സംഘടനകളിലെ തമ്മിലടി . ഇസ്മായീൽ പയ്യോളിയുടെ പോസ്റ്റ്

ഞാൻ ഉൾപ്പെടുന്ന ജില്ലയുടെ പേരിൽ രൂപീകൃതമായ കുവൈത്തിലെ ഒരു സംഘടന യുടെ സംഘടനാ തെരഞ്ഞെടുപ്പിൽ ഉണ്ടായ സംഘർഷത്തെ കുറിച്ച്‌ പലരും ഫോൺ ചെയ്ത്‌ അറിയിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ കയ്യാങ്കളിയിൽ വരെ എത്തി നിന്ന പ്രകടനമാണു ഉണ്ടായത്‌ എന്നാണു അറിയാൻ സാധിച്ചത്‌.10 വർഷം മുമ്പ്‌ രൂപീകരിച്ച ഈ സംഘടന ഒന്നാം വർഷത്തിൽ തന്നെ തമ്മിൽ തല്ലി പിരിഞ്ഞുണ്ടായ ഒരു വിഭാഗമാണു ഇപ്പോൾ മൂന്നാമത്തെ പിളർപ്പ്‌ നേരിടുന്നത്‌.ഇരു വിഭാഗങ്ങളും തങ്ങളുടെ വാദമുഖങ്ങൾ ഉയർത്തി കൊണ്ട്‌ സോഷ്യൽ മീഡിയകൾ വഴി നടത്തുന്ന പോർ വിളികളുടെ ഈണം കേട്ടാൽ തന്നെ മനസ്സിലാക്കാവുന്നതാണു സംഘടനയിൽ നിലനിൽക്കുന്ന ഭിന്നതയുടെ ആഴം.അത്‌ എന്തെങ്കിലുമാകട്ടെ.ഇരു വിഭാഗത്തെന്റെയും അവകാശവാദങ്ങളെ കുറിച്ചുള്ള ന്യായാന്യായങ്ങളെക്ക്‌ കടക്കാൻ ഉദ്ദേശിക്കുന്നുമില്ല. എന്നാൽ കഴിഞ്ഞ 12 വർഷമായി കുവൈത്തിലെ സംഘടനാ പ്രവർത്തനങ്ങൾ വീക്ഷിക്കുന്ന മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ ചില വസ്തുതകൾ വായനക്കാരുമായി പങ്കു വെക്കുകയാണു ഇവിടെ.
നാട്ടിലെ പ്രധാന രാഷ്ട്രീയ പാർട്ടികളുടെയും മത സംഘടനകളുടെയും പോഷക ഘടകങ്ങളും വിരലിൽ എണ്ണാവുന്ന ചില പ്രധാന സാംസ്കാരിക സംഘടനകളും മാത്രമായിരുന്നു പത്തു പതിനഞ്ചു വർഷം മുമ്പ്‌ വരെ കുവൈത്തിൽ ഉണ്ടായിരുന്നത്‌.എന്നാൽ 2005 നു ശേഷം സ്ഥിതി മാറി.അന്നത്തെ ഇന്ത്യൻ സ്ഥാനപതിയുടെ ഉദാരമായ സമീപനം കാരണം നിരവധി സംഘടനകൾ കൂണു പോലെ മുളച്ചു പൊന്തി.ഇവക്കൊക്കെ തന്നെയും എംബസി ഔദ്യോഗിക അംഗീകാരവും നൽകിയതോടെയാണു കാര്യങ്ങൾ ഇന്നത്തെ നിലയിൽ എത്തിനിൽക്കാൻ കാരണമായത്‌ എന്നാണു എന്റെ വിലയിരുത്തൽ.വിശേഷ ദിവസങ്ങളിൽ എംബസിയിൽ നടത്തപ്പെടുന്ന പ്രത്യേക വിരുന്നിൽ ഈ സംഘടയുടെ ഒന്നോ രണ്ടോ പ്രധാന ഭാരവാഹികൾ ക്ഷണിതാക്കളമായി മാറിയതോടെയാണു പല സംഘടനകളിലും അസ്വാരസ്യങ്ങൾ ഉടലെടുത്തത്‌ എന്നാണു പലരിൽ നിന്നും ലഭിച്ച വിവരപ്രകാരം മനസ്സിലാക്കാൻ സാധിച്ചത്‌. സംഘടനയുടെ പേരിൽ ഒരു വിഭാഗം നേതാക്കൾ മാത്രം അനുഭവിച്ചു വരുന്ന സൗകര്യങ്ങൾ, സ്വാർത്ഥ താൽപര്യങ്ങൾ മാത്രം ലക്ഷ്യമിട്ട്‌ കൊണ്ട്‌ രൂപീകൃതമായ സംഘടനയുടെ മറു വിഭാഗത്തിനു അസ്വസ്ഥതകൾ ശൃഷ്ടിക്കുന്നത്‌ സ്വാഭാവികവുമാണല്ലോ..പല സംഘടനകളുടെയും പിളർപ്പിന്റെ തുടക്കവും അവിടെയായിരുന്നു.ഇന്നിപ്പോൾ പിളർന്നും പിളർത്തിയും മലയാളി സംഘടനകളുടെ മാത്രം എണ്ണം 500 ൽ കവിഞ്ഞതായാണു കണക്ക്‌.ഇതിൽ 300 ഓളം സംഘടനകൾക്ക്‌ എംബസിയുടെ അംഗീകാരവും ഉണ്ട്‌. കേരളത്തിലെ 14 ജില്ലകളിൽ മലപ്പുറം ഒഴികെയുള്ള മറ്റു 13 ജില്ലകളുടെയും പേരിൽ മാത്രം 25 ലേറെ സംഘടനകളാണു നിലവിൽ ‘സംഘടിച്ചു നിൽക്കുന്നത്‌ ‘… ഇവയിൽ തന്നെ 3 ൽ അധികം പിളർപ്പുകൾ നേരിട്ട സംഘടകളും ഉണ്ടെന്നതാണു കൗതുകരം.പഞ്ചായത്ത്‌ ,മുൻസിപ്പാലിറ്റി , സ്കൂൾ ,കോളേജ്‌ അലുമ്നി മുതലായവയുടെ പേരിൽ രൂപീകൃതമായവയാണു ബാക്കിയുള്ളവയിൽ ഭൂരിഭാഗവും.നാട്ടിൽ നിന്നും സിനിമാ , സീരിയൽ മേഖലകളിൽ പ്രവർത്തിക്കുന്ന കലാകാരന്മാരെയും മറ്റും എഴുന്നള്ളിച്ച്‌ വാർഷിക മെഗാ പരിപാടി സംഘടിപ്പിച്ച്‌ കാണികൾക്ക്‌ മുന്നിൽ അധിക പ്രസംഗം നടത്തൽ, എംബസി ഉദ്യോഗസ്ഥരേയും പരിപാടിയുടെ സ്പോൺസർമ്മാരെയും ‘പരസ്യമായി ആദരിക്കൽ’ മുതലായ കർമ്മങ്ങൾ അല്ലാതെ ഏതെങ്കിലും തരത്തിലുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾ ഒന്നുമല്ല ഈ സംഘടനകളുടെ മുഖ്യ അജണ്ട. കഴിഞ്ഞ വർഷം ഒരു ജില്ലാ സംഘടനയുടെ പതിനായിരത്തിലേറെ ദിനാർ മുടക്കി നടത്തുന്ന വാർഷിക ആഘോഷപരിപാടി വിളംബരം ചെയ്യാൻ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ ജീവകാരുണ്യ രംഗത്ത്‌ ഇതു വരെ ചിലവഴിച്ച സംഖ്യയുടെ കണക്ക്‌ ചോദിച്ചപ്പോൾ സംഘാടകർക്ക്‌ കാര്യമായ മറുപടി ഒന്നും നൽകാൻ ഉണ്ടായിരുന്നില്ല.എന്നാൽ ജീവ കാരുണ്യ, സാമൂഹിക, സാംസ്കാരിക ,മത രംഗത്ത്‌ നിസ്തുല്യമായ സേവനം നടത്തുന്ന ,സ്വാന്തനം ,കല, കെ.ഐ.ജി, കെ.കെ.എം.എ , സേവാദർശ്ശൻ, വിവിധ കൃസ്ത്യൻ സഭകൾ, കെ.എം.സി.സി., ഓ.ഐ.സി.സി , കെ.കെ.ഐ.സി,മുതലായ സംഘടനകളുടെ പ്രവർത്തനങ്ങൾ മറന്നു കൊണ്ടല്ല ഈ കുറിപ്പ്‌.മറിച്ച്‌ സ്വാർത്ഥ താൽപര്യങ്ങൾക്കായി തട്ടി കൂട്ടുന്ന ഇത്തരം സംഘടനകൾ കുവൈത്തിന്റെ മണ്ണിൽ വിതക്കുന്ന വിഷ വിത്തുകൾ മൊത്തം പ്രവാസികളുടെ നിലനിൽപ്പിനു തന്നെ ഭീഷണിയാകുന്ന തരത്തിലാണു കാര്യങ്ങളുടെ പോക്ക്‌ എന്ന ആശങ്ക പങ്കു വെക്കുക മാത്രമാണു ഇവിടെ.കഴിഞ്ഞ വർഷം യു.എ.ഈ.യിൽ സംഘടനാ പ്രവർത്തനം പാടെ നിരോധിച്ച കാര്യവും ഇവിടെ ചേർത്ത്‌ വായിക്കേണ്ടതാണു.അത്തരം സാഹചര്യം വ്യവസ്ഥാപിതമായി പ്രവർത്തിക്കുന്ന തങ്ങളുടെ സംഘടനകളുടെ നിൽനിൽപ്പിനും കാര്യമായി ബാധിക്കും എന്നതും പ്രമുഖ സംഘടന നേതാക്കളും ഗൗരവതരമായി കാണേണ്ടതാണു.
മേൽപറഞ്ഞ വിരലിൽ എണ്ണാവുന്ന സംഘടനകൾ ഒഴികെയുള്ള മുഴുവൻ സംഘടനകളുടെയും എംബസി റജ്സ്ട്രേഷൻ റദ്ധ്‌ ചെയ്യുവാൻ എംബസി നടപടി സ്വീകരിക്കുകയും ഇത്തരം തട്ടികൂട്ട്‌ സംഘടനകൾക്ക്‌ പരസ്യം നൽകി പരസ്യമായ ആദരം ഏറ്റുവാങ്ങുന്നത്‌ വേണ്ടെന്ന് വെക്കുവാൻ സ്ഥാപന മേധാവികൾ കൂടി തീരുമാനിക്കുകയും ചെയ്താൽ നിർത്തലാക്കാവുന്നതെയുള്ള സംഘടനകളുടെയും നേതാക്കന്മാരുടെയും ആധിക്യം മൂലം ഉണ്ടാകുന്ന ഈ തമ്മിലടികൾ..

No Comments

Be the first to start a conversation

%d bloggers like this: