കുവൈറ്റില്‍ കേരള പ്രവാസി ക്ഷേമബോര്‍ഡ് അംഗത്വ ക്യാംപയിന്‍ സംഘടിപ്പിക്കും

കുവൈറ്റ് സിറ്റി > കുവൈറ്റില്‍ പ്രവാസി ക്ഷേമനിധി ബോര്‍ഡ് പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി അംഗത്വ ക്യാംപെയിന്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചതായി പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ എന്‍ അജിത് കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പ്രവാസി ക്ഷേമനിധി ബോര്‍ഡിന്റെ വിവിധ  പദ്ധതികളെക്കുറിച്ച് ബോര്‍ഡ് ഡയറക്ടര്‍ വിശദീകരിച്ചു.

ഇടതുപക്ഷ സര്‍ക്കാര്‍ വന്നതിനു ശേഷം മികച്ച പിന്തുണയാണ് പ്രവാസി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ മാത്രം 70000 ത്തിലേറെ പേര്‍ പുതിയതായി ക്ഷേമനിധിയില്‍ അംഗത്വമെടുത്തു. ക്ഷേമ പെന്‍ഷന്‍ ഏകീകരിച്ച് മിനിമം പെന്‍ഷന്‍ 2000 രൂപയാക്കി വര്‍ദ്ധിപ്പിച്ചു. പ്രവാസികള്‍ക്കായ് ഡിവിഡന്റ് പെന്‍ഷന്‍  സ്‌കീം, പ്രവാസി വില്ലേജ് തുടങ്ങിയ പദ്ധതികള്‍ പുതിയ ബോര്‍ഡ് നിലവില്‍ വന്നതിനു ശേഷം സര്‍ക്കാരിന്റെ പരിഗണനയ്ക്കായി സമര്‍പ്പിച്ചിട്ടുണ്ട്. ബോര്‍ഡില്‍ സമ്പൂര്‍ണ്ണ ഡിജിറ്റലൈസേഷന്‍ നടപ്പാക്കികൊണ്ടിരിക്കുകയാണ്, അതിന്റെ ഭാഗമായി ഓണ്‍ലൈനായി അംഗത്വമെടുക്കുന്നതിനു സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വരുന്ന ഒരു വര്‍ഷം കൊണ്ട് കുവൈറ്റില്‍ നിന്ന് ഒരു ലക്ഷം പേരെ അംഗത്വമെടുപ്പിക്കാനാണ് ബോര്‍ഡ് ലക്ഷ്യമിടുന്നത്. എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും വിപുലമായ അംഗത്വ കാമ്പെയിന്‍ നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

അംഗത്വ ക്യാംപെയിനെക്കുറിച്ചും, ക്ഷേമ പദ്ധതികളെക്കുറിച്ചും വിശദീകരിക്കുന്നതിനായ് കുവൈറ്റിലെ സംഘടനാ പ്രതിനിധികളുടെ യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു. ഒക്ടോബര്‍ 14, ശനിയാഴ്ച്ച വൈകീട്ട് 7 മണിക്ക് അബ്ബാസിയ ഓര്‍മ്മ പ്ലാസ ഓഡിറ്റോറിയത്തില്‍ വെച്ചാണ് യോഗം സംഘടിപ്പിക്കുന്നത്. എല്ലാ സംഘടനാ പ്രതിനിധികളും യോഗത്തില്‍ എത്തിച്ചേരണമെന്ന് ഡയറക്ടര്‍ അഭ്യര്‍ത്ഥിച്ചു.

കല കുവൈറ്റിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ‘എന്റെ കൃഷി’ കാര്‍ഷിക മത്സരത്തിന്റെ പ്രഖ്യാപനവും വാര്‍ത്താ സമ്മേളനത്തില്‍ വെച്ച് നടന്നു.  ഇന്ത്യന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തി വരാറുള്ള ചിത്രചനാ മത്സരം ‘മഴവില്ല്2017’ നവംബര്‍ 10നു റിഗ്ഗായ് അല്‍ജവഹറ ഗേള്‍സ് സ്‌കൂളില്‍ വെച്ച് നടക്കുമെന്നും കല കുവൈറ്റ് ഭാരവാഹികള്‍ അറിയിച്ചു.

അബ്ബാസിയ കല സെന്ററില്‍ വെച്ച് നടന്ന പത്രമ്മേളനത്തില്‍ പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ എന്‍.അജിത് കുമാര്‍, കല കുവൈറ്റ് പ്രസിഡന്റ് സുഗതകുമാര്‍, ജനറല്‍ സെക്രട്ടറി ജെ.സജി, ട്രഷറര്‍ രമേശ് കണ്ണപുരം, മീഡിയ സെക്രട്ടറി ജിതിന്‍ പ്രകാശ് എന്നിവര്‍ പങ്കെടുത്തു.
Read more: http://www.deshabhimani.com/news/pravasi/news-pravasi-11-10-2017/677210

No Comments

Be the first to start a conversation

%d bloggers like this: