വീണ്ടും ‘ഗോരക്ഷ’ ആക്രമണം : ക്ഷീരകര്‍ഷകനെ വെടിവച്ചുകൊന്ന് റെയില്‍വേ ട്രാക്കില്‍ തള്ളി

രാജസ്ഥാനിലെ അല്‍വറില്‍ വീണ്ടും ഗോരക്ഷകരെന്ന് അവകാശപ്പെടുന്ന സംഘം ക്ഷീരകര്‍ഷകനെ വെടിവച്ച്‌ കൊലപ്പെടുത്തിയശേഷം മൃതദേഹം റെയില്‍വെ ട്രാക്കില്‍ തള്ളി. ഹരിയാനയിലെ മേവാത് സ്വദേശി ഉമര്‍ഖാനാ (42)ണ് വെള്ളിയാഴ്ച കൊല്ലപ്പെട്ടത്. മൃതദേഹം റെയില്‍പ്പാളത്തിലേക്ക് വലിച്ചിഴച്ചിട്ട് ട്രെയിന്‍ തട്ടിയുള്ള അപകടമരണമാണെന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമിച്ചത്. ബിജെപി ഭരണത്തിലുള്ള രാജസ്ഥാനില്‍ പൊലീസിന്റെ സാന്നിധ്യത്തിലാണ് ഹീന കൊലപാതകം. കഴിഞ്ഞ ഏപ്രിലില്‍ പെഹ്ലുഖാന്‍ എന്ന ക്ഷീരകര്‍ഷകനെയും ‘ഗോരക്ഷകര്‍’ ഇതേ സ്ഥലത്ത് മര്‍ദ്ദിച്ചു കൊലപ്പെടുത്തിയിരുന്നു. മേവാത് സ്വദേശിയായ പെഹ്ലുഖാനെ കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം അട്ടിമറിക്കാനും പ്രതികളെ രക്ഷിക്കാനും സംസ്ഥാന പൊലീസ് ശ്രമിക്കവെയാണ് വീണ്ടും അരുംകൊല.

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഉമര്‍ഖാന്‍ കൊല്ലപ്പെട്ടത്. സംഭവം രഹസ്യമാക്കിവയ്ക്കാന്‍ പൊലീസ് ശ്രമിച്ചു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തില്ല. മൃതദേഹം ഏറ്റുവാങ്ങാന്‍ തയ്യാറാകാതെ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചതോടെയാണ് വിവരം പുറംലോകം അറിഞ്ഞത്. ഉമര്‍ഖാന്റെ മൃതദേഹം അല്‍വര്‍ പട്ടണത്തിലെ ആശുപത്രി മോര്‍ച്ചറിയിലാണ്. ഉമര്‍ഖാന് ഭാര്യയും എട്ടു മക്കളുമുണ്ട്.

മേവാതില്‍നിന്ന് രാജസ്ഥാനിലെ ഭരത്പുരിലേക്ക് വാഹനത്തില്‍ കന്നുകാലികളുമായി പോകുകയായിരുന്നു ഉമര്‍ഖാനും സഹായികളും. അല്‍വറിലെ ഫെഹാരിയില്‍ വാഹനം തടഞ്ഞ സംഘം ഉമറിനെ പിടിച്ചിറക്കി ക്രൂരമായി മര്‍ദിച്ച്‌ അവശനാക്കിയശേഷം വെടിവച്ചുകൊന്നു. ഉമറിനൊപ്പമുണ്ടായിരുന്ന തഹിര്‍ മുഹമ്മദിനും മറ്റൊരാള്‍ക്കും മര്‍ദനത്തില്‍ പരിക്കേറ്റു. തഹിര്‍സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. രാകേഷ് എന്നയാളുടെ നേതൃത്വത്തിലുള്ള എട്ടംഗസംഘമാണ് ആക്രമണം നടത്തിയതെന്ന് തഹിര്‍ പറയുന്നു.

ഉമറിന്റെ ചലനമറ്റ ശരീരം വലിച്ചുകൊണ്ടുപോയി റെയില്‍പ്പാളത്തിലിട്ടു. ട്രെയിന്‍ കയറിയിറങ്ങി മൃതദേഹം വികൃതമായി. മൃതദേഹത്തില്‍ വെടിയുണ്ടകള്‍ തറച്ചിരുന്നതിനാല്‍ അക്രമികളുടെ ലക്ഷ്യം പാളി. പൊലീസ് തുടക്കംമുതല്‍ സംഭവം മൂടിവയ്ക്കാനാണ് ശ്രമിച്ചുവരുന്നതെന്ന് മേവാത് പഞ്ചായത്ത് അധ്യക്ഷന്‍ ഷേര്‍ മുഹമ്മദ് പറഞ്ഞു. അക്രമം നടന്ന സ്ഥലത്തുതന്നെ പൊലീസ് സാന്നിധ്യം ഉണ്ടായിരുന്നെന്നും അവര്‍ അക്രമികളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചില്ലെന്നും ഉമറിന്റെ ബന്ധുക്കള്‍ പരാതിപ്പെട്ടു.

ജയ്പുര്‍ നഗരസഭ ചന്തയില്‍നിന്ന് കാലികളെ വാങ്ങി മടങ്ങവെയാണ് പെഹ്ലുഖാന്‍ കൊല്ലപ്പെട്ടത്. ഈ കേസില്‍ അറസ്റ്റിലായ ആറുപേര്‍ക്ക് പ്രത്യേക അന്വേഷണസംഘം ഈയിടെ ക്ളീന്‍ചിറ്റ് നല്‍കി. യഥാര്‍ഥ പ്രതികളെയല്ല പിടികൂടിയതെന്ന് നേരത്തെതന്നെ പെഹ്ലുഖാന്റെ മക്കള്‍ ആരോപിച്ചിരുന്നു.

No Comments

Be the first to start a conversation

%d bloggers like this: