ബിജെപിയെ വെല്ലുവിളിച്ച്‌ ആദിവാസി നേതാവ്

താന്‍ ആദിവാസി ആചാരപ്രകാരം പശുവിനെ ബലികൊടുക്കുമെന്നും ധൈര്യമുണ്ടെങ്കില്‍ തടയൂ എന്നും ജാര്‍ഖണ്ഡിലെ ബിജെപി സര്‍ക്കാരിനെ വെല്ലുവിളിച്ച്‌ മുന്‍ മന്ത്രിയും ആദിവാസിനേതാവുമായ ബണ്ഡു ടിര്‍ക്കെ. വിശേഷാവസരങ്ങളില്‍ സ്മാരകശിലകള്‍ സ്ഥാപിക്കുന്ന ഗോത്രാചാരത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ മാധ്യമങ്ങളില്‍ പരസ്യം നല്‍കിയ സാഹചര്യത്തിലാണ് ടിര്‍ക്കെയുടെ വെല്ലുവിളി. പാരമ്ബര്യങ്ങള്‍ക്കും ആചാരങ്ങള്‍ക്കും നേരെയുള്ള കടന്നാക്രമണം ആദിവാസിജനതയ്ക്ക് പൊറുക്കാന്‍ കഴിയില്ലെന്ന് മുന്‍ വിദ്യാഭ്യാസമന്ത്രിയും ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച നേതാവുമായ ടിര്‍ക്കെ പറഞ്ഞു.

ആഘോഷവേളകളിലും ഗ്രാമങ്ങളുടെ അതിര്‍ത്തി നിര്‍ണയിക്കാനും ആദിവാസികളുടെ അവകാശങ്ങള്‍ പ്രഖ്യാപിക്കാനും ഉയരമുള്ള ഒറ്റശിലകള്‍ സ്ഥാപിക്കുന്ന ആചാരത്തിനെതിരെയാണ് സര്‍ക്കാര്‍ പരസ്യം നല്‍കിയത്. ഈ ആചാരം വികസനപദ്ധതികള്‍ക്ക് തടസ്സം സൃഷ്ടിക്കുന്നുവെന്നാണ് സര്‍ക്കാര്‍ വാദം. ആചാരം പിന്തുടര്‍ന്നാല്‍ നിയമനടപടി നേരിടേണ്ടിവരുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

എന്നാല്‍, പട്തല്‍ഗഡി എന്ന പേരിലുള്ള ഈ ആചാരം ആദിവാസികളുടെ പരമ്ബരാഗത അവകാശമാണെന്ന് ടിര്‍ക്കെ പറയുന്നു. ഇത്തരത്തില്‍ പട്തല്‍ഗഡി ശില സ്ഥാപിച്ചിട്ടുള്ള ബന്‍ഹോര ഗ്രാമത്തില്‍ വരുന്ന ഫെബ്രുവരി 17ന് താന്‍ കറുത്ത പശുവിനെ ബലികൊടുക്കുമെന്നും ടിര്‍ക്കെ പ്രഖ്യാപിച്ചു. ധൈര്യമുണ്ടെങ്കില്‍ സര്‍ക്കാര്‍ തന്നെ തടയട്ടെ- അദ്ദേഹം പറഞ്ഞു. ജാര്‍ഖണ്ഡില്‍ 2005 മുതല്‍ ഗോവധത്തിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ഓരോ 12 വര്‍ഷം കൂടുമ്ബോഴും ആദിവാസിവിഭാഗത്തിലെ പുരോഹിതര്‍ കറുത്ത പശുവിനെ ബലികൊടുക്കുന്ന പതിവുണ്ടെന്ന് ടിര്‍ക്കെ പറഞ്ഞു. 3.3 കോടി ജനസംഖ്യയുള്ള സംസ്ഥാനത്തെ 26.2 ശതമാനം പേരും ആദിവാസിവിഭാഗങ്ങളില്‍പ്പെട്ടവരാണ്.

ടിര്‍ക്കെയുടെ വെല്ലുവിളി ബിജെപിയെ വെട്ടിലാക്കി. സംസ്ഥാനത്ത് വനഭൂമി കോര്‍പറേറ്റുകള്‍ക്ക് പതിച്ചുകൊടുക്കാന്‍ നിയമം കൊണ്ടുവന്ന ബിജെപി സര്‍ക്കാരിനെതിരെ സമരംചെയ്ത ആദിവാസികളെ വെടിവച്ച്‌ കൊലപ്പെടുത്തിയിരുന്നു. ഇതിനിടെയിലാണ് പുതിയ സംഭവവികാസം.

No Comments

Be the first to start a conversation

%d bloggers like this: