മെര്‍ക്കുറി മലിനീകരണം : അതിവിദൂരമല്ലാതെ ഒരു ദുരന്തം കേരളത്തെ കാത്തിരിക്കുന്നു

ചക്കിനു വെച്ചത് കൊക്കിനു കൊണ്ടു എന്നത് നമ്മള്‍ മലയാളികളെ സംബന്ധിച്ച് അത്ര പുതുമയുള്ള കാര്യം ഒന്നുമല്ല!ഈ പഴഞ്ചൊല്ല് അന്വര്‍ത്ഥമാക്കുന്ന രീതിയിലാണ് ഇപ്പോള്‍ കാര്യങ്ങള്‍. വൈദ്യുതി ലാഭിക്കാന്‍ എന്ന് പറഞ്ഞു കോടിക്കണക്കിനു സിഎഫ്‌എല്‍ ( കോംബാക്റ്റ് ഫ്ലുറസെന്റ് ലാമ്പ് ) വിളക്കുകള്‍ വിതരണം ചെയ്ത കേരള സര്‍ക്കാര്‍, കേടായ ബള്‍ബുകളില്‍ നിന്നുള്ള മെര്‍ക്കുറി മലിനീകരണം തടയാനാകാതെ പ്രതിസന്ധിയിലായിരിക്കുകയാണ് ഇപ്പോള്‍ . ഇത്രയും ബള്‍ബുകളില്‍ നിന്നുള്ള മലിനീകരണം തടയണമെങ്കില്‍ ഇനി വേറെ വല്ല പദ്ധതിയും ആവിഷ്കരിക്കേണ്ടിവരും.

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെയാണ് കേരളത്തില്‍ സിഎഫ്‌എല്‍ വിളക്കുകളുടെ ഉപയോഗം വ്യാപകമായത്. വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ കെഎസ്‌ഇബി തന്നെ പഴയ ബള്‍ബുകള്‍ തിരിചെ്ചടുത്ത് സിഎഫ്‌എല്‍ വിളക്കുകള്‍ നല്‍കുകയായിരുന്നു.ഉപയോഗശൂന്യമായ സിഎഫ്എൽ യാതൊരു മുന്‍കരുതലുകളുമില്ലാതെ വലിച്ചെറിയുമ്പോൾ അത് കാരണമുള്ള പരിസ്ഥിതി പ്രശ്നങ്ങള്‍ക്ക് പിന്നാലെ പോവാനേ ഇനി നമുക്ക് നേരം കാണൂ.

ഫ്ലുറസെന്റ് ബൾബുകളിലും സി എഫ് എൽ ബൾബുകളിലും മെർക്കുറി ബാഷ്പ്പം ഉപയോഗിക്കാറുണ്ട്. ബൾബു പൊട്ടുമ്പോൾ മെർക്കുറി ബാഷ്പ്പം മഴ വെള്ളവുമായി കലർന്ന് കുളങ്ങളിലേക്കും കിണറുകളിലെക്കും മറ്റു കുടിവെള്ള സ്രോതസ്സുകളിലേക്കും എത്തി മാരക രോഗങ്ങൾക്ക് കാരണമാകുന്നു.ശരീരത്തിൽ മെർക്കുറിയുടെ ആധിക്യംമൂലം നാഡീവ്യവസ്ഥയെ ബാധിക്കുന്ന രോഗമാണ് മിനാമാതാ , പേശീതളർച്ച, കാഴ്ച മങ്ങൽ, സംസാരശേഷിക്കും കേൾവിക്കുമുണ്ടാകുന്ന സാരമായ തകരാറുകൾ ഇവയാണ് പ്രധാന ലക്ഷണങ്ങൾ . മിനാമതാ എന്നത് ഒരു ജപ്പാൻ പദമാണ്‌ . 1956 ൽ ജപ്പാനിലെ മിനാമതാ നഗരത്തിലാണ്‌ ഈ രോഗം ആദ്യമായി കണ്ടെത്തിയത്. ജപ്പാനിലെ ചിസോ കോര്പരേശൻ കെമിക്കൽ ഫാക്ടറിയിൽ നിന്നും പുറന്തള്ളപ്പെട്ട മീതൈൽ മെർക്കുറി നദീ ജലത്തിൽ കലരാനിടയാക്കിയതാണ് രോഗം പരക്കാൻ കാരണമെന്ന് പിന്നീട് കണ്ടെത്തി.

ഒരു സിഎഫ്‌എല്‍ വിളക്കില്‍ മൂന്നു മുതല്‍ അഞ്ച് മില്ലിഗ്രാം വരെ മെര്‍ക്കുറിയുണ്ടെന്നാണ് കണക്ക്.ട്യൂബ് ലൈറ്റുകളില്‍ എട്ടു മുതല്‍ 15 മില്ലിഗ്രാം വരെ മെര്‍ക്കുറിയുണ്ട്.വെള്ളത്തിലൂടെയും മറ്റും മെര്‍ക്കുറി മനുഷ്യശരീരത്തിലെത്തിയാല്‍ നാഡീവ്യൂഹങ്ങളെ ബാധിക്കും.100 മില്ലിലീറ്റര്‍ വെള്ളത്തില്‍ പരമാവധി 0.001 മില്ലിഗ്രാം മെര്‍ക്കുറിയേ ഉണ്ടാകാവൂ എന്നാണ് ചട്ടം.എന്നാല്‍ കേരളത്തിലെ 60 നദികളിലെ വെള്ളത്തിന്‍റെ സാംപിളുകള്‍ പരിശോധിച്ച മലിനീകരണനിയന്ത്രണബോര്‍ഡിന്‍റെ റിപ്പോര്‍ട്ട് പ്രകാരം മെര്‍ക്കുറിയുടെ അളവ് അഞ്ച് ഇരട്ടിവരെ കൂടുതലാണ്.

രണ്ടുകോടിയോളം സിഎഫ്‌എല്‍ വിളക്കുകള്‍പദ്ധതി വഴി വിതരണം ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. ഇതിന്‍റെ പകുതിയോളം കേടായെന്നു കണക്കാക്കിയാല്‍പ്പോലും ഒരു കോടിയോളം ബള്‍ബുകള്‍ ഉപേക്ഷിക്കപ്പെട്ടുവെന്ന് കരുതേണ്ടിവരും.ഒരു ബള്‍ബില്‍ അഞ്ചു മില്ലിഗ്രാം മെര്‍ക്കുറി എന്ന കണക്കുവച്ചുനോക്കിയാല്‍ എത്ര കിലോ മെര്‍ക്കുറിയാണ് കേരളത്തിന്‍റെ മണ്ണിലും വെള്ളത്തിലും കലര്‍ന്നിട്ടുള്ളതെന്നു വ്യക്തമാകും. പരിസ്ഥിതിപ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ കേടായ സിഎഫ്‌എല്‍ വിളക്കുകള്‍ തിരിചെ്ചടുത്ത് ശാസ്ത്രീയമായി സംസ്കരിക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്.പക്ഷേ, ഇതിനുള്ള സംവിധാനങ്ങളൊന്നും നിലവില്‍സംസ്ഥാനത്ത് ഇല്ല.

നാം സാധാരണയായി ചെയ്യാറുള്ള പോലെ സി എഫ് എൽ ബൾബുകൾ ഫ്യൂസാകുമ്പോൾ പുറത്തേക്കു വലിച്ചെറിയുന്ന രീതി മാറ്റെണ്ടിയിരിക്കുന്നു .അല്ലെങ്കില്‍ മെര്‍ക്കുറി മലിനീകരണം മൂലം മാരകവിപത്തുകള്‍ നേരിടേണ്ടിവരും

No Comments

Be the first to start a conversation

%d bloggers like this: