ശീലങ്ങളായി മാറുന്ന ചില അപകടങ്ങള്‍ : സ്ത്രീകള്‍ ഉപേക്ഷിക്കേണ്ട ചില ദുശ്ശീലങ്ങള്‍ എന്തെന്ന് മനസ്സിലാക്കുക

കൃത്യമായ അറിവിന്‍റെ അഭാവത്തിലുണ്ടാകുന്ന ചില ശീലങ്ങള്‍ പലപ്പോഴും നമ്മെ കൊണ്ടുചെന്നെത്തിക്കുന്നത് വലിയ അപകടങ്ങളില്‍ ആവും. ആരോഗ്യ പ്രശ്നങ്ങള്‍ വരുമ്പോള്‍ അതിന്‍റെ കാരണം കണ്ടെത്താന്‍ കഴിയാതെ വിഷമിക്കാറുണ്ട് പലപ്പോഴും. എന്നാല്‍ പല അസുഖങ്ങളുടെയും കാരണക്കാര്‍ നമ്മളുടെ ചില ദുശ്ശീലങ്ങള്‍ ആണെന്ന് പറഞ്ഞാല്‍ അത്ഭുതപ്പെടാനില്ല.

ദുശ്ശീലങ്ങള്‍ ആര്‍ക്കായാലും നല്ലതല്ല, ചില ദുശ്ശീലങ്ങള്‍ ശരീരത്തിനും, മറ്റു ചിലത് മനസ്സിനും ദോഷം ചെയ്യുന്നവയാണ്, ചിലതാകട്ടെ സമൂഹത്തിന് തന്നെ ദോഷം ചെയ്യുന്നവയുമാണ്. ഇവ കണ്ടെത്തി മാറ്റം വരുത്താന്‍ തയ്യാറാകുക. സ്ത്രീകളിലെ ചില ദുശ്ശീലങ്ങളാണ് ഇനി പറയാന്‍ പോകുന്നത്.

ക്രാഷ് ഡയറ്റ് എന്ന പേരില്‍ ഭക്ഷണം ഉപേക്ഷിച്ച് തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്ന ശീലം പല സ്ത്രീകള്‍ക്കുമുണ്ട്. ഇ്ത ആരോഗ്യത്തിന് നല്ലതല്ല. തടി പോകുമായിരിയ്ക്കും, ചിലപ്പോള്‍ ഇതോടൊപ്പം ആരോഗ്യവും കൂടെപോകും.

അതുപോലെ മേയ്ക്കപ്പിട്ട് ഉറങ്ങുന്ന ശീലം ചില സ്ത്രീകള്‍ക്കുണ്ട്. ഇത് ചര്‍മത്തിന് നല്ലതല്ല. ഉറങ്ങുന്നതിനു മുന്‍പ് മേയ്ക്കപ്പ് നീക്കം ചെയ്യുന്നതാണ് ഉത്തമം. വല്ലാതെ ഇറുകിയ വസ്ത്രം ധരിയ്ക്കുന്ന ശീലമാണ് മറ്റൊന്ന്. ഇത് ശരീരത്തിലെ രക്തപ്രവാഹത്തെ തടസപ്പെടുത്തും. അതുപോലെ ചര്‍മത്തിന് ദോഷം ചെയ്യും.

കാണാന്‍ മനോഹരമാണെങ്കിലും നഖം നീട്ടി വളര്‍ത്തുന്ന ശീലം പല സ്ത്രീകള്‍ക്കുമുണ്ട്. ഈ ശീലം ഉപേക്ഷിക്കുന്നതാണ് നല്ലത്. പ്രത്യേകിച്ചും ഓഫീസ് ജോലികള്‍ അല്ലാത്ത മറ്റ് ജോലികള്‍ ചെയ്യുന്ന സ്ത്രീകള്‍ , വീട്ടമ്മമാര്‍ ഒക്കെ. നീട്ടി വളര്‍ത്തുന്ന നഖം എത്ര സൂക്ഷിച്ചാലും വൃ്ത്തിയാകാന്‍ പ്രയാസമാണ്. ഇതുവഴി അഴുക്ക് വയറ്റിലെത്താന്‍ സാദ്ധ്യത കൂടുതലാണ്. അതുപോലെ നെയില്‍ പോളിഷ് ഉപയോഗിയ്ക്കുന്നതും കെമിക്കലുകള്‍ വയറ്റിലെത്താന്‍ ഇട വരുത്തും.

ടീനേജുകാരികളിലും യുവതികളിലുമാണ് ഹൈഹീല്‍ ചെരുപ്പുകളോട് പ്രിയം കാണാറ്. പൊതുവില്‍ പൊക്കം കുറഞ്ഞ സ്ത്രീകളും, അതുപോലെ മോഡേണ്‍ വസ്ത്രധാരിണികളുമാണ് ഹൈ ഹീലുകളുടെ ആരാധകര്‍ . എന്നാലിത് ആരോഗ്യത്തിന് ദോഷം ചെയ്യുന്ന ഒരു ഗുരുതരമായ ശീലമാണ്. നടുവേദന, നാഡികള്‍ക്ക് പ്രശ്‌നം തുടങ്ങിയവ ഇതുകൊണ്ടുണ്ടാകും.

തലച്ചോറിലേയ്ക്കുള്ള രക്തപ്രവാഹത്തെ തടസപ്പെടുത്തുകായും തലചുറ്റല്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്ന ഒരു വില്ലനാണ് പുഷ് അപ് ബ്രാ.

സൌന്ദര്യം പോകുമെന്ന് ഭയന്ന് കണ്ണടകള്‍ ഒഴിവാക്കുകയും, അതേപോലെ കണ്ണുകളുടെ തകരാറുകള്‍ കാരണമല്ലാതെ സൌന്ദര്യത്തിനു മാത്രമായി ലെന്‍സുകള്‍ വെക്കുകയും ചെയ്യുന്നത് കണ്ണുകള്‍ക്ക് വലിയ ദോഷം ഉണ്ടാക്കും എന്ന വസ്തുത പലരും മറക്കുകയാണ്.

ഹൃദയസംബന്ധിയായ കാര്യങ്ങളെ അവഗണിക്കുക എന്നത് നല്ലൊരു വിഭാഗം സ്ത്രീകളുടെയും സ്വഭാവമാണ്. അതുപോലെതന്നെ ഡിപ്രഷന്‍ . ചില സ്ത്രീകള്‍ക്ക് ചിലപ്പോള്‍ ഡിപ്രഷന്‍ വരുന്നത് സാധാരണമാണ്. പലരും ഇതിനെ ഹോര്‍മോണ്‍ പ്രശ്‌നമായി കരുതി അവഗണിയ്ക്കുകയാണ് പതിവ്. ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ ഡിപ്രഷന് വഴി വയ്ക്കും. ഇതുപോലെ ക്ലിനിക്കലായുള്ള പ്രശ്‌നങ്ങളും ഡിപ്രഷന്‍ വരുത്തി വയ്ക്കുന്നവ തന്നെയാണ്. ഇത് അവഗണിക്കാതെ മനസ്സിലാക്കി ചികിത്സിക്കുക.

നമ്മുടെ നാട്ടില്‍ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് മദ്യപാനശീലം കുറവാണ്. എന്നാല്‍ ചിലപ്പോള്‍ പാര്‍ട്ടികള്‍ക്കും മറ്റും അമിതമായ തോതില്‍ മദ്യപിയ്ക്കുന്ന സ്ത്രീകളുണ്ട്. പുതുതലമുറയില്‍ ഇപ്പോള്‍ മദ്യപാനം ഒരു ഫാഷനായി മാറിക്കൊണ്ടിരിക്കുന്ന വസ്തുത കണ്ടില്ലെന്ന് നടിക്കാന്‍ ആവില്ല. ഈ മദ്യപാനശീലവും സ്ത്രീകള്‍ക്ക് നല്ലതല്ല. പുരുഷനേക്കാള്‍ ഏറെ മദ്യത്തിന്‍റെ ദൂഷ്യവശങ്ങള്‍ സ്ത്രീയെയാണ് എളുപ്പം ബാധിക്കുക.

ഇങ്ങനെ പലതും നിങ്ങള്‍ക്ക് നിങ്ങളില്‍ തന്നെ കണ്ടെത്താന്‍ പറ്റും. അറിവില്ലായ്മ കൊണ്ടോ അറിഞ്ഞിട്ടും അവഗണിക്കുന്നതുകൊണ്ടോ സംഭവിക്കുന്ന ശീലങ്ങളാണ് ഇവയില്‍ ഭൂരിഭാഗവും. ഇത്തരം ദുശ്ശീലങ്ങള്‍ ഒഴിവാക്കുക വഴി ആരോഗ്യപരവും, മാനസികവുമായ നല്ലൊരു അവസ്ഥ ജീവിതത്തില്‍ ഉണ്ടാക്കി എടുക്കാന്‍ കഴിയും.

 

No Comments

Be the first to start a conversation

%d bloggers like this: