വഴിയില്‍ നിന്നുപോയ ഹൃദയങ്ങളെ വീണ്ടും ‘ഓടിക്കാന്‍’ ആന്‍ജിയോപ്ലാസ്റ്റി

മള്‍ട്ടിസ്പെഷാലിറ്റി ഹോസ്പിറ്റലുകളെക്കുറിച്ചുള്ള പ്രധാന പരാതി മൂക്കൊലിപ്പുമായി ചെല്ലുന്നവരെപ്പോലും അവിടെ ലഭ്യമായ എല്ലാ പരിശോധനകളും നടത്തി വിടുന്നു എന്നാണ്. ഒരു പരിധിവരെ ഇത് ആശുപത്രികളുടെ കാശിനോടുള്ള ആര്‍ത്തിയെന്നോ മുടക്കിയ കാശ് തിരിച്ചുപിടിക്കാനുള്ള വേലയെന്നോ പറയാമെങ്കിലും ഇന്നത്തെ കാലഘട്ടത്തില്‍ കണ്ടുപിടിക്കപ്പെട്ട ഒട്ടുമിക്ക രോഗങ്ങള്‍ക്കും ചികിത്സ ഉണ്ടെന്നിരിക്കെ അതറിഞ്ഞു മരുന്ന് കഴിക്കുന്നതല്ലേ നല്ലത്.

 

ചെറിയ ആശുപത്രികളിലെ ഊഹിച്ചു മനസ്സിലാക്കല്‍ മൂലം ശരിയായ രോഗത്തിനല്ലാതെ ചികിത്സിച്ച് രോഗം വഷളായതും രോഗി മരിച്ചതുമായ സംഭവങ്ങള്‍ നമ്മള്‍ നിത്യേന കാണുന്നുണ്ട്. യന്ത്രങ്ങളുടെ സഹായമില്ലാതെ ശരിയായി രോഗനിര്‍ണ്ണയം നടത്താന്‍ കഴിവുള്ള ഡോക്ടര്‍മാര്‍ ഇല്ലെന്നല്ല, വളരെ ചുരുക്കമാണ് എന്നുമാത്രം. അവരും സംശയം തോന്നിയാല്‍ യന്ത്രങ്ങളുടെ സഹായത്തോടെ അതുറപ്പാക്കിയിട്ടേ ചികിത്സ തുടങ്ങുകയുള്ളൂ.
നെഞ്ചുവേദനരോഗികള്‍ക്ക് നടത്തേണ്ട TMT , ECG എക്കോ തുടങ്ങിയ ടെസ്റ്റുകള്‍ ഇപ്പോള്‍ മിക്ക ആശുപത്രികളിലും ലഭ്യമാണ്. ECG യില്‍ വ്യതിയാനം കാണുന്ന രോഗികള്‍ക്ക് മാത്രമാണ് ഡോക്ടര്‍മാര്‍ ആഞ്ചിയോഗ്രാം ടെസ്റ്റ്‌ നടത്തുന്നത്. ഇതൊരു ടെസ്റ്റ്‌ മാത്രമാണ്. ടെസ്റ്റില്‍ ബ്ലോക്ക് കണ്ടാല്‍ ആ സമയം തന്നെ അത് നീക്കുകയാണ് ചെയ്യുന്നത്. ആന്‍ജിയോപ്ലാസ്റ്റി എന്ന് പേരുള്ള ഈ ചികിത്സ കാത്ത് ലാബ് എന്നറിയപ്പെടുന്ന തീയറ്ററില്‍ ആണ് ചെയ്യുന്നത്.

 

എന്താണ്  ആന്‍ജിയോപ്ലാസ്റ്റി എന്നല്ലേ?

ബോധം കെടുത്താതെ തന്നെ രോഗിയുടെ തൊലിപ്പുറം മാത്രം മരവിപ്പിച്ച് തുടയിലെയോ കൈകളിലെയോ ശുദ്ധധമനിയിലൂടെ ആദ്യം ഒരു ചെറിയ ട്യൂബ് ഇടുന്നു.  ഈ ട്യൂബിലൂടെ കത്തീറ്റര്‍ എന്ന് പേരുള്ള നേര്‍ത്ത ട്യൂബ് ,  ഇടതുവശത്തെയും വലതുവശത്തെയും കൊറോണറി ധമനിയിലേക്ക്  കടത്തി ആദ്യം ആന്‍ജിയോഗ്രാം എടുക്കുന്നു. അടഞ്ഞുപോയ ധമനിയിലേക്ക് തലനാരിഴയോളം വലിപ്പമുള്ള കൊറോണറിവയര്‍ ബ്ലോക്കുള്ള ഭാഗത്തേക്ക് കടത്തി വിട്ടു ബ്ലോക്കുള്ള ഭാഗം ഒരു ബലൂണ്‍ പോലെ വികസിപ്പിക്കുന്നു. ഭാഗികമായി വികസിപ്പിച്ച ധമനി സ്റെന്റ്റ് എന്ന് പേരുള്ള ഒരു ചെറിയ മെറ്റല്‍ട്യൂബ് ഉപയോഗിച്ച് പൂര്‍ണ്ണമായി വികസിപ്പിക്കുന്നു. സ്റെന്റ്റ് വികസിക്കാത്ത ഒരു ബലൂണിന്റെ രൂപത്തിലാണ് ഉള്ളത്. ഇത് വികസിപ്പിക്കുമ്പോള്‍ ഒരു ട്യൂബ് പോലെയായി രക്ത ധമനിയുടെ ഭിത്തിയിലേക്ക് പറ്റിച്ചേരുകയും ബ്ലോക്ക് മാറി രക്തയോട്ടം തടസ്സമില്ലാതെ നടക്കുകയും ചെയ്യുന്നു.

ഈ അവസ്ഥയിലേക്ക് പോകാതിരിക്കാന്‍  ചിട്ടയായ ജീവിതം ഒരു പരിധിവരെ നമ്മളെ സഹായിക്കും.  രക്തസമ്മര്‍ദം നിയന്ത്രിച്ചും ആഹാരത്തില്‍ കൊഴുപ്പിനെ നിയന്ത്രിച്ചും ജീവിക്കുക. പുകവലി പൂര്‍ണ്ണമായും ഒഴിവാക്കുക. ആഹാരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുക അഥവാ കൊഴുപ്പും മധുരവും അധികമായി കഴിക്കാതിരിക്കുക നല്ലപോലെ വ്യായാമം ചെയ്യുക.

ഈ മനോഹരതീരത്ത് വളരെചെറിയ ഒരു ജീവിതം മാത്രമാണ് നമുക്ക് ഓരോരുത്തര്‍ക്കും ലഭിച്ചിട്ടുള്ളത്. അത് ഇല്ലാതാകുന്നത് നമ്മുടെ അശ്രദ്ധ കൊണ്ടാകാതിരിക്കട്ടെ.

No Comments

Be the first to start a conversation

%d bloggers like this: