ടോണ്‍സിലൈറ്റിസില്‍നിന്നും മോചനംനേടാന്‍ ചില പ്രകൃതിദത്തമായ മാര്‍ഗങ്ങള്‍

ടോണ്‍സിലൈറ്റിസ് പ്രശ്നം കാരണം പ്രയാസപ്പെടുന്ന ഒട്ടനവധിപേര്‍ നമ്മുടെയിടയില്‍ ഉണ്ട്. ഇങ്ങനെയുള്ളവര്‍ക്ക് വീട്ടില്‍തന്നെ ചെയ്യാവുന്ന ചില പ്രകൃതിദത്തമായ പരിഹാരങ്ങളാണ് ഇവിടെ പ്രതിപാദിക്കുന്നത്.

തൊണ്ടയുടെ പിന്‍ഭാഗത്ത് ഇരു വശങ്ങളിലുമായി സ്ഥിതിചെയ്യുന്ന ഒരുകൂട്ടം കോശകലകളാണ് ടോണ്‍സില്‍ എന്നറിയപ്പെടുന്നത്. ഇവ ഒരു ഫില്‍ടര്‍ പോലെ പ്രവര്‍ത്തിക്കുക വഴി ശ്വസനപ്രക്രിയ നടക്കുമ്പോള്‍ അകത്തേക്ക് കടക്കുന്ന അണുക്കളെ തടയുന്നു. ഈ പ്രവര്‍ത്തി നടക്കാതിരിക്കുമ്പോഴാണ് ശരീരത്തില്‍ അണുബാധ അല്ലെങ്കില്‍ രോഗങ്ങള്‍ പകരുന്നത്. ടോണ്‍സിലുകള്‍ അണുബാധയ്ക്കെതിരായി പ്രവര്‍ത്തിക്കുന്ന ആന്റിബോഡികള്‍ ഉത്പാദിപ്പിക്കുകായും ചെയ്യുന്നുണ്ട്. പക്ഷെ ചിലസമയത്ത് ടോണ്‍സിലുകള്‍ ബാക്ടീരിയകളുടെയോ വൈറസുകളുടെയോ ശക്തമായ ആക്രമണം കാരണം അണുബാധിതരാകും. ഇങ്ങനെ ഈ ഗ്രന്ഥികള്‍ പഴുക്കുന്നു. തന്മൂലം നീര് വന്ന് തടിക്കുകയും ശക്തമായ വേദനയും മറ്റു അസ്വസ്ഥതകളും ആരംഭിക്കുകയും ചെയ്യുന്നു. ഈ അവസ്ഥയെയാണ് ടോണ്‍സിലൈറ്റിസ് എന്ന് പറയുന്നത്. ടോണ്‍സിലൈറ്റിനോടനുബന്ധിച്ച് കഴുത്തിന്‍റെ ഗ്രന്ഥികള്‍ വീങ്ങുക,തൊണ്ടവേദന,ചെവിവേദന, തലവേദന, പനി, മൂക്കൊലിപ്പ്, ശ്വാസംമുട്ട്, ചുമ, വിശപ്പില്ലായ്മ, ശ്വാസത്തില്‍ ദുര്‍ഗന്ധം, തൊണ്ട അടപ്പ് അല്ലെങ്കില്‍ ശബ്ദ വ്യതിയാനം തുടങ്ങി നിരവധി പ്രശ്‌നങ്ങളുണ്ടാകും.

എന്നാല്‍ ഇതിനൊക്കെ പ്രകൃതിദത്തമായ നിരവധി പരിഹാരങ്ങളുണ്ട് എന്നത് പലര്‍ക്കുമറിയില്ല. നിത്യജീവിതത്തില്‍ ഉപയോഗിക്കുന്നതും, നമുക്ക് സുലഭമായി ലഭിക്കുന്നതുമായ തേന്‍ പോലുള്ള പല സാധനങ്ങളും ഉപയോഗപ്പെടുത്തി ഈ അസുഖത്തില്‍നിന്നും മോചിതരാകാം.

ടോണ്‍സിലൈറ്റിസുള്ളപ്പോള്‍ ദിവസം അല്പാല്പമായി രണ്ടു ടേബിള്‍സ്പൂണ്‍ തേന്‍ കഴിയ്ക്കാം. ഇത് ടോണ്‍സിലൈറ്റിസിന് ശമനമുണ്ടാകാന്‍ സഹായിക്കും. അതുപോലെ ദിവസം നാലോ അഞ്ചോ തവണ ഇഞ്ചിനീര് അല്ലെങ്കില്‍ ഇഞ്ചി ചായ കുടിക്കുക.

ചെറുനാരങ്ങ ടോണ്‍സിലൈറ്റിസിനുള്ള നല്ലൊരു പരിഹാരമാര്‍ഗമാണ്. ചെറുനാരങ്ങാനീര്, തേന്‍ എന്നിവ ചേര്‍ത്ത് ഇളംചൂടുവെള്ളത്തില്‍ കലക്കി കുടിയ്ക്കുന്നത് ആശ്വാസം നല്‍കും.പുതിനയും മികച്ചൊരു പരിഹാരമാണ്. ദിവസവും പലതവണയായി പുതിനച്ചായ കുടിയ്ക്കാം. ഇത് ഭക്ഷണത്തില്‍ ചേര്‍ത്തു കഴിയ്ക്കുന്നതും ഗുണം ചെയ്യും.

ശരീരത്തില്‍ ഭക്ഷണത്തിലൂടെ കടക്കുന്ന വിഷാംശങ്ങള്‍ നീക്കികളയുന്നതില്‍ മഞ്ഞളിനുള്ള പങ്ക് നമുക്ക് അറിയാവുന്നതാണല്ലോ. അതുപോലെതന്നെ മഞ്ഞള്‍ രോഗാണുക്കള്‍ക്കെതിരായി പ്രവര്‍ത്തിക്കുന്ന ഒരു പ്രകൃതിദത്തമായ ഔഷധമാണ്. ചൂടുവെള്ളത്തില്‍ ഒരു നുള്ളു മഞ്ഞള്‍പ്പൊടി കലക്കി കുടിയ്ക്കുന്നതും നല്ലതാണ്.

ഇടയ്ക്കിടെ ചൂടുവെള്ളം കുടിയ്ക്കുക. ടോണ്‍സിലൈറ്റിസ് എളുപ്പം ഭേദമാകാനുള്ള ഒരു വഴിയാണിത്. ഉപ്പുവെള്ളം കവിള്‍ക്കൊള്ളുന്നതും നല്ലതാണ്. ഇത് തൊണ്ടയിലെ വേദനയും പഴുപ്പുമെല്ലാം ഭേദമാകാന്‍ സഹായിക്കും.

 

No Comments

Be the first to start a conversation

%d bloggers like this: