മനുഷ്യജീനില്‍ മാറ്റം വരുത്തി പരീക്ഷണമാവാം; കുഞ്ഞുങ്ങളെ ഡിസൈന്‍ ചെയ്യാനുള്ള അപേക്ഷക്ക് ബ്രിട്ടനില്‍ പച്ചക്കൊടി

ലണ്ടന്‍: വയറ്റില്‍ ഭ്രൂണമായിരിക്കുമ്പോഴെ പിറക്കാനിരിക്കുന്ന കുഞ്ഞിനെ കുറിച്ച് സ്വപ്നം കാണാത്ത മാതാപിതാക്കളുണ്ടാകുമോ? വലുതാവുമ്പോള്‍ അവന്‍/അവള്‍ ഇന്നയാളിനെ
പോലെ സൌന്ദര്യമുള്ളവരാവണം, ഇത്ര പൊക്കം വേണം, ഇന്ന നിറമാവണം, അല്ലെങ്കില്‍ ഐന്‍സ്റ്റീനെ തോല്‍പ്പിക്കുന്ന ബുദ്ധിയുള്ള കുഞ്ഞാവണം, മുടി അത്ര വേണം, കണ്ണിന്റെ നിറം
ഇങ്ങനെയാവണം… തുടങ്ങി എത്രയെത്ര ആഗ്രഹങ്ങള്‍.. എന്നാല്‍ എല്ലാം നിയന്ത്രിക്കുന്നത്‌ ജീനുകളാണല്ലോ എന്നോര്‍ത്ത് മോഹം ഉള്ളില്‍ ഒതുക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു
എന്നോര്‍മിപ്പിക്കാന്‍ ബ്രിട്ടണില്‍ നിന്നും ഒരു വര്‍ത്താനമുണ്ട്.  കുഞ്ഞുങ്ങളെ ഡിസൈന്‍ ചെയ്ത് ജനിപ്പിക്കാനുള്ള അനുമതി ബ്രിട്ടനിലെ ഹ്യൂമന്‍ ഫെര്‍ട്ടിലൈസേഷന്‍ ആന്‍ഡ്‌
എംബ്രിയോളജി അതോറിറ്റിയില്‍ നിന്നും നേടിയെടുത്തിരിക്കുകയാണ് ഫ്രാന്‍സിസ് ക്രിക്ക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒരു സംഘം ഡോക്ടര്‍മാര്‍. നമ്മുടെ ആഗ്രഹത്തിനനുസരിച്ച് കുഞ്ഞിനെ
ഡിസൈന്‍ ചെയ്തു തരാനല്ല അവര്‍ അനുമതി നേടിയെടുത്തിരിക്കുന്നത്, മറിച്ച് പാരമ്പര്യ രോഗങ്ങളെയും എയിഡ്സ് പോലുള്ള മാരക രോഗങ്ങളെയും പ്രതിരോധിക്കാന്‍
കഴിയുമെന്നുള്ള പ്രത്യാശയിലാണ്. പക്ഷെ ഏതു കാര്യത്തിനും ഗുണം പോലെ ദോഷവുമുണ്ടല്ലോ.. അങ്ങനെ വന്നാല്‍ വ്യക്തി താല്പര്യത്തിനനുസരിച്ച് കുഞ്ഞുങ്ങളെ ഡിസൈന്‍
ചെയ്യാനും ഈ അനുമതി കൊണ്ട് സാധിക്കും. ജനിതക മാറ്റം എന്ന പ്രക്രിയ വരുത്തിവെക്കുന്ന കടുത്ത പ്രത്യാഘാതങ്ങള്‍ അങ്ങനെ വന്നാല്‍ നാം നേരിടേണ്ടി വരും എന്നത്
സുനിശ്ചിതമാണ്. ഗര്‍ഭപാത്രത്തില്‍ വളര്‍ന്നു തുടങ്ങുന്ന ഭ്രൂണത്തിന്‍റെ ആദ്യ ആഴ്ചയിലെ വളര്‍ച്ച പഠിച്ച് അതില്‍ രൂപം കൊള്ളുന്ന ജീനുകളില്‍ മാറ്റം വരുത്താനായാല്‍ പാരമ്പര്യ രോഗങ്ങളെ പോലും ചെറുക്കാം എന്നാണ് പോള്‍ നഴ്സ് എന്ന ഡോക്ടറുടെ കീഴിലുള്ള  ഈ വൈദ്യ സംഘത്തിന്റെ അനുമാനം. പ്രകൃത്യാലുള്ള ഗര്‍ഭധാരണത്തിന് പകരം ടെസ്റ്റ്‌ ട്യുബ് ശിശുക്കളെ ജനിപ്പിച്ചത് പോലും പ്രകൃതിവിരുദ്ധമാണെന്ന് വിശ്വസിക്കുന്ന ഒരു നല്ല ശതമാനം ലോകത്തിന്‍റെ പല കോണുകളിലുണ്ട്. ഒരുകാലത്ത് കുഞ്ഞുങ്ങളില്ലാത്തവര്‍ക്ക് വലിയ പ്രത്യാശയ്ക്ക് വഴിമരുന്നിട്ട കൃത്രിമ ഗര്‍ഭധാരണമെന്ന സാങ്കേതിക വിദ്യ വാടക ഗര്‍ഭപാത്രങ്ങളും വാടക
അമ്മമാരുമായി ആകെ വാണിജ്യവല്‍ക്കരിക്കപ്പെട്ട കാഴ്ച ഇന്ന് നാം കാണുമ്പോള്‍ കുഞ്ഞിനെ ഡിസൈന്‍ ചെയ്തു പ്രസവിക്കാം എന്ന പുതിയ ആശയത്തിന്‍റെ വരാനിരിക്കുന്ന
നാള്‍വഴികള്‍ അസ്വസ്ഥതപ്പെടുത്തുകതന്നെ ചെയ്യും. വൈദ്യശാസ്ത്രം ഉറ്റുനോക്കുന്ന പരീക്ഷണത്തിനായി ഇനി കാത്തിരിക്കാനേ കഴിയൂ.

No Comments

Be the first to start a conversation

%d bloggers like this: