മണല്‍ കടത്തു വിവാദവുമായി ബന്ധപ്പെട്ട് ജസീറ പ്രതികരിക്കുന്നു

ലിഷ വി.എന്‍

രു സ്ത്രീ എന്ന പരിഗണന ജസീറയ്ക്ക് നല്‍കേണ്ട ആവശ്യമില്ല.കാരണം,ഒരു സാധാരണ സ്ത്രീയ്ക്ക് ചെയ്യാവുന്നതിലും എത്രയോ കൂടുതല്‍ കാര്യങ്ങളാണ് അവര്‍ ചെയ്തത്/ചെയ്തുകൊണ്ടിരിക്കുന്നത് .ഒരു സ്ത്രീ പരിസ്ഥിതി പ്രശ്നങ്ങളുടെ ഭീകരത ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ നേരിടേണ്ടിവരുന്ന എല്ലാ പ്രശ്നങ്ങളും അവരെയും പിന്തുടരുകയാണ് ഇപ്പോഴും.എന്നാല്‍ അസഹിഷ്ണുതയുടെ മൂര്‍ത്തീഭാവമണിഞ്ഞ് സമൂഹം അവര്‍ക്ക് നേരെ ആരോപണങ്ങളും ആക്ഷേപങ്ങളും എയ്തുവിട്ടപ്പോഴും ആവേശം ഒരുതരിപോലും വിടാതെ ജസീറ ഒറ്റയാള്‍പ്പട്ടാളമായി നിലകൊണ്ടു. പതിറ്റാണ്ടുകളായി കടല്‍ത്തീരം വെട്ടിമുറിച്ച് പങ്കുവെച്ചു തിന്നുന്ന ഒരു ജനതയുടെ ശത്രുപദവിയിലേയ്ക്ക് ജസീറ എത്തിപ്പെട്ടത് രണ്ടരവര്‍ഷത്തെ നിരന്തരമായ സമരത്തിനും സഹനത്തിനും ശേഷമാണ്.

രണ്ടു ദിവസങ്ങള്‍ക്കു മുന്‍പ് ജസീറ മണല്‍ കടത്തി എന്ന ആരോപണവുമായി ഒരുകൂട്ടം ജനങ്ങള്‍ പരാതിയുമായി രംഗത്തെത്തുകയും അതിനെച്ചൊല്ലി ഒരുപാട് പ്രശ്നങ്ങള്‍ ഉടലെടുക്കുകയും ചെയ്തിരുന്നു . അതിന്റെ സത്യാവസ്ഥയെപറ്റി ജസീറ ഇ-ജാലകത്തോട് മനസു തുറക്കുന്നു.

  • പലവിധ ഭീഷണികള്‍ ഉണ്ടായിട്ടുപോലും മണല്‍ കടത്തിനെതിരെ ഒറ്റയ്ക്ക് പടവെട്ടിയ ആളാണ്‌ ജസീറ.എന്നിട്ടും ജസീറയ്ക്കെതിരെ മണല്‍ കടത്തു ആരോപണവുമായി നാട്ടുകാര്‍ മുന്നോട്ടു വന്നത് എന്തുകൊണ്ടാണ്? ഇതിന്റെ പിന്നില്‍ വല്ല സ്വാര്‍ത്ഥ താല്പര്യങ്ങളും ഉണ്ടെന്നു കരുതുന്നുണ്ടോ?കഴിഞ്ഞ ദിവസങ്ങളില്‍ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചത് ?

രണ്ടാഴ്ച മുന്‍പ് എംസാന്റ് ഇറക്കിയിട്ട്‌ ഞാന്‍ വീട് തേച്ചിരുന്നു.പാറപ്പൊടി പൈസ കൊടുത്തു വാങ്ങിയിട്ടാണ് ഞാന്‍ വീട് തേച്ചത്.ഇവിടുള്ളവര്‍ ഒക്കെ വിചാരിച്ചു ഞാന്‍ കടപ്പുറത്ത് നിന്നും മണ്ണ് എടുത്താണ് വീട് തേച്ചത്എന്ന് . അതുപോലെ ഈ പാറപ്പൊടിയുടെ ബാക്കി ബാലന്‍സ് തറ കോണ്ക്രീറ്റ് ചെയ്യാന്‍ വേണ്ടി വെച്ചിരുന്നു.അത്  കാറ്റത്തു പറന്നു പോവുമെന്ന് പേടിച്ചു ഞാന്‍ ഒരു ചുമന്ന തുണിയിട്ട് മൂടുകയും ചെയ്തു.അപ്പോള്‍ നാട്ടുകാര്‍ കരുതി ഞാന്‍ കടപ്പുറത്ത് നിന്നും മണ്ണ് എടുത്തു ആരും കാണാതിരിക്കാന്‍ വേണ്ടി മൂടി വെച്ചിരിക്കുകയാണെന്ന് .ഇവരുടെ ഊഹങ്ങളാണ് കഴിഞ്ഞ ദിവസം വാര്‍ത്തയായി എല്ലാവരും അരിഞ്ഞത്.പോലീസുകാര്‍ വന്നു നോക്കുമ്പോള്‍ അത് പാറപ്പൊടിയാണ് .കഴിഞ്ഞ ജൂലൈ മുതല്‍ കലക്ട്രേറ്റ്‌ സമരവുമായി ബന്ധപ്പെട്ടു കുറേക്കാലം ഞാന്‍ വീട്ടിലേയ്ക്ക് വന്നിട്ടില്ല.അപ്പോള്‍ ഈ ഷെഡ്‌ മുഴുവന്‍ പെരുച്ചാഴിയുടെ കേന്ദ്രമായി മാറി .ഒരു ഷെഡ്‌ ആണ് വീട്. ഇതിനു വാതില്‍ ഇല്ല. അപ്പോള്‍ ഈ പെരുച്ചാഴി കുഴിച്ചു മണ്ണ് മുഴുവന്‍ പുറത്തേക്കു വന്നു. കടലോരത്തെ വീടല്ലേ. എത്ര കുഴിച്ചാലും പൂഴിയല്ലേ കാണൂ.അപ്പോള്‍ ഏകദേശം ഒരു രണ്ടു ചട്ടിയോളം മണല്‍ വീടിന്റെ പരിസരത്ത് അങ്ങിങ്ങായി കിടപ്പുണ്ടായിരുന്നു.ആ മണ്ണ് ചൂണ്ടിക്കാണിച്ചാണ് ജസീറയെ അറസ്റ്റ് ചെയ്യണം അറസ്റ്റ് ചെയ്യണം എന്ന് നാട്ടുകാര്‍ മുറവിളി കൂട്ടുന്നത്.കടലിനടിയിലെ മണ്ണ് ജസീറ എടുത്തു എന്നൊക്കെയാണ് അവര്‍ പറയുന്നത്. എന്നാല്‍ ഈ പറയുന്നവര്‍ ആരും ജസീറ പൂഴി എടുക്കുന്നത് കണ്ടിട്ടില്ല. പോലീസുകാര്‍ അതെക്കുറിച്ച് ചോദിച്ചപ്പോള്‍ നാട്ടുകാരുടെ മറുപടി രാത്രിയാണ് ജസീറ പൂഴി കടത്തിയത് എന്നായിരുന്നു.പാതിരയ്ക്ക് ഒരു മണി സമയത്ത് ആരും
കാണാതെ ജസീറ മണല്‍ കടത്തുകയായിരുന്നു എന്നായിരുന്നു നാട്ടുകാരുടെ കണ്ടുപിടുത്തം !എന്നാല്‍ അപ്പോള്‍ എന്തുകൊണ്ട് നിങ്ങള്‍ പറഞ്ഞില്ല എന്ന് പോലീസുകാര്‍ തിരിച്ചു ചോദിച്ചപ്പോള്‍ നാട്ടുകാര്‍ക്ക് മറുപടി ഉണ്ടായില്ല. ഈ സംഭവം കഴിഞ്ഞു രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ മൂന്നു സ്ത്രീകളെ മണല്‍ കടത്തിന് അറസ്റ്റ് ചെയ്തു.ഞാന്‍ പരാതിനല്കിയ പ്രകാരം പോലീസ് വന്നു നേരിട്ട് കണ്ടു ബോധ്യപ്പെട്ട ശേഷം ആയിരുന്നു ആ അറസ്റ്റ് നടന്നത്.അവര്‍ മൂന്നു പേരെ അറസ്റ്റ് ചെയ്തത്കൊണ്ട് ജസീറയെ എന്തായാലും അറസ്റ്റുചെയ്യണം എന്നായിരുന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടത്. അതെന്തിനാണ് എന്ന് ചോദിച്ചപ്പോള്‍ ജസീറ രണ്ടാഴ്ച മുന്നേ മണ്ണെടുത്ത്‌ ഷെഡ്‌ കെട്ടി എന്ന് നാട്ടുകാര്‍. രണ്ടാഴ്ചയോളം നിങ്ങള്‍ എവിടെയായിരുന്നു എന്ന് പോലീസുകാര്‍ ചോദിച്ചു. അല്ലെങ്കില്‍ ജസീറ എടുത്ത മണ്ണ് ശേഖരിച്ചുവെച്ചത് കാണണം.അത് മാത്രമല്ല, ഷെഡ്‌ വാതില്‍ കൂടി ഇല്ലാത്തതാണ് അവിടെ ആരും
താമസമില്ല.അങ്ങനെയുള്ള ഒരു സ്ഥലത്ത് പെരുച്ചാഴി കുഴിച്ചു മണ്ണെടുത്തതിന് നമ്മള്‍ എങ്ങനെ ഉത്തരവാദിയാവും ?!

ഏകദേശം ആയിരത്തോളം വരുന്ന ജനാവലിയാണ് എന്‍റെ വീടിനു മുന്നില്‍ തടിച്ചുകൂടിയത്.ഒരേ സ്വരത്തില്‍ “ജസീറയെ അറസ്റ്റ് ചെയ്യണം ” എന്ന് മുറവിളി കൂട്ടുന്ന ജനക്കൂട്ടം. കയ്യിലോ ജസീറ മണല്‍ എടുത്തു എന്നതിന് ആര്‍ക്കും തെളിവുമില്ല.ആയിരം പേര്‍ ചേര്‍ന്ന് വിളിച്ചുപറഞ്ഞാല്‍ ഒരു കള്ളം സത്യമാവും എന്നാണു അവരുടെ വിചാരം. അവസാനം തഹസില്‍ദാര്‍ വന്നു നോക്കി.കുട്ടികള്‍ അപ്പം ചുട്ടു കളിച്ച കുറച്ചു മണ്ണ് കണ്ടു തൃപ്തിപ്പെടുകയാണ് ചെയ്തത്!കൂടി വന്നാല്‍ ഒന്നോ ഒന്നരയോ ചട്ടി മണ്ണ് മുറ്റത്ത്‌ കിടക്കുന്നത് കണ്ടാണ്‌
ഇവരൊക്കെ എന്നെ തെളിവെടുപ്പിന് കൊണ്ട് പോവണം എന്ന് പറഞ്ഞത്. ഇതെന്താ വല്ല ബോംബോ മറ്റോ ആണോ തെളിവെടുപ്പിന് കൊണ്ടുപോവാന്‍ ?! കടപ്പുറത്ത് പൂഴി അല്ലാതെ പിന്നെ എന്താണ് ഉണ്ടാവുക ?!വനിതാ പോലീസുകാരെ വരെ കൊണ്ടുവന്നു. മുറ്റതെങ്ങും പൂഴി കാണാതെ നിരാശരായപ്പോള്‍ എല്ലാരുടെയും പ്രതീക്ഷ ആ ചുവന്ന തുണിയിട്ട് മൂടിയ കൂനയില്‍ ആയിരുന്നു. തുറന്നുനോക്കിയപ്പോള്‍ എംസാന്റ് കണ്ടു എല്ലാവരും ഇളിഭ്യരായിപ്പോയി.

  • പോലീസ് വെറുതെ കയ്യുംകെട്ടി നോക്കിനിന്നോ?അവര്‍ ഒന്നും ചെയ്തില്ലേ ?

അവസാനം പോലീസ് അവര്‍ക്കെതിരെ കേസെടുത്തു. അപ്പോള്‍ അത് കള്ളക്കെസേന്നു ആരോപണം!മണിക്കൂറുകളോളം പോലീസുകാര്‍ ലൈവായി കണ്ടും അനുഭവിച്ചും അറിഞ്ഞതാണ് ജനക്കൂട്ടത്തിന്റെ പ്രതികരണം.മാത്രമല്ല പത്രമാധ്യമങ്ങള്‍ അത് ആഘോഷിക്കുകയും ചെയ്തു. എന്നിട്ട് അവര്‍ പറയുന്നു വീട് വളഞ്ഞെന്നു ജസീറ കള്ളക്കേസ് ചമച്ച് ഉണ്ടാക്കിയതാണെന്ന്.ആ വാദത്തിനു ബലമില്ലെന്നു മനസിലായപ്പോള്‍ തങ്ങളുടെ പരമ്പരാഗത തൊഴിലെടുക്കാന്‍ സമ്മതിക്കണം എന്നാണു അവര്‍ ആവശ്യപ്പെട്ടത് .മണല്‍ കടത്തല്‍
പൂര്‍ണ്ണമായും നിരോധിക്കാന്‍ ഹരിത ട്രൈബ്യൂണല്‍ കര്‍ശനമായ ഉത്തരവുകള്‍ ഇറക്കിയിരിക്കുന്ന കാലത്താണ് ഇവര്‍ ഈ മണല്‍ കടത്തല്‍ പരമ്പരാഗത തൊഴിലെന്നു പറഞ്ഞു ഇറങ്ങുന്നത്.ഒരു നിയമലംഘനത്തെ സമ്മതിച്ചുകൊടുത്തുകൊണ്ട് ജീവിക്കാന്‍ അനുവദിക്കണം എന്നും പറഞ്ഞു പോലീസ് സ്റെഷനില്‍ പരാതി പറഞ്ഞിട്ട് വല്ല കാര്യവും ഉണ്ടോ?

അങ്ങനെയാണെങ്കില്‍ ആമപിടുത്തം/ആനക്കൊമ്പ് ബിസിനസ് ഇവയൊക്കെ പരമ്പരാഗത തൊഴില്‍ ആയിരുന്നില്ലേ.നിയമലംഘനം ആയ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് എന്തിന്റെ പേരിലായാലും ഏതു വ്യക്തിയാണെങ്കിലും അവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടു വരേണ്ടതല്ലേ?

വേറെ ഒരു രസകരമായ കാര്യം ഉണ്ടായി. എന്റെ വീട് വളഞ്ഞതിനു പോലീസ് കുറെ ആളുകള്‍ക്കെതിരെ കേസെടുത്തു. അതിന്റെ ദേഷ്യത്തിന് ഇന്നലെ ഒരു നൂറോളം വരുന്ന സ്ത്രീകള്‍ കടപ്പുറത്ത് പോയി വരിവരിയായി നിന്ന് മണ്ണെടുത്തു.പോലീസ് ഓടി വന്നു. എന്നിട്ടും ഒരു കാര്യവും ഉണ്ടായില്ല.അവര്‍ മണ്ണെടുക്കല്‍ തുടര്‍ന്നു.പോലീസുകാര്‍ക്ക് ഒന്നും ചെയ്യാന്‍ ആയില്ല. സ്ത്രീകളല്ലേ,എന്തുചെയ്യാനാണ് ?വില്ലേജ് ഓഫീസര്‍ വന്നു. സഹികെട്ട് രണ്ടു വനിതാപോലീസുകാരെയും കൂട്ടി എസ്.ഐയും വന്നു.നാല് സ്ത്രീകളെ പോലീസ് അറസ്റ്റ്ചെയ്തു.അത് കണ്ടപ്പോഴേക്കും ബാക്കിയുള്ള സ്ത്രീകള്‍ ഇളകി. ജീപ്പിനു ചുറ്റും കൂടി നിന്ന് അവര്‍ ജയ് വിളിക്കാന്‍ തുടങ്ങി.വനിതാപോലീസ് അവരെ പുറത്തിറക്കി.അതിനിടെ അവര്‍ക്ക് പരിക്ക് പറ്റുകയും ചെയ്തു. അങ്ങനെ ആ സ്ത്രീകള്‍ക്കെതിരെ അവരുടെ ജോലി തടസപ്പെടുത്തി എന്ന് പറഞ്ഞു പോലീസ് കേസെടുത്തു.എന്റെ
വീട് വളഞ്ഞ അതേ കൂട്ടം തന്നെയായിരുന്നു ഇവിടെയും ഉണ്ടായിരുന്നത്. പതിനഞ്ചു സ്ത്രീകള്‍ക്കെതിരെ പോലീസ് കേസെടുത്തു.പോലീസ് കേസെടുത്തതിനു ജസീറയെ അറസ്റ്റ് ചെയ്യുക എന്നായിരുന്നു അവരുടെ അടുത്ത മുദ്രാവാക്യം!അതും പറഞ്ഞുകൊണ്ട് അവര്‍ പോലീസ് സ്റ്റേഷനില്‍ ചെന്ന് ബഹളം ഉണ്ടാക്കി!

 

  • നാട്ടുകാരുടെ ഒരു സപ്പോര്‍ട്ടും ഇല്ലാതെ ഇവിടെ ജസീറ എങ്ങനെ ജീവിക്കുന്നു ?

നാട്ടില്‍ എനിക്ക് നല്ല സപ്പോര്‍ട്ട് ഉണ്ട്. പക്ഷേ,പരസ്യമായി ഒരു സപ്പോര്‍ട്ട് ഞാന്‍ ആഗ്രഹിക്കുന്നില്ല. അങ്ങനെ വരുന്നവരെ ഞാന്‍ പ്രോല്സാഹിപ്പിക്കാറുമില്ല.കാരണം ഞാന്‍ ഏതായാലും ഇത്രയും ബുദ്ധിമുട്ടുകള്‍ അനുഭവിച്ചു. ഇനി ഞാന്‍ കാരണം മറ്റൊരാള്‍ കൂടി അത് അനുഭവിക്കാന്‍ ഇടവരരുത്.വീട് വളഞ്ഞവരില്‍ തന്നെ ഒരുപാടു പേര്‍ എനിക്ക് സപ്പോര്‍ട്ട് ആയി വന്നവരാണ്.പ്രശ്നമുണ്ടാക്കിയവരില്‍ കൂടുതലും എന്റെ നാട്ടുകാര്‍ അല്ല. പുറംനാട്ടില്‍ നിന്നും വന്നവര്‍ ആണ് ഈ പ്രശ്നം ഉണ്ടാക്കിയത്.മണല്‍ വാരുന്ന തൊഴിലാളികള്‍ .

രണ്ടുകൊല്ലമായി ഞാന്‍ ഇതേ അവസ്ഥയില്‍ ജീവിക്കുന്നു. എനിക്കിപ്പോള്‍ ഇതൊന്നും ഒരു പ്രശ്നമേയല്ല.ഇതൊരു ശീലമായിപ്പോയി.നാട്ടുരാജാക്കന്മാരുടെ ഭരണമാണ് ഇവിടെ.ഇതിനപ്പുറത്തു ഒരു ലോകമുണ്ടെന്നും അവിടെ കുറെ ആളുകള്‍ ഉണ്ടെന്നും തീരെ ബോധമില്ലാത്ത ഒരു കൂട്ടം ജനങ്ങള്‍  ഈ തീരത്തുണ്ട്.

കഴിഞ്ഞ ദിവസം ഏറണാകുളത്തു നിന്നും രണ്ടു പെണ്‍കുട്ടികള്‍ അവരുടെ റിസര്‍ച്ചിന്റെ ഭാഗമായി ഇവിടെ വന്നിരുന്നു. അത് കണ്ടപ്പോഴേക്കും നാട്ടുകാര്‍ പിന്നെയും തുടങ്ങി. ജസീറയുടെ വീട്ടില്‍ രണ്ടു പെണ്‍കുട്ടികള്‍ ,അന്വേഷിക്കണം എന്നായി അവര്‍.പോലീസ് വന്നു കാര്യങ്ങള്‍ അന്വേഷിച്ചു.കാര്യങ്ങള്‍ ബോധ്യപ്പെട്ട ശേഷം തിരിച്ചുപോവുകയും ചെയ്തു.വീട്ടില്‍ ആരു വന്നാലും ഇതാണ് സ്ഥിതി. ആരുടെയെങ്കിലും തലവെട്ടം കണ്ടാല്‍ മതി. അപ്പോഴേക്കും ഒരു കൂട്ടം വീട് വളയും.ആര് വന്നാലും എന്നെക്കുറിച്ച് അപവാദങ്ങള്‍
പറഞ്ഞുകൊടുക്കും. സ്വന്തം മക്കളെ ബലാല്‍സംഗം ചെയ്തു കൊന്നവരോട് പോലും സമൂഹം ഈ അസഹിഷ്ണുത കാണിക്കുന്നില്ല.എത്ര മാന്യമായിട്ടാണ് അങ്ങനത്തെ ആളുകള്‍ ഈ സമൂഹത്തില്‍ ജീവിക്കുന്നത് .

എന്റെ മക്കളോട് പോലും വളരെ മോശമായാണ് പലരും പെരുമാറുന്നത്.ആവശ്യമില്ലാതെ ഉപദ്രവവും കളിയാക്കലും സഹിച്ചു അവര്‍
മടുത്തു.മണ്ണെടുക്കുന്ന സ്ത്രീകള്‍ പന്ത്രണ്ടു വയസു മാത്രം പ്രായമുള്ള എന്റെ മകളോട് ചോദിച്ച ചോദ്യമാണ് “നീ ഡല്‍ഹിയില്‍ പോയിട്ട് ആരുടെയൊക്കെ കൂടെ കിടന്നെടീ “ന്ന്.സമരം ചെയ്യുന്നത് സ്വാതന്ത്ര്യത്തോടെ ജീവിക്കാന്‍ വേണ്ടിയല്ലേ.അല്ലാതെ ഇങ്ങനെ ഉള്ള സ്വാതന്ത്ര്യം കൂടി അടിയറ വെച്ച് ജീവിക്കാന്‍ വേണ്ടിയാണോ?

തളര്‍ത്താന്‍ ശ്രമങ്ങള്‍ ഒരുപാട് നടന്നു.തീവ്രവാദ ബന്ധം ആരോപിച്ചത് ഒരു മന്ത്രി ആയിരുന്നു.എന്തിന് ?!ഡല്‍ഹിയില്‍ പോയി വന്നപ്പോള്‍ ജസീറയെ സംശയിച്ച ഭര്‍ത്താവ് ഉപേക്ഷിച്ചു എന്ന് വരെ വാര്‍ത്ത‍ വന്നു.ഏറണാകുളത്തു ജോലി ചെയ്യുന്ന ഭര്‍ത്താവ് മൂന്നാഴ്ച കൂടുമ്പോള്‍ ആണ് സാധാരണയായി വരാറുള്ളത് . ഇതൊന്നും അറിയാതെ പെട്ടെന്ന് വാര്‍ത്ത‍ ഉണ്ടാക്കി ഇവിടത്തെ ആളുകള്‍. ഇപ്പോള്‍ ഏറ്റവും അവസാനം ഉണ്ടായ പ്രശ്നം അറിഞ്ഞ അദ്ദേഹം നാട്ടില്‍ എത്തിയപ്പോള്‍ ഭര്‍ത്താവിനെ കണ്ടു നാട്ടുകാര്‍ അന്തിച്ചു പോയി.

ഈ വളഞ്ഞു കൂടിയത് നാട്ടുകാര്‍ ആണെന്നാണ്‌ പത്രങ്ങളില്‍ വന്നത്. എന്നാല്‍ അത് പൂര്‍ണമായും ശരിയല്ല. ഇവിടത്തെ നാട്ടുകാരില്‍ മിക്കവാറും അന്തസ്സോടെ മാന്യമായി ജീവിക്കുന്നവരാണ്.പുറത്തു നിന്നും വന്ന മണല്‍വാരല്‍ തൊഴിലാക്കിയവരാണ് ഈ പ്രശ്നങ്ങള്‍ മുഴുവന്‍ ഉണ്ടാക്കിയത്. എനിക്ക് മിക്കവരെയും കണ്ടുപരിചയം പോലും ഇല്ല.

  • മണല്‍ വാരല്‍ ഉണ്ടാക്കുന്ന പരിസ്ഥിതി പ്രശ്നങ്ങള്‍ കൊച്ചുകുട്ടികള്‍ക്ക് പോലും അറിയാം.എന്നിട്ടും എന്തുകൊണ്ടാണ് നാട്ടുകാര്‍ വീണ്ടും മണലെടുക്കാന്‍ തുനിയുന്നത്?നാട്ടുകാരുടെ  ഇടയില്‍ ഒരു ബോധവല്‍ക്കരണത്തിന്റെ ആവശ്യം ഉണ്ടെന്നു തോന്നിയിട്ടുണ്ടോ?

ഒരിക്കലുമില്ല. നാട്ടുകാര്‍ ഒക്കെ ഒരുപാട് ഉയര്‍ന്ന വിദ്യാഭ്യാസം ഉള്ളവര്‍ തന്നെയാണ്. അധ്വാനിക്കാന്‍ ഉള്ള മടി. അതാണ്‌ അവരുടെ മുഖ്യപ്രശ്നം.ജോലി ചെയ്യാതെ ഭക്ഷണം കഴിച്ചു ശീലിച്ചുപോയ ഒരു ജനത. ഉപജീവനത്തിന് കടലോരത്തെ പൂഴി മാത്രം മതി. നാലോ അഞ്ചോ ചാക്ക് മണല്‍ വിറ്റാല്‍തന്നെ പോക്കറ്റ് നിറയും.പിന്നെ മേലനങ്ങണ്ട. എല്ലാവര്ക്കും അറിയാം മണലെടുത്താല്‍ ഉണ്ടാവുന്ന ഭവിഷ്യത്തുകള്‍. ഭാവിതലമുറയെ പറ്റിയോ പരിസ്ഥിതി പ്രശ്നങ്ങളെപ്പറ്റിയോ അധികം ചിന്തിക്കാന്‍ അവര്‍ തയ്യാറല്ല .അന്നന്നത്തെ
അവനനവന്റെ അന്നത്തിനു മുട്ട് വരാതിരിക്കാന്‍ പ്രകൃതിയെ എങ്ങനെയും ചൂഷണം ചെയ്യാം .കാലാകാലങ്ങളായി ഇവിടുണ്ടായിരുന്ന നിയമപാലകരും അതിനു വളംവെച്ചു കൊടുത്തു. അങ്ങനെ ഒരു വ്യവസ്ഥിതിയിലെയ്ക്കാണ് ജസീറ രംഗപ്രവേശം ചെയ്യുന്നത്. എങ്ങനെ ദാഹിക്കാനാണ് ജസീറയുടെ വാദമുഖങ്ങള്‍ ?നടക്കാന്‍ ഒരു തീരം പോലും ഇല്ല ഇപ്പോള്‍.ദാ നോക്കൂ,നേരെ ഇറങ്ങുന്നത് കടലിലേയ്ക്കാണ്.നടപ്പാത പോലും ഇല്ല. നാട് മുഴുവന്‍ നന്നാക്കാന്‍ എനിക്ക് പറ്റിയെന്നു വരില്ല പക്ഷേ,കണ്മുന്നില്‍ കണ്ടാല്‍ എതിര്‍ക്കാതിരിക്കാനാവില്ല.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

One Response to “മണല്‍ കടത്തു വിവാദവുമായി ബന്ധപ്പെട്ട് ജസീറ പ്രതികരിക്കുന്നു”

  1. അച്യുതന്‍

    ഒരു മാതിരി വൃത്തികെട്ട വര്‍ത്തമാനം ആണ് എപ്പോഴും സംഘത്തില്‍നിന്നും പുറത്ത് നില്‍ക്കുന്നവര്‍ സംഘത്തില്‍ ഉള്ളവരെക്കുറിച്ചു പറയുന്നത്.

    Reply
%d bloggers like this: