കുടജാദ്രീ ,ഇനി ഇങ്ങോട്ടേയ്ക്കില്ല ..

 

 

 

ഉണ്ണികൃഷ്ണന്‍

ജയറാം മാഷാണ് ഇത്തവണ അങ്ങനെ ഒരു നിര്‍ദ്ദേശം വെച്ചത്.ക്രിസ്മസ് അവധിക്ക് കുടജാദ്രിക്ക് പോയാലോ എന്ന നിര്‍ദ്ദേശം.കഴിഞ്ഞ പ്രാവശ്യവും ഞങ്ങള്‍ ഒന്നിച്ചായിരുന്നു അങ്ങോട്ട്‌ പോയത്.ഒരു നിമിഷം പോലും വൈകാതെ ഞാന്‍ മറുപടി പറഞ്ഞു.

“റെഡി..”

KUDAJADRI JOURNEY

അങ്ങനെയാണ് 2013 Dec 21 ശനിയാഴ്ച വൈകിട്ട് ഞങ്ങള്‍ എട്ടുപേര്‍ മൂകാംബിയിലുള്ള നാഗകൃപ ലോഡ്ജില്‍ മുറിയെടുത്തത്.രാവിലെ ആറുമണിക്കാണ് ഷിമോഗയ്ക്കുള്ള ആദ്യബസ്.അതില്‍ തന്നെ പുറപ്പെട്ടാല്‍ മാത്രമേ ഉച്ചവെയില്‍ കനക്കുന്നതിനുമുന്‍പ് മലയുടെ ഉച്ചിയിലെത്തൂ.അതുകൊണ്ട് ആ സമയത്ത് തന്നെ ബസ്‌ സ്റ്റോപ്പില്‍ എത്തി.

അപ്പോഴാണ്‌ അറിയുന്നത്,അന്ന് ആ ബസ്‌ ഇല്ലെന്ന്.അടുത്ത ബസ്‌ ഏഴേമുക്കാലിനാണ്.അത്രസമയം കളയാന്‍ ഇല്ലാത്തത് കൊണ്ട് ഒരു ജീപ്പ് വിളിച്ചു.നാനൂറു രൂപ കൊടുത്ത് കാരക്കട്ടയില്‍ പോയിറങ്ങി.കാരക്കട്ടയില്‍ നിന്നാണ് കുടജാദ്രിക്കുള്ള കയറ്റം തുടങ്ങുന്നത്.

ഇരുവശവുമുള്ള ഇടതൂര്‍ന്ന കാടിന് നടുവിലൂടെ പത്ത് കിലോമീറ്റര്‍.

വഴിയില്‍ അവിടവിടെ പ്ലാസ്റ്റിക്‌ കവറുകളും വാട്ടര്‍ ബോട്ടിലുകളും.

സൌകര്യങ്ങള്‍ അധികമാകുന്നതിന്റെ അനിവാര്യദുരന്തം !

കണ്ടതൊക്കെ പെറുക്കിയെടുത്തു.പെറുക്കിയെടുത്ത മാലിന്യവും ചുമന്നു മലകയറി.

ശബരിമലയ്ക്ക് ഇരുമുടി.

കുടജാദ്രിക്ക് പ്ലാസ്റ്റിക് മുടി !

ശബരിമലയുടെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് അറിയില്ല.അത് ഒരു ഇന്‍ഡസ്ട്രിയല്‍ സിറ്റി ആയപ്പോള്‍ ഗുഡ്‌ബൈ പറഞ്ഞതാണ് ഞാന്‍.പിന്നെ പോയിട്ടില്ല.മഹാമോശമെന്നാണ് പോയവരില്‍ ചിലര്‍ പറഞ്ഞത് . ആവാതെ നിവൃത്തിയില്ല.അല്ലെങ്കില്‍ കാര്യക്ഷമതയുള്ള അഡ്മിനീസ്ട്രേഷന്‍ വേണം.ജനങ്ങള്‍ ഒന്നടങ്കം ബോധവാന്മാര്‍ ആകണമെന്ന് പറയുന്നത് ഉടനെയൊന്നും നടപ്പുള്ള കാര്യമല്ല.

ഏകദേശം ഒന്‍പതര കഴിഞ്ഞപ്പോഴേയ്ക്കു ഞങ്ങള്‍ തങ്കപ്പന്‍ ചേട്ടന്റെ ചായപ്പീടികയുടെ മുന്നിലെത്തി .പത്തുമുപ്പത്തഞ്ചു കൊല്ലമായി കുടജാദ്രിയുടെ വനഹൃദയത്തില്‍ തീര്‍ഥാടകര്‍ക്ക് വേണ്ടി ചായക്കട നടത്തുകയാണ് പത്തനംതിട്ടക്കാരനായ തങ്കപ്പന്‍ ചേട്ടന്‍.

മാലിന്യച്ചുമട് സംസ്കരിക്കാനായി തങ്കപ്പന്‍ചേട്ടനെ ഏല്‍പ്പിച്ചു.ചൂടുള്ള പുട്ടും കടലയും കഴിച്ച്,ആവശ്യത്തിന് കുടിവെള്ളവുമെടുത്തു വീണ്ടും കയറ്റം തുടങ്ങുമ്പോള്‍ സമയം പതിനൊന്നര.ഇനി നാല് കിലോമീറ്റര്‍ കൂടി.അതുപക്ഷേ കുത്തനെയുള്ള കയറ്റമാണ്.പോരെങ്കില്‍ വഴി വളരെ ഇടുങ്ങിയതും.കുറച്ചു ദൂരം കയറിയപ്പോള്‍ത്തന്നെ കാല്‍മുട്ടുകള്‍ എന്നോട് പരാതി പറഞ്ഞുതുടങ്ങി.പരാതി പറയുമ്പോള്‍ പലപ്പോഴും സാവകാശത്തോടെ ഇരുന്നു കേട്ടു.ഇരിയ്ക്കാനുള്ള സാവകാശം തന്നതിന് പ്രകൃതിയോട് നന്ദി പറഞ്ഞു.

വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇതുപോലെ ഒരു ഡിസംബര്‍ വെക്കേഷനിലാണ് ഞാന്‍ ആദ്യമായി കുടജാദ്രി കയറിയത്.അന്ന് വഴി മുഴുവന്‍ അട്ടകള്‍ ആയിരുന്നു.ഇടയ്ക്ക് പെയ്യുന്ന മഴകള്‍ വനമണ്ണില്‍ ബാക്കിവെച്ച ഈര്‍പ്പത്തില്‍ അവ കളിച്ചു പുളച്ചു.ചൂടുരക്തമുള്ള ഏതു ജീവികളുടെ സാന്നിധ്യം അറിഞ്ഞാലും ആവേശത്തോടെ അവയുടെ അടുത്തേയ്ക്ക് ഇരച്ചെത്തി.കിട്ടുന്ന ഭാഗത്ത് ഹിറുഡിന്‍ എന്ന എന്‍സൈം പുരട്ടി.എന്‍സൈം പുരണ്ടിടം വേദന അറിയാതായി.അവിടെ അവ സക്കര്‍ താഴ്ത്തി.ചോര കുടിച്ചു വീര്‍ത്തു.

വംശവര്ധനവിനു മുട്ട നിര്‍മ്മിക്കാന്‍ ആവശ്യമായ പോഷകങ്ങള്‍ കിട്ടിയപ്പോള്‍ ആ പെണ്ണട്ടകള്‍ പിടിവിട്ടു വീണു.എന്നിട്ട് വംശഗാഥകളുടെ വിശുദ്ധസങ്കീര്‍ത്തനങ്ങള്‍ രചിക്കാന്‍ ഇരുളും ഈര്പ്പവുമുള്ള ഇടങ്ങള്‍ തേടി.കണ്ണില്ലാത്ത ഈ പ്രാക്തനജന്മങ്ങള്‍ ചൂട് കൊണ്ടും വിയര്‍പ്പിലെ അമ്ലഗന്ധം കൊണ്ടുമാണ് ഇരകളുടെ സാന്നിധ്യം തിരിച്ചറിയുക.ഒരുപക്ഷെ, മൂട്ടകളെപ്പോലെ തന്നെ.മൂട്ടകള്‍ക്കും ചൂടും വെളിച്ചവും വിയര്‍പ്പ്മണവും തിരിച്ചറിയാനുള്ള കഴിവുണ്ട്കാഴ്ചയും കേള്‍വിയുമൊന്നുമില്ലെങ്കിലും.

ഈ മൂന്നു കാര്യങ്ങള്‍  തന്നെയാണ് ബഹിരാകാശത്ത് ജീവനുണ്ടോ എന്നറിയാന്‍ അയച്ച പേടകത്തിലും ഉള്ളത്.ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ കാഴ്ചയുടെ വിഭ്രമങ്ങളോ കേള്‍വിയുടെ സുഖദാവൃത്തികളോ സ്വാദിന്റെ ആര്‍ത്തികളോ വേണ്ട.അതിന്, ഇത്തിരി മണവും ഇത്തിരി ഈര്‍പ്പവും ഇരുളും വെളിച്ചവും തിരിച്ചറിയാനുള്ള കഴിവും മാത്രം മതി.എന്നിട്ടും കസ്തൂരിരംഗന്‍മാര്‍ തെരുവില്‍ കിടന്നു കത്തുന്നു.

ഇതിനിടയില്‍ എപ്പോഴോ ഇരുന്നും നടന്നുമായി ഞങ്ങള്‍ മലമുകളില്‍ എത്തിക്കഴിഞ്ഞിരുന്നു.അവിടെ വേറെയും ഉണ്ടായിരുന്നു ഒരുപാട് ആള്‍ക്കാര്‍.ജീപ്പില്‍ വന്നവര്‍.

ആദ്യമെല്ലാം അവിടെ രണ്ടു അമ്പലക്കാര്‍ തമ്മില്‍ ആര്‍ത്തിയുടെ പിടിവലികള്‍ എപ്പോഴും കാണാമായിരുന്നു.ഇത്തവണ പക്ഷെ അതുകണ്ടില്ല.അതെന്തുകൊണ്ടാണെന്ന് എനിക്കൊട്ടു മനസ്സിലായുമില്ല.ഒരു അമ്പലക്കാര്‍ പറയും അതാണ്‌ യഥാര്‍ഥ മൂലക്ഷേത്രമെന്ന്.മറ്റേ അമ്പലക്കാര്‍ പറയും തങ്ങളുടെതാണ് ഒറിജിനല്‍ എന്ന്.

ഏതായാലും ഞാന്‍ വന്നപ്പോള്‍ മൂന്നുതവണ താമസിച്ചത് മുകളിലെ ക്ഷേത്രപൂജാരിയുടെ വീട്ടിലായിരുന്നു .പരമേശ്വരഭട്ടിന്റെ വീട്ടില്‍.സ്വാഭാവികമായും ഞാന്‍ ഇത്തവണയും അങ്ങോട്ട്‌ നടന്നു.

പുറത്തെങ്ങും ആരെയും കണ്ടില്ല.

ആളനക്കം കാണാഞ്ഞപ്പോള്‍ അമ്പലത്തില്‍ നോക്കി.അവിടെ ഉള്ളില്‍ അദ്ദേഹത്തിന്റെ അനുജന്‍ ഭട്ടര്‍ പൂജ കഴിക്കുന്നുണ്ട്.നിരന്തരം ബ്രിസ്റ്റോള്‍ സിഗരറ്റ് വലിക്കുകയും നിര്‍ത്താതെ വര്‍ത്തമാനം പറയുകയും ചെയ്തിരുന്ന പരമേശ്വരഭട്ടരെ ബ്രിസ്റ്റോള്‍ സിഗരറ്റ് കൈപിടിച്ച് ജീവിതത്തിന്റെ ബൌണ്ടറി കടത്തി വിട്ടുകാണുമെന്ന് മനസ്സ് പറഞ്ഞു.

അമ്പലത്തിനു പുറത്തു കാത്തു നിന്നു.അനുജന്‍ ഭട്ടര്‍ പൂജ കഴിഞ്ഞ് ഇറങ്ങിയപ്പോള്‍ ഓര്‍മ്മ പുതുക്കി.അയാള്‍ പക്ഷെ തികച്ചും അപരിചിതഭാവത്തില്‍ ഭക്ഷണവും താമസവും ഇല്ലെന്നു മറുപടി പറഞ്ഞു.കൂടെ താഴത്തെ അമ്പലത്തില്‍ ചോദിച്ചു നോക്കാന്‍ ഒരുപദേശവും.അപ്പോഴാണ്‌ എനിക്ക് മനസ്സിലായത്‌ ഇക്കുറി ആര്‍ത്തിയുടെ പിടിവലികള്‍ ഇല്ലാതെ പോയതിന്റെ രഹസ്യം !

താഴത്തെ അമ്പലത്തില്‍ പോകുന്നതിനു മുന്‍പ് അടുത്തുള്ള സര്‍ക്കാര്‍ ഗസ്റ്റ്‌ ഹൌസില്‍ ചെന്ന് നോക്കി.അത് പൂട്ടിക്കിടക്കുന്നു.താഴെ ചെന്ന് നോക്കിയപ്പോള്‍ ഭക്ഷണം റെഡി.താമസിക്കാനുമുണ്ട് സ്ഥലം.

ഊണിന് അറുപതു രൂപയും താമസത്തിന് ഒരാള്‍ക്ക്‌ നൂറു രൂപയും.

തിരഞ്ഞെടുക്കാന്‍ ഒരേവസ്തു ഒന്നില്‍ കൂടുതല്‍  ഇല്ലാതാകുമ്പോള്‍ വിലപേശലുകള്‍ക്ക് സാംഗത്യമില്ലല്ലോ.ഞങ്ങള്‍ അവിടെ കിടന്നു.

വൈകിട്ട് അഗസ്ത്യതീര്‍ഥം വഴി സര്‍വജ്ഞപീഠത്തിലേക്ക് നടന്നു.പര്‍വതാധീശ്വരീ ക്ഷേത്രസന്നിധിയില്‍ നിന്ന് രണ്ടു കിലോമീറ്ററില്‍ അധികം കുത്തനെ നടന്നു കയറണം സര്‍വജ്ഞപീഠത്തിലേക്ക്.അഗസ്ത്യതീര്‍ഥം വഴി പോയാല്‍ കയറ്റം കുറച്ചു കുറയും.മാത്രമല്ല, സ്വസ്ഥമായി നല്ലൊരു കുളിയും പാസ്സാക്കാം.

ചെന്നപ്പോള്‍ വെള്ളമില്ല.നൂലുപോലെ ഒരു ധാരമാത്രംഇതിനുമുന്‍പ് പല സീസണില്‍ ആയി അഞ്ചുവട്ടം വന്നിട്ടും ഇതുപോലെ നേര്‍ത്ത് കണ്ടില്ല.കൊടിയ വേനല്‍ക്കാലത്ത് പോലും .

എന്തുപറ്റി ഈ അദ്രിശിഖരങ്ങള്‍ക്ക് ?

ഇതും പിണങ്ങിത്തുടങ്ങിയോ !

അറിയില്ല.

ഭട്ടര്‍ മലയിടിച്ചു വീടുണ്ടാക്കുന്നത് കണ്ടത് രണ്ടാം തവണ വന്നപ്പോഴാണ്.അന്ന് അദ്ദേഹത്തോട് വിനയപൂര്‍വ്വം സൂചിപ്പിക്കുകയും ചെയ്തിരുന്നു.മലയിടിക്കുന്നത് ദുരന്തങ്ങളെ വിളിച്ചുവരുത്തല്‍ ആയെക്കാമെന്ന്.മൂന്നാം തവണ ചെന്നപ്പോള്‍ ഉരുള്‍ പൊട്ടിയത് കണ്ടു.ഒന്നല്ല,മൂന്നു സ്ഥലത്ത്.അതിലൊന്ന് ഭട്ടരുടെ വീടിന്റെ തൊട്ടടുത്ത്‌ നിന്ന്.

ആര്‍ത്തികള്‍ എപ്പോഴും നയിക്കുന്നത് അഗാധതകളിലേയ്ക്കാണ്അറുപത്തിനാല് തീര്‍ഥങ്ങളായിരുന്നു ആദ്യം കുടജാദ്രിയില്‍ ഉണ്ടായിരുന്നതെന്ന് ഭട്ടര്‍ തന്നെയാണ് പറഞ്ഞുതന്നത്.ഇപ്പോള്‍ പക്ഷെ ആകെയുള്ളത് അഗസ്ത്യതീര്‍ഥവും നാഗതീര്‍ഥവും കമണ്ടലുതീര്‍ഥവും മാത്രം.

അതും കണ്ണില്‍ കണ്ട നീരുറവകള്‍ക്ക് തീര്‍ഥമെന്നു പേരിട്ട് കച്ചവടമാക്കാനുള്ള തന്ത്രം പോലെയാണ് തോന്നുന്നത്.അല്ലെങ്കില്‍ പരമേശ്വരഭട്ടര്‍ക്ക് നാഗതീര്‍ഥവും കമണ്ടലുതീര്‍ഥവും സ്വന്തമാക്കി കെട്ടിയടച്ചു ബോര്‍ഡ്‌ വെക്കേണ്ട കാര്യം ഉണ്ടായിരുന്നില്ലല്ലോ.

പര്‍വതാധീശ്വരിയുടെ പൂജാരികള്‍ തന്നെ അവളെ തിരിച്ചറിയാതെ പോകുന്നു.എല്ലാ നീരുറവകളെയും തീര്‍ഥങ്ങളായി കാണേണ്ടതിനു പകരം അവനവന്റെ കീശവീര്‍പ്പിക്കാന്‍ ആവശ്യമായതിനെ മാത്രം സംരക്ഷിക്കുകയും മറ്റുള്ളവയുടെ നാമ്പടയ്ക്കുകയും ചെയ്യുന്നു.അതുകൊണ്ടാണല്ലോ അവളുടെ കോപം ഉരുള്‍പൊട്ടലുകളായി പൂജാരിമാരെത്തന്നെ  തേടിയെത്തുന്നത്.നീര്‍വറ്റലുകളായി മല ഉണക്കുന്നത്.

അറുപത്തിനാല് തീര്‍ഥങ്ങളുടെ മധ്യത്തില്‍ ആദിയുഗങ്ങളില്‍ എന്നോ സപ്തര്‍ഷികള്‍ പ്രതിഷ്ഠിച്ച പര്‍വതാധീശ്വരി ആദിശങ്കരന് പിന്നാലെയാണ് ആദ്യം പടിയിറങ്ങിയത്.ഇപ്പോള്‍ അവളെ പൂജിച്ച് അന്നം നേടുന്നവര്‍ തന്നെ .

അഗസ്ത്യതീര്‍ഥത്തില്‍ നിന്ന് കുത്തനെ ഒരു കയറ്റം കയറിയാണ് ഗണപതിഗുഹയില്‍ എത്തിയത്.ചെങ്കല്‍പാറയില്‍ ഏതോ കാലത്ത് രൂപപ്പെട്ട ഗുഹ.kudajadri

ഇപ്പോള്‍ അതില്‍ ഗണപതിയാണ് താമസം.

ജീവനില്ലാത്ത ഉരുവങ്ങളെ ഉപയോഗപ്പെടുത്തി ജീവിക്കുന്ന ജീവനുള്ള ഒരുരുവവുമുണ്ട് ഇത്തവണ ഗുഹയ്ക്കുള്ളില്‍.കാവിയൊക്കെ ചുറ്റി.

ഭാഗ്യം.അയാള്‍ക്ക്‌ ആര്‍ത്തി അധികമായിട്ടില്ല.അതുകൊണ്ട് അയാള്‍ മിണ്ടുന്നില്ല.ഗണപതിഗുഹയില്‍ നിന്ന് സര്‍വജ്ഞപീഠത്തിലേയ്ക്കുള്ള കയറ്റത്തില്‍ ഇടതുവശം അഗാധമായ കൊക്കയാണ്.ആദ്യം നേരിയ ഒരു നൂല് പോലെ മാത്രമായിരുന്നു വഴി.

കാലൊന്നു തെറ്റിയാല്‍,താഴെ കാലം വാ പിളര്‍ന്നു നില്‍ക്കുന്നുണ്ട് എന്ന് ഓരോ അടി വെക്കുമ്പോഴും ഓര്‍മ്മപ്പെടുത്തുന്ന രീതിയില്‍.ഇപ്പോള്‍ വഴിക്ക് വീതി കൂടിയിരിക്കുന്നു.വെള്ളമൊഴുകിയതുകൊണ്ടും  വഴിനടപ്പുകാരുടെ എണ്ണം കൂടിയത് കൊണ്ടും.

ഇനി ലക്ഷ്യങ്ങളെ മാര്‍ഗ്ഗം വിഴുങ്ങും.

അല്ലെങ്കില്‍ മാര്‍ഗ്ഗം അഗാധതകളിലേക്ക് ഇറങ്ങിപ്പോകും.

അതിന് എന്റെ കാല്‍വെപ്പുകളും കാരണമാകും.

വേണ്ട.

ഇനി ഇങ്ങോട്ടില്ല.

സര്‍വജ്ഞപീഠത്തില്‍ എത്തിയപ്പോഴേക്കും എന്റെ മനസ്സിലും തിരിച്ചറിവിന്റെ വെളിച്ചം വീശിത്തുടങ്ങിയിരുന്നു .അതുകൊണ്ട് ഞാന്‍ ഇക്കുറി ചിത്രമൂലയിലേക്ക് ഇറങ്ങിയില്ല.

സര്‍വജ്ഞപീഠത്തിന്റെ പിന്നില്‍ കുന്നുകള്‍ക്കും മുകളില്‍ ചുവന്നു ചുവന്നു ചാഞ്ഞുവീഴുന്ന സൂര്യനെ കണ്ട്, ചീറിയടിക്കുന്ന ശീതക്കാറ്റിന്റെ കൈപിടിച്ച് ഞങ്ങള്‍ മലയിറങ്ങി.അവിടെ, അവസാന മടക്കയാത്രക്കാരെയും  കാത്തുനിന്ന ഒരു നായയോടൊപ്പം.

 

 

No Comments

Be the first to start a conversation

%d bloggers like this: