ബിജുമേനോന്‍റെ സ്വന്തം അനുരാഗ കരിക്കിന്‍വെള്ളം

ആഗസ്റ്റ് സിനിമാസിന്റെ പെരുന്നാൾ ചിത്രം ആയിരുന്നു അനുരാഗ കരിക്കിൻ വെള്ളം. പേരിൽ തന്നെ അനുരാഗം വിളിച്ചോതുന്നു എങ്കിലും ചിത്രം പൈങ്കിളി പ്രണയം സമ്മാനിക്കുന്നതല്ല. അമൽ നീരദിന്റെ ശിഷ്യനായ ഖാലിദ് റഹ്മാന്റെ ആദ്യ സംവിധാന സംരംഭം. നമ്മുക്കിടയിലെ ജീവിത കാഴ്ചകളിൽ ഊന്നി നമ്മളോട് കഥപറയുന്ന രീതി കൈവരിക്കുന്ന മിക്ക ചിത്രങ്ങളും പ്രേക്ഷകപ്രീതി നേടുന്നു. കാശ് മുടക്കി പടം കാണുന്ന ഏതൊരാളിനേയും സംതൃപ്ത്തിപെടുത്താൻ ഉള്ള ഒരു ലാളിത്യവും യാഥാർഥ്യവും ചിത്രം ആദ്യാവസാനം കാത്ത് സൂക്ഷിക്കുന്നു.
══════════════════════
കഥയിലെ സാരം:- ഒരു കുടുംബം പശ്ചാത്തലമാക്കിയാണ് ചിത്രം കഥ പറയുന്നത്. അമ്മ അച്ഛൻ ഇവരുടെ രണ്ട് മക്കൾ ഇവരുടെ കുടുംബ കാഴ്ചകളും പ്രണയവും മറ്റുമായി ചിത്രം നീങ്ങുന്നു. ഇവിടെ അച്ഛൻ പോലീസിൽ SI ആണ് പേര് രഘു(ബിജു മേനോൻ) അമ്മ സുമ(ആശാ ശരത്) മൂത്തത് മകനാണ് അഭിലാഷ്-അബി(ആസിഫ് അലി) എഞ്ചിനീറിംഗ് കഴിഞ്ഞ് ചെറിയ ഒരു ജോലിയുമായി പോകുന്നു. ഇളയത് പെൺകുട്ടിയാണ് സ്കൂൾ പഠനം. അബിയുടെ പ്രണയിനിയാണ് എലിസബത്ത്-എലി (റജീഷ വിജയൻ), എലിസബത്തും അബിയും വർഷങ്ങളായി പ്രണയത്തിലാണ്. ഇവരുടെ പ്രണയത്തിൽ പെട്ടെന്ന് ഒരു നാൾ അബി ഒരു തീരുമാനം എടുക്കുന്നു. തുടർ സംഭവങ്ങളും മറ്റുമായി ആണ് കരിക്കിൻ വെള്ളം നമ്മുക്ക് മുന്നിൽ എത്തുന്നത്.
══════════════════════
ഒരു വീട്ടിലെ ദൈനംദിന പ്രവർത്തികളും, ചെയ്യുന്ന ജോലിയിൽ തന്നെ അലസനായ അബിയുടെ പ്രകൃതം പ്രണയത്തിലും പ്രതിഫലിക്കുന്നതും, പ്രണയിനിയുടെ വിഷാദപൂരിതമായ ചെയ്തികളും, ചിരിപ്പിക്കാൻ വേണ്ടി അല്ലാതെ ചിട്ടപ്പെടുത്തി എന്ന് തോന്നിപ്പിക്കാത്ത നർമ്മവും എല്ലാം ആദ്യ പകുതിയെ പ്രധാനമായും കൊണ്ട് പോകുന്നു. മകന്റെ പ്രണയത്തിനൊപ്പം കൗമാരത്തിൽ പൊലിഞ്ഞ അച്ഛന്റെ പറയാൻ ബാക്കി വച്ച പ്രണയവും മറ്റും പ്രതിബാധിച്ച ആദ്യ പകുതി തീർന്നത് നാം അറിഞ്ഞതേ ഇല്ല. “ഇടവേള” എന്ന് എഴുതിക്കാണിക്കുമ്പോൾ പോലും ആദ്യ പകുതി കഴിഞ്ഞോ എന്ന ചിന്ത നമ്മളിൽ ഉണർത്തുന്നു.

ആദ്യ പകുതിയോട് പൂർണ്ണമായി യോജിക്കുന്ന അതേ വേഗത്തിൽ ചേർന്ന രണ്ടാം പകുതിയും ചിത്രത്തെ വിരസത കൂടാതെ കണ്ട് തീർക്കാൻ ഉദകുന്നു. കണ്ട് മടുത്ത നിരവധി ക്ലൈമാക്സിൽ നിന്നും തീർത്തും വ്യത്യസ്തമായി നാം ചിന്തിക്കാത്ത ഇടത്ത് ചിത്രം നല്ല നിലയിൽ പര്യവസാനിക്കുന്നു.
══════════════════════
ആസിഫ് അലി:- സത്യം പറഞ്ഞാൽ മേക്ക്-അപ്പിന്റെ അതിപ്രസരം മുഖത്ത് ഉപയോഗിക്കാത്ത യുവനടന്മാരിൽ ഒരാളാണ് ആസിഫ് അലി. കാമുകനായും മകനായുമൊക്കെ നല്ല രീതിയിൽ പ്രകടനം കാഴ്ചവച്ചു തികച്ചും നാച്ചുറൽ. തന്റെ കരിയറിലെ മറ്റൊരു മികച്ച ചിത്രം

ബിജു മേനോൻ:- ലീലയിലെ മാമച്ചനിൽ നിന്ന് അച്ഛനിലേക്ക് വന്ന ബിജുമേനോൻ ശരിക്കും പക്വതയാർന്നതും പരുക്കാനായതും(പോലീസ് ഡ്യൂട്ടിയിൽ) ആയ ഒരു വേഷം ശരിക്കും നന്നാക്കി . ഉള്ളിലെ കാമുകൻ പുറത്ത് കാണിക്കാൻ പ്രാപ്തമായ ഫോൺ നമ്പർ കിട്ടുന്ന സീനിലൊക്കെ ആ മുഖം ശരിക്കും മനസ്സിൽ നിന്ന് പോകുന്നില്ല.

ആശാ ശരത്:- ദേഷ്യത്തോടെ ഉള്ള സംഭാഷണങ്ങൾ ചെയ്യുന്നതിനേക്കാൾ ആശാ ശരത്തിന് ചേരുന്നത് ഇത്തരം വേഷങ്ങൾ തന്നെ. ഭർത്താവിനെ ദൈവ തുല്യം സ്നേഹിച്ച് ഭയ ഭക്തി ബഹുമാനത്തോടെ നോക്കികാണുന്ന ഭാര്യയായി ശരിക്കും അമ്പരപ്പിച്ചു. കൃത്യമായി അളന്ന് തൂക്കിയ പ്രകടനം. ഒപ്പം ഏതൊരു യുവാക്കൾക്കും ഒരു നിമിഷം സ്വന്തം അമ്മയെ ഒന്നോർക്കുമാറ് മികച്ച കഥാപാത്രവും.

റജീഷ വിജയൻ:- ടി വി ചാനലുകളിൽ അവതാരകയായ റജീഷയെ ഉഗ്രം ഉജ്ജ്വലം എന്ന പ്രോഗ്രാമിലൂടെയാണ് ഞാൻ ആദ്യം കാണുന്നത്. സാധാരണ യുവനടികളിൽ പോരായ്മകൾ നിഴലിക്കുന്ന ഇമോഷണൽ സീനുകൾ ഉൾപ്പെടെ എല്ലാം അതിന്റേതായ ഭാവത്തിൽ ചെയ്തു.

സൗബിൻ ഷാഹിർ ശ്രീനാഥ് ഭാസി എന്നിവർക്ക് പറ്റുന്ന രീതിയിൽ നമ്മളെ ചിരിപ്പിക്കാൻ ആയി. സൗബിന്റെ പേരിൽ തന്നെ കോമഡി ആയിരുന്നു … ഫക്രു

══════════════════════
ഷൈജു ഖാലിദിന്റെ സഹോദരനായ ജിംഷി ഖാലിദ് ആണ് ചിത്രത്തിന് ഛായാഗ്രാഹണം നിർവ്വഹിച്ചിരിക്കുന്നത്. വീട്ടിലെ രംഗങ്ങൾ എല്ലാം മികച്ച് നിന്നു. ചുറ്റുപാടിന് അതേ പടിയുള്ള ലൈറ്റും കളർടോണും എല്ലാം ചേർത്ത് ഭംഗിയായ വിഷ്വൽസ് ലഭിച്ചു. ബൈക്കിലും ജീപ്പിലും ഉള്ള യാത്രാ സീനുകളും ഇടയ്ക്കിടെ ചിത്രത്തിൽ വരുന്നുണ്ട്.
അതും ഒരു വിധം മികച്ചതാക്കാൻ ജിംഷിക്ക് ആയി. നൗഫൽ അബ്ദുള്ളയുടേത് ആയിരുന്നു ചിത്രത്തിന്റെ എഡിറ്റിംഗ്. തരക്കേടില്ലാതെ തന്റെ കർത്തവ്യം പൂർത്തിയാക്കാൻ നൗഫലിനും ആയി.

പ്രശാന്ത് പിള്ളയാണ് ചിത്രത്തിന് ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ഗാനങ്ങൾ അത്ര മനസ്സിൽ തട്ടുന്ന ഒന്നല്ല എങ്കിലും അവസാനം വന്ന “പോയി മറഞ്ഞോ” എന്ന ഗാനം സാഹചര്യങ്ങൾക്ക് ചേരുന്നതും തിയേറ്ററിൽ ആസ്വാദ്യകരവും ആയിരുന്നു. കഥാ ഗതിക്കും സന്ദർഭങ്ങൾക്കും സംഭാഷണങ്ങൾക്കും ചേരുന്ന പശ്ചാത്തലസംഗീതം ഒരുക്കാനും അദ്ദേഹത്തിനായി.
══════════════════════
ഇന്നത്തെ യുവാക്കൾക്കും യുവതികളും ചിത്രം നോക്കി കാണുമ്പോൾ തങ്ങളുടെ കലാലയ ജീവിത പ്രണയം ചിലപ്പോൾ ഓർമ്മ വരാം. ഒരു ഗൃഹനാഥനോ അമ്മയോ കണ്ടാൽ ചിത്രം അതിൽ നിങ്ങളുടെ ജീവിതം ഓർമ്മപ്പെടുത്തും. നാഗരികതയിലെ ജീവിത കാഴ്ചകൾ ആണ് ചിത്രത്തിലൂടെ കാണിക്കുന്നത് എങ്കിലും സുമ എന്ന അമ്മ കഥാപാത്രം തികച്ചും നാട്ടിൻ പുറങ്ങളിൽ നാം കാണുന്ന അമ്മയെ ഓർമ്മപ്പെടുത്തി. ആ ഒരു ലാളനയും സ്നേഹവും ഭയവും ഭീതിയും ബഹുമാനവും എല്ലാം ശരിക്കും കണ്ണെടുക്കാതെ ആസ്വദിച്ചു പോയി. ആ അമ്മയുടെ വാത്സല്യം വരച്ചു കാണിക്കുന്നതിലും ഖാലിദ് റഹ്മാൻ അതീവ ശ്രദ്ധ ചെലുത്തി. സുമ ഗേറ്റിന് വെളിയിൽ മകനേയും അച്ഛനെയും യാത്ര അയച്ചിട്ട് നോക്കി നിൽക്കുന്ന ഒരു സീൻ ഉണ്ട്, “എന്നെ നോക്കി ഇല്ലേലും ഞാൻ അവരെ നോക്കുന്നില്ല ” എന്ന് ചോദിക്കുന്നതും ആ അമ്മയിലെ വാത്സല്യത്തെ വിളിച്ചോതി.

ഗാർഹിക ജീവിതത്തിലെ നേർക്കാഴ്ചകൾ, സുഹൃത്തുകൾക്ക് ഇടയിലെ സൗഹൃദത്തിന്റെ രസകരമായ കാഴ്ചകൾ, പ്രണയത്തിലെ ഇത് കണ്ടിട്ടില്ലാത്ത ചില കാഴ്ചകൾ ഇതെല്ലാം അതിന്റെതായ ഭാവത്തിൽ ചിത്രത്തിൽ കാണിച്ചിട്ടുണ്ട്.
പൂർണ്ണമായും റിയലസ്റ്റിക്ക് ചിത്രം എന്ന് പറയാൻ പറ്റില്ല എന്ന് എനിക്ക് തോന്നുന്നു, കാരണം ചിത്രം ഒടുവിലേക്ക് അടുക്കുന്ന ഭാഗം(സെമിത്തേരി സീൻ) ഒക്കെ ഒരു നല്ല സിനിമാറ്റിക് ആയും അല്പം നാടകീയമായും തോന്നി.

ഉള്ള വേഷങ്ങൾക്ക് എല്ലാം ഒരു പൂർണ്ണത ചിത്രം നൽകുന്നുണ്ട്. അത് ഫക്രുവിന്റെ ആയാലും കിച്ചുവിന്റെ ആയാലും എല്ലാം. അധിക പ്രാധാന്യം അർഹിക്കുന്ന ഒന്നല്ല എങ്കിലും ദാദിയുടെ ബെർത്ത് ഡേ ആഘോഷവും വാപ്പയുടെ പുതിയ സന്താനത്തിന്റെ ആഘോഷവും എല്ലാം കൊണ്ട് വന്നതും ഒരു ആസ്വാദ്യകരമായ സീനുകളാണ്.
നഷ്ട പ്രണയത്തെ മനസ്സിൽ സൂക്ഷിക്കുന്ന ഭർത്താവിന്റെ മനസ്സ് അതേ പാരമ്യത്തിൽ മനസ്സിലാക്കി സംശയ ദൃഷ്ടിയോടെ ഭാര്യ നോക്കിക്കാണാതെ കാണിച്ചതും പലരും ചിന്തിച്ചതിൽ നിന്നും വ്യത്യസ്തമായിരുന്നു . തിരക്ക് പിടിച്ച ജീവിതത്തിൽ സ്വന്തം ഭാര്യയെ ഒന്ന് ചുംബിക്കാൻ പോലും പരവശനാകുന്ന ഭർത്താവ് കാണിക്കുന്ന ചെയ്തികളും അക്ഷരാർത്ഥത്തിൽ ശരിയായ രീതിയിൽ തന്നെ കാണിച്ചു.
══════════════════════
മനസ്സിനെ ശാന്തമാക്കി നല്ല രീതിയിൽ ആസ്വദിച്ച് കാണാൻ ഉള്ള ഒരു കോച്ച് ചിത്രം ആണ് അനുരാഗ കരിക്കിൻ വെള്ളം. പേര് പോലെ അനുരാഗം അത് കരിക്കിൻ വെള്ളം പോലെ പരിശുദ്ധമായി അവതരിപ്പിച്ചിട്ടുണ്ട്. ദ്വയാർത്ഥ പദ പ്രയോഗങ്ങൾ ചിത്രത്തിൽ ഇല്ല. വലിച്ച് നീട്ടി ആവിശ്യം ഇല്ലാത്ത കുത്തിതിരുകലുകൾ ചിത്രത്തിൽ ഇല്ല എല്ലാം കൊണ്ടും നിങ്ങളെ പിടിച്ചിരുത്തുന്ന ഒരു എലമെന്റ് ചിത്രത്തിൽ ഉണ്ട്.

എ ഫീൽ ഗുഡ് മൂവി

റിവ്യൂ  : ശ്രീകാന്ത് കൊല്ലം 

ഗൂഡാര്‍ത്ഥ പദങ്ങളില്ലാതെ അത്യന്തം രസകരമായി വളരെക്കുറഞ്ഞ വാചകങ്ങളില്‍ സിനിമാ നിരൂപണങ്ങള്‍ എഴുതുന്നയാളാണ് ശ്രീകാന്ത് കൊല്ലം. കൂടുതല്‍ സിനിമകളുടെ റിവ്യൂകള്‍ വായിക്കാനായി

https://www.facebook.com/sree.kanth.3914  എന്ന ലിങ്കില്‍ ക്ളിക് ചെയ്യുക.

 

No Comments

Be the first to start a conversation

%d bloggers like this: