വിദ്യാലയം : ഫാത്തിമ വഹീദ


********-*****
ഓർമ്മകളിലേക്ക് ഒരു
തുള വീണ കുട ചോരുന്നുണ്ട്
പുസ്തകങ്ങൾ നിറച്ചൊരു 
ബാഗ്‌ കുന്ന് കയറി അകലെ
ആ വിദ്യാലയത്തിലേക്ക്
ഓടി പോകുന്നു

കാറ്റത്ത് മാത്രം പൊഴിക്കുമാ
മൂവാണ്ടൻ മാവ് എന്നോട്
പരിഭവം പറയുന്നു
ഇന്നലെകൾ പെറ്റു പെരുകിയോ
എന്നറിയാനായി വീണ്ടും
ഞാൻ എന്റെ പാഠ പുസ്തകം
തുറന്ന് നോക്കുന്നു

ഓർമ്മകളുടെ ചില്ലു ഭരണയിൽ
കയ്യിട്ട് വരുന്പോൾ
ഒയലിച്ചയും നാരങ്ങ
മിടായിയും മധുരിക്കുന്നു

ഇനി ഒരിക്കൽ കൂടി കല്ലെറിയുമോ
എന്ന് ചോദിച്ചു വിദ്യാലത്തിൻ
പിറകിൽ ഒരു നെല്ലിക്ക മരം
കൈ മാടി എന്നെ വിളിക്കുന്നു

പാത്തൂത്തയും അന്തൂക്കയും
ഉപ്പു മാങ്ങാ ഇട്ട
ഭരണികൾ നീട്ടി
സ്വപ്നത്തിൽ എന്നെ
കൊതിപ്പിക്കുന്നു

നുള്ളിയെന്നും തള്ളിയെന്നും
പറഞ്ഞെനിക്ക് അടി വാങ്ങിച്ചു
തന്ന പ്രിയകൂട്ടുകാരി
പിന്തിരിഞ്ഞു നോക്കി എന്നെ
കരയിപ്പിക്കുന്നു

വീണ്ടുമാ കൂടിക്കാഴ്ചയിൽ
പ്രിയ അധ്യാപികയുടെ നരച്ച മുടി
വാടാത്ത വിദ്യാലയ ഓർമ്മകളിലേക്ക്
വിരൽ ചൂണ്ടുന്നു

ഞാൻ വീണ്ടും ഒരു നാല് വയസ്സ്‌കാരിയാവുന്നു
മണ്ണപ്പം ചുട്ടുകളിക്കണമെന്ന്
പറഞ്ഞു ;നാട്ടുവഴികളിൽ
കുടപിടിക്കാതെ ആവോളം
മഴ നനയണമെന്ന്പറഞ്ഞു ;
ആരും
കേൾക്കാതെ ഞാൻ
എന്റെ ആത്മാവിനോട്
വാശി പിടിച്ചു
ചിണുങ്ങി കരയുന്നു

വാഴ നാരിൽ മുല്ലപ്പൂ
കോർത്ത്‌ തലയിൽ ചൂടി
കൈ വെള്ളയിൽ
മൈലാഞ്ചി അണിഞ്ഞു
ബാല്യത്തിലേക്ക് ഞാൻ തനിച്ചു
പോവുന്നു

ദൂരെ വിജനതയിൽ കൊണ്ട്
വിട്ടൊരു അപ്പൂപ്പൻ താടി എന്നോട്
കൈ വീശി യാത്ര പറയുന്നു
മഞ്ചാടി കുരുക്കൾ വീണുടഞ്ഞെന്റെ
ഓർമ്മ പാത്രം തനിച്ചാവുന്നു

ഉച്ച കഞ്ഞിക്കായി ഞാൻ ഓടിയ
ചുവരുകൾക്കിടയിൽ നിന്നും
കോമ്പസ് കൊണ്ട് ഞാൻ തുരന്ന
ബെഞ്ചു എന്നെ വിളിച്ചു ഗദ്ഗദം പാടുന്നു

അതെ ചളി പുരണ്ട കാലുകൾ തോർത്താതെ
ഓർമ്മകളുടെ വിദ്യാലയ
കുളിരിലേക്ക്
ഞാൻ വീണ്ടും ദേശാടന പക്ഷി
ആവുന്നു

ഫാത്തിമ വഹീദ

No Comments

Be the first to start a conversation

%d bloggers like this: