വീണ്ടും സോളാര്‍ ബോംബ്‌; സരിതയുടെ പിന്നാലെ കേരള രാഷ്ട്രീയം

കേരളത്തില്‍ ഏറെ വിവാദം സൃഷ്ടിച്ച കേസാണ് സോളാര്‍ കേസ്. കേസന്വേഷണ കാലത്തെ യുഡിഎഫ് മന്ത്രിമാര്‍ ഉള്‍പ്പെടെ കോണ്‍ഗ്രസിലെ പല നേതാക്കളുടെയും പേരുകള്‍ ഈ കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വന്നിരുന്നു. തുടര്‍ന്ന് എല്‍ഡിഎഫ് ഭരണകാലത്ത് പുറത്ത് വന്ന ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഉമ്മന്‍ചാണ്ടി അടക്കമുള്ള പല നേതാക്കളുടെയും പേരുകള്‍ പരാമര്‍ശിക്കുന്നുണ്ട് എന്ന തരത്തിലായിരുന്നു പുറത്തു വന്ന റിപ്പോര്‍ട്ട്. തുടര്‍ന്ന് ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രതിപക്ഷത്തിന്റെ ആവശ്യപ്രകാരം നിയമസഭയില്‍ വെക്കുകയായിരുന്നു.

എന്നാല്‍ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സഭയില്‍ വച്ചപ്പോള്‍ ആരുടെയും പേരുകള്‍ മുഖ്യമന്ത്രി പരാമര്‍ശിച്ചിരുന്നില്ല. പകരം മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേര് പരാമര്‍ശിച്ചത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയായിരുന്നു. ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരായ ലൈംഗീകാരോപണം ഒഴിവാക്കിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ സംസാരിച്ചത്. എന്നാല്‍ റിപ്പോര്‍ട്ട് സഭയില്‍ വച്ചതുമായി ബന്ധപ്പെട്ട് ക്രമപ്രശ്നം ഉന്നയിച്ചപ്പോള്‍ രമേശ് ചെന്നിത്തല ഉമ്മന്‍ചാണ്ടിയുടെ പേര് പരാമര്‍ശിക്കുകയായിരുന്നു. പേരുകള്‍ അന്വേഷണത്തില്‍ തെളിയേണ്ടതാണ്. പേരുകള്‍ പരാമര്‍ശിക്കാതിരിക്കാനുള്ള മാന്യത ഞാന്‍ കാണിച്ചു. പ്രതിപക്ഷ നേതാവ് എന്തുകൊണ്ട് പേര് പരാമര്‍ശിച്ചു എന്ന് അവര്‍ ചര്‍ച്ച ചെയ്യട്ടെ എന്നാണ് പിണറായി പരിഹസിച്ചത്.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉന്നയിച്ചിരിക്കുന്നത്. ഉമ്മന്‍ചാണ്ടി വദനസുരതം ചെയ്യിപ്പിച്ചുവെന്നും മകളായി കണക്കാക്കേണ്ടിയിരുന്ന തന്നെ ശാരീരികമായി ചൂഷണം ചെയ്തു എന്നുള്ള സരിതയുടെ മൊഴി കണക്കിലെടുത്ത കമ്മീഷന്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്റെ പദവി ദുരുപയോഗം ചെയ്തുവെന്ന നിഗമനത്തിലാണ് എത്തിയിരിക്കുന്നത്.ഉമ്മന്‍ചാണ്ടിയും സ്റ്റാഫ് അംഗങ്ങളും സോളാര്‍ കമ്പനിയെ സഹായിച്ചതായ്   റിപ്പോര്‍ട്ടിലുണ്ട്. 2 കോടി 16 ലക്ഷം രൂപ ടീം സോളാറില്‍നിന്ന് ഉമ്മന്‍ചാണ്ടി വാങ്ങിയിട്ടുണ്ട്. പണത്തിന്റെ കൈമാറ്റം നടന്നത് ക്ലിഫ് ഹൗസില്‍ വെച്ചാണ്. ഉമ്മന്‍ ചാണ്ടിക്കൊപ്പം അദ്ദേഹത്തിന്റെ സഹായിയായ തോമസ് കുരുവിളയും മകന്‍ ചാണ്ടി ഉമ്മനും 50 ലക്ഷം രൂപ സരിതയില്‍നിന്ന് മേടിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇത് കൂടാതെ കോണ്‍ഗ്രസ് നേതാവ് എപി അനില്‍കുമാര്‍ സരിതയെ പലതവണ ലൈംഗികമായി ചൂഷണം ചെയ്തെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. റോസ് ഹൗസ്, ലേ മെറീഡിയന്‍, കേരളാ ഹൗസ് എന്നിവിടങ്ങളിലായിരുന്നു അനില്‍കുമാര്‍ സരിതയെ ചൂഷണം ചെയ്തത്. നസറുള്ള വഴിയായി ഏഴു ലക്ഷം രൂപയും കൈപ്പറ്റിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍മന്ത്രി അടൂര്‍പ്രകാശ് ലൈംഗികപീഡനത്തിനൊപ്പം ഫോണ്‍ സെക്സിനും ഇരയാക്കി. ബംഗളൂരുവിലെ ഹോട്ടലിലേക്ക് ക്ഷണിച്ചെന്ന ഞെട്ടിക്കുന്ന കാര്യവും റിപ്പോര്‍ട്ടില്‍ പരമാര്‍ശിക്കുന്നു.

വ്യാഴാഴ്ച രാവിലെ ഒമ്പത് മണിക്കായിരുന്നു സോളാര്‍ റിപ്പോര്‍ട്ട് സഭയില്‍ വച്ചത്. മുഖ്യമന്ത്രി പിണറായി വിജയനാണ് റിപ്പോര്‍ട്ട് മേശപ്പുറത്ത് വെച്ചത്. നാല് വാള്യങ്ങളിലായി 1073 പേജുള്ള റിപ്പോര്‍ട്ടാണ് സഭയില്‍ വച്ചത്. റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ സ്വീകരിച്ച ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ടും മുഖ്യമന്ത്രി സഭയില്‍ വെച്ചു. കമ്മീഷന്‍ റിപ്പോര്‍ട്ട് പൊതുജനങ്ങള്‍ക്കായി സര്‍ക്കാര്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.

ഉമ്മന്‍ ചാണ്ടിയേയും കോണ്‍ഗ്രസ്സിനേയും തീര്‍ത്തും പ്രതിരോധത്തിലാക്കിക്കൊണ്ടാണ് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. ലൈംഗിക പീഡനം സംബന്ധിച്ച ആരോപണങ്ങളിലുള്‍പ്പെടെ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടുകഴിഞ്ഞു. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ കേട്ട ഞെട്ടല്‍ മാറും മുന്‍പേ അടുത്ത ബോംബ് പൊട്ടിച്ച് സരിത എസ് നായര്‍ രംഗത്ത് വന്നിരിക്കുന്നു.

കോണ്‍ഗ്രസ്സിലെ എ-ഐ ഗ്രൂപ്പ് പോര് രഹസ്യമായ കാര്യമല്ല. അതുകൊണ്ട് തന്നെ ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെ ഉള്ള എ ഗ്രൂപ്പ് നേതാക്കള്‍ വെട്ടിലായത് ചെന്നിത്തലയുടെ ഐ ഗ്രൂപ്പിന് സന്തോഷിക്കാന്‍ വകുപ്പ് നല്‍കുന്നതാണ്. എന്നാല്‍ സരിത പുതിയ ബോംബ് പൊട്ടിച്ചിരിക്കുന്നത് രമേശ് ചെന്നിത്തലയുടെ തന്നെ നെഞ്ചിലാണ്.

സോളാര്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ നിയമസഭയുടെ മേശപ്പുറത്ത് വെച്ചതിന് പിന്നാലെ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സരിതയ്‌ക്കെതിരെ ചെന്നിത്തല ആഞ്ഞടിച്ചിരുന്നു. 33 കേസുകളില്‍ പ്രതിയായ സരിതയുടെ വാക്കുകള്‍ വിശ്വസിക്കാന്‍ സാധിക്കില്ലെന്നും സരിതയ്ക്ക് വിശ്വാസ്യത ഇല്ലെന്ന് ഹൈക്കോടതി പോലും പറഞ്ഞിട്ടുണ്ട് എന്നുമായിരുന്നു ചെന്നിത്തല പറഞ്ഞത്. തന്നെ ചെന്നിത്തല പ്രകോപിച്ചതിനാല്‍ മാത്രം പറയുന്നു എന്ന് പറഞ്ഞാണ് സരിത പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഉമ്മന്‍ ചാണ്ടിക്കെതിരെ തെളിവ് നല്‍കാന്‍ ചെന്നിത്തല ആവശ്യപ്പെട്ടുവെന്നാണ് സരിത വെളിപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പായിട്ടാണ് ഇക്കാര്യം ചെന്നിത്തല ആവശ്യപ്പെട്ടത്. ചെന്നിത്തലയുടെ മനസാക്ഷി സൂക്ഷിപ്പുകാരനും വക്കീലുമായ ജോയ് തന്നെ ഓഫീസിലേക്ക് വിളിച്ച് വരുത്തിയിരുന്നു. സോളാര്‍ സിറ്റിംഗ് നടക്കുന്ന കാലത്തായിരുന്നു അത്. ജോയിയുടെ ഫോണില്‍ നിന്നാണ് ചെന്നിത്തല തന്നോട് സംസാരിച്ചത്.

തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് മുന്‍പായി ഉമ്മന്‍ചാണ്ടിക്കെതിരായ തെളിവുകള്‍ പരസ്യപ്പെടുത്തണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടുവെന്നും സരിത വെളിപ്പെടുത്തി. ജോയ് പലപ്പോഴും തന്നെ വിളിച്ച് സോളാര്‍ കമ്മീഷനില്‍ ഉമ്മന്‍ ചാണ്ടിയ്ക്ക് എതിരെയുള്ള കാര്യങ്ങള്‍ മറച്ച് വെയ്ക്കരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സരിത മാധ്യമപ്രവര്‍ത്തകരോട് വെളിപ്പെടുത്തി. ചെന്നിത്തല ഇപ്പോള്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ ചിരിയാണ് വരുന്നതെന്നും സരിത പറഞ്ഞു

സോളാര്‍ കമ്മീഷന് നല്‍കിയിരിക്കുന്നതിലും കൂടുതല്‍ തെളിവുകള്‍ കേസുമായി ബന്ധപ്പെട്ട് തന്റെ പക്കലുണ്ടെന്നും സരിത പറഞ്ഞു. ആരെയും പ്രീതിപ്പെടുത്താന്‍ ഇതുവരെയും ഒരു വിട്ടുവീഴ്ചയും താന്‍ ചെയ്തിട്ടില്ല. തന്റെ കയ്യില്‍ നിന്നും രാഷ്ട്രീയക്കാര്‍ പണം വാങ്ങിയതല്ലാതെ താന്‍ ആരുടെ പക്കല്‍ നിന്നും പണം വാങ്ങിയിട്ടില്ല. സോളാര്‍ കമ്പനി ഇടപാടുകാരില്‍ നിന്നും വാങ്ങിയ പണവും രാഷ്ട്രീയക്കാരാണ് കൊണ്ടു പോയത്

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഒരു മസാല റിപ്പോര്‍ട്ട് മാത്രമായി കണ്ട് തരംതാഴ്ത്തരുത്. അതിനപ്പുറത്തേക്ക് കോഴ അടക്കമുള്ള വിഷയങ്ങളിലേക്ക് ഈ ചര്‍ച്ചകള്‍ പോകണം. ഈ റിപ്പോര്‍ട്ട് തന്റെ മൊഴിയെ മാത്രം അടിസ്ഥാനമാക്കിയുള്ളതല്ല. പീഡനക്കേസിലെ ഇരയ്ക്ക് അതിനുള്ള ഡിജിറ്റല്‍ തെളിവുകള്‍ ഹാജരാക്കാന്‍ സാധിക്കില്ല എന്ന അവസ്ഥയാണ് തന്റേതുമെന്നും സരിത പറഞ്ഞു.

No Comments

Be the first to start a conversation

%d bloggers like this: