ബത്തൂലിനെ കുറിപ്പുകൾ: മമ്മദ് കോയ എന്ന 65 കാരൻ …!

തന്റെ ആരുമല്ല എന്ന ഉറച്ച ബോധ്യമുണ്ടായാലും ചില മരണങ്ങൾ ഹൃദയത്തിൽ വല്ലാത്ത കൊളുത്തി വലിയുണ്ടാക്കും …!

ഉള്ളിൽ കിടന്ന് വല്ലാതങ്ങ് നീറി നീറി പുകയും …!

കഴിഞ്ഞ ഒന്നര വർഷക്കാലമായ് വാർഡിലും ,ഒ.പിയിലും നിരന്തരമായ് ICU വിലും സ്ഥിരമായി കാണുന്ന ഒരു മുഖമുണ്ട് …
മമ്മദ് കോയ എന്ന 65 കാരൻ …!
എന്തോ ഞങ്ങൾ പെട്ടെന്ന് തന്നെ വലിയ കൂട്ടായി…

രോഗത്തിന്റെ മൂർദ്ദന്യാവസ്ഥയിലാവുമ്പോൾ പലപ്പോഴും വളരെ മോഷമായി ഉപ്പ സംസാരിക്കും ..
ഫസ്റ്റ് ഇയർ പഠനകാലത്ത് അത് ഒരു തരത്തിൽ വലിയ സങ്കടമായിരുന്നു ..!
പിന്നീടാണ് ബോധപൂർവ്വമല്ല ,രോഗം കാരണമാണിങ്ങനെ സംഭവിക്കുന്നതെന്ന് മനസ്സിലായത് …!

ചീത്തകേട്ടാലും ഞാൻ പുഞ്ചിരിച്ച് നിൽക്കും ,എന്നിട്ട് ഡിസ്ചാർജായി പോവാൻ നിക്കുമ്പോ ഇത് പറഞ് ഞാൻ കളിയാക്കും …!
കൂടെ അവരുടെ ഭാര്യയും കൂടും..
‘ങ്ങളീ മോളെ ന്തക്കാ പറഞ്ഞീനത് ന്ന് അറയ്വോ..?’
അപ്പൊ ഒന്നും അറിയാത്ത പോലെ ചിരിച്ചു കൊണ്ട് സലാം പറഞ് പിരിയും ആ മനുഷ്യൻ…!

ഒരിക്കൽ ICU ൽ വെച്ച് എന്റെ കൈ മുറുകെ പിടിച്ചു , എന്നിട്ട് കുറേ പരാതികൾ പറഞ്ഞു ..
അന്ന് ചീഫ് ഡോക്ടർ വന്നിട്ടും എന്റെ കൈവിടാതെ പിടിച്ച് വച്ചത് മുതൽ എല്ലാവരും എന്നെ ഉപ്പാന്റെ മോളാക്കി …

കഴിഞ്ഞ മൂന്നാലു വർഷങ്ങളായ് ഓക്സിജന്റെയും മറ്റു യന്ത്രങ്ങളുടെയും സഹായം കൊണ്ടൊന്നു മാത്രമാണ് ഉപ്പ ജീവിച്ചു പോന്നത് …

എന്നിട്ടും മക്കൾ ഉപ്പാനെ കടൽ കാണിക്കാൻ കൊണ്ടുപോവുകയും അത്രയും നീളത്തിൽ ഓക്സിജന്റെ വയർ നീട്ടി ബീച്ചിലുടെ നടത്തിക്കുകയും ഒക്കെ ചെയ്യുമായിരുന്നു …!
ഉപ്പ എന്ത് പറയുന്നോ അതാണാ മക്കൾക്ക് വലുത് ,അതിനപ്പുറം ഒന്നുമില്ല …!
അവർക്കിടയിലെ ബന്ധത്തിന്റെ ശക്തി അനുഭവിച്ചറിയാനാവും …!

എത്രയൊക്കെ അസഭ്യം വിളിച്ചു പറഞാലും ഉപ്പയെ അവർ രാജാവിനെ പോലെ തന്നെയാണ് നോക്കിയത് …
ഇന്ന് മമ്മദ് കോയ മരണപ്പെട്ടു എന്ന വാർത്ത കേട്ടതു മുതൽ വല്ലാത്തൊരു നീറ്റലനുഭവപ്പെടുന്നുണ്ട് …!

ചിലരങ്ങിനെയാണ് ,
ബന്ധംകൊണ്ടോ സ്വന്തംകൊണ്ടോ ആരുമല്ലായിരിക്കും ,
പക്ഷേ…. ജന്മാന്തരങ്ങളിലെവിടെയോ ഹൃദയത്തോട് ചേർത്ത് വെച്ചവർ …!

ഭാഗ്യവാനായ ആ ഉപ്പയെ സ്വർഗ്ഗത്തിൽ വെച്ചിനിയും കാണുമായിരിക്കും ….<3
നാഥൻ തുണക്കട്ടെ ..<3

No Comments

Be the first to start a conversation

%d bloggers like this: