വേണം

ഒരു പനിയായ് മാറണമെനിക്ക്
ആകൈകളുടെ ഇളംചൂടേല്‍ക്കുകവാന്‍..
ഒരു പൂവായ് മാറണം
ആചുണ്ടുകളുടെ സ്പര്‍ശനത്തിന്..
ഒരു മഞ്ഞുതുള്ളിയായ് മാറണം
ആ മുടിക്കാട്ടില്‍ ഒളിച്ചിരിക്കുവാന്‍..
ഒരുരാഗമായ് മാറണം
ആ കര്‍ണ്ണ ങ്ങളില്‍ നിപതിക്കുവാന്‍…
പിന്നെയൊരു കുഞ്ഞായ്മാറി
ആ നറുംപാല്‍ നുകരണം, മത്തുപിടിച്ച് മയങ്ങണം!
എന്നിട്ടുറങ്ങണം,
ആ മടിത്തട്ടില്‍ വീണ്ടുമെഴുന്നേല്‍ക്കുവാന്‍ !!

ദ്വീപ്

പ്രണയിക്കുന്നവര്‍ക്ക് മാത്രമുള്ള ഒരു ദ്വീപ്…
പ്രണയിനികള്‍ സ്വയമൊരു പിയാനോയായി മാറുമവിടെ
ഒലീവുമരങ്ങള്‍ക്കടിയില്‍
നിലാവിന്റെ തുണ്ടുകള്‍ ഇഷ്ട്ടംപോലെ !
ചുംബിക്കുമ്പോള്‍ അരയന്നങ്ങള്‍
നമുക്കുമേലെ മറ്റൊരാകാശം തീര്‍ക്കും !
നീലത്തിരമാലകള്‍ നമ്മുടെ കാലുകള്‍ നുണഞ്ഞ് ഇക്കിളിയാക്കിക്കൊണ്ടേയിരിക്കും !
കമേലിയപ്പൂക്കളുടെ സുഗന്ധമേറ്റ് മത്തുപിടിച്ചകാറ്റ്
നമ്മുടെ കക്ഷത്തിനടിയിലൂടെ ചൂളംവിളിച്ച്കടന്നുപോകും..
ഒട്ടിച്ചേരുമ്പോള്
കണങ്കാലുകള്‍ മണലില്‍ പുതയും, ഭൂമിയെഅറിയും..
പകല്‍, നീ പിയാനോ വായിച്ചുകൊണ്ടിരിക്കുമ്പോള്‍
ഞാന്‍ പൂക്കളില്‍നിന്നു തേന്‍ ശേഖരിക്കും.
രാവില്‍,
കടലില്‍ നിലാവുപൊഴിയുമ്പോള്‍
നമ്മള്‍ കണ്ണുകളടച്ചു പ്രാര്‍ഥിക്കും..
നമുക്കു ചിറകുകള്‍ മുളക്കുംവരെ !
ഒടുവില്‍,
ദൈവം നമ്മെ രണ്ടുവലിയ കണ്ണുകളാക്കി മാറ്റും..
എപ്പോഴും
തമ്മില്‍ തമ്മില്‍ കടാക്ഷിച്ചു കൊണ്ടേയിരിക്കുന്ന കണ്ണുകള്‍!!

കണ്ണുനീരിനു തലയിണയോട് പറയുവാനുള്ളത്

നീ മുഴുവന്‍ ഉപ്പാണ്
ദാ, എന്നെ എല്ലാരും ഉപ്പിലിട്ടവന്‍ എന്നു വിളിക്കുന്നു!
ഋതുക്കളെയെല്ലാം വെല്ലുവിളിച്ച്
നീ പെയ്തുകൊണ്ടേയിരുന്നു… ഞാന്‍ നനഞ്ഞുകൊണ്ടും….
ഈയുറവകള്‍ നീയെവിടെയാണു ഒളിപ്പിച്ചുവച്ചിരിക്കുന്നത്?
ആദ്യമൊക്കെ ഞാന്‍ ഭയപ്പെട്ടിരുന്നു:
ആ ഉണ്ടക്കണ്ണ്!കളില്ലേ,
അതും അലിഞ്ഞലിഞ്ഞ് എന്നിലേക്കു ചെരുമോയെന്ന് !
ആ മുഖത്തോടുപറയൂ,
ഇങ്ങനെ കെട്ടിപ്പിടിച്ചു എന്നെ വീര്‍പ്പുമുട്ടിക്കരുതെന്നു…
ആ കണ്ണുകള്‍,
കവിളുകള്‍,
പിന്നെ നീയും…
അതാണു ഞാന്‍ !!

തത്സമയം

സൂചികള്‍ക്ക് പിന്നാലെയോടിക്കിതക്കുമ്പോള്‍
കാത്തിരിപ്പുകള്‍ കരിവണ്ടികളായ് മാറുന്നു.
നിന്‍ ഹൃത്തടങ്ങളിലെ എന്റെ മോക്ഷം
സ്വപ്നദൂരമായ് തുടരുന്നു…
കിഴുക്കാംതൂക്കായ നിന്റെ ചെരിവുകളില്‍
ഞാന്‍ ഒരു തലചുറ്റലായ് മാറുന്നു…
അവസാനത്തെ മിന്നാമിന്നിയും വെളിച്ചം കെടുത്തിയ ഈവഴികളില്‍
എന്റെ സമയസൂചികള്‍ കിതച്ചുനില്ക്കുന്നു….
തത്സമയം,
ആകാശം മുടിയഴിച്ചിട്ട്,
നിലാവുചുരത്താത്ത, വിളറിയ
തന്റെ മാറിടങ്ങളിലേക്ക്
കൂമ്പിനില്‍ക്കുന്നു…..

മത്സ്യഗന്ധി

ചുഴികള്‍ നിറഞ്ഞ ഒരുപകല്‍.
നിന്റെ നെറ്റിമേല്‍ ഉഷ്ണമാപിനി പിളര്‍ന്നൊലിക്കുന്നു.
അഴിമുഖത്തേക്കു നീ നടന്നെത്തവേ,
സൂര്യന്റെ സമയം അവസാനിച്ചു.
കക്ഷത്തിലൊളിച്ചിരുന്ന കാറ്റിനെ കുടഞ്ഞെറിഞ്ഞ്
മണല്‍ത്തരികളെ നീ ഇക്കിളിപ്പെടുത്തി…..
പക്ഷികള്‍ തിരിച്ചെത്തിക്കൊണ്ടേയിരുന്നു….
ഇളംചൂടുള്ള കടല്‍ നിന്റെ കണ്ണില്‍ നിറഞ്ഞു…
കണങ്കാലില്‍ മത്സ്യചുംബനങ്ങളും….
നിന്റെ കാല്‍വിരലുകളപ്പോഴും ഞണ്ടുകള്‍ക്കാ യി കാത്തിരിക്കുകയായിരുന്നു….

ആദി

നമുക്ക്
ഉത്ഭവങ്ങള്‍ അന്വേഷിച്ചു
മത്സ്യാവതാരമെടുത്ത്
ഒരു യാത്രപോകാം.
മൗനം മഞ്ഞുകട്ടയായുറഞ്ഞ തീരങ്ങള്‍ പിന്നിട്ട്,
സംസ്‌കൃതിയുടെ അടിത്തട്ടുകളിലേക്ക്…
എഴുത്താണികള്‍ക്കും, ചക്രങ്ങള്‍ക്കും, കല്ലുകള്‍ക്കും മുന്നേ.
(നൂറ്റാണ്ടുകളുടെ മനംപുരട്ടലുകള്‍….)
കാറ്റും, മഴകളും പിറന്നുവീഴുന്ന നേരം.
പായലും,ആല്‍ഗേകളും നീന്തിത്തുടിക്കുന്ന സമയം.
(മെഴുക്കുപുരളാത്ത കണ്ണുകള്‍കൊണ്ട് സൂര്യനെകാണാം)
ചുറ്റിലും സൃഷ്ട്ടികള്‍, വൃഷ്ട്ടികള്‍…കണങ്ങള്‍, മണങ്ങള്‍..!
ദൈവം ചിരിച്ചുകൊണ്ടേയിരിക്കുന്നു….
രജസ്വലയായിരുന്നു ഭൂമിയന്ന്.
ചന്ദ്രനെപ്പോഴും നോക്കിനോക്കി കണ്ണിറുക്കുമായിരുന്നു!
പിന്നെയെപ്പോഴോ ആണ് കല്ലുകള്‍ക്ക് മൂര്‍ച്ചയുള്ള വക്കുകള്‍ ഉണ്ടായത്…
അപ്പോഴേക്കും നമ്മുടെ അവതാരസമയം അവസാനിച്ചിരുന്നു…

– സുരേഷ് നാരായണന്‍

suresh narayanan

No Comments

Be the first to start a conversation

%d bloggers like this: