രാജസ്ഥാനില്‍ ലൗ ജിഹാദ് ആരോപിച്ച് കൊല: ഇരയുടെ നീതിക്കായി റാലി നടത്തിയ മുസ്ലിം യുവാക്കളെ അറസ്റ്റുചെയ്തു

ജയ്പൂര്‍: രാജസ്ഥാനില്‍ ലൗ ജിഹാദ് ആരോപിച്ച് അഫ്റസൂല്‍ എന്ന തൊഴിലാളിയെ ക്രൂരമായി കൊന്ന സംഭവത്തില്‍ ഇരയുടെ നീതിക്കായി പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റു ചെയ്തു. ഉദയ്പൂര്‍ സിറ്റിയില്‍ റാലി നടത്തിയ പത്ത് മുസ്ലിം യുവാക്കളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരയ്ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ റാലി നടത്തിയിരുന്നു. തുടര്‍ന്നാണ് ഇവരെ പൊലീസ് അറസ്റ്റു ചെയ്തത്. അതേസമയം, പ്രതി ശംഭുലാലിന് വേണ്ടി കഴിഞ്ഞ ദിവസം നടത്തിയ പ്രകടനത്തിനിടെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കോടതിയ്ക്ക് മുകളില്‍ കാവിക്കൊടി കെട്ടിയിരുന്നു. ജില്ലാ സെഷന്‍സ് കോടതിക്ക് മുകളിലാണ് പ്രവര്‍ത്തകര്‍ കയറി കൊടികെട്ടിയത്.

മുസ്ലിം യുവാക്കള്‍ നടത്തിയ റാലിയില്‍ മോഡി വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉണ്ടായിരുന്നെന്നും ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകും എന്നതിന്റെ അടിസ്ഥാനത്തിലാണ് പ്രതിഷേധിച്ചവരെ അറസ്റ്റുചെയ്തത് എന്നാണ് പൊലീസിന്റെ വിശദീകരണം. പത്ത് പേര്‍ കസ്റ്റഡിയിലുള്ളതായി പ്രതാപ് നഗര്‍ പൊലീസ് സ്റ്റേഷനിലെ ഓഫീസര്‍ പറഞ്ഞതായി ദേശീയ മാധ്യമമായ സ്ക്രോള്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഡിസംബര്‍ ആറിനാണ് ലൗജിഹാദ് ആരോപിച്ച്‌ ശംഭുലാല്‍ അഫ്റസൂലിനെ പിക്കാസ് കൊണ്ട് കുത്തിവീഴ്ത്തിയ ശേഷം തീകൊളുത്തി കൊന്നത്.

ഇതിനുശേഷം ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. പശ്ചിമബംഗാളിലെ മാല്‍ഡ സ്വദേശിയാണ് കൊല്ലപ്പെട്ട മുഹമ്മദ് അഫ്റസൂല്‍. രാജസ്ഥാനിലെ രാജ്സമന്തില്‍ കരാര്‍ തൊഴിലാളിയായി താമസിച്ചുവരികയായിരുന്നു. ജോലിയുണ്ടെന്ന് പറഞ്ഞ് അഫ്റസുലിനെ മറ്റൊരു സ്ഥലത്തെത്തിച്ച്‌ മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അതിനുശേഷം കത്തിക്കുകയും ചെയ്തു.
ഒരാള്‍ ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്നുവെന്നും സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

No Comments

Be the first to start a conversation

%d bloggers like this: