വിസ്മയം : വലുതായി ഒന്നും വിസ്മയിപ്പിച്ചില്ല എങ്കിലും നിരാശയും നൽകിയില്ല.

══════════════════════
നാഷണൽ അവാർഡ് ജേതാവായ സംവിധായകൻ ചന്ദ്രശേഖർ യെലേട്ടി ഒരുക്കിയ മനമന്ത എന്ന തെലുങ്ക് ചിത്രം മലയാളത്തിൽ മൊഴി മാറ്റി എത്തിയതാണ് വിസ്മയം. വളരെ നാളുകൾക്ക് ശേഷം മോഹൻലാൽ എന്ന നടന്റെ പുതിയ ചിത്രം തിയേറ്ററിൽ എത്തുന്നു, ഗൗതമിയും മോഹൻലാലും ദീർഘനാളുകൾക്ക് ശേഷം ഒരുമിച്ച് എത്തുന്നു, കൂടാതെ മോഹൻലാൽ എന്ന നടന്റെ ഒരു ചിത്രം ഒരേ സമയം മൂന്ന് ഭാഷകളിൽ എത്തുന്നു. എന്നീ വിശേഷണങ്ങളോടെ എത്തിയ ചിത്രം. ചിത്രം കാണാൻ ഏതൊരു സിനിമാ സ്നേഹിയേയും ആകർഷിക്കാൻ ഈ ഘടകങ്ങൾ ധാരാളം.
══════════════════════
കഥയിലെ സാരം:- “ഒരു ലോകം നാല് കഥകൾ” എന്ന ടാഗ് ലൈനോട് കൂടിയാണ് ചിത്രം എത്തിയത്. അതിൽ നിന്ന് തന്നെ ചിത്രത്തിന്റെ ഒരു ഔട്ട് ലൈൻ നമ്മുക്ക് കിട്ടുന്നു. നാല് പേരുടെ കഥ അത് നാലിടങ്ങളിൽ നടക്കുന്നു.

സായ്റാം:- മോഹൻലാൽ – വിജേതാ സൂപ്പർ മാർക്കറ്റിൽ അസ്സി: മാനേജർ ആയി ജോലി ചെയ്യുന്നു. കുടുംബ ജീവിതം നയിക്കുന്ന ഇദ്ദേഹത്തിന്റെ മുന്നിൽ ജോലിയിൽ മാനേജർ ആയി പ്രമോഷൻ കിട്ടിയേക്കാവുന്ന ഒരു അവസരം വന്നെത്തുന്നു. തുടർന്ന് സംഭവങ്ങൾ ആണ് ഒരു കഥ

ഗായത്രി:- ഗൗതമി- നല്ല വിദ്യാഭാസം ഉണ്ടായിട്ടും വീട്ടിലെ കാര്യം മാത്രം നോക്കി ഒതുങ്ങി കഴിയുന്നു.ഇവർ യാദൃശ്ചികമായി തന്റെ പഴയ പ്രൊഫസറെ കണ്ട് മുട്ടുന്നു. തുടർന്ന് സംഭവങ്ങൾ ആണ് മറ്റൊരു കഥ.

മഹിത:-റെയ്ന റാവു – സ്കൂളിൽ പഠിക്കുന്ന ഈ കൊച്ചുമിടുക്കി ഒരു പരോപകാരി കൂടിയാണ്. മനുഷ്യത്വം വച്ച് പുലർത്തുന്ന മഹിത സ്കൂളിൽ പോകവേ ചേരിയിൽ പുറമ്പോക്കിൽ കഴിയുന്ന വീർ ശങ്കർ എന്ന ഒരു ബാലനെ പരിചയപ്പെടുന്നു. തുടർന്ന് വരുന്ന സംഭവങ്ങൾ ഒരു കഥയെ കൊണ്ട് പോകുന്നു.

അഭിറാം:-വിശ്വന്ത്-കമ്പ്യൂട്ടർ സയൻസ് എഞ്ചിനീറിംഗ് വിദ്യാർത്ഥി. ഒരു ദിവസം ഐറ എന്ന സുന്ദരിയായ ഒരു യുവതിയെ പരിചയപ്പെടുന്നു. ഐറയുമായി അഭിറാം അടുപ്പത്തിലാവുന്നു. പിന്നീട് എന്ത് അതാണ് നാലാമത്തെ കഥ.
ഇങ്ങനെ നാല് കഥകളിലൂടെയാണ് ചിത്രം നീങ്ങുന്നത്
══════════════════════
നാടകീയത തോന്നിപ്പിക്കുന്ന കുറെ അനാവശ്യ രംഗങ്ങളോട് നീങ്ങിയതാണ് ആദ്യപകുതി. ആദ്യപുകുതി പൊതുവെ ഒരേ താളത്തിൽ മുന്നോട്ട് പോയി ഒടുവിൽ ചിത്രത്തിന്റെ ഗതി മാറ്റം പോലെ ഒരു ചെറിയ ഇന്റർവെൽ പഞ്ച്.
അല്പം സംഘർഷഭരിതമായി ആണ് രണ്ടാം പകുതിയുടെ പോക്ക് ചിത്രം ഒരിഷ്ടം തോന്നിപ്പിക്കുന്ന തരത്തിൽ കഥകളെ കോർത്തിണക്കി പ്രതീക്ഷിച്ചത് ആണെങ്കിലും ചെറിയ ട്വിസ്റ്റും മറ്റും ചേർത്ത് ഒരു വിധം തരക്കേടില്ലാത്ത ഒരു ഉപസംഹാരവും.
══════════════════════
മോഹൻലാൽ:- സാധാരണക്കാരനായ ഒരു വ്യക്യതിയാണ് ഇവിടെ സായ്റാം. അനാസയാസമായി തന്നെ ലാലേട്ടൻ തന്റെ വേഷം ചെയ്തു. ആദ്യ പകുതിയിൽ വെറുതെ ചിരിച്ചും മിണ്ടിയും നിക്കേണ്ടിയെ വന്നുള്ളൂ എങ്കിലും രണ്ടാം പകുതിയിൽ ഭയഭീതിയും നിസ്സഹായതയും നിഴലിക്കുന്ന നല്ല പ്രകടനം.

ഗൗതമി:- വളരെ നാളുകൾക്ക് ശേഷം മലയാളത്തിൽ എത്തിയ ഗൗതമിയുടെ പ്രകടനം തൃപ്തികരമായിരുന്നു. വീട്ടമ്മയുടെ സകല ചെയ്തികളും വന്നു പോയ വേഷമായിരുന്നു ഗായത്രി.

റെയ്ന റാവു:-മഹിത എന്ന മിടുക്കിയെ അവതരിപ്പിച്ച റെയ്ന റാവുവിന്റെ പ്രകടനമായിരുന്നു ചിത്രത്തിൽ ഏറ്റവും മികച്ചത്. നല്ല രീതിയിൽ എല്ലാം തനിമയോട് ചെയ്തു. ചിത്രം കാണുമ്പോൾ മഹിത എന്ന കഥാപാത്രം കണ്ണ് ഒന്ന് എഴുതിയിരുന്നു എങ്കിൽ എന്ന് എനിക്ക് തോന്നിപ്പിച്ചു.

വിശ്വന്ത്:- പുള്ളി അല്പം ഓവർ ആയിട്ടാണ് തോന്നിയത്. ഒരു പക്ഷെ തെലുങ്കർക്ക് പിടിക്കുമായിരിക്കും. അഭിനയിക്കാൻ വേണ്ടി പാട് പെടുന്നത് പോലെ തോന്നി.

ഇവരെ കൂടാതെ ഉർവശി, നാസർ, ജോയ് മാത്യു, പി ബാലചന്ദ്രൻ എന്നിവരും നല്ല വേഷങ്ങളിൽ തനത് ശൈലിയിൽ എത്തി. ബോട്ടിൽ പോണ സീനിലും മറ്റും ചിരി ഉണർത്തിയ ഉർവശി ചില ഇടങ്ങളിൽ വെറുപ്പിച്ചു എന്നും പറയാതെ വയ്യ.
══════════════════════
മഹേഷ് ശങ്കർ ആയിരുന്നു ചിത്രത്തിന്റെ സംഗീത വിഭാഗം ചെയ്തത്. ആദ്യഗാനം കുഴപ്പം ഇല്ലായിരുന്നു എങ്കിലും ബാക്കി ഒക്കെ കണക്ക് തന്നെ. ‘കെട്ടിലമ്മ കെട്ടിലമ്മ…” എന്ന ഗാനം തീർത്തും അസ്സഹനീയമായിരുന്നു.
ഡബ്ബിങ് സിനിമയിൽ ഇതൊക്കെ മതി അങ്ങനെ ആശ്വസിക്കാം.
BGM കുഴപ്പമില്ലാത്ത രീതിയിൽ സന്ദർഭോചിതമായി

ക്യാമറ എഡിറ്റിംഗ് എന്നിവ അത്ര എടുത്ത് പറയാൻ മേന്മ ഇല്ലായിരുന്നു. ഒരു സീരിയൽ കാണുന്ന ഫീൽ ചില ഇടങ്ങളിൽ നമ്മുക്ക് തോന്നിപ്പിച്ചു. പ്രത്യേകിച്ചും ഗായത്രിയുടെ വീട്ടിന് ഉള്ളിലെ സീനുകൾ .

ഡബ്ബിങ് ചിത്രമാകുമ്പോൾ ഏവരിലും ഒരു അസ്വസ്ഥത കാണുമ്പോൾ ഉണ്ടാകാറുണ്ട്, എങ്കിലും ആ കുറവ് ഒരു പരിധി വരെ ഒഴിവാക്കിയാണ് ചെയ്തിട്ടുള്ളത്. പി ബാലചന്ദ്രൻ, ജോയ് മാത്യു എന്നിവരുമായുള്ള രംഗങ്ങൾ മലയാളത്തിൽ തന്നെ ചിത്രീകരിച്ചതും നല്ലതായി. മോഹൻലാലിൻറെ ചില ക്ളോസ് ഷോട്ടുകളും ഇതേ പോലെ മലയാളത്തിൽ തന്നെയാണ് എടുത്തിരിക്കുന്നത്. മുൻനിര താരങ്ങൾ എല്ലാം സ്വയം ഡബ്ബ് ചെയ്തപ്പോൾ പ്രാധാന്യം കുറഞ്ഞ ചെറിയ വേഷങ്ങൾ ചെയ്ത താരങ്ങൾക്ക് ശബ്ദം നൽകിയിരിക്കുന്നത് കേൾക്കുമ്പോൾ അറിയാതെ കൈരളി ചാനൽ ഓർമ്മ വരും. എങ്കിലും ചിത്രം ഒരു പരിധി വരെ ഡബ്ബിങ് പോരായ്മകൾ തരണം ചെയ്തു എന്ന് പറയാം.
══════════════════════
നാല് കഥകളിൽ ഊന്നി നീങ്ങുന്ന ചിത്രം നാലിലും ഒരേ പോലെ സുഖം നൽകി എന്ന് പറയാൻ ആകില്ല. നാല് കഥാപ്രാതങ്ങളെ പ്രേക്ഷകരിൽ ഇറങ്ങി ചെല്ലാൻ വേണ്ടി കാട്ടുന്ന ആദ്യ സീനുകൾ പലതും ഏച്ചുകെട്ടലുകൾ തോന്നിച്ചു. ബാലികയുടെ ഭാഗവും സായ്റാമിന്റെ ഭാഗവും വ്യക്തമായി കാണിച്ച് തുടങ്ങുമ്പോൾ മറ്റ് രണ്ട് കഥാപാത്രങ്ങളും നാടകീയമായ രീതിയിൽ ആയിരുന്നു തുടങ്ങിയതും മുന്നോട്ട് പോയതും.

ചില ഇടങ്ങളിൽ ചിത്രത്തിന്റെ സംഭാഷണങ്ങളും മോശമായിരുന്നു. ആവശ്യമില്ലാത്ത നിരവധി സീനുകൾ ചിത്രത്തിൽ ഉടനീളം വന്ന് പോകുന്നു, അതോടൊപ്പം ഗൗരവകരമായ നല്ല നല്ല രംഗങ്ങൾ കൂടി വന്ന് പോകുന്നുണ്ട് എന്നത് ചിത്രത്തെ പിടിച്ച് നിർത്തുന്നു.
ചിത്രത്തിലെ മൊത്തത്തിൽ നോക്കുമ്പോൾ ഏറ്റവും അരോചകമായ കഥയും രംഗങ്ങളും അഭിറാം-ഐറാ സീനുകൾ ആണ്. അസ്സൽ ക്ളീഷേ , നായിക വരുന്നു ഞൊടിയിടയിൽ നായകന് പ്രണയം കൊറേ ഒലിപ്പീര് ഇതൊക്കെ അല്പം ഓവർ ആയി തോന്നി. നേരത്തെ പറഞ്ഞത് പോലെ നമ്മുടെ മലയാളി കണ്ണിൽ മാത്രം ആകാം അതെല്ലാം മോശം.

മൾട്ടിപ്ലക്സുകളിൽ സിനിമ കാണുന്നതിന് ടിക്കറ്റ് നൂറ് രൂപ വല്ലതും വാങ്ങി കഴിക്കണം എങ്കിൽ നാണൂറ് രൂപയിലേറെ വേണം എന്ന് ആക്ഷേപഹാസ്യ രൂപേനെ കാണിക്കുന്നുണ്ട്. അതുപോലെ ചില വീട്ടമ്മമാരിൽ കണ്ട് വരുന്ന സ്വർണ്ണം, ടി വി, ഫ്രിഡ്ജ്, വസ്ത്രങ്ങളോടുള്ള എന്നിവയോടുള്ള ഭ്രമം അതും എടുത്ത് കാണിക്കുന്നുണ്ട്. 400 രൂപ ലാഭം നോക്കി സാധനം വാങ്ങാൻ 500 രൂപ ചിലവാക്കി വളരെ ദൂരെ പോയി വരുന്നതും ഒക്കെ സംവിധായകൻ എന്തൊക്കൊയോ മനസ്സിലാക്കി താരാൻ കാണിച്ചത് പോലെ തോന്നി.

മേൽപ്പറഞ്ഞ പോരായ്മകൾ എല്ലാം ഉണ്ടെങ്കിലും ചിത്രം അവസാനത്തെ അരമണിക്കൂർ ഒരിഷ്ടം നമ്മുക്ക് നല്കും. അതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പോസിറ്റീവും ഊഹിക്കാനാവുന്ന വിധത്തിൽ കാര്യങ്ങൾ എത്തും എങ്കിലും അതിനെ നല്ല രീതിയിൽ സമന്വയിപ്പിച്ചത് ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നു. ഒരേ താളത്തിൽ ചെറിയ വിരസതയുടെ കണ്ട് നീങ്ങുന്ന പ്രേക്ഷകരിൽ ഒരു ഉണർവ് വരുന്നതും ഈ അരമണിക്കൂർ ആണ്.
══════════════════════
ആകെ മൊത്തം നോക്കുമ്പോൾ എല്ലാ പ്രായക്കാരേയും ഒരു പോലെ സന്തോഷിപ്പിക്കാൻ പാകത്തിന് ചെയ്ത ഒരു കൊച്ച് വലിയ സിനിമ

റിവ്യൂ  : ശ്രീകാന്ത്  കൊല്ലം

No Comments

Be the first to start a conversation

%d bloggers like this: