്ന യാഥാര്‍ത്യത്തിലേക്കും ഈ കൃതി വെളിച്ചം വീശുന്നുണ്ട്.

ഇന്ത്യയില്‍ നിന്നും കാശ്മീര്‍ ഒരിക്കലും അടര്‍ന്നു പോകരുതെന്ന് ആഗ്രഹിക്കുമ്പോഴും സമാധാനപരമായ ജീവിതം നയിക്കാനുള്ള അവരുടെ മനുഷ്യാവകാശത്തെ വകവച്ചു കൊടുക്കുന്ന രീതിയില്‍ കാശ്മീരിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതുണ്ടെന്നു ആത്മാര്‍ത്ഥമായി പറയാതെ വയ്യ. കുറച്ചു കൂടി വിവേക പൂര്‍വ്വവും മനുഷ്യത്വ പൂര്‍ണ്ണവുമായ രീതിയില്‍ കൈകാര്യം ചെയ്യപ്പെടേണ്ട പ്രശ്‌നം തന്നെയാണ് കാശ്മീരിലെതെന്ന് പറയാതെ തരമില്ല. അദ്ദേഹം തിരക്കഥ നിര്‍വ്വഹിച്ച ‘ഹൈദര്‍’ എന്ന ബോളിവുഡ് ചിത്രത്തില്‍ ഈ കൃതിയിലെ ചില സംഭവങ്ങള്‍ ദൃശ്യവല്‍ക്കരിച്ചത് കാണാം.

സുജീരിയ മീത്തല്‍

One Response to “കാശ്മീര്‍: നോവുന്ന നേരുകള്‍”

  1. hafeezullah kv

    നന്നായിട്ടുണ്ട്
    ഇനിയും എഴുതുക

    “ഇന്ത്യയില്‍ നിന്നും കാശ്മീര്‍ ഒരിക്കലും അടര്‍ന്നു പോകരുതെന്ന് ആഗ്രഹിക്കുമ്പോഴും സമാധാനപരമായ ജീവിതം നയിക്കാനുള്ള അവരുടെ മനുഷ്യാവകാശത്തെ വകവച്ചു കൊടുക്കുന്ന രീതിയില്‍ കാശ്മീരിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതുണ്ടെന്നു ആത്മാര്‍ത്ഥമായി പറയാതെ വയ്യ. കുറച്ചു കൂടി വിവേക പൂര്‍വ്വവും മനുഷ്യത്വ പൂര്‍ണ്ണവുമായ രീതിയില്‍ കൈകാര്യം ചെയ്യപ്പെടേണ്ട പ്രശ്‌നം തന്നെയാണ് കാശ്മീരിലെതെന്ന് പറയാതെ തരമില്ല. “

    Reply
%d bloggers like this: