ജിഷാവധക്കേസ് വിധി പന്ത്രണ്ടിന്

കൊച്ചി: നിയമ വിദ്യാര്‍ഥിനിയായിരുന്ന ജിഷ കൊല്ലപ്പെട്ട കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി അനില്‍കുമാര്‍ 12ന് വിധിപ്രസ്താവിക്കും.
അസം സ്വദേശിയായ അമീര്‍ ഉള്‍ ഇസ്ലാമാണ് കേസിലെ ഏക പ്രതി. 2016 ഏപ്രില്‍ 28നാണ് ജിഷ കൊല്ലപ്പെട്ടത്. പെരുമ്പാവൂര്‍ ഇരിങ്ങോള്‍ കനാല്‍ പുറമ്പോക്കിലെ വീട്ടില്‍ വച്ച്‌ ജിഷയെ അമീറുള്‍ കൊലപ്പെടുത്തിയെന്നാണ് കേസ്. ജിഷയെ ഇയാള്‍ ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു. ഒന്നരമാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.
അടച്ചിട്ട കോടതി മുറിയില്‍ 74 ദിവസമാണ് പ്രോസിക്യൂഷന്‍ വാദം നടത്തിയത്. തുടര്‍ന്ന് തുറന്ന കോടതിയിലും വിചാരണ നടന്നു. അന്വേഷണ സംഘാംഗങ്ങള്‍, പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍, ഫോറന്‍സിക്, ഡി.എന്‍.എ. വിദഗ്ധര്‍ എന്നിവര്‍ ഉള്‍പ്പെടെ 104 സാക്ഷികളെ വിസ്തരിച്ചു.
ഇതില്‍ 15 പേര്‍ ഇതര സംസ്ഥാനത്തൊഴിലാളികളാണ്. അമീറുള്‍ കുറ്റക്കാരനാണെന്ന് സ്ഥാപിക്കുന്ന സാഹചര്യത്തെളിവുകളും സാക്ഷിമൊഴികളും പ്രോസിക്യൂഷന്‍ ഹാജരാക്കി. ജിഷയുടെ സഹോദരി ദീപ, ക്രൈംബ്രാഞ്ച് എസ്.പി: പി.എന്‍. ഉണ്ണിരാജ, ആലുവ സി.ഐ: വിശാല്‍ ജോണ്‍സണ്‍, കുറുപ്പംപടി എസ്.ഐ: സുനില്‍തോമസ്, സി.പി.ഒ. ഹബീബ് എന്നിവരെയും വിസ്തരിച്ചിരുന്നു. ജിഷയുടെ അച്ഛന്‍ പാപ്പു മരിച്ചതിനാല്‍ സാക്ഷിപ്പട്ടികയില്‍ നിന്നു പിന്നീട് ഒഴിവാക്കി.
പ്രതി നടത്തിയത് ക്രൂരമായ കുറ്റമാണെന്നും പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. സാക്ഷിമൊഴികളും ശാസ്ത്രീയമായ തെളിവുകളും അടിസ്ഥാനമാക്കിയാണ് പ്രോസിക്യൂഷന്‍ കേസ് വാദിച്ചത്. എന്നാല്‍, ഈ തെളിവുകള്‍ നില നില്‍ക്കുന്നതല്ലെന്നായിരുന്നു പ്രതിഭാഗം തെളിയിക്കാന്‍ ശ്രമിച്ചത്.
വിചാരണവേളയില്‍ പ്രതിഭാഗം വക്കീലിനെതിരേ കോടതിമുറിയില്‍ ജിഷയുടെ മാതാവ് രാജേശ്വരി ബഹളംവച്ചിരുന്നു. പ്രോസിക്യൂഷനുവേണ്ടി എന്‍.കെ. ഉണിക്കൃഷ്ണനും പ്രതിഭാഗത്തിനു വേണ്ടി ബി.എ. ആളൂരുമാണ് ഹാജരായത്.

No Comments

Be the first to start a conversation

%d bloggers like this: