നീയും ഞാനും പിന്നെ തൂമഞ്ഞായ്….. മിനാഫര്‍, നമ്മുടെ പ്രണയവും

 ഷംസീര്‍ KVC വമ്പന്‍ 

 

“മിനാഫര്‍ ,   കാഴ്ച്ചകള്‍ക്കുനേരെ കണ്ണടക്കാതെ എഴുന്നേല്‍ക്ക് പെണ്ണേ നമ്മള്‍ നമ്മുടെ ലോകത്തെത്തി…….

അവളെന്നോട് ചേര്‍ന്ന് കിടക്കുകയാണ്. അലസമായി കിടക്കുന്ന മുടിയിഴകള്‍ അവളുടെ ഭംഗി പതിന്മടങ്ങ് വർദ്ധിപ്പിക്കുന്നപോലെ തോന്നി… ഒരുപാട് ദൂരം സഞ്ചരിച്ചതിന്‍റെ ക്ഷീണമാകാം ചെറുതായി മയങ്ങുന്നുണ്ട്. ചെറുമയക്കത്തിൽ പോലും അവളുടെ ചുണ്ടുകളിൽ പുഞ്ചിരി നിറഞ്ഞുനിൽക്കുന്നു..
യാത്രയുടെ തുടക്കത്തില്‍ അവളുടെ ഹൃദയമിടിപ്പ് ഞാന്‍ അറിഞ്ഞതാണ് .
ഇപ്പോള്‍ മനസ്സ് ഒരുപാട് ശാന്തമാണെന്ന് തോന്നി

ദൂരെ മലകള്‍ മഞ്ഞുകൊണ്ട് മൂടപ്പെട്ടിരിക്കുന്നു.
ഇത്തരമൊരു യാത്രക്കായിരുന്നു അവളെന്നും തിടുക്കം കൂട്ടിയിരുന്നത്,
മഞ്ഞുപെയ്യുന്ന ആ താഴ് വരയിലൂടെയുള്ള യാത്രയ്ക്ക് പ്രത്യേക അനുഭൂതിയാണെന്ന്
എന്‍റെ സംസാരത്തില്‍ ഞാന്‍ പലകുറി പറഞ്ഞിട്ടുണ്ട്.
എന്‍റെ വാക്കില്‍ നിന്നാണ് അവള്‍ക്ക് താല്‍പര്യം ജനിച്ചത്

താഴ് വരയുടെ ഓരത്തായി ഞാന്‍ വണ്ടിനിര്‍ത്തി. ചുറ്റുഭാഗമൊന്നു വീക്ഷിച്ചു ഞങ്ങൾ പുറത്തേക്കിറങ്ങി
കോടമഞ്ഞിന്‍റെ തണുപ്പ് വല്ലാതെ കുളിരുമൂടുന്നു .
എന്‍റെ കൈവിരലുകള്‍ സിഗരറ്റ് പായ്ക്കറ്റിനെ പരതിയെങ്കിലും അവളുടെ നോട്ടം അതില്‍നിന്നെന്നെ പിന്‍വലിപ്പിച്ചു…
വേണ്ട ….അതിന്‍റെ കൂട്ടുവേണ്ട
അതിന്‍റെ ഗന്ധം അവളെ അലോസരപ്പെടുത്തും. ഈ പ്രണയത്തിന്‍റെ ചൂടും കോടമഞ്ഞിന്‍റെ തണുപ്പും എനിക്കനുഭവിച്ചറിയണം…

വല്ലാതെ കുളിര്‍ന്നപ്പോള്‍ അവളെന്നോട് ചേര്‍ന്നുനിന്നു ഒരു കുറിഞ്ഞിപൂച്ചയെപ്പോലെ എന്നിലൊട്ടി…..
പുല്ലിനോടിണചേര്‍ന്ന മഞ്ഞിന്‍കണങ്ങള്‍ ഞങ്ങളുടെ കാലിനെ നനച്ചു .
കാഴ്ച്ചകളെ മറക്കുന്ന മഞ്ഞിന്‍റെ പുകമറയെ വകഞ്ഞുമാറ്റി ഞങ്ങൾ മുന്നോട്ടുനടന്നു …
കോടമഞ്ഞിനിടയിലൂടെ അങ്ങുദൂരെ അസ്തമയസൂര്യന്‍റെ വെളിച്ചം കാണാമായിരുന്നു. കാലുകള്‍ ഐസുകട്ട പോലെയായി ..

“അമൻ” നമുക്കാ പാറയില്‍ ചെന്നിരിക്കാം..

ഊം, ഞാന്‍ സമ്മതത്തോടെ തലയാട്ടി..!

ഇവിടം എത്ര സുന്ദരമാണല്ലേ..? നമ്മുടെ പ്രണയംപോലെ..! മിനാഫര്‍ പറഞ്ഞു തുടങ്ങി:
ജീവിതത്തില്‍ ഇത്രയും സന്തോഷം നിറഞ്ഞൊരു നിമിഷം എനിക്കുണ്ടായിട്ടില്ല.
പരീക്ഷാഹാള്‍ പോലെയാണ് എന്‍റെ വീട് , അല്ല അവരെന്നെ വളര്‍ത്തുന്ന വീട്…
അടച്ചിട്ട മുറികളില്‍ ഏകാന്തതതയെ മാത്രം പ്രണയിച്ചിരുന്ന നിമിഷങ്ങള്‍, ഉപ്പയും ഉമ്മയും നേരത്തെ മടങ്ങിയത് എന്‍റെ തെറ്റാണോ
അമൻ..,നിന്‍റെ സ്നേഹമാണ് എന്‍റെ ജീവിതത്തിന് നിറംപകരുന്നത്, അതനുഭവിച്ചറിയാനാണ് ഞാനിപ്പോഴും കാത്തിരിക്കുന്നത്..

ഹേയ് , ഞാനീനിമിഷത്തിന്‍റെ ഭംഗി കുറയ്ക്കുന്നില്ല.. നമുക്ക് നമ്മളെക്കുറിച്ച് സംസാരിക്കാം..

ഞാനവളെ ചേര്‍ത്തുപിടിച്ചു :

മിനാഫര്‍ , എനിക്ക് നിന്നെ വല്ലാതെ ഇഷ്ടപ്പെടുന്നു
നിന്‍റെ നിശ്വാസങ്ങളില്‍പോലും കോടമഞ്ഞ്…നീയൊരു മഞ്ഞാകുന്നതുപോലെ.. ഞാനവളെ പതിയെ ഒന്നുചുമ്പിച്ചു…
നോക്കൂ അമൻ നിന്‍റെ ചുംബനത്തിന്‍റെ ചൂടുകൊണ്ട് എന്‍റെ മുഖത്തെ മഞ്ഞുരുകി മുഖം തുടുത്തിരിക്കുന്നു മഞ്ഞുകണങ്ങള്‍ മുഖത്ത് വീണ്ടും ചിത്രംവരക്കുന്നു എന്നെ ചുംബിച്ച് കൊണ്ടേയിരിക്കൂ…..

മിനാഫർ…
ഈ കോടമഞ്ഞിനെ സാക്ഷിയാക്കി നിനക്കെന്താണ് എന്നോട് പറയാനുള്ളത് ..?

അമൻ..!
നമ്മെ ഒന്നാക്കിയ നിമിഷങ്ങൾ യുഗങ്ങളേക്കാൾ മഹത്വമേറിയതാണ്. അത്രമേൽ ഞാൻ നിന്നെ ഇഷ്ടപ്പെടുന്നു…
ഇവിടെയിരിക്കുമ്പോൾ നീ കാണുന്നില്ലേ.. കോടമഞ്ഞിനിടയിലൂടെ നമ്മോട് വിടപറയാനൊരുങ്ങുന്ന സൂര്യനെ.,
കാമുകൻറെ മാറിലണിയുന്ന കാമുകിയെ പോലെ അത് കടലിനോട് ചേരാൻ പോകുന്നു, സന്തോഷം കൊണ്ട് കടല് വെട്ടിത്തിളങ്ങുന്നത് കണ്ടില്ലേ..?
ഞാനാ സൂര്യനാവട്ടെ അമൻ.?
എനിക്ക് നിന്നെ പൊള്ളിച്ചുകൊണ്ട് നിന്നിലലിയണം..!
എന്നോടൊന്നുകൂടി ചേർന്നിരിക്കൂ…
ഞാൻ നിൻറെ ഗന്ധമൊന്നാസ്വദിക്കട്ടെ….. എനിക്കാ നിമിഷംമതി, അതിലും മനോഹരമായി മറ്റെന്തുണ്ട്……

മിനാഫർ…
നോക്കൂ..! ചുറ്റിലും ഇരുട്ടുമൂടിയിരിക്കുന്നു.. നമുക്ക് മാത്രം കാണാവുന്ന രീതിയിൽ…
നീ കാണുന്നില്ലേ..? നക്ഷത്രങ്ങൾ നമ്മെ നോക്കി അസൂയയോടെ ചിരിക്കുന്നത് അവർക്കും നമ്മെ ഒരുപാടിഷ്ടപ്പെട്ടുകാണും…
നമുക്ക് മടങ്ങാം അവർ നമ്മെ കണ്ണുവെക്കുന്നതിന് മുന്നെ..!

* * *

ഹേയ്.., നീയെന്താ ആലോചിക്കുന്നേ..?
എത്രനേരമായി നിൻറെ വിളിയും കാത്ത് ഞാനിരിക്കുന്നുവെന്നറിയോ..? സംസാരിച്ചുതുടങ്ങൂ അമൻ..!

മിനാഫർ..!
ഞാനിന്നലെ ഒരുപാട് വൈകിയിരുന്നു കിടക്കാൻ, ഉറക്കിൻറെ അവസാനത്തിൽ ഞാനൊരു സ്വപ്നംകണ്ടു…
ഞാൻ പറയാറില്ലായിരുന്നോ ഒരു മഞ്ഞുപെയ്യുന്ന താഴ്വരയെ കുറിച്ച്. അവിടേക്കൊരു യാത്ര… ഞാനും നീയും മാത്രം….
വളരെ ശാന്തമായിരുന്നു അവിടെ
കോടമഞ്ഞ് നിന്നെ എന്നോട് ചേർത്തുനിർത്തി…അവയും എന്നോട് കിന്നാരം പറയുന്നുണ്ടായിരുന്നു…
അവിടെവെച്ച് നിൻറെ പ്രണയാർദ്ദമായ വിളിയിൽ ഞാനലിഞ്ഞില്ലാതെയാകുന്നപോലെ തോന്നി… നിൻറെ ചുംബനങ്ങൾ എനിക്ക് ചൂടുപകർന്നു….
മഞ്ഞിനെ പുതപ്പാക്കി മനോഹരമായ രാത്രിയാണ് നീയെനിക്ക് സമ്മാനിച്ചത്..

ഞാനും ആ താഴ്വരയിലേക്ക് സഞ്ചരിച്ചുപോകുന്നു അമൻ
ഞാൻ നിന്നോട് ചേർന്നിരിക്കുന്നപോലെ തോന്നുന്നു…..
അമൻ….. എനിക്ക് നിന്നെ പിരിയാൻ കഴിയില്ല…
കൊടുങ്കാറ്റ് ഈ പ്രണയാർദ്ദമായ തീരത്തുവെച്ച് വേർപിരിച്ചാലും ആ കോടമഞ്ഞുകൾ നമ്മെയൊന്നാക്കും.. നക്ഷത്രങ്ങൾ നമുക്ക് വെളിച്ചമേകും…

എനിക്കിന്നൊരുപാട് കഥ പറയണം അമൻ എന്നോട് സംസാരിച്ചു തുടങ്ങൂ…

No Comments

Be the first to start a conversation

%d bloggers like this: