കിസ്മത്ത്:- ഒരു നല്ല പ്രണയകഥ അതിനെ അതേപടിയുള്ള ആവിഷ്കാരം

രാജീവ് രവി ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളിയായതും ലാൽ ജോസിന്റെ LJ ഫിലിംസ് ചിത്രത്തിന്റെ വിതരണം ഏറ്റെടുക്കുകയും ചെയ്തതിലൂടെ റിലീസിന് മുൻപേ ശ്രദ്ധ പിടിച്ച് പറ്റിയതാണ് കിസ്മത്ത്. ചിത്രം കാണാൻ ഏവരിലും ആകാംഷ ഉണർത്താൻ ഇതിൽ കൂടുതൽ മറ്റൊന്നും വേണ്ട. ഒപ്പം വിഷയം പ്രണയം അതും വിഭിന്ന മതസ്ഥരായ ഇരുവരുടെ പ്രണയം.
══════════════════════
വിനോദ്-ആയിഷ, റസൂൽ-അന്ന, മൊയ്ദീൻ-കാഞ്ചനമാല. സാങ്കല്പികവും അല്ലാതെയും വന്ന ഈ സമീപകാല മിശ്ര ജാതീയരായ പ്രണയ ജോഡികളെ പ്രേക്ഷകർ ഇരു കൈകളും നീട്ടി സ്വീകരിച്ചിരുന്നു. അത്തരത്തിൽ ഒരു ജോഡി കൂടി ഇതാ…. ഇർഫാനയും അനിതയും.
പൈങ്കിളി പ്രണയത്തിന്റെ ദൃശ്യാവിഷ്കാരം അല്ല കിസ്മത്ത്. മറിച്ച് കെട്ടുറപ്പുള്ള ഒരു പ്രണയത്തിന്റെ പച്ചയായ ആവിഷ്ക്കാരമാണ്. പൊടിപ്പും തൊങ്ങലും വലിയ താരബാഹുല്യങ്ങളും ഇല്ലാത്ത ഒരു നല്ല കൊച്ച് ചിത്രം.
══════════════════════
കഥയിലെ സാരം:- 2011-ൽ മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ നടന്ന ഒരു സംഭവം അതാണ് ഇവിടെ ദൃശ്യവത്ക്കരിച്ചത്. ഇരുപത്തിമൂന്ന് വയസ്സുള്ള മുസ്ലിം യുവാവ് ഇർഫാനും(ഷെയ്ന് നിഗം) ഇരുപത്തിയെട്ട് വയസ്സുള്ള ദളിത് യുവതി അനിതയും(ശ്രുതി മേനോൻ) പ്രണയത്തിലാണ്. ഇവരുടെ ഒരുമിച്ചുള്ള ജീവിതം എന്തായാലും വീട്ടുകാർ അംഗീകരിക്കില്ല എന്ന് തിരിച്ചറിഞ്ഞ ഇരുവരും തങ്ങളുടെ പൊട്ട് ബുദ്ധിയിൽ പൊന്നാനി പോലീസ് സ്റ്റേഷനിൽ സഹായത്തിനായി എത്തിച്ചേരുന്നു. പോലീസ് സ്റ്റേഷനിൽ എത്തപ്പെട്ട ഇവർക്ക് എന്ത് പറ്റി, തുടർ സംഭവവികാസങ്ങളാണ് കിസ്മത്ത്. ഇർഫാന്റെ ബാപ്പ സയ്യദ് ബാവ തങ്ങൾ ആയി അലൻസിയറും, പൊന്നാനി സ്റ്റേഷൻ S I അജയ് സി മേനോൻ ആയി വിനയ് ഫോർട്ടും എത്തുന്നു. കൂടാതെ വളരെ പ്രാധാന്യം ഇല്ലെങ്കിലും സുനിൽ സുഖദ, സജിത മഠത്തിൽ, സുരഭി, അനിൽ നെടുമങ്ങാടും, പി ബാലചന്ദ്രൻ എന്നിവരും ചെറിയ ചെറിയ വേഷങ്ങളിൽ എത്തുന്നുണ്ട്.
══════════════════════
സധൈര്യം തന്റെ പ്രണയിനിയുമായി ഇർഫാനും ഭയ ഭീതിയോടെ അനിതയും പോലീസ് സ്റ്റേഷനിൽ എത്തിയത് മുതലുള്ള പോലീസ് സ്റ്റേഷനിലെ കാഴ്ചകൾ ആണ് ആദ്യ പകുതി നമ്മുക്ക് സമ്മാനിക്കുന്നത്. എന്നാൽ ആ കാഴ്ചകളിൽ നിന്ന് മാറി വേറിട്ടതും ആദ്യ പകുതിയേക്കാൾ കൂടുതൽ സംഘർഷഭരിതമായി ആണ് രണ്ടാം പകുതി കാണപ്പെടുന്നത്. ഒടുവിൽ ഒരു ഞെട്ടലും അല്പം നൊമ്പരവും ഏവരിലും ബാക്കി വച്ച് ഒരു നിശബ്ദമായ മനസ്സുമായി സിനിമ പര്യവസാനിക്കുന്നു.
══════════════════════
ഷെയിൻ നിഗം:- അനുഗ്രഹീത മിമിക്രി കലാകാരന്മാരിൽ ഒരാളായ അബിയുടെ മകനാണ് ഷെയിൻ. ഇതിന് മുൻപ് ഷെയിൻ ചെയ്തിട്ടുള്ള ചെറിയ വേഷങ്ങളിലും മോശമല്ല കക്ഷിയുടെ പെർഫോമൻസ്.23കാരനായ ഇർഫാൻ എന്ന കഥാപാത്രം ആയി മാറുകയായിരുന്നു ശരിക്കും ഷെയിൻ നിഗം. ഭയവും കോപവും വിഷാദവും നിറഞ്ഞ രംഗങ്ങൾ മാറി മാറി വന്ന ചിത്രത്തിൽ എല്ലാ ഭാവങ്ങളും അതിന്റെ തന്മയത്വത്തോടെ ചെയ്തു. മികച്ച ഒരു യുവനടനെ കൂടി മലയാള സിനിമയ്ക്ക് ലഭിച്ചു എന്ന് നിസംശയം പറയാം. എല്ലാ രംഗങ്ങളിലും പൂർണ്ണത നിറഞ്ഞ പ്രകടനം ആയിരുന്നു എങ്കിലും ഇടവേളയ്ക്ക് തൊട്ട് മുൻപുള്ള സീനിൽ ഒരു വികാര വിഷാദ പൂരിതമായി സിഗരറ്റ് വലിക്കുന്ന ഒരു രംഗം ഉണ്ട് വാക്കുകൾക്ക് അതീതം, കാണാത്തവർ കണ്ട് ആസ്വദിക്കുക.

ശ്രുതി മേനോൻ:- ടെലിവിഷൻ അവതാരക കൂടിയായ ശ്രുതി ഇവിടെ ദളിത് യുവതിയായി. പലരും ചെയ്യാൻ മടിച്ച ഒരു വേഷം ആണ് അനിത. ഏറ്റെടുത്ത കൃത്യം അവർക്കെല്ലാം മറുപടി കൊടുക്കുംവണ്ണം മനോഹരമാക്കി. എടുത്ത് പറയേണ്ടത് വൈകാരികതയും നിസ്സഹായതയും നിറഞ്ഞ് വിങ്ങി പൊട്ടി കരയുന്ന രംഗമാണ്. ആസ്വദിച്ച് കാണുന്ന ഏവരുടെയും മനസ്സിനെ വേദനിപ്പിക്കും ആ വിങ്ങി പൊട്ടൽ.

ചിത്രം കണ്ടിറങ്ങുന്ന ആരെയും ഇരുവരുടെയും കഥാപാത്രങ്ങൾ മനസ്സിൽ നിന്ന് അത്ര വേഗം പോകില്ല. അത്രയ്ക്ക് ആത്മബന്ധം ഈ കഥാപാത്രങ്ങൾ നൽകുന്നുണ്ട്.

വിനയ് ഫോർട്ട്:- പ്രേമത്തിലെ ചിരിയുണർത്തുന്ന സാർ അതാണ് ഇന്നും ഏവരുടെയും മനസ്സിൽ വിനയ് ഫോർട്ട്. അതിൽ നിന്നെല്ലാം മാറി തനി ഒരു നാടൻ എസ് ഐ . ചെറിയ കാര്യങ്ങൾക്ക് പോലും പെട്ടെന്ന് കോപിക്കുന്ന അജയ് സി മേനോൻ എന്ന ഈ S I കഥാപാത്രം വിനയ് ഫോർട്ടിന്റെ കരിയറിലെ വേറിട്ട നല്ലൊരു വേഷമാണ്.

ബിനോയ്:- അഭിനയിച്ച എല്ലാ ചിത്രങ്ങളിലും തികച്ചും നാച്യുറൽ ആക്റ്റിംഗ്. ഇതിൽ നിഷ്കളങ്കനായ മെക്കാനിക് ഷിഹാബ് ആയി ഞെട്ടിച്ചു. കണ്ണ് നനയിക്കുന്ന സീനുകൾ ഒപ്പം വികാരപൂരിതമായ പ്രകടനം. അഭിനന്ദനങ്ങൾ ബിനോയ്.

അലൻസിയർ, സുനിൽ സുഖദ, സജിത മഠത്തിൽ, സുരഭി, അനിൽ നെടുമങ്ങാട്, പി ബാലചന്ദ്രൻ എന്നിവരും വളരെ നല്ല രീതിയിൽ തങ്ങളുടെ തനത് ശൈലിയിൽ ചിത്രത്തിന് മാറ്റ് കൂട്ടി.
══════════════════════
സുമേഷ് പരമേശ്വരൻ, ഷമേജ് ശ്രീധരൻ എന്നിവർ ചേർന്നാണ് സംഗീത സംവിധാനം നിര്വ്വഹിച്ചിരിക്കുന്നത്. ടൈറ്റിൽ ഗാനം മുസ്ലീം ചുവയുള്ള ഒരു ഗാനം ആയിരുന്നു അതിലൂടെ പൊന്നാനിയിലെ പല കാഴ്ചകളും മറ്റും നൽകി. കഥാ പശ്ചാത്തലമായ പൊന്നാനിയുടെ ഒരു ഔട്ട് ലൈൻ കൂടിയായിരുന്നു ആ ഗാനം. രണ്ടാം പകുതിയിലെ, “നിളമണൽ തരികളിൽ..” എന്ന ഗാനം ചേരുന്ന ഇടത്ത് തന്നെ വരുകയും ഒരു ശരാശരി നിലവാരം ഉള്ളതുമായ ഗാനം ആയിരുന്നു. പശ്ചാത്തല സംഗീതം അധികം ഒന്നും ഇല്ലായിരുന്നു എന്ന് തന്നെ പറയാം എങ്കിലും ചിത്രം അന്ത്യത്തിലേക്ക് അടുക്കുമ്പോൾ ആ ഒരു ഫീൽ നില നിർത്താൻ BGM ന് സാധിച്ചു.

സുരേഷ് രാജൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിന് ഒരു റിയലിസ്റ്റിക് ആസ്വാദനം നൽകാൻ സുരേഷിന്റെ ക്യാമറയ്ക്ക് ആയി. റിസ്കി ആയ ഷോട്ടുകൾ കുറവായിരുന്ന ചിത്രത്തിന്റെ ഇൻഡോർ സീനുകൾ തനിമ നിലനിർത്തി എന്ന് തന്നെ പറയാം. ചിത്രത്തിന്റെ എഡിറ്റിംഗ് വിഭാഗത്തിൽ ചില പോരായ്മകൾ ഉണ്ട്. പുതിയ പിന്നണി പ്രവർത്തകരിൽ നിന്ന് ഇതിൽ കൂടുതൽ പ്രതീക്ഷിക്കേണ്ടതില്ല.
══════════════════════
കിസ്മത്ത് അഥവാ വിധി ഈ കഥയ്ക്കും ഈ സിനിമയ്ക്കും ഇതിലും യോജിച്ച മറ്റൊരു പേരില്ല.
ഒരു സംഭവ കഥയെ സിനിമയാക്കുമ്പോൾ ഒത്തിരി വെല്ലുവിളികൾ സംവിധായകന് നേരിടാം. സംഭവം അതെപടി സ്ക്രീനിൽ കാണിക്കണമോ അതോ ആസ്വാദനത്തിന് മാറ്റ് കൂട്ടാൻ സിനിമാറ്റിക് ചേരുവകൾ കുത്തിനിറയ്ക്കണോ? ഈ ചിന്തകൾ ഒരു പക്ഷെ ചിത്രത്തിന്റെ സംവിധായകൻ ആയ ഷാനവാസ് കെ. ബാവക്കുട്ടിയും ചിന്തിച്ചിട്ടുണ്ടാകാം. താൻ പൊന്നാനി നഗരസഭാ കൗൺസിലറായിരുന്ന സമയത്ത് നടന്ന ഈ സംഭവം തനി റിയലിസ്റ്റിക് രീതിയിൽ അവതരിപ്പിക്കാൻ ഷാനവാസിനായി.

അല്പം എങ്കിലും കൊമേഴ്സ്യൽ ചേരുവകൾ ചേർക്കാൻ വേണ്ടിയുള്ള ഗാനങ്ങളും ആ ഒരു രീതിയിൽ തന്നെ ചിത്രത്തിൽ ഒരുക്കിയിട്ടുണ്ട്.
മുസ്ലീം മതക്കാർ തിങ്ങി പാർക്കുന്ന പൊന്നാനി പോലെ ഒരു സ്ഥലത്ത് മിശ്ര പ്രണയം നേരിടുന്ന വെല്ലുവിളികളെ അതെ പടി പകർത്താനും ആയിട്ടുണ്ട്.ഹിന്ദു മതത്തിന്റെ പ്രവത്തകർ സഹജീവികളായ മുസ്ലിം മതക്കാരെ പരസ്യമായി ആക്ഷേപിക്കുന്നതും , “ചെറുമിപ്പെണ്ണ്” എന്ന് വെറും നികൃഷ്ടമായ ജീവിയോട് എന്നോണം ദളിത് യുവതിയെ മുസ്ലിം മതവിശ്വാസികൾ കളിയാക്കുന്നതും ഒക്കെ അതേ രീതിയിൽ പച്ചയ്ക്ക് കാണിക്കുന്നുണ്ട്.

ഒരു പോലീസ് സ്റ്റേഷൻ എങ്ങനെയാണ് എന്നതിന്റെ ഒരു നേർ ചിത്രം നമ്മുക്ക് കാട്ടി തരുന്നുണ്ട്. നിരപരാധിയും നിസ്സഹായകനുമായ ഷിഹാബ് എന്ന കഥാപാത്രം പോലീസിന്റെ ചൊൽപ്പടിയ്ക്ക് നിൽക്കുതും . ശേഷം ഒരു സഹപ്രവർത്തകന്റെ രക്ഷയ്ക്കും തങ്ങളുടെ അഭിമാനവും മാത്രം നോക്കി അതേ ഷിഹാബിനെ ബലിയാടാക്കുകയും ചെയ്യുന്നു. അന്യ സംസ്ഥാന തൊഴിലാളിയെ ഒരു സെക്കൻഡിൽ കുറ്റക്കാരനാക്കി കടന്നു കളയുന്ന യജമാനൻ, യജമാനന്റെ വാക്ക് മാത്രം കേട്ട് അവർക്ക് വേണ്ടി നിൽക്കുന്ന പോലീസ്. ഇത്തരം സീനുകൾ ശരിക്കും സമൂഹത്തിലെ ഇന്നത്തെ നേർക്കാഴ്ചകൾ തന്നെയാണ്. സ്റ്റേഷനിൽ ഉച്ചയ്ക്ക് നിൽക്കുന്ന പരാതിക്കാർക്കും പ്രതികൾക്കും പൊതിച്ചോർ നൽകുന്നതും നിർബന്ധിച്ച് കഴിക്കാൻ ആവിശ്യപ്പെടുന്നതും ഒക്കെ നല്ല രീതിയിൽ ചിത്രീകരിച്ചിട്ടുണ്ട്.

ഹിന്ദു മതത്തിൽ മേൽ ജാതി എന്ന് അഭിമാനം കൊള്ളുന്ന നായർ ജാതിയെ ഹാസ്യാത്മകമായ ഒരു സീനിൽ ഷാനവാസ് നമ്മുക്ക് കാട്ടി തരുന്നു. നായർ നായരോട് സിമ്പതി കാണിക്കുന്നതും “ഞാൻ നായരായോണ്ടാ” എന്ന സംഭാഷണവും ഒക്കെ രസകരവും ചിന്താശേഷിയെ ഒന്ന് ഉണർത്തുന്നതും ആണ്.

മലബാർ മേഖലകളിലെ ഹരമായ ഫുട്ബാൾ കളിയും, കബഡികളിയും ഇടയ്ക്കൊന്ന് കാണിക്കുന്നുണ്ട്. കൂടാതെ മുസ്ലിം സമുദായത്തിലെ വേറിട്ട ഭക്ഷണ വിഭവങ്ങളും ഒരു ഗാനത്തിൽ കാണിക്കുന്നുണ്ട്. മലപ്പുറക്കാരൻ ആയ ഷാനവാസ് തങ്ങളുടെ നാടിനേയും മറ്റും മനോഹരമായി തന്നെ കാട്ടി തന്നു

ഉണ്ണി ആർ തിരക്കഥ പോലെ വേണമെങ്കിൽ ആ ഒരു നിമിഷം ചിത്രം അവസാനിപ്പിക്കാമായിരുന്നു. യാഥാർഥ്യത്തെ കൂടുതൽ സുതാര്യമാക്കി കാണിക്കാൻ വേണ്ടി വന്ന ഒടുവിലത്തെ എൻഡ് സീനും ഒഴിവാക്കാമായിരുന്നു എന്ന് എനിക്ക് തോന്നി.

പ്രണയത്തെ ഇഷ്ടപ്പെടുന്നവർക്കും ശുദ്ധവും ആത്മാർത്ഥവും ആയ പ്രണയം അനുഭവിച്ചിട്ടുള്ളവർക്കും ഒരിറ്റ് കണ്ണീർ വരാതെ അല്ലേൽ മനസ്സിനെ നോവിക്കാതെ ഈ ചിത്രം കണ്ടിറങ്ങാൻ ആകില്ല.

നടന്ന സംഭവം എന്താണ് എന്നറിഞ്ഞ് ചിത്രം കാണാൻ എത്തുന്നവർക്ക് ഒരു പക്ഷെ ഒരു സിനിമാറ്റിക് ഫീൽ തരാൻ ചിത്രത്തിന് ആകില്ല. ഇത്രയേ ഉള്ളോ , ഇത് ഉള്ളി തൊലിച്ചത് പോലെ ആയല്ലോ എന്ന ഫീൽ അത്തരക്കാർക്ക് ഒരു പക്ഷെ നൽകാം.
നടന്നതിനെ അതേ പടി ആവിഷ്കരിച്ചതിൽ പൂർണ്ണത നൽകുന്ന ഒരു ചിത്രം ആണ്, എങ്കിലും എന്ത് കാരണത്താൽ അവർ പെട്ടന്ന് പോലീസ് സ്റ്റേഷനിൽ പോകാൻ തുനിയുന്നു എന്നതിന് ഒരു സുതാര്യത നൽകുന്നില്ല.

ഒരു പ്രണയകഥ അല്ലേൽ ഒരു പ്രണയ ചിത്രം എന്ന നിലയിൽ തൃപ്തി നൽകും.

അമിത പ്രതീക്ഷയും ആഘോഷങ്ങളും അവകാശവാദങ്ങളും താര ബാഹുല്യവും ഇല്ലാതെ ആസ്വദിക്കാൻ പാകത്തിന് ഒരു നല്ല കൊച്ച് സിനിമ.

 

റിവ്യൂ : ശ്രീകാന്ത് കൊല്ലം

 

No Comments

Be the first to start a conversation

%d bloggers like this: