ഡെയ്സ

സൂര്യ കിരണങ്ങൾ പതുക്കെ പമ്മി വന്ന് കവിളിലൊരുമ്മ വെച്ചപ്പോഴാണ് തണൽ മരങ്ങൾ പന്തലിച്ചു നിൽക്കുന്ന ആ ഇടവഴിയിൽ വിരിച്ച തന്റെ കീറിപ്പറിഞ്ഞ ഷാൾ വലിച്ചു നീക്കി അവൾ എഴുന്നേറ്റത്.

ഇന്നലെ അങ്ങാടിയിൽ നിന്നും ആരോ തനിക്കു നേരെ നീട്ടിയ ഒരു നെയ്യപ്പക്കഷ്ണം ആർത്തിയോടെ കഴിച്ച് കുപ്പയിൽ നിന്നും പൊറുക്കി സൂക്ഷിച്ചു വെച്ച ആ വെള്ളക്കുപ്പിയിലെ വെള്ളവും കാലിയാക്കി കെട്ടിക്കുടുങ്ങിയ മുടിയിഴകൾ വിതറിയിട്ട് ഷാളിൽ ഒരിലയിലായി പൊതിഞ്ഞു വെച്ച കാട്ടു പൂക്കളുമെടുത്ത് അവൾ എങ്ങോട്ടെന്നില്ലാതെ ഭ്രാന്തമായി നടന്നു.

സാധാരണ ജീവിതം ജീവിച്ചു വരികയായിരുന്ന ഡെയ്സയുടെ ലോകം തല കുത്തനെ മറിഞ്ഞത് പെട്ടെന്നായിരുന്നു.

പെരും മഴ തിമിർത്തു പെയ്യുന്ന ഒരു തിങ്കളാഴ്ച ദിവസമായിരുന്നു അന്ന്.സ്ക്കൂൾ വിട്ട് വരുമ്പോൾ തന്റെ പൈസക്കുറ്റി പൊട്ടിച്ചപ്പോൾ കിട്ടിയ ചില്ലറത്തുട്ടുകൾ എണ്ണി നോക്കി അതിന് സമമായി ബസ്സിലെ കണ്ടക്ടറിൽ നിന്ന് വാങ്ങിച്ച രണ്ട് പത്തു രൂപ നോട്ടു കൊണ്ട് നാരായണേട്ടന്റ തട്ടു കടയിൽ നിന്ന് വൈകുന്നേരത്തെ ചായന്റെ കൂടെ കടിക്കാനായ് ചൂടുള്ള മൂന്ന് പഴം പൊരിയും വാങ്ങി അവൾ ധൃതിയിൽ വീട്ടിലേക്കോടി.

‘അമ്മേ…ഞാനെത്തി’ ന്ന് ദൂരേ നിന്ന് ഉച്ചത്തിൽ വിളിച്ചു പറഞ്ഞെങ്കിലും മകളേയും കാത്ത് എന്നും വൈകുന്നേരം കോലായിയിൽ ഇരിക്കാറുള്ള അമ്മയെ അവളന്ന് കണ്ടില്ല.

‘ ഈ അമ്മയുടെ ഒരു കാര്യം.. മോൾ സ്ക്കൂൾ വിട്ട് വരാനായി എന്ന കാര്യമൊക്കെ മറന്ന് അയൽപക്കത്ത് സൊറ പറഞ്ഞിരിക്കാവും’ വാതിൽ തുറക്കുന്നതിനിടയിൽ അവൾ പിറു പിറുത്തു.

കിത്താബ് കെട്ടിന്റെ കനം കൊണ്ട് ഒരു ഭാഗം തൂങ്ങിയ സ്ക്കൂൾ ബാഗി

നെ ചുമലിൽ നിന്ന് വിമുക്തമാക്കി വിയർപ്പിന്റെ ഗന്ധമുള്ള  ‘വി’ ഷെയ്പ്പിൽ കുത്തിയ യൂണിഫോമിന്റെ ഷാൾ ഊരി അയലിലിടാനായി റൂമിന്റെ വാതിൽ തുറന്ന അവൾ ആ രംഗം കണ്ട് അട്ടഹസിച്ച് ആർത്തു വിളിച്ചു.. ‘ അമ്മേ………..’.

പെങ്ങളുടെ പൊട്ടിക്കരച്ചിൽ കേട്ട് തൊടിയിൽ പയർ വിത്ത് കുഴിച്ചിടുകയായിരുന്ന അരുൺ ഓടി വന്നപ്പോഴേക്കും അഛൻ കഴിഞ്ഞ പിറന്നാളിന് വാങ്ങിക്കൊടുത്ത സാരിത്തുമ്പിൽ ആ അമ്മയുടെ അവസാന ശ്വാസവും നിലച്ചിരുന്നു..

ആ കറുത്ത വൈകുന്നേരം തൊട്ട് ഡെയ്സ പഴയ ഡെയ്സയേ ആയിരുന്നില്ല.. വീട്ടിലെ പ്രാരാബ്ദങ്ങൾ താങ്ങാനാവാതെ രണ്ട് മക്കളെയും തനിച്ചാക്കി അമ്മയും കൂടി അഛന്റെ അടുത്തേക്ക് ഒരു സാരിത്തുമ്പിലൂടെ പോവുന്നത് നേരിൽ കണ്ട ആ കുഞ്ഞിളം മനസ്സ് ആകെ കലങ്ങി മറിഞ്ഞിരുന്നു.

മനോനില തെറ്റിയ അവൾ പിന്നിക്കെട്ടിയ മുടിക്കെട്ട് അഴിച്ചിട്ട് ഒരു ഭ്രാന്തിയെപ്പോലെ അട്ടഹസിച്ച് ചിരിച്ചു.

‘വാ ചേട്ടാ.. ഇനി നമുക്കും കൂടി ചുടയിലേക്ക് പോവാം.. എന്നിട്ട് അഛനോടും അമ്മയോടുമൊപ്പം അവിടെ യിരുന്ന് ഈ പഴം പൊരിയും കൂട്ടി ചായ കുടിക്കാം ‘
കയ്യിലുള്ള പഴം പൊരി ചേട്ടനു നേരെയെറിഞ്ഞ് തന്റെ തല തറയിൽ തല്ലി അവൾ ഭ്രാന്തമായി പറഞ്ഞു.

കാലമങ്ങനെ കഴിഞ്ഞു പോയി.. പകലുകൾ രാത്രികളിലേക്കും ദിവസങ്ങൾ ആഴ്ചകളിലേക്കും ആഴ്ചകൾ മാസങ്ങളിലേക്കുമുള്ള മൽസരയോട്ടത്തിൽ ജയിച്ചു കൊണ്ടേയിരുന്നു.ഇതൊന്നുമറിയാതെ ഡെയ്‌സ ഓരോ നിമിഷങ്ങളും തള്ളി നീക്കി. ഭ്രാന്തിയായിത്തന്നെ.

സ്വന്തമായി ഒരു ചേട്ടനും വീടും ഉള്ള കാര്യമൊക്കെ അവളുടെ മെമ്മറി കാർഡിൽ നിന്ന് റീസ്റ്റോർ ചെയ്യാൻ

കഴിയാത്ത വിധം മാഞ്ഞു പോയിരുന്നു. ഇsക്കെപ്പൊഴെങ്കിലും രണ്ടു കെട്ട് കാട്ടു പൂക്കളുമായി ചുടല വരെ ഒന്ന് വന്ന് പോവും. അത്ര മാത്രം. പൂക്കെട്ടിൽ നിന്ന് രണ്ട് ചുവന്ന ചെമ്പരത്തിപ്പൂവുകളെടുത്ത് തന്റെ രണ്ട് ചെവിയിലും വെച്ച് എന്തൊക്കെയോ പിറു പിറുത്ത് കൊണ്ട് പാട്ടും പാടി അവളങ്ങനെ അലഞ്ഞു നടന്നു.

‘ദേ ഒരു വട്ടത്തി പോവുന്നേ… ‘  കവലകളായ കവലകളൊക്കെയും അവളെ നോക്കി പറഞ്ഞു കൊണ്ടിരുന്നു. അത് കേട്ട പാതി കേൾക്കാത്ത പാതി റോഡ് സൈഡിലെ വേലിക്കപ്പുറമുള്ള രണ്ട് ചെമ്പരത്തിപ്പൂവും കൂടി പറിച്ച്  തന്റെ കാലിൽ കെട്ടി  അവൾ വീണ്ടും അട്ടഹസിച്ച് ചിരിക്കാൻ തുടങ്ങും.. ലക്ഷ്യമില്ലാത്ത യാത്ര വീണ്ടും തുടരുകയാണ്‌. കുറച്ചു കൂടി കാട്ടു പൂക്കൾ കിട്ടിയിട്ടു വേണം ചുടല വരെയൊന്ന് പോയി വരാൻ എന്ന മട്ടിൽ ഒരു വികാരവുമില്ലാത്ത അവളുടെ കണ്ണുകൾ ഓരോ പൊന്തക്കാട്ടിലേക്കും മലമുകളിലേക്കും നോക്കിക്കൊണ്ടേയിരുന്നു.

tazm

– Thasneem.p

No Comments

Be the first to start a conversation

%d bloggers like this: