വേനലിന്‍െറ രോഷം

കാലിനിന്ന് ചെരിപ്പിനോടൊരു ഇഷ്ടക്കുറവ്
കാണാൻ മൊഞ്ചുള്ളപ്പോഴൊക്കെ
അണിയാൻ എന്ത് തിടുക്കമായിരുന്നു
ഇപ്പോൾ ഇങ്ങനെ തിരിഞ്ഞുപോലും നോക്കാതെ
കാക്ക കാഷ്ടിച്ച ഒരു പഴഞ്ചൻ നോക്കുകുത്തി
ചിറകരിഞ്ഞ പ്രണയ ശൂന്യതകൾ
മണലാരണ്യത്തിൽ ഒറ്റപ്പെട്ട ഒട്ടകം പോലെ
ചിതയില്‍ പകലുമുങ്ങിത്തീരുന്നത് കണക്കെ
തപിച്ചു കൊണ്ടിരിക്കുകയാണ്
പകൽ ചത്തു പോകട്ടെ എന്ന് കൊതിയ്ക്കുന്ന
മണ്‍തരികളില്‍ അലിഞ്ഞു നോവുകൾ വീണ്ടും
നിറമില്ലാത്ത കടലാസിലെ രചനകളായിത്തീരുകയാണ്…
ആകാശത്തിലെ കോറിയ കലകൾ
അവ്യക്തരൂപങ്ങള്‍
പൂര്‍ണതയിലേക്കുള്ള ഓട്ടത്തിനിടയ്ക്ക്
കൈമോശം വന്നു പോകുന്ന വ്യക്തിത്വം!!!
ഇരുണ്ടു പോകുന്ന വഴികള്‍
ഇടനാഴിയിലെ കാലൊച്ചകള്‍
ദൂരെ ചിതറിത്തീരുകയാണ്
മനസ്സിന്റെ ഊഞ്ഞാലാട്ടങ്ങളിൽ
ഓര്‍മ്മയ്ക്ക് നിറം വയ്ക്കുന്നു .
പച്ചയും ചുവപ്പും നീലയും നിറങ്ങള്‍
പ്രണയത്തെ നാണംകൊണ്ടളക്കുവാനുള്ള
അഭിവാഞ്ച
അനുരാഗത്തിന്‍െറ മുള്ളിന്
ഇത്രയേറെ മൂർച്ചയുണ്ടെന്നു തിരിച്ചറിഞ്ഞ
വസന്ത കാലത്തിന്റെ ശേഷിപ്പിൽ
പിടയുന്ന ജഠരം
ചൂളമടിച്ച് കടന്നുപോയി ഹേമന്തം
നനുത്തപൂവിന്‍മുകളില്‍
ജീവിതം ആസ്വദിക്കുന്ന പൂമ്പാറ്റ…!!
ആകാശത്തുനിന്നൂര്‍ന്നിറങ്ങുന്ന
വെളിച്ചം തുഷാരത്തിൽ മുത്തി വൈഡൂര്യങ്ങളാകുമ്പോഴാണ്
വേനലിന്‍െറ രോഷം കാണേണ്ടി വരുന്നത്

 

അഷ്‌റഫ്‌ കളത്തോട്

No Comments

Be the first to start a conversation

%d bloggers like this: