മണല്‍ ഖനനം ചോദ്യം ചെയ്ത ദലിത് യുവാക്കളെ മര്‍ദ്ദിച്ച്‌ മലിനജലത്തില്‍ മുക്കി; ബിജെപി നേതാവിന്റെ ക്രൂരതയുടെ വീഡിയോ

തെലുങ്കാന: അനധികൃത മണല്‍ ഖനനം ചോദ്യം ചെയ്തതിന് മലിന ജലത്തില്‍ മുങ്ങാനാവശ്യപ്പെട്ട് തെലങ്കാനയില്‍ ദലിത് യുവാക്കള്‍ക്കെതിരേ ബിജെപി നേതാവിന്റെ മര്‍ദ്ദനം. നിസാമാബാദ് ജില്ലയിലാണ് സംഭവം. ബിജെപിയുടെ പ്രാദേശിക നേതാവ് ഭാരത് റെഡ്ഡി കയ്യില്‍ വടിയെടുത്ത് ദലിത് യുവാക്കളെ അടിക്കാന്‍ ചെല്ലുകയും മലിന ജലത്തില്‍ ഇറങ്ങി മുങ്ങാനാനാവശ്യപ്പെടുകയും ചെയ്യുന്ന വീഡിയോ ദലിത് വിഭാഗത്തിനെതിരേ നടക്കുന്ന അക്രമങ്ങളെ ചൂണ്ടിക്കാണിക്കുതെന്ന പേരില്‍ സോഷ്യല്‍ മീഡയയില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിട്ടുണ്ട്.

ഈ പ്രദേശത്ത് നടക്കുന്ന അനധികൃത മണല്‍ ഖനനത്തില്‍ ബിജെപി നേതാവായ ഭാരത് റെഡ്ഡിക്കുള്ള പങ്ക് ചോദ്യം ചെയ്ത ലക്ഷ്മണ്‍, ഹഗ്ഗദാ എന്നിവരെയാണ് ഇയാള്‍ വടിയെടുത്ത് മര്‍ദ്ദിക്കാനോങ്ങുന്നത്. വടിയെടുത്ത് അടിക്കാന്‍ ചെല്ലുകയും തെറിവിളിക്കുകയും ചെയ്യുന്ന റെഡ്ഡിയോട് ദലിത് യുവാക്കള്‍ കൈകൂപ്പി ക്ഷമ ചോദിക്കുന്നുണ്ടെങ്കിലും ബിജെപി നേതാവ് ചെവികൊണ്ടില്ല.

ദുസര ഉത്സവ സമയത്ത് നടന്ന സംഭവമാണെങ്കിലും ദലിതരെ അക്രമിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയിയല്‍ വൈറലായതോടെയാണ് പുറം ലോകം ഇക്കാര്യമറിയുന്നത്. നിസാമാബാദ് ജില്ലയിലെ നെവിപേട്ട മണ്ഡലത്തിലെ അവനിപട്ടണം വില്ലേജിലുള്ള ദലിത് യുവാക്കളാണ് മര്‍ദ്ദനത്തിനിരയായവര്‍. ഈ പ്രദേശത്ത് നടക്കുന്ന അനധികൃത മണല്‍ ഖനനത്തിനെതിരേ പരാതിപ്പെടാന്‍ ധൈര്യമില്ലാത്തതിനാലാണ് ബിജെപി നേതാവിനോട് ഇക്കാര്യം ചോദിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇതുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിട്ടുണ്ടെന്നും റെഡ്ഡിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി. പ്രാദേശിക കോണ്‍ഗ്രസ് നേതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭാരത് റെഡ്ഡി ഇതിന് മുമ്പ് ജയിലിലായിരുന്നു.

No Comments

Be the first to start a conversation

%d bloggers like this: