ഗാന്ധാരി : അനുപമ ജി.

ഋതുക്കളാറും വസന്തം മാത്രമായിരിക്കുന്ന ഒരു ലോകത്തെക്കുറിച്ചു കേട്ടിട്ടുണ്ടോ? ഉണ്ടായിരുന്നു. ഇവിടെ ഞങ്ങളുടെ കൊച്ചുരാജ്യത്ത്. വസന്തം മടങ്ങിപ്പോകാന്‍ മടിച്ചു നില്‍ക്കുന്ന മനോഹരമായൊരു ലോകം.

സൗഭാഗ്യവതിയായിരുന്നു ഞാന്‍. . ഈശ്വരനെന്ന മഹാശില്പ്പി സൗന്ദര്യ സങ്കല്‍പ്പങ്ങളെല്ലാം ഒന്നിച്ചുചേര്‍ത്ത് മനോഹരമായൊരു ശില്പ്പമാക്കി ഭൂമിയിലെക്കയച്ചവള്‍. ഒന്നിനും ഒരു കുറവുമില്ലാതെ, ദുഖിക്കാനോ ഭയക്കാനോ ഒരു കാരണമില്ലാതെ ഉല്ലാസവതിയായി കൊട്ടാരത്തിലെ തോട്ടത്തില്‍ മറ്റൊരു പൂവായി വളര്‍ന്നവള്‍.
ജീവിതത്തില്‍ സൂര്യനായി ഉദിച്ചു നില്‍ക്കാന്‍ അനേകരുടെ സ്നേഹമുണ്ടായതുകൊണ്ടാണോ എന്തോ ഇരുട്ടിനെ , ഇരുട്ടിനെ മാത്രം ഭയമായി. കൊട്ടാരത്തില്‍ ഇരുട്ടിന്റെ ഒരു കണികപോലും കടക്കാന്‍ അനുവദിച്ചിരുന്നില്ല ഏട്ടന്‍. കുഞ്ഞനിയത്തിയുടെ മുഖത്തെ സൂര്യന്‍ ഭയത്തിന്റെ കാളിമയില്‍ മറയാതെ മറ്റൊരു സൂര്യനായി ഏട്ടന്റെ സ്നേഹം എപ്പോഴും കാവല്‍ നിന്നു.

അങ്ങനെ , ഗാന്ധാരമെന്ന ചെറുരാജ്യത്തില്‍ എല്ലാവരുടെയും ഓമനയായി കഴിഞ്ഞ നാളുകളിലായിരുന്നു തോഴിമാര്‍ ആ വാര്‍ത്തയെത്തിച്ചത്. ഒരു മഹത്തായ പാരമ്പര്യത്തിന്റെ ഭാഗമാകാന്‍ , കുരുവംശമെന്ന മഹാപ്രസ്ഥാനത്തിന്റെ കുലവധുവാകാന്‍ പോകുന്നുവെന്ന വാര്‍ത്തയില്‍ അഹങ്കരിചിട്ടുണ്ടാകും മനസ്സ്. ഗാന്ധാരമെന്ന ചെറിയരാജ്യത്തിലെ രാജകുമാരിക്ക് ജീവിതം സ്വര്‍ഗമാണെങ്കില്‍ ഹസ്തിനപുരത്തിലെ ചക്രവര്‍ത്തിനിയാകുന്നുവെന്ന വാര്‍ത്ത ആരിലാണ് അഹങ്കാരം ജനിപ്പിക്കാത്തത്.
പക്ഷേ, തോട്ടത്തിലെ പുല്‍ക്കൊടിയില്‍ തൂങ്ങിയാടുന്ന മഞ്ഞുതുള്ളി വൈഡൂര്യമാകുന്നത്ര ചെറിയ സമയമേ ആ അഹങ്കാരത്തിന് ആയുസ്സുണ്ടായിരുന്നുള്ളൂ.
ചുറ്റും നിന്ന് തുറിച്ചു നോക്കുന്ന ചെറുമൃഗങ്ങളില്‍ നിന്നും രക്ഷനേടാന്‍ മരത്തിനുമുകളില്‍ കയറുന്ന കീടം പോലെ, ചെറിയ ശത്രുക്കളെ തോല്‍പ്പിക്കാന്‍ ഹസ്തിനപുരത്തിലെ മഹാസൈന്യതിന്റെ തണലുതേടാന്‍ പിതാവിനെ പ്രേരിപ്പിച്ച ഒരു ഘടകം മാത്രമായിരുന്നു വിവാഹം.

ഹസ്തിനപുരമെന്ന മഹാപ്രസ്ഥാനത്തില്‍ ഗാന്ധാരമെന്ന ചെറുരാജ്യത്തെ കൂട്ടിക്കെട്ടാന്‍ ബുദ്ധിമാന്മാര്‍ കണ്ടെത്തിയ നൂല്‍ചരടു മാത്രമായിരുന്നു ഗാന്ധാരിയെന്ന ഞാന്‍.
സ്വന്തം രാജ്യത്തെയും പ്രജകളെയും കാക്കാന്‍ ഒരു സാമന്തന്‍ , മഹാരാജാവിനു സമര്‍പ്പിക്കുന്ന കാണിക്ക. അല്ലെങ്കില്‍ , അന്ധനായ സഹോദരന് പാണ്ടുവിന്റെ സമ്മാനം.

അന്ധകാരത്തെ മരണത്തെക്കാള്‍ ഭയക്കുന്ന ഒരുവള്‍ നിത്യാന്ധകാരത്തിലേക്കാണ് കൈപിടിച്ച് കയറുന്നത് എന്ന തിരിച്ചറിവിലാണ് കണ്ണുകളില്‍ നിരാശയും സങ്കടവും ചേര്‍ന്ന അഗ്നിജ്വാലകളായത്. ആ അഗ്നിയില്‍ വെന്തുരുകാന്‍ പോകുന്നത് സ്വന്തം മാതാപിതാക്കളാണ് എന്ന തിരിച്ചറിവില്‍ മിഴികള്‍ ഇറുകെ പൂട്ടി. പുറത്തുകടക്കാനാകാത്ത അഗ്നിജ്വാലകള്‍ക്കൊപ്പം ഈശ്വരന്റെ വരദാനമായ കാഴ്ചയും എരിഞ്ഞടങ്ങി. ചീന്തിയെടുത്ത പുടവതുമ്പിന് മറയ്ക്കാന്‍ വെളിച്ചത്തിന്റെ ഒരു തരിപോലും ബാക്കിയുണ്ടായിരുന്നില്ല മിഴികളിലും , പിന്നെ ശേഷിച്ച ജീവിതത്തിലും.
വരകളും വര്‍ണ്ണങ്ങളും നിറഞ്ഞ ഒരു ജീവിതത്തെ ഇരുളിലാഴ്ത്തിയതു പാണ്ടുവിന്റെ സഹോദരസ്നേഹമായിരുന്നുവെങ്കില്‍, ആ കയ്യൂക്കിനെ കൌശലം കൊണ്ട് തറപറ്റിക്കും എന്ന് പ്രതിജ്ഞഎടുത്തതും മറ്റൊരു സഹോദര സ്നേഹമായിരുന്നല്ലോ.

അതെ. ഇരുള്‍നിറഞ്ഞുതുടങ്ങുന്ന കുഞ്ഞനിയത്തിയുടെ ശേഷിച്ച ജീവിതത്തിലെ സൂര്യനാകാന്‍ സ്വയം തീരുമാനിച്ച എന്റെ ജ്യേഷ്ഠന്‍, ഗാന്ധാരരാജകുമാരന്‍ ശകുനി, അന്നുമുതലാണ് കൌശലക്കാരനും കാപട്യക്കാരനുമായത്. അന്ധനായ പിതാവും സ്വയം അന്ധത വരിച്ച മാതാവുമുള്ള നൂറ്റൊന്നു മക്കളുടെ ജീവിതത്തിലെ സൂര്യനായത്.

കുരുവംശത്തിന്റെ നാശം മാത്രമായിരുന്നു ഏട്ടന്റെ ലക്ഷ്യം. എന്റെ മിഴികള്‍ സ്വാര്‍ത്ഥതയുടെ താലിച്ചരടുകൊണ്ട് കെട്ടിമുറുക്കുന്നതിനും എത്രയോ മുന്പ് ഏട്ടന്റെ സ്വപ്നങ്ങളില്‍ പാണ്ടുസൈന്യം പട്ടുപുതപ്പിച്ചിരുന്നു. ജീവിതത്തിലെ കുയില്‍പ്പാട്ട് ആകേണ്ടിയിരുന്നവളുടെ നിസ്സഹായ നിലവിളിക്ക്‌മുന്നില്‍ നിശ്ചലനായി നില്‍ക്കേണ്ടിവന്ന ശകുനിയിലെ കാമുകന് ആ കണ്ണീരിന്റെ കണക്കുതീര്‍ക്കാന്‍ ദൈവം നൂറു ശരങ്ങള്‍ തീര്‍ത്തുകൊടുത്തു.
സ്വന്തം കുഞ്ഞുങ്ങളെ ഒരുനോക്കു കാണാനുള്ള എന്റെ ഭാഗ്യം ഊതിക്കെടുത്തിയ സ്വാര്‍ത്ധതയ്ക്കെതിരെ ഏട്ടന്‍ എന്റെ നൂറുമക്കളെ ശത്രുതയുടെ ഉലയില്‍ ഊതിക്കാച്ചിയെടുത്ത് ആയുധമാക്കി. അതെ, ഞാന്‍ ഗാന്ധാരനരേശന്‍ സുബലന്റെ മകള്‍ ഗാന്ധാരി, ദ്രൌപതിക്കും എത്രയോ മുന്‍പേ കുരുവംശനാശത്തിനു കാരണമായവളാണ്.
രണഭൂമിയില്‍ , അനേകായിരം അമ്മമാരുടെ കണ്ണുനീരിനുമുന്നില്‍ , നൂറ്റൊന്നുമക്കളുടെ നഷ്ടത്തില്‍ ഒന്നുറക്കെ കരയാന്‍ പോലും സ്വാതന്ത്ര്യമില്ലാതവള്‍.

. ഗാന്ധാരത്തില്‍ വരാന്‍ മടിച്ചുനിന്ന വര്‍ഷമേഘമത്രയും ഹസ്തിനപുരത്തില്‍ ഗാന്ധാരിയെത്തുന്നതും കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു, അടഞ്ഞമിഴികളില്‍ തോരാതെ പെയ്യാന്‍……..
പക്ഷെ, എത്ര ജന്മങ്ങള്‍ കരഞ്ഞാലും തീരാത്ത കണ്ണുനീരുമായി അനേകായിരം അമ്മമാര്‍ , ഭാര്യമാര്‍ എനിക്ക് മുന്നില്‍ ചോദ്യചിഹ്നമായി നില്‍ക്കുമ്പോള്‍ എനിക്കെങ്ങനെയാണ് എന്റെ മക്കളെയോര്‍ത്തു കരയാന്‍ കഴിയുക.. കൊട്ടാരത്തിലെ അകത്തളങ്ങളില്‍ മുഴങ്ങിക്കേള്‍ക്കുന്ന നൂറുനൂറു വിലാപങ്ങളില്‍ മനസ്സിലും ഇരുട്ട്നിറച്ച്, ഞാന്‍ നൂറ്റവരുടെ പ്രിയമാതാവ്, ഗാന്ധാരി…

One Response to “ഗാന്ധാരി : അനുപമ ജി.”

  1. Gokul V Unnithan

    അടഞ്ഞ കണ്ണുകളിൽ കാത്തു സൂക്ഷിച്ച ആ തീയുടെ ചൂടിലാണല്ലോ കുരുക്ഷേത്രയുദ്ധത്തിനു കൂട്ട് നിന്ന സാക്ഷാൽ കൃഷ്ണനും യാദവ വംശവും ഒടുങ്ങിയത്! ആ തപസ്സിനു അത്ര ചൂടുണ്ട്… ഒരു ജന്മം മുടിക്കാൻ അല്ല ഒരു കുലം തന്നെ മുടിക്കാൻ കഴിയുന്നത്ര!

    Reply
%d bloggers like this: