ഗുജറാത്ത് കലാപം ആസൂത്രിതമായിരുന്നുവെന്ന് സൂചന നല്‍കി മുന്‍ മുഖ്യമന്ത്രി

അഹമ്മദാബാദ്: ഗോധ്ര സംഭവത്തേത്തുടര്‍ന്നുണ്ടായ കലാപം ആസൂത്രിതമായിരുന്നുവെന്ന് വ്യക്തമായ സൂചന നല്‍കി മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി സുരേഷ് മേത്ത. ഗോധ്രയില്‍ തീവണ്ടി കത്തിച്ചത് ഭീകരാക്രമണമാണെന്ന നരേന്ദ്രമോദിയുടെ പ്രസ്താവനയാണ് സ്ഥിതിഗതികള്‍ വഷളാക്കിയതെന്ന് അന്നത്തെ മോദി മന്ത്രിസഭയില്‍ അംഗമായിരുന്ന സുരേഷ് മേത്ത വെളിപ്പെടുത്തി.

വര്‍ഗ്ഗീയ സംഭവം മാത്രമായിരുന്ന തീവണ്ടി കത്തിക്കലിനെ ഭീകരാക്രമണമാക്കി മാറ്റിയത് അന്ന് മുഖ്യമന്ത്രിയായിരുന്ന മോദിയാണ്. ഗോധ്രയില്‍ കൊല്ലപ്പെട്ട 68 പേര്‍ക്ക് മാത്രമായി ശ്രദ്ധാഞ്ജലി അര്‍പ്പിക്കാനുള്ള മോദിയുടെ തീരുമാനവും പിഴച്ചുവെന്ന് സുരേഷ് മേത്ത വ്യക്തമാക്കി.

നരേന്ദ്രമോദി മുഖ്യമന്ത്രിയായ ശേഷം പാര്‍ട്ടിയുടെ സംസ്കാരം തന്നെ മാറി. വ്യവസായികള്‍ക്ക് വാരിക്കോരി നല്‍കിയ സബ്സിഡികള്‍ ഗുജറാത്തിനെ വന്‍ കടക്കെണിയിലാക്കി. ഗുജറാത്ത് വികസന മാതൃകയെന്നത് വെറും പ്രചാരണം മാത്രമാണ്. കോണ്‍ഗ്രസിന് അനുകൂലമാണ് സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യമെന്നും അദ്ദേഹം പറഞ്ഞു.

1995-ല്‍ അധികാരത്തിലെത്തിയ കേശുഭായ് പട്ടേലിന്റെ നേതൃത്വത്തിലുള്ള ആദ്യത്തെ ബി. ജെ. പി സര്‍ക്കാരിനെതിരെ ശങ്കര്‍ സിംഗ് വഗേല കലാപക്കൊടി ഉയര്‍ത്തിയപ്പോള്‍ സുരേഷ് മേത്ത ഒരു കൊല്ലം മുഖ്യമന്ത്രിയായി. തുടര്‍ന്ന് 2002-ല്‍ മന്ത്രിസഭയില്‍ നിന്നും 2007-ല്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു.

No Comments

Be the first to start a conversation

%d bloggers like this: