പറയാതെ പോയവന്‍ പറഞ്ഞിട്ടുപോയത്: സ്നേഹനൂലില്‍ കോര്‍ത്ത അക്ഷരമുത്തുകള്‍

Previous Image
Next Image

info heading

info content

 

 

 

 

” പലവട്ടം തോറ്റിട്ടും ഞാന്‍ കളം കാലിയാക്കാത്തതു എന്തിനെന്നറിയാമോ ചങ്ങാതി നിനക്ക് …
നീയും തോല്‍ക്കാനുള്ളവനാണ് … ഹ്യദയത്തില്‍ ചോര കിനിയുന്ന നമ്മെയെല്ലാം കാത്തിരിക്കുന്നത് ഒരേ വിധിയാണ് …
അങ്ങനെ നീ ഈ ആള്‍ക്കൂട്ടത്തില്‍ ഒറ്റക്കു തലകുനിച്ച് നില്‍ക്കേണ്ടി വരുമ്പോള്‍ ചുറ്റും അട്ടഹാസങ്ങള്‍ മുഴങ്ങുമ്പോള്‍ നിന്നെ ചങ്കോടു ചേര്‍ത്തു ആശ്വസിപ്പിക്കാന്‍ വേണ്ടി മാത്രം ഞാന്‍ കൂടൊഴിയുന്നില്ല …
വരിക , തോല്‍ക്കുന്ന കളികളില്‍ നമുക്ക് ഒരുമിച്ച് മുറിവേല്‍ക്കാം !”
( മിഥുന്‍ മേരി റാഫി : ജനുവരി 30, 2015 )
പക്ഷേ, ആള്‍ക്കൂട്ടത്തില്‍ ഒറ്റയ്ക്ക് തലകുനിച്ചുനില്‍ക്കേണ്ടിവന്നില്ല അവന്‍റെ കൂട്ടുകാര്‍ക്ക്. ദുഖത്താല്‍ കുനിഞ്ഞുപോയ അവരുടെ മുഖങ്ങള്‍ ചങ്കോടുചേര്‍ത്ത് ആശ്വസിപ്പിക്കാന്‍ മിഥുന്‍ വന്നതുമില്ല. പിന്നെയൊരിക്കലും…..
കളിയും ചിരിയും തമാശകളുമായി സങ്കടങ്ങളും സന്തോഷങ്ങളും പരസ്പരം പങ്കുവച്ചു ജീവിക്കവേ, ഒരു മുന്നറിയിപ്പു പോലുമില്ലാതെ, കൂടെയുണ്ടായിരുന്നവന്‍/അവള്‍ ശൂന്യതയിലേക്ക് മറഞ്ഞുപോയാല്‍ എന്ത് ചെയ്യും? ആദ്യം ഒരു പകപ്പ്, തിരിച്ചുകിട്ടുമോ എന്നൊരന്വേഷണം. ഇല്ലെന്നാകുമ്പോള്‍ അവിടെ നിറഞ്ഞ ശൂന്യതയ്ക് മുന്നില്‍ അതിലും ശൂന്യമായ മനസ്സോടെ നിസ്സഹായതയോടെ….
പറഞ്ഞുകൊണ്ടിരുന്നത് പാതിയില്‍ നിര്‍ത്തി ഓരോരുത്തരായി ഇങ്ങനെ മാഞ്ഞുപോകുമ്പോള്‍ അവര്‍ക്കിനിയും ഒരുപാടുകാര്യങ്ങള്‍ നമ്മോടു പറയാന്‍ ബാക്കിയുണ്ടായിരുന്നില്ലേയെന്നു ഓരോരുത്തരും ചിന്തിക്കുന്നുണ്ടാകും. അവരോട് നമുക്കുമുണ്ടായിരുന്നല്ലോ പറയാന്‍ ഒരു കടലോളം കാര്യങ്ങള്‍

പ്രിയമുള്ളവനെ, എനിക്ക് പറയാനുള്ളത് നിനക്ക് കേള്‍ക്കാനും നീ പറഞ്ഞത് മറ്റുള്ളവരോട് പങ്കിടാനും ഞാന്‍ അല്ലെങ്കില്‍ ഞങ്ങള്‍ നിന്‍റെ പ്രിയപ്പെട്ട കൂട്ടുകാര്‍ ഇതാ…….. നിന്നോട് കൂടെ നിന്റെ അക്ഷരങ്ങളുടെ കൂടെ……
അതെ. പറയാതെ പിരിഞ്ഞുപോയ ആരെയും അങ്ങനെയങ്ങ് പറഞ്ഞയക്കാന്‍ തയാറല്ല അവരുടെ കൂട്ടുകാര്‍. അതിനി പ്രസാദ് സോമരാജന്‍ ആയാലും മിഥുന്‍മേരി റാഫി ആയാലും. ഇന്നോളം അവര്‍ പറഞ്ഞതൊക്കെ ചേര്‍ത്തുവച്ച് അക്ഷരങ്ങള്‍ കോര്‍ത്തുണ്ടാക്കിയ സ്നേഹമാല്യം മറ്റുള്ളവരിലെത്തിക്കുകയാണ് ഇവരുടെ കൂട്ടുകാര്‍ ചെയ്യുന്നത്. അകാലത്തില്‍ പിരിഞ്ഞുപോയ പ്രസാദ് സോമരാജന്‍റെ കവിതകള്‍ കോര്‍ത്തിണക്കി “വഴികളില്ലാത്ത വീട്” എന്നൊരു പുസ്തകം കൂട്ടുകാര്‍ പ്രകാശനം ചെയ്തത് ഈ കഴിഞ്ഞ ജനുവരിയിലാണ്.

അക്ഷരങ്ങളില്‍ ആത്മാവിനെ അവശേഷിപ്പിച്ചുപോയ മിഥുന്റെ സ്നേഹവും പുസ്തകമായി നമുക്കു മുന്നിലെത്തിയിരിക്കുന്നു. പാതിവഴിയില്‍ മുറിഞ്ഞുപോയെങ്കിലും മിഥുന്‍ പറഞ്ഞതൊക്കെയും ആഴമുള്ളവയായിരുന്നു. മരണത്തെക്കുറിച്ച് മാത്രം എഴുതി അതിനു കൂട്ടുകാരുടെ ശകാരം വാങ്ങിയെടുത്ത അവന്‍ മരണത്തിന്‍റെ വഴിയെ പോയപ്പോള്‍ ശബ്ദിക്കാന്‍ പോലും മറന്നുപോയി കൂട്ടുകാര്‍. എന്നാല്‍ ആ നിശ്ചലതയെ, ആ നിശബ്ദതയെ ഈണവും താളവും നല്‍കി അവരൊരു കാവ്യമാക്കിമാറ്റി. ഫേസ്ബുക്കില്‍ മിഥുന്‍ അവര്‍ക്കായി കോറിയിട്ട ഓരോ വാക്കുകളും വരികളും കണ്ടെടുത്ത്, അതിനെ സ്നേഹമെന്ന നൂലില്‍കോര്‍ത്ത് മണമുള്ളൊരു മാലയാക്കി അവര്‍ മണ്മറഞ്ഞുപോയവനോടുള്ള സ്നേഹം കാട്ടി. സൗമ്യതയുടെ ആള്‍രൂപമായി എല്ലാവരുടെയും മനസ്സില്‍ നിറഞ്ഞുനിന്നിരുന്ന അവരുടെ പ്രിയപ്പെട്ട കൂട്ടുകാരന്‍റെ ഓര്‍മ്മയ്ക്കായി നാനാഭാഗത്തുനിന്നും അവര്‍ പാലക്കാടിന്‍റെ മണ്ണില്‍ ഒത്തുകൂടി. കൂട്ടുകാരന്‍റെ സ്വന്തം മണ്ണില്‍, അവന്‍റെ പ്രിയപ്പെട്ടവര്‍ക്കൊപ്പം. ഒരു പുസ്തകത്തിലൊതുങ്ങാത്ത സ്നേഹം അവര്‍ക്കായി നല്‍കിയ അവരുടെ മിഥുനു വേണ്ടി.

നിറയെ സ്നേഹവുമായി ഒരു മകനെ ലോകത്തിനു സമ്മാനിച്ച ഒരമ്മയ്ക്ക് അവന്‍റെ കൂട്ടുകാരുടെ സ്നേഹം, അവന്റെ മരണശേഷം ഒരു പുസ്തകരൂപത്തില്‍ ഏറ്റുവാങ്ങേണ്ടി വരുമ്പോള്‍ എന്തായിരിക്കും തോന്നിയിട്ടുണ്ടാകുക? ഒരു മകനുപകരം നൂറുനൂറു മക്കളെ കിട്ടിയതിന്‍റെ സന്തോഷത്തെക്കാള്‍ എല്ലാവരെയും സ്നേഹിക്കുന്ന എല്ലാവരാലും സ്നേഹിക്കപ്പെടുന്ന മകനെ പ്രസവിച്ച ഒരമ്മയുടെ സന്തോഷമായിരിക്കില്ലേ ആ മനസ്സില്‍ നിറഞ്ഞിട്ടുണ്ടാകുക? തീര്‍ച്ചയായും ആയിരിക്കും.

പാലക്കാട് ലൈബ്രറി ഹാളില്‍ മിഥുന്റെ പുസ്തകപ്രകാശനചടങ്ങില്‍ മിഥുന്റെ അമ്മ മേരി റാഫിയെ കൂടാതെ അനിയത്തിമാരും പങ്കെടുത്തു. കൂടാതെ പ്രശസ്ത കവി മനോജ് കാട്ടാമ്പള്ളി, ദീപ നിശാന്ത്, ടി പി വേണുഗോപാലന്‍, കുഴൂര്‍ വിത്സന്‍, ടി ജി അജിത, പി വി സുകുമാരന്‍, ആദര്‍ശ് ദാമോദരന്‍, സുധാകരന്‍ വടക്കാഞ്ചേരി, അജയ്കുമാര്‍, ഷഫീര്‍ പൂവത്തുംകടവില്‍, ഷാജി കൊച്ചുകടവന്‍, സീന ഷാനവാസ്, ജ്യോതി മാനുഷികം എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ഇന്നും മിഥുനെ സ്നേഹിക്കുന്ന നൂറുകണക്കിന് കൂട്ടുകാരുടെ മുന്നില്‍വച്ച് പുസ്തകത്തിന്റെ ആദ്യപ്രതി മിഥുന്റെ അമ്മ ഏറ്റുവാങ്ങി.

കണ്ടുകണ്ടിരിക്കുമ്പോള്‍ പെട്ടെന്നൊരാള്‍ കൂട്ടത്തിലില്ലാതായാല്‍ എന്നേക്കുമായി അയാളെ ഉപേക്ഷിച്ചുകളയാന്‍ തയാറല്ല കൂട്ടുകാര്‍ എന്ന് മിഥുന്റെ കൂട്ടുകാര്‍ തെളിയിച്ചിരിക്കുകയാണ്. നല്ല നല്ല എഴുത്തുകള്‍ കൂട്ടിവച്ച് അവരൊരുക്കിയ പുസ്തകം, “പറയാതെപോയവന്‍ ബാക്കിവച്ചത്” എല്ലാവരിലും എത്തിക്കാനുള്ള ശ്രമത്തിലാണ് അവര്‍. തങ്ങളുടെ പ്രിയകൂട്ടുകാരനെ അറിഞ്ഞവര്‍ക്ക് ഒന്നുകൂടി ഓര്‍ക്കാനും അറിയാത്തവര്‍ക്ക് അവനെ അറിയിച്ചുകൊടുക്കാനുമായി.

” ഉറ്റവരുടേയെല്ലാം ആത്മാവില്‍ അപകടകരമായ അളവില്‍ തങ്ങളുടെ ഓര്‍മകളെ കലര്‍ത്തിക്കൊണ്ട് ചിരഞ്ജീവി ആകാന്‍ മനുഷ്യര്‍ പരസ്പരം ചെയ്യുന്ന വിലപിടിച്ച ചതിയാണ് മരണം !”  മിഥുന്റെ വാക്കുകള്‍.  അതേ, പ്രിയസ്നേഹിതാ… അത്യധികം അപകടകരമായ അളവില്‍ നിന്‍റെയോര്‍മ്മകള്‍ നിന്‍റെ പ്രിയപ്പെട്ടവരില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്, നീ പറഞ്ഞുപോയതുപോലെ തന്നെ…

One Response to “പറയാതെ പോയവന്‍ പറഞ്ഞിട്ടുപോയത്: സ്നേഹനൂലില്‍ കോര്‍ത്ത അക്ഷരമുത്തുകള്‍”

  1. Asha

    അത്യധികം അപകടകരമായ അളവില്‍ നിന്‍റെയോര്‍മ്മകള്‍ നിന്‍റെ പ്രിയപ്പെട്ടവരില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്..സത്യം

    Reply
%d bloggers like this: