കൊച്ചി മെട്രോയില്‍ റിട്ടേണ്‍ അടക്കം യാത്രചെയ്യുന്നവര്‍ക്ക് 50% ഇളവ്

കൊച്ചി: കൊച്ചിമെട്രോ യാത്ര കൂടുതല്‍ ആകര്‍ഷകമാകുന്നു. മികച്ച ഓഫറുകളാണു പരീക്ഷണാടിസ്ഥാനത്തില്‍ കെ.എം.ആര്‍.എല്‍. പ്രഖ്യാപിച്ചത്. മെട്രോയില്‍ റിട്ടേണ്‍ അടക്കം യാത്ര ചെയ്യുന്നവര്‍ക്കു ഡിസംബര്‍ 23 വരെ ടിക്കറ്റിന് 50 ശതമാനം ഇളവു ലഭിക്കും. മെട്രോയില്‍ ഒരിടത്തേക്കു യാത്ര ചെയ്യുമ്പോള്‍തന്നെ മടക്കയാത്രയുടെ ടിക്കറ്റും എടുക്കുന്നവര്‍ക്കാണ് ഈ സൗകര്യം.
ആലുവയില്‍നിന്നു മഹാരാജാസ് ഗ്രൗണ്ട് സ്റ്റേഷന്‍ വരെയും തിരിച്ചും യാത്ര ചെയ്യുന്ന ആള്‍ ഒരു വശത്തേക്കുള്ള നിരക്കു നല്‍കിയാല്‍ മതി. 50 രൂപയാണ് ആലുവ-മഹാരാജാസ് നിരക്ക്. ഇരുവശത്തേക്കുമാകുമ്ബോള്‍ 100 രൂപയാകും. ഇരുവശത്തേക്കും ഒരേ ടിക്കറ്റില്‍, അതായതു റിട്ടേണ്‍ ജേര്‍ണി ടിക്കറ്റില്‍ (ആര്‍.ജെ.ടി) യാത്ര ചെയ്യുന്നവര്‍ക്ക് 50 ശതമാനം ഇളവു ലഭിക്കും. ടിക്കറ്റ് എടുത്ത തീയതിതന്നെ തിരിച്ചു യാത്രചെയ്താലേ ഈ ആനുകൂല്യം ലഭിക്കൂ.
കൊച്ചി വണ്‍ കാര്‍ഡ് യാത്രക്കാര്‍ക്ക് ഈ ഇളവ് ലഭിക്കില്ല. യാത്ര ചെയ്തില്ലെങ്കില്‍ ഒരു വശത്തേക്കുള്ള ടിക്കറ്റിന്റെ തുകമാത്രമേ യാത്രക്കാര്‍ക്കു തിരികെ ലഭിക്കൂ. ഒരു വശത്തേക്കുള്ള സിംഗിള്‍ ജേര്‍ണി ടിക്കറ്റിങ്ങിലും പലതവണ യാത്ര ചെയ്യാവുന്ന ആര്‍.എഫ്.ഐ.ഡി. ടിക്കറ്റിങ്ങിലും ഇത്തരത്തില്‍ ഇളവു കൊണ്ടുവരുന്നതിന് ആലോചനയിലുണ്ട്.
സ്ഥിരം യാത്രക്കാര്‍ക്കു പ്രയോജനകരമായ മറ്റു ടിക്കറ്റിങ് സംവിധാനങ്ങളും ആവിഷ്കരിച്ചിട്ടുണ്ടെന്നു കെ.എം.ആര്‍.എല്‍: എം.ഡി. മുഹമ്മദ് ഹനീഷ് അറിയിച്ചു. യാത്രക്കാര്‍ക്കു വിവിധ വിഭാഗങ്ങളിലുള്ള പാസ് അനുവദിക്കുന്നതും പരിഗണനയിലുണ്ട്. ഒരു മാസം കാലാവധിയുള്ള പാസ്, വിദ്യാര്‍ഥികള്‍ക്കുള്ള പാസ്, വാരാന്ത്യ പാസ്, ദിവസ പാസ്, സീസണല്‍ പാസ് എന്നിവയാണ് പരിഗണനയിലുള്ളത്.
നിലവില്‍ കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്കു യാത്രാനിരക്കില്‍ 20 ശതമാനം ഇളവു ലഭിക്കുന്നുണ്ട്. ഇതു 40 ശതമാനമാക്കാമെന്നു അധികൃതര്‍ കഴിഞ്ഞ ദിവസം ഉറപ്പുനല്‍കിയിരുന്നു.
ഇളവ് ലഭ്യമാക്കുന്നതോടെ കൂടുതല്‍ യാത്രക്കാരെ മെട്രോയിലേക്ക് എത്തിക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. പുതുതായി തുറന്ന പാലാരിവട്ടം, മഹാരാജാസ് റൂട്ട് ഒഴിവാക്കിയാല്‍ ഇടപ്പള്ളി, ആലുവ സ്റ്റേഷനുകളില്‍മാത്രമേ പ്രതീക്ഷയ്ക്കൊത്തു യാത്രക്കാരെ കിട്ടുന്നുള്ളു. കൂടിയ നിരക്കും ഫീഡര്‍ സര്‍വീസുകളുടെ അഭാവവുമാണു യാത്രക്കാരെ മെട്രോയില്‍നിന്നു പിന്തിരിപ്പിക്കുന്നത്.

No Comments

Be the first to start a conversation

%d bloggers like this: